പാട്ടു വേണ്ട, ഇന്റർനെറ്റും മദ്യവും വേണ്ട; നീല ജീൻസ് വേണ്ടേ വേണ്ട
Monday, September 12, 2016 3:47 AM IST
ഇന്റർനെറ്റും ടെലിവിഷനും സംഗീതവും ഇല്ലാത്തൊരു നാടും ജീവിതവും ചിന്തിക്കാൻ കഴിയുമോ? ഇല്ലെന്നു പറയാനേ ഇന്നത്തെ തലമുറയ്ക്കു കഴിയൂ. ഏതെങ്കിലും ഭരണാധികാരികൾ അതു തടയാൻ ശ്രമിച്ചാൽ പിന്നെയുണ്ടാകുന്ന കോലാഹലങ്ങൾ പറയുകയേ വേണ്ട. അടുത്തകാലത്ത് മദ്യനിരോധനം വന്നപ്പോൾ കേരളത്തിലുണ്ടായ പ്രശ്നങ്ങൾ ഇപ്പോൾ മുന്നിലുണ്ട്. ഈ പറഞ്ഞതൊക്കെ ഒരു രാജ്യത്തെ ജനതയ്ക്കു മുഴുവൻ ഒഴിവാക്കേണ്ടിവന്നാലോ! ആ അവസ്‌ഥയിലാണ് ഉത്തരകൊറിയ ഇപ്പോൾ.

ഏകാധിപതിയുടെ ഭരണത്തിൽ ജനങ്ങൾക്ക് മനഃസമാധാനത്തോടെ പുറത്തിറങ്ങി നടക്കാൻ വയ്യാതായി. ഇപ്പോഴിതാ നീല നിറത്തിലുള്ള ജീൻസും ഉത്തരകൊറിയ നിരോധിക്കുന്നു. നീല ജീൻസ് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അടയാളമാണെന്നാണ് സർക്കാർ പറയുന്നത്. ഇനി ജീൻസ് വിൽക്കുമ്പോൾ സ്ലിം ഫിറ്റ്, ലൂസ് ഫിറ്റ് എന്നീ രണ്ടു സ്റ്റൈലുകളിലായി കറുപ്പു നിറത്തിൽ മാത്രം ഇറക്കിയാൽ മതി എന്നാണ് നിർദേശം.

ചുരുക്കത്തിൽ, ഉത്തരകൊറിയ എന്ന രാജ്യത്തെ മറ്റു രാജ്യങ്ങളിൽനിന്ന് ഒറ്റപ്പെടുത്തി നിർത്താനാണ് കിം ജോംഗ് ഉന്നിന്റെ ശ്രമം. പാട്ടും ഇന്റർനെറ്റും മതവും മാത്രമല്ല ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനോ, സ്വന്തമായി വാഹനം ഓടിക്കാനോ, ഇഷ്‌ടപ്പെട്ട ഹെയർകട്ട് തെരഞ്ഞെടുക്കാനോ ഒന്നും കിമ്മിന്റെ സർക്കാർ അനുവദിച്ചിട്ടില്ല. സർക്കാർ പുറത്തിറക്കിയിരിക്കുന്ന പട്ടികയിൽനിന്നുമാത്രമേ ഹെയർസ്റ്റൈൽ തെരഞ്ഞെടുക്കാൻ കഴിയൂ. 28 ഹെയർസ്റ്റൈലുകളാണ് പട്ടികയിലുള്ളത്.

ഇന്റർനാഷണൽ കോളുകൾ, സർക്കാരിനെക്കുറിച്ചുള്ള സംസാരം, വിദേശയാത്ര തുടങ്ങിയവയൊന്നും ഉത്തരകൊറിയൻ നിവാസികൾക്ക് അനുവദനീയമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.