‘ഇവിടെ പട്ടിക്കാണോ കുട്ടിക്കാണോ വില?’
Thursday, August 25, 2016 12:48 AM IST
തെരുവുനായ വിഷയത്തിൽ ആഞ്ഞടിച്ച് നടൻ ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന്റെ കീഴ്ച്ചുണ്ട് തെരുവുനായ കടിച്ചുകീറിയ പത്രവാർത്തയ്ക്കൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. പട്ടിക്കാണോ കുട്ടിക്കാണോ ഇവിടെ വിലയെന്ന് ജയസൂര്യ ചോദിക്കുന്നു. നമ്മുടെ വീട്ടിൽ ആർക്കെങ്കിലുമാണ് ഇതു സംഭവിച്ചിരുന്നതെങ്കിൽ നമ്മൾ എന്തു ചെയ്യുമെന്നും ഇതുതന്നെയാണ് ആ ചോദ്യത്തിന് ഉത്തരമെന്നും താരം പറഞ്ഞുവയ്ക്കുന്നു.

തെരുവുനായകളെ സംരക്ഷിക്കാൻ നിയമം പാസാക്കുന്നവർ ആ കുട്ടിയുടെ വീട്ടിലെ പട്ടിണി അറിയുന്നുണ്ടോ, പണം കൊടുക്കുന്നതു മാത്രമാണോ പരിഹാരം. ഇനി അതുണ്ടാകാതിരിക്കാൻ എന്തു ചെയ്യണം എന്നല്ലേ നോക്കേണ്ടത് ജയസൂര്യ പറയുന്നു. തെരുവിലെ പട്ടിയുടെ വില പോലും തന്നില്ലെങ്കിൽ തിരിച്ചും ആ വില തരാനേ നിവൃത്തിയുള്ളൂവെന്നും പ്രശ്നത്തിനൊരു തീരുമാനമുണ്ടായില്ലെങ്കിൽ ഈനാട്ടിലെ ചെറുപ്പക്കാർ തന്നെ തീരുമാനമുണ്ടാക്കുമെന്നും ജയസൂര്യ പറയുന്നു.

<യ>ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

‘‘പട്ടി–ണി’’
ദൈവം പ്രത്യക്ഷപ്പെട്ടിട്ട് ചോദിക്കാണ്, നിന്റെ മുന്നിൽ രണ്ട് ജീവനുകൾ ഉണ്ട്. ഒരു പട്ടിയും, നിന്റെ കുട്ടിയും അതിലെ ഒരു ജീവൻ നിനക്ക് തിരഞ്ഞെടുക്കാം എന്ന് പറഞ്ഞാൽ എന്തായിരിക്കും നമ്മുടെ ഉത്തരം. ? ദാ ... ഇത് ഇന്നത്തെ പത്രമാണ്. ഇവിടെ പട്ടിയക്കാണോ, കുട്ടിയക്കാണോ വില?.നമ്മുടെ വീട്ടിലെ ആർക്കെങ്കിലുമാണ് ഇത് സംഭവിച്ചത് എങ്കിൽ നമ്മൾ എന്ത് ചെയ്യും ‘ അത് തന്നെയാണ് ഇതിന്റെ ഉത്തരം ‘ അങ്ങനെ ചെയ്ത് പോകുന്നത് ആ തെരുവ് നായയേക്കാൾ . വീട്ടിലുള്ളവരെ നമ്മൾ സ്നേഹിക്കുന്നത് കൊണ്ടാണ്.

ഇതിപ്പോ സ്‌ഥിരം പത്രവാർത്തയാണ്, തെരുവിലെ പട്ടി കുഞ്ഞിന്റെ ചുണ്ട് കടിച്ച്പറിച്ചു , അമ്മയുടെ കാല് കടിച്ചുകീറിന്നൊക്കെ.. ഇനി, ഈ കടിയേറ്റ കുട്ടിയുടെ വീട്ടിലേക്ക്, ഈ നിയമം പാസാക്കിയവർ ഒന്ന് തിരിഞ്ഞ് നോക്കുന്നുണ്ടോ?അവിടത്തെ പട്ടിണി അറിയുന്നുണ്ടോ? ഒരു പത്ത് പൈസ അയച്ച് കൊടുക്കുന്നുണ്ടോ? അല്ലെങ്കിൽ ആ പൈസ കൊടുക്കുന്നതാണോ അതിനൊരു പരിഹാരം.. അത് ഇനി ഉണ്ടാവാതിരിക്കാൻ എന്ത് ചെയ്യണം എന്നതല്ലേ നോക്കേണ്ടത്? അതെന്താ ചെയ്യാത്തത്? എല്ലാം നമ്മള് അനുഭവിച്ചോട്ടേന്നോ?

രാപകലില്ലാതെ ജവാൻമാർ നമ്മുടെ സംരക്ഷയ്ക്കായി കാവലാണ്. ഇത്രയധികം സുരക്ഷിതത്വം നോക്കുന്ന നമ്മുടെ ഈ സംസ്‌ഥാനത്ത് ഇതിനെന്താ ഒരു പരിഹാരം ഉണ്ടാവാത്തത്.. മരത്തിൽ കേറുന്നതാണോ പരിഹാരം.. അവരുടെ മകനെയാണ് ഇതുപോലെ കടിച്ച് പറിച്ച് ആശുപത്രിയിൽ ഇട്ടിരുന്നതെങ്കിൽ, മോനെ.... നീ എന്താടാ ആ സമയത്ത് മരത്തിൽ കേറാതിരുന്നത് എന്ന് ചോദിക്കോ? തെരുവിലെ ഒരു പട്ടിയുടെ വില പോലും ഞങ്ങൾക്ക് തന്നില്ലെങ്കിൽ തിരിച്ചും ആ വില തന്നെ തരാനെ ഞങ്ങൾക്കും നിവർത്തിയുള്ളൂ.... ഇതിനൊരു തീരുമാനം ഇനിയും ഉണ്ടായില്ലെങ്കിൽ ഈ നാട്ടിലെ ചെറുപ്പാക്കാർ തന്നെ ഒരു തീരുമാനം ഉണ്ടാക്കും. അതിൽ ചിലപ്പോ നിയമത്തിന്റെ വശങ്ങളുണ്ടാവില്ല പകരം നഷ്‌ടപ്പെട്ടതിന്റെ തിരിച്ചറിവ് മാത്രേ കാണൂ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.