പാവപ്പെട്ടവന്റെ കല്യാണത്തിന് ഇനി അമ്മ കല്യാണമണ്ഡപങ്ങൾ
Saturday, September 17, 2016 11:44 PM IST
അമ്മ ബ്രാൻഡ് അവസാനിക്കുന്നില്ല. തമിഴ്നാട്ടിലെ 11 സ്‌ഥലങ്ങളിൽ അമ്മ കല്യാണ മണ്ഡപങ്ങൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത ഇന്നലെ പ്രഖ്യാപിച്ചു. ഇതിനായി 83 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കല്യാണാവശ്യങ്ങൾക്കായി ഹാൾ ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമായിരിക്കും ഒരുക്കുക.

സാമ്പത്തികമായി പിന്നോട്ടുള്ളവർക്ക് വലിയ ഹാളുകൾ വാടകയ്ക്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ‘അമ്മ’ കല്യാണമണ്ഡപങ്ങൾ നിർമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാൽത്തന്നെ സാധാരണക്കാരെ ഉദ്ദേശിച്ചു മാത്രമാണ് ഹാളുകൾ നിർമിക്കുന്നത്. കല്യാണച്ചെക്കനും പെണ്ണിനും അതിഥികൾക്കും എയർ കണ്ടീഷൻ ചെയ്ത മുറികൾ, വിരുന്നുശാല, അടുക്കള തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. തമിഴ്നാട് ഹൗസിംഗ് ബോർഡിനു കീഴിലായിരിക്കും നിർമാണം നടക്കുക.

തോണ്ടിയാർപേട്ട്, വേളാച്ചേരി, ആയപ്പക്കം, പെരിയാർ നഗർ, ചെന്നൈയിലെ കോരട്ടൂർ, മധുരയിലെ അണ്ണാ നഗർ, തിരുനെൽവേലിയിലെ അമ്പാസമുദ്രം, സേലം, തിരുവള്ളൂരിലെ കൊടുങ്കയൂർ, തിരുപ്പൂറിലെ ഉദുമൽപ്പേട്ട് എന്നിവിടങ്ങളിലാണ് അമ്മ കല്യാണമണ്ഡപങ്ങൾ ഉയരുക.

ഇതുകൂടാതെ ചേരിപ്രദേശങ്ങൾ ഇല്ലാതാക്കുന്നതിനായി 50,000 വീടുകൾ നിർമിക്കാനുള്ള പദ്ധതിയും സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. 1,800 കോടി രൂപയാണ് ഇതിനു ചെലവു പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.