രാജ്യസഭയിൽ മുടങ്ങിയ സച്ചിന്‍റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ
Friday, December 22, 2017 9:06 AM IST
ആരോഗ്യത്തെക്കുറിച്ച് എല്ലാവരെയും ഓർമിപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ പ്രസംഗം വൈറലായി. വ്യാഴാഴ്ച രാജ്യസഭയിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രസംഗമാണ് സച്ചിൻ ഇന്ന് നവമാധ്യമങ്ങൾ വഴി പുറത്തുവിട്ടത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സച്ചിന്‍റെ കന്നി പ്രസംഗം വ്യാഴാഴ്ച തടസപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് സച്ചിൻ.

സ്പോർട്സിനെ സ്നേഹിക്കുന്ന രാജ്യം എന്ന നിലയിൽ നിന്നും ഒരു സ്പോർട്സ് രാജ്യമായി ഇന്ത്യയെ മാറ്റണമെന്ന ആമുഖത്തോടെയാണ് 15 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തുടങ്ങുന്നത്. ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കാൻ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനം വേണമെന്നും താനൊരു കായിക താരമായതുകൊണ്ട് ആരോഗ്യത്തെക്കുറിച്ച് ബോധവാനാണെന്നും സച്ചിൻ പറഞ്ഞു.

പ്രമേഹത്തിന്‍റെ ലോക തലസ്ഥാമായി ഇന്ത്യ മാറിയിരിക്കുകയാണ്. രാജ്യത്തെ ഏഴരക്കോടി ആളുകൾ പ്രമേഹ ബാധിതരാണ്. അമിതവണ്ണമുള്ളവരുടെ കണക്കുകളിലേക്ക് വരുന്പോൾ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇത്തരത്തിൽ മുന്നോട്ടുപോയാൽ രാജ്യത്തിന് പുരോഗതിയിലേക്ക് കുതിക്കാൻ കഴിയില്ലെന്നും സച്ചിൻ ഓർമിപ്പിക്കുന്നു.

രാജ്യത്ത് ഒരു കായിക സംസ്കാരം വളർത്തിയെടുക്കണം. അല്ലാത്തപക്ഷം, ആരോഗ്യം നശിച്ച ഒരു തലമുറയാകും വളർന്നുവരിക. ആരോഗ്യപരിപാലനത്തിന് ഓരോരുത്തരും സമയം കണ്ടെത്തണമെന്നും ഏതെങ്കിലും കായിക വിനോദത്തിൽ പതിവായി ഏർപ്പെടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.