ആരാണ് കേമൻ, ധോണിയോ ഗാംഗുലിയോ.? ഉത്തരം യുവി പറയും
Thursday, September 15, 2016 2:18 AM IST
ഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച നായകൻ ആരാണ്..? ധോണിയോ അതോ ഗാംഗുലിയോ.? മഹാരഥന്മാർക്കൊപ്പം പടനയിച്ച് മികച്ച വിജയങ്ങൾ കൊയ്ത നായകനാണ് സൗരവ് ഗാംഗുലി. അതേസമയം, ഐസിസിയുടെ എല്ലാ ലോകകിരീടങ്ങളും ഇന്ത്യയ്ക്കു സമ്മാനിച്ച ഒരേയൊരു നായകനാണ് ധോണി. ഈ സാഹചര്യത്തിൽ ആരാണ് കേമനെന്നത് കുഴപ്പിക്കുന്ന ചോദ്യമാണ്. പല താരങ്ങളും ഈ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവ്. എന്നാൽ, ഈ ചോദ്യത്തിന് ഒരു ഉത്തരം നല്കുകയാണ് ഇന്ത്യ കണ്ട മികച്ച താരങ്ങളിലൊരാളായ യുവരാജ് സിംഗ്.

കഴിഞ്ഞ ദിവസം ഒരു റേഡിയോ ചാനലിനു നല്കിയ അഭിമുഖത്തിലാണ് യുവി ഈ ചോദ്യത്തോടു പ്രതികരിച്ചത്. ’ എന്റെ ക്രിക്കറ്റ് കരിയർ ആരംഭിച്ചത് സൗരവ് ഗാംഗുലിയുടെ കീഴിലാണ്. തന്റെ ടീമിനെ ഒത്തൊരുമയോടെ കൊണ്ടുപോയ ആളാണ് അദ്ദേഹം. എന്നോടൊപ്പം ആശിഷ് നെഹ്റ, വിരേന്ദർ സേവാഗ്, സഹീർ ഖാൻ, ഹർഭജൻ സിംഗ് തുടങ്ങിയവർക്കും വലിയ പിന്തുണയാണ് അദ്ദേഹം നല്കിയത്. അതുകൊണ്ടു തന്നെ ഗാംഗുലിയാണ് മികച്ച നായകൻ.’– യുവി പറഞ്ഞു.

യുവരാജ് സിംഗിനെക്കൂടാതെ നേരത്തെ ഹർഭജൻ സിംഗ്, സേവാഗ് എന്നിവരും സമാനമായ ഉത്തരങ്ങൾ നല്കിയിരുന്നു. യുവരാജും ധോണിയും തമ്മിൽ അത്ര രസത്തിലല്ലെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ധോണിക്കെതിരേ പരസ്യമായി വിമർശനമുന്നയിക്കാൻ യുവി തയാറായിരുന്നില്ല. ധോണിക്കെതിരേ രൂക്ഷവിമർശനവുമായി യുവരാജിന്റെ പിതാവ് യോഗ്രാജ് സിംഗ് രംഗത്തെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.