ഒരു ഗ്രാമം തന്നെ വഴിമാറി; ആനകൾ വന്നപ്പോൾ
Tuesday, July 26, 2016 3:24 AM IST
ആസാമിലെ കർബി ആംഗ്ലോഗ് ജില്ലയിലുള്ള ചെറുഗ്രാമമാണ് റാം തെറാംഗ്. ഈ ഗ്രാമം ആനകൾക്ക് സമ്മാനമായി നല്കി ഗ്രാമവാസികൾ പടിയിറങ്ങുകയാണ്. മൊത്തം 19 ആദിവാസി കുടുംബങ്ങളിൽ 11 കുടുംബങ്ങൾ പുതിയ സ്‌ഥലത്തേക്കു താമസം മാറിക്കഴിഞ്ഞു. ശേഷിക്കുന്ന എട്ടു കുടുംബങ്ങൾ പത്തു ദിവസത്തിനുള്ളിൽ ഈ ഗ്രാമം ഉപേക്ഷിക്കും. ആനകളുടെ സഞ്ചാരപാതയായ ആനത്താര നിർമിക്കാൻവേണ്ടിയാണ് ഈ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നത്. ഡിസംബർ 25ന് ആനത്താര ആനകൾക്കു തുറന്നുകൊടുക്കുമെന്നാണ് സൂചന.

റാം തെറാംഗിനെ ഓരോ കുടുംബവും താമസിച്ചുകൊണ്ടിരുന്ന അതേ രീതിയിലുള്ള വീടുകൾതന്നെയാണ് അവർക്കു നിർമിച്ചുനല്കിയത്. പഴയ വീടുകളിൽനിന്ന് അധികമായി കൃഷിസ്‌ഥലവും ശൗചാലയവും കുളിമുറിയും ഓരോ കുടുംബത്തിനും നല്കിയിട്ടുണ്ട്. മാത്രമല്ല, എല്ലാ വീടുകൾക്കും സൗരോർജ സംവിധാനങ്ങളും നല്കിയിട്ടുണ്ടെന്നത് പ്രശംസനീയമാണ്. ആദ്യം എതിർത്തെങ്കിലും ഗ്രാമവാസികളെല്ലാം ഇപ്പോൾ സന്തോഷത്തിലാണെന്നാണ് ഗ്രാമത്തലവൻ പറയുന്നത്. ലഭിച്ച സ്‌ഥലത്ത് കൃഷിയിറക്കാനുള്ള ശ്രമത്തിലാണ് ഇവർ.

വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ അഞ്ചു വർഷത്തെ ശ്രമഫലമായാണ് ആനത്താര യാഥാർഥ്യമാകുന്നത്. പ്രാദേശിക വനംവകുപ്പും യുകെ ആസ്‌ഥാനമായുള്ള എലഫന്റ് ഫാമിലി, നെതർലൻഡ്സിലെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, ജപ്പാനിലെ ടൈഗർ ആൻഡ് എലഫന്റ് ഫണ്ട് തുടങ്ങിയ സംഘടനകളും ആനത്താര നിർമാണത്തിൽ സഹകരിക്കുന്നുണ്ട്. ഒരു കോടി രൂപയുടെ പദ്ധതിയാണിത്.

റാം തെറാംഗ് ഗ്രാമത്തിനു സമീപത്തുകൂടിയാ ണ് ഇവിടുള്ള ആനകൾ സഞ്ചരിക്കുന്നത്. ഇവരുടെ കൃഷിവിളകൾ ആനകൾ നശിപ്പിക്കുക പതിവാണ്. ആനകൾ സ്‌ഥിരമായി ഒരു സഞ്ചാരപാതയിലൂടെ മാത്രം സഞ്ചരിക്കുന്നതിനാലാണ് ഗ്രാമവാസികളെ മാറ്റിപ്പാർപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചത്. ആദ്യം എതിർത്തെങ്കിലും സംഘടനകളുടെ ലക്ഷ്യം മനസിലാക്കിയപ്പോൾ മനസില്ലാമനസോടെയാണെങ്കിലും റാം തെറാംഗ് ഗ്രാമം അവർ ഒഴിയുകയായിരുന്നു.

കണക്കനുസരിച്ച് 1,800 ആനകളാണ് റാം തെറാംഗ് പ്രദേശത്തുകൂടി സ്‌ഥിരമായി സഞ്ചരിക്കാറുള്ളത്. കാസിരംഗ നാഷണൽ പാർക്കിലുൾപ്പെട്ട പ്രദേശമാണിത്. 2.5 കിലോമീറ്റർ നീളമുള്ളതാണ് ആനകൾക്കായി സജ്‌ജമാക്കുന്ന ആനത്താര. ഇപ്പോൾ നിർമിക്കുന്ന ആനത്താരയുടെ ഭാഗമായി അടുത്തത് ടോക്കോലംഗ്സോ ഗ്രാമത്തെയാണ് മാറ്റിപ്പാർപ്പിക്കാനുള്ളത്. ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്ത് ഇത്തരത്തിൽ ആദ്യമായാണ് ആനത്താര തയാറാക്കുന്നത്. കേരളത്തിലും കർണാടകയിലും ഇത്തരത്തിൽ ആനത്താരകളുണ്ട്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ വലിയ രീതിയിലുള്ള വികസനപദ്ധതികളാണ് വൈൽഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ തയാറാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.