ഷാഹിദിന്റെ വീട് കൊതുകിന്റെ കൂടാരം; അയൽവാസി വിദ്യ ബാലന് ഡെങ്കിപ്പനി
Saturday, September 17, 2016 11:55 PM IST
വലിയ ബോളിവുഡ് താരമായിട്ടൊന്നും കാര്യമില്ല; വീടും പരിസരവും ശ്രദ്ധിക്കണം. അല്ലെങ്കിൽ കോർപറേഷൻ അധികൃതർ കേസെടുക്കും. പറഞ്ഞുവരുന്നത് ബോളിവുഡ് താരം ഷാഹിദ് കപൂറിനെക്കുറിച്ചാണ്. പ്രതിവാര പരിശോധനയ്ക്കിറങ്ങിയ കോർപറേഷനിലെ കൊതുകുനിവാരണ സംഘമാണ് ഷാഹിദിന്റെ വീട്ടിൽ അമിതമായി കൊതുകു വളരുന്നതു കണ്ടെത്തിയത്. മുംബൈയിലെ ജുഹു താരാ റോഡിലുള്ള വസതിയിലാണ് സംഭവം. ഈഡിസ് ഈജിപ്തി ഇനത്തിൽപ്പെട്ട കൊതുകുകളായിരുന്നു അവിടെ. ഇതേത്തുടർന്ന് മുംബൈ മുനിസിപ്പൽ കോർപറേഷൻ ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തു. കൊതുകുകളുടെ പ്രജനനം തടയാനുള്ള നടപടികൾ സ്വീകരിക്കാത്തതിനാണ് കേസ്.

അതേസമയം, കോർപറേഷൻ അധികൃതരുടെ നടപടിയെ സ്വാഗതം ചെയ്ത് ഷാഹിദ് കപൂർ രംഗത്തെത്തി. വീടിന്റെ പരിസരം ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിൽ നവജാത ശിശുവുള്ള സാഹചര്യത്തിൽ കൊതുകിനെ നശിപ്പിക്കാൻ സഹായിച്ച കോർപറേഷൻ അധികൃതരോട് നന്ദി പറയാനും അദ്ദേഹം മറന്നില്ല.

ഷാഹിദ് കപൂറിന്റെ വീടിനു സമീപംതന്നെ താമസിക്കുന്ന ബോളിവുഡ് താരം വിദ്യാ ബാലനു ഡെങ്കിപ്പനിയാണെന്ന് റിപ്പോർട്ടുകളുണ്ട്. കൊതുകുനിവാരണത്തിനു ശ്രമിക്കാത്തതിനാൽ ബോളിവുഡ് താരങ്ങളായ അനിൽ കപൂർ, ജൂഹി ചൗള, ഗായകൻ അമിത് കിഷോർ ഗാംഗുലി എന്നിവർക്ക് കഴിഞ്ഞ വർഷം കോർപറേഷൻ നോട്ടീസ് നല്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.