സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്: പി.സി.ജോർജിന്‍റെ ആരോപണങ്ങൾക്കെതിരേ ജെസ്നയുടെ കുടുംബം
Friday, June 8, 2018 5:36 PM IST
ജെസ്നയുടെ തിരോധാനത്തിന്‍റെ പേരിൽ കുടുംബത്തെ ആക്ഷേപിച്ച പി.സി.ജോർജ് എംഎൽഎയ്ക്കെതിരേ കുടുംബം രംഗത്ത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ച് ജെസ്നയുടെ സഹോദരിയാണ് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജെസ്നയുടെ തിരോധാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാൻ പിതാവിനെയും സഹോദരങ്ങളെയും ചോദ്യം ചെയ്യണമെന്നും പിതാവിന്‍റെ വഴിവിട്ട ജീവിതവുമായി ജെസ്നയെ കാണാതായതിന് ബന്ധമുണ്ടെന്നുമാണ് ജോർജ് ആരോപിച്ചിരുന്നത്.

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് വീഡിയോയിൽ ജെസ്നയുടെ സഹോദരി ജെഫി അപേക്ഷിച്ചിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി തന്‍റെ പിതാവിനെതിരേ ആരോപണം ഉന്നയിക്കുന്നതിന് മുൻപ് വിവരങ്ങൾ തിരക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സഹായിക്കാൻ എന്ന പേരിൽ ഒരുപാട് പേർ വരുന്നുണ്ട്. ഇത്തരക്കാരെല്ലാം തങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാതെയാണ് പെരുമാറുന്നത്. ജെസ്നയെ കണ്ടെത്താൻ കഴിയാത്തതിന്‍റെ ദുഃഖവുമായി കഴിയുന്ന തങ്ങളുടെ സാഹചര്യം മനസിലാക്കണമെന്നും ആരെങ്കിലും പറയുന്നത് കേട്ട് വെറുതെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും സഹോദരി ആവശ്യപ്പെട്ടു.

മാധ്യമങ്ങൾ വിഷയത്തിൽ ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ, വരുന്നവരിൽ ചിലർ തങ്ങളോട് കരഞ്ഞ് കാമറയ്ക്ക് മുന്നിൽ പറയാൻ ആവശ്യപ്പെട്ട സാഹചര്യവുമുണ്ടായിട്ടുണ്ട്. ഇത്തരക്കാർ ഇനി ഇങ്ങോട്ട് വരേണ്ടതില്ലെന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും ജെഫി ആവശ്യപ്പെട്ടു.

കുടുംബത്തിനെതിരേ ഇത്തരമൊരു സാഹചര്യത്തിൽ ഉൗഹാപോഹങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. തങ്ങളെക്കുറിച്ച് എന്തെങ്കിലും പരാതിയുള്ളവർ പോലീസിന് വിവരം കൈമാറുകയാണ് ചെയ്യേണ്ടത്. ജെസ്നയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവരും തങ്ങളെ സഹായിക്കാൻ തയാറാകണമെന്നും ജെഫി അപേക്ഷിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.