പ്രജകൾക്കുവേണ്ടി കൂലിപ്പണിയെടുത്ത് ഒരു രാജാവ്!
Thursday, September 22, 2016 12:29 AM IST
രാജ്യത്തിലെ പ്രജകളുടെ വിയർപ്പിന്റെ ഓഹരി പറ്റി സർവസുഖസമൃദ്ധിയോടെ ജീവിച്ചിരുന്ന രാജാക്കന്മാർ ഇപ്പോൾ പഴങ്കഥ. പ്രജകൾക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന രാജാക്കന്മാർ ഇന്നുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലൊന്നായ ഘാനയിലെ അകാൻ ഗോത്രവർഗത്തിന്റെ രാജാവായ എറിക് മാനു തന്റെ ഗോത്രത്തിലുള്ള 6,000 പേർക്കുവേണ്ടി കാനഡയിൽ കൂലിപ്പണി ചെയ്യുകയാണ്. കാനഡയിൽ തോട്ടക്കാരനായി ജോലി നോക്കുന്നതിനൊപ്പം സന്മനസുള്ളവരുടെ പക്കൽനിന്ന് അവശ്യവസ്തുക്കളുടെ സഹായവും സ്വീകരിക്കുന്നുണ്ട്.

ഗ്രാമങ്ങളിലേക്കും ഗോത്രങ്ങളിലേക്കും സർക്കാർ ശ്രദ്ധിക്കുന്നില്ല. വികസനപ്രവർത്തനങ്ങൾ പ്രധാനമായും നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നു. ഇത് തെല്ലൊന്നുമല്ല എറിക്കിനെ അസ്വസ്‌ഥനാക്കുന്നത്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ വർഷം അധികാരം ഏറ്റെടുത്തശേഷം ഗോത്രത്തിലുള്ളവർക്കായി അന്യരാജ്യത്തു പോയി നേരത്തെ ചെയ്തിരുന്ന തൊഴിൽ തുടരുന്നത്.

എറിക്കിന്റെ ശ്രമം വിഫലമായില്ല. അദ്ദേഹത്തിന്റെ ബോസായ കാനഡക്കാരി സൂസൻ വാട്സൺ ഗോത്രത്തിനുവേണ്ടി ഒരു സന്നദ്ധസംഘടനതന്നെ തുടങ്ങിയിട്ടുണ്ട്. സംഘടനയുടെ ശ്രമഫലമായി മരുന്ന്, വസ്ത്രം, വിദ്യാഭ്യാസ സാമഗ്രികൾ എന്നിവയടങ്ങിയ ഒരു ട്രക്ക് എറിക്കിന്റെ ഗോത്രക്കാരുടെ അടുത്ത് എത്തിക്കഴിഞ്ഞു. അടുത്ത ട്രക്ക് വൈകാതെ യാത്രതിരിക്കും. ഗോത്രത്തിലുള്ളവർക്ക് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് എറികിന്റെ ശ്രമം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.