കിസ്മത്ത്–മനസിൽ നീറിപ്പടരുന്ന പ്രണയകാവ്യം
Saturday, July 30, 2016 5:08 AM IST
തിയറ്റർ വിട്ടിറങ്ങുമ്പൊഴും മനസിൽ നീറിപ്പടരുകയാണ് പൊന്നാനിയുടെ ആ നൊമ്പരകാവ്യം–കിസ്മത്ത്. നിളാതീരങ്ങൾ കവിഞ്ഞ് ആ നൊമ്പരത്തിര പടരുകയാണ്, കേരളമാകെ. ഉള്ളുലയ്ക്കുന്ന സംഗീതം, പ്രണയാർദ്രമാക്കുന്ന പാട്ടുകൾ.. പിന്നെ നേരുള്ള കഥ. പുറത്തു മഴയാണ്. തിയറ്ററിനുള്ളിലും മഴ തിമിർത്തു പെയ്യുകയാണ്... നൊമ്പരമഴ, പ്രണയമഴ, സങ്കടമഴ, സംഗീതമഴ എല്ലാം നനഞ്ഞു നനഞ്ഞ് കിസ്മത്തിൽ അലിഞ്ഞലിഞ്ഞ്.

മോയീൻകുട്ടി വൈദ്യരുടെ ‘ആനേ മദനപ്പൂ...’ എന്ന മാപ്പിളപ്പാട്ടിനൊപ്പം സിനിമയിലേക്കു കടക്കാം, മലബാറിന്റെ താളത്തിൽ മനസുചേർത്ത്.

****** ******* *********

വർത്തമാനകാലത്തിൽ നിന്നു തുടക്കം. ഒന്നിച്ചുജീവിക്കാൻ സംരക്ഷണം തേടി പോലീസ് സ്റ്റേഷനിലെത്തുന്ന ദളിത് പെൺകുട്ടി 28 വയസുള്ള അനിതയും മുസ്്ലിം യുവാവ് 23 വയസുള്ള ഇർഫാനും കണ്ടറിയുന്ന വർത്തമാനകാല യാഥാർഥ്യങ്ങളിലൂടെയാണ് സിനിമയുടെ ആദ്യപകുതി. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയോടെ അവരുടെ കാത്തിരുപ്പ് തുടങ്ങുമ്പോൾ ചില പോലീസ് സ്റ്റേഷൻ കാഴ്ചകൾ

ഇവിടെ യാഥാർഥ്യങ്ങൾ മാത്രം, ചിലതൊക്കെ ഒറ്റപ്പെട്ടതാണെങ്കിലും...
*കസ്റ്റഡിയിലെടുത്ത പ്രതിയെ അവാസ്തവ കാര്യങ്ങൾ പറഞ്ഞുപഠിപ്പിച്ച ശേഷം
മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കാനൊരുങ്ങുന്ന നിയമപാലകർ
*നിയമപാലകർ ചെയ്യുന്ന തെറ്റുകൾ മറച്ചുവയ്ക്കാൻ അവർ തന്നെ
കൂട്ടുനിൽക്കുന്ന കാഴ്ചകൾ..വർഗസ്നേഹം!
*കസ്റ്റഡിയിലെടുത്തയാളെ ജാതിസ്നേഹം കൊണ്ട് കേസ്
രേഖപ്പെടുത്താതെ വിട്ടയയ്ക്കുന്ന നിയമപാലനം!
*ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഒട്ടും മൈത്രി ഇല്ലാത്ത കാഴ്ചകൾ
*ഷോപ്പിംഗ് മാൾ സ്വന്തമായുള്ള പരാതിക്കാരനു മുന്നിൽ വഴിവിട്ടുള്ള എല്ലാ
സഹായവും ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന നിയമപാലകൻ...
*പദവിയും പത്രാസുമുള്ളവർക്കു മുമ്പിൽ നിയമവും നീതിയും വളയുന്ന
കാഴ്ചകൾ
*കുറ്റം ചെയ്തതു നാട്ടുകാരനാണെങ്കിലും ഇല്ലാത്ത തീവ്രവാദ
സംശയത്തിന്റെ പേരുപറഞ്ഞ് ഒടുവിൽ ശിക്ഷയും പിഴയും ഇതരസംസ്‌ഥാന
തൊഴിലാളിയുടെ മേൽ ആരോപിക്കപ്പെടുന്ന കാഴ്ചകൾ

ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിക്കപ്പെടുമ്പോൾ ആവില്ലെന്നു പറയുന്ന സാധാരണക്കാരനു നേരിടേണ്ടി വരുന്ന പീഡനങ്ങൾ കൂടി കിസ്മത്തിന്റെ സൈഡ് ട്രാക്കിലുണ്ട്. ഇതു കൂടിയാണ് കിസ്മത്ത്. നിസംഗതയോടെ നാം കണ്ടു മറക്കുന്ന സത്യങ്ങളും കിസ്മത്ത് കാഴ്ചകളിലുണ്ട്, ഓർമപ്പെടുത്തലുകളായി....

****** ******* *********

കാത്തിരിപ്പിനൊടുവിൽ എസ്ഐയുടെ മുന്നിലേക്ക്. വീട്ടിൽ എതിർപ്പായതിനാൽ പോലീസ് സഹായം തേടിയെത്തിയ പ്രണയിതാക്കൾക്ക് ആ പോലീസ് സ്റ്റേഷനിൽ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ യാത്രയ്ക്ക് അവിടെ തുടക്കം....

ജാതിനോക്കിയല്ല തങ്ങൾ സ്നേഹിച്ചതെന്നു പറയുന്ന 28 വയസുള്ള ദളിത് പെൺകുട്ടി അനിത. ഓളില്ലാതെ ജീവിക്കാനാവില്ലെന്നു പറയുന്ന 23 കാരൻ ഇർഫാൻ..

ചെക്കന്റെ ബാപ്പ വലിയപള്ളി മഹലു കമ്മറ്റി സെക്രട്ടറിയാണെന്ന് അറിയുന്നതോടെ കിസ്മത്തിൽ ചില ഗൂഢനീക്കങ്ങൾ തുടങ്ങുകയാണ്. നമുക്കു വേണ്ടപ്പെട്ട കുടുംബമാ, ഞാൻ വേണ്ടവഴിക്കു കണ്ടോളാം... ചില തത്പരകക്ഷികളുടെ വാഗ്ദാനങ്ങളിൽ നിയമവും നീതിയും പാലിക്കപ്പെടേണ്ടവരുടെ അപഥസഞ്ചാരങ്ങളിലൂടെ ആ പ്രണയിതാക്കളുടെ കിസ്മത്ത്–വിധി– നിശ്ചയിക്കപ്പെടുന്ന കാഴ്ചകളിലേക്കാണു സിനിമയുടെ യാത്ര. സമൂഹത്തിലും സമുദായത്തിലും പദവിയും പത്രാസും നിലനിർത്താനുള്ള ചിലരുടെ അത്യാഗ്രഹങ്ങൾ അവരുടെ പ്രണയവഴിയിൽ തടയിടുന്ന കാഴ്ചകൾ.

ഈ വിഷയത്തിൽ തുടർന്ന് അവരുടെ വീട്ടുകാർ, പോലീസ്, മത, സാമൂഹിക മേഖലകളിലെ ആളുകൾ എന്നിവർ എങ്ങനെ ഇടപെട്ടു? എന്താണ് അവരുടെ പ്രണയത്തിനു സംഭവിച്ചത്? എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ ഉത്തരമറിയാൻ കിസ്മത്ത് കാണണം.

ഇതു കാണേണ്ട ചിത്രം തന്നെയാണ്. കാരണം വല്ലപ്പോഴും മാത്രമാണ് ഇത്തരം റിയലിസ്റ്റിക് ചിത്രങ്ങൾ വരുന്നത്. കച്ചവടത്തിന്റെ ചേരുവകളൊന്നും ഇതിൽ ചേർത്തിട്ടില്ല രചനയും സംവിധാനവും നിർവഹിച്ച ഷാനവാസ് കെ.ബാവക്കുട്ടി.

****** ******** **********

വർത്തമാനകാലത്തു നിന്നു ഫ്ളാഷ്ബാക്കുകളിലേക്കു പോകുമെങ്കിലും കിസ്മത്ത് ഒരിക്കലും മടുപ്പിക്കുന്നില്ല. അതു നല്കുന്ന കാഴ്ചകൾ, സംഗീതം, സന്ദർഭങ്ങൾ എല്ലാം പുതുമയുള്ളതാണ്. പക്ഷേ, നമുക്കു പരിചിതവും. നമ്മുടെ ജീവിതപരിസരങ്ങളിൽ കാണാതെ കിടന്ന ചില കാഴ്ചകളെ തപ്പിയെടുത്ത് കാണിച്ചതുപോലെ...
നടൻ അബിയുടെ മകൻ ഷെയ്ൻ നിഗം ഇർഫാന്റെ വേഷം ഭംഗിയാക്കി. ഇത് എന്റെ ജീവിതമാണ്, ഞാൻ തീരുമാനിക്കും എന്നു ചങ്കൂറ്റത്തോടെ പറയുന്ന ഇർഫാൻ. നോട്ടത്തിലും നടപ്പിലും തിളച്ചുമറിയുന്ന രോഷത്തിലും ഒടുവിൽ നിസഹായത എന്ന യാഥാർഥ്യത്തിലേക്ക് മറയുമ്പൊഴും.

<ശാഴ െൃര=/ളലമേൗൃല/സശൊമവേബാീ്ശലബ072816.ഷുഴ മഹശഴി=ഹലളേ>

ഇർഫാനെ, ഇപ്പം, ഇതൊന്നും വേണ്ടാന്നു തോന്നുന്നുണ്ടോ.... ശ്രുതി മേനോൻ അവതരിപ്പിക്കുന്ന അനിതയുടെ സ്വരത്തിൽ നിസഹായതയുടെ തേങ്ങലുണ്ട്. തന്നെ ഞാൻ വിട്ടുകൊടുക്കില്ല– ഇർഫാന്റെ വാക്കുകളിൽ ഉറച്ച തീരുമാനത്തിന്റെ കരുത്തുണ്ട്. വാസ്തവത്തിൽ ഈ സത്യസന്ധത തന്നെയാണ് കിസ്മത്തിന്റെ ആത്മാവ്, കരുത്ത്.

***** ******** ********

ഫ്ളാഷ്ബാക്കുകളിലുണ്ട് കിസ്മത്തിലെ പ്രണയത്തിന്റെ നിറക്കാഴ്ചകൾ. അനിതയുടെ ചിരിമഴ നനഞ്ഞ് ഇർഫാൻ. പിന്നെ പാട്ടിന്റെ വഴിയേ അനിതയ്ക്കും ഇർഫാനുമൊപ്പം നിളമണൽത്തരികളിൽ നിറനിലാരാവുകൾ.. റഫീക് അഹമ്മദിന്റെ വരികളും.. സുമേഷ് പരമേശ്വറിന്റെ സംഗീതത്തിൽ കെ.എസ്. ഹരിശങ്കറിന്റെ സ്വരത്തിൽ. അഴിമുഖം കാണുംനേരം പുഴയുടെ വേഗം പോലെ... ശ്രേയ രാഘവിന്റെ പുതുമയുള്ള പെൺസ്വരത്തിൽ ഗാനം ഒഴുകിപ്പരക്കുകയാണ്. പ്രേക്ഷകഹൃദയങ്ങൾ ആ പാട്ടനുഭവത്തിൽ തുള്ളിത്തുള്ളി അവർക്കൊപ്പം ചേരുന്നു. ഇവിടെ പ്രണയം ശുദ്ധമാണ്, മഴനിർത്തുള്ളികൾ പോലെ. വിശ്വാസസൗരഭ്യത്തിൽ അവരുടെ പ്രണയസ്വപ്നങ്ങൾ പാട്ടായി പരക്കുകയാണ്.

<ശാഴ െൃര=/ളലമേൗൃല/സശൊമവേബാമശിബ072816.ഷുഴ മഹശഴി=ൃശഴവേ>

ഇന്നലത്തെ പ്രണയം മധുരനൊമ്പരമാണ്. മടങ്ങിവരവു മധുരത്തിൽ നിന്നു നൊമ്പരത്തിലേക്കാണ്. അതാണു യാഥാർഥ്യം. അതു കലർപ്പില്ലാതെ അവതരിപ്പിക്കുകയാണ് കിസ്മത്ത്. മതിവരാ താളമായ് പ്രണയം ഓർമയാകുമ്പൊഴും രാഗവും താളവും പോലെ അലിയാനുള്ള വെമ്പലിലാണ് മനസ്. പക്ഷേ മടങ്ങാതിരിക്കാനാവില്ലല്ലോ...

ഇജ്‌ജ്, ഈ കുടുംബത്തിന്റെ മാനം കൂടി കളയാനുള്ള പുറപ്പാടിലാണോ.. കുടുംബത്തിന്റെ ചോദ്യത്തിനു മുന്നിലും പതറാതെ ഇർഫാൻ. ജാതി വേറെ, മതം വേറെ. പോരാത്തതിന് ഓള് അന്നേക്കാളും അഞ്ചാറു വയസിനു മൂത്തതും.. ഇർഫാനെ പിന്തിരിപ്പിക്കാൻ ഒന്നിനുമായില്ല. ഓളാ ജാതിയായത് ഓൾടെ കൊഴപ്പാ...? ഞാനീ ജാതിയാതത് ന്റെ കൊണാണോ...? ഇക്കോളെ മറക്കാൻ പറ്റൂലാ...വാപ്പാ... ഇർഫാന്റെ ഹൃ0യത്തിൽ നിന്ന് ഉയിരാർന്ന വാക്കുകൾ...ഇങ്ങക്ക് ഒരു ചീത്തപ്പേരുമുണ്ടാക്കാതെ എങ്ങോട്ടെങ്കിലും പോയി ജീവിക്കാമെന്നു കൂടി അപേക്ഷാസ്വരത്തിൽ ഇർഫാൻ. പക്ഷേ.....

****** ******* ********

അൻവർ അലി എഴുതി സുഷിൻ ശ്യാം സംഗീതം നല്കി സച്ചിൻ ബാലു പാടിയ കിസ പാതിയിൽ... എന്ന ഗാനം ക്ലൈമാക്സിനടുത്താണ്. ഒടുവിലെത്തുന്ന ചിലതുനാം.. എന്ന പാട്ടും കിസ്മത്തിനെ അവിസ്മരണീയമാക്കുന്നു.

കഥയുമായും സന്ദർഭവുമായും ഇഴചേർന്നു നിൽക്കുകയാണു കിസ്മത്തിലെ പാട്ടുകൾ. ഹതാശരായ് കരയല്ലേ എന്ന് ഒർമിപ്പിക്കുകയാണ് ഒടുവിൽ, കിസ്മത്ത്. കിസ്മത്തിലെ അനിതയും. ജീവിതം അവൾക്കു പ്രാർഥനയാകുന്നു. പിന്നിൽ പുഴപോലെ കിനിയുന്ന നോവാകുമ്പൊഴും ഉള്ളു പിടയുമ്പൊഴും ജീവിതം അഴിമുഖം തേടി അലയും. കടലിന്റെ മാറത്തൊടുങ്ങാൻ. ഇന്നലെകൾ അതിനു കരുത്താവുമെന്ന് ഓർമിപ്പിക്കുകയാണ് കിസ്മത്ത്. തികച്ചും സ്വാഭാവികമായ വേഷപ്പകർച്ചകളിലൂടെ ശ്രുതി മേനോനും ഷെയ്ൻ നിഗവും മനസു വിട്ട് ഇറങ്ങുന്നതേയില്ല. അത്രമേൽ സത്യസന്ധമാണ് അവരുടെ പ്രണയം.

ഈ കുറിപ്പ് അവസാനിപ്പിക്കുന്നതിനു മുമ്പ് ചില പേരുകൾ കൂടി പറയട്ടെ. അവരാണ് കിസ്മത്തിനെ അനുഭവതീവ്രമാക്കിയത്. കാമറ ചെയ്ത സുരേഷ് രാജൻ. എഡിറ്റിംഗ് നിർവഹിച്ച ജി. അജിത് കുമാറും ജിതിൻ മനോഹറും. പിന്നെ സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്. അജയ് സി. മേനോൻ എന്ന സബ് ഇൻസ്പകടറുടെ വേഷം ഗംഭീരമാക്കിയ വിനയ് ഫോർട്ട്, അലൻസിയർ, പി.ബാലചന്ദ്രൻ, ബിനോയ് നമ്പാല, സജിത മഠത്തിൽ, സുരഭി ലക്ഷ്മി, സുനിൽ സുഖദ എന്നിവരും കിസ്മത്തിനെ ഓർമകളിൽ പിടിച്ചുനിർത്തുന്നു.

ഈ ചിത്രം നിർമച്ച രാജീവ് രവി, ശൈലജ മണികണ്ഠൻ എന്നിവരോടു കടപ്പെട്ടിരിക്കുന്നു, മലയാള സിനിമ. ഒരു പേരു കൂടി ഓർമകളിലുണ്ടാവണം–സംവിധായകൻ ലാൽ ജോസ്. അദ്ദേഹത്തിന്റെ ചങ്കൂറ്റമാണ് ഷാനവാസ് കെ. ബാവക്കുട്ടിയുടെ സ്വപ്നം സഫലമാക്കിയത്. വാസ്തവത്തിൽ ഇവരോടെല്ലാം കടപ്പെട്ടിരിക്കുന്നതു പ്രേക്ഷകരാണ്, ജീവനുള്ള ഒരു സിനിമ തന്നതിന്, ചിന്തകളെ ഉണർത്തുന്ന ചില കനലുകൾ മനസുകളിൽ കോരിയിട്ടതിന്..

<യ>ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.