"എനിക്ക് പണം വേണ്ട, എന്‍റെ അനിയന് നീതി വേണം..'- ശ്രീജിത്തിന് പറയാനുള്ളത്...
Sunday, January 14, 2018 12:09 PM IST
‘എനിക്ക് പണം വേണ്ട. അതിനു വേണ്ടിയല്ല ഞാന്‍… സഹോദരനല്ല, കൂട്ടുകാരനായിരുന്നു അവന്‍ എനിക്ക്. അവനെ കൊന്നവര്‍ക്കെതിരേ നിയമനടപടി വേണം. അതിനു വേണ്ടി ഇവിടെക്കിടന്ന് മരിക്കാനും ഞാന്‍ തയാറാണ്. ശ്രീജിത്തിന്‍റെ ഈ വാക്കുകളില്‍ കണ്ണീരിന്‍റെ ഉപ്പും നിരാശയുടെ നിഴലുമുണ്ട്. അനിയന്‍റെ മരണത്തില്‍ നീതി തേടിയുള്ള ഈ ജ്യേഷ്ഠന്‍റെ കാത്തിരിപ്പിന് ഇന്നേക്ക് 764 ദിവസം പ്രായം.

ഇത് ശ്രീജിത്ത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിലൂടെ സഞ്ചരിച്ചിട്ടുള്ള എല്ലാവര്‍ക്കും ഈ മുഖം പരിചിതമാണ്. ചിലര്‍ക്കൊക്കെ അടുപ്പവുമുണ്ട്. പാറശാലയ്ക്കടുത്ത് വ്‌ളാത്താങ്കര സ്വദേശിയായ ഈ ചെറുപ്പക്കാരന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം തുടങ്ങിയിട്ട് രണ്ടര വര്‍ഷം പിന്നിട്ടു. കൂട്ടിനു രാഷ്ട്രീയക്കാരോ സമുദായനേതാക്കളോ പണത്തിന്റെ പിന്‍ബലമോ ഒന്നുമില്ലാത്തതിനാല്‍ സമരം ഇന്നും അനന്തമായി നീളുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും കാണാത്ത ആള്‍ത്തിരക്കാണ് ഇന്നു ശ്രീജിത്തിനു ചുറ്റും. സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’എന്ന ഹാഷ്‌ടാഗ് തന്നെ കാരണം. ഒരുപക്ഷേ പലതരത്തിലുള്ള സമരങ്ങളുടെ വിജയവും തോല്‍വിയും കണ്ട സെക്രട്ടേറിയറ്റ് മതിലുകള്‍പോലും പറയും ശ്രീജിത്തിനു നീതി നിഷേധിക്കരുതേ എന്ന്.



ശ്രീജിത്തിന്‍റെയും അനിയന്‍ ശ്രീജീവിന്‍റെയും ജീവിതത്തില്‍ സംഭവിച്ചത് എന്ത്?

സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലില്‍ ക്ഷീണിതനെങ്കിലും ഉറച്ച ശബ്ദത്തില്‍ ശ്രീജിത്ത് ദീപികയോട് മനസുതുറക്കുന്നു. 2014 മെയ് 21നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവ് മരിക്കുന്നത്. ‘വിഷം ഉള്ളില്‍ ചെന്നു മരിച്ചു എന്നാണ് ആദ്യം അറിഞ്ഞത്. പക്ഷേ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവനെ കണ്ടത് കൈയും കാലും കെട്ടിയിട്ട നിലയിലാണ്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു.’

വാക്കുകള്‍ മുറിഞ്ഞു പോകുന്നിടത്തു നിന്നു ശ്രീജിത്ത് വീണ്ടും സംസാരിച്ചു തുടങ്ങി. ‘അവന്‍ തൊട്ടടുത്ത വീട്ടിലുള്ള ഒരു കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനുമായി വാക്കുതര്‍ക്കം ഉണ്ടായി. അവന് എറണാകുളത്തെ ഒരു മൊബൈല്‍ റിപ്പയറിംഗ് ഷോപ്പിലായിരുന്നു ജോലി. അവന്‍ ജോലിക്കായി പോയിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വിവാഹം അവളുടെ വീട്ടുകാര്‍ ഉറപ്പിച്ചു.

മെയ് 12നു രാത്രി ഒരു സംഘം പോലീസുകാര്‍ വീട്ടിലേക്ക് അതിക്രമിച്ചു കടന്നു വരുകയും ശ്രീജീവിനെ തിരക്കുകയും ചെയ്തു. കാര്യം തിരക്കിയപ്പോള്‍ പെറ്റിക്കേസ് എന്നാണു കൂട്ടത്തിലുണ്ടായിരുന്ന ഒരു പോലീസുകാരന്‍ പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞ് ശ്രീജീവിന്റെ ഒരു സുഹൃത്താണ് അവനെ പൂവാറില്‍ വച്ച് പോലീസ് പിടികൂടിയെന്ന് എന്നെ വിളിച്ച് പറഞ്ഞത്. ഉടന്‍ തന്നെ സ്റ്റേഷനില്‍ അന്വേഷിച്ചെങ്കിലും ആര്‍ക്കും അതേക്കുറിച്ച് അറിയില്ലായിരുന്നു.’ സംഭവത്തിനു തൊട്ടടുത്ത ദിവസം ശ്രീജീവ് കസ്റ്റഡിയില്‍ വച്ച് വിഷം കഴിച്ചെന്നും അവനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും വീട്ടില്‍ വന്നു പറഞ്ഞതു രണ്ടു പോലീസുകാരാണ്.’



ശ്രീജിത്തിന്‍റെ ഒറ്റയാള്‍ പോരാട്ടം

”ശ്രീജീവിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നതായി പറയുന്നുണ്ട്. ഇതാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് എനിക്കു സംശയം തോന്നാന്‍ കാരണമായത്.’ ശ്രീജിത്ത് പറയുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത് ജയിലില്‍ അടച്ച ആളുടെ ഉള്ളില്‍ എങ്ങനെയാണു വിഷം എത്തുന്നത് എന്നാണ് ശ്രീജിത്ത് ചോദിക്കുന്നത്. വിഷം കഴിച്ച ശ്രീജീവ് ചികിത്സയ്ക്കിടെ മരണപ്പെട്ടെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പോലീസിന്‍റെയും ആശുപത്രി അധികൃതരുടേയും ശ്രമമെന്ന് ശ്രീജിത്ത് ആരോപിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി തൊട്ടടുത്ത ദിവസം തന്നെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി മുതല്‍ ഡിജിപി വരെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കും പോലീസ് കംപ്ലയിന്‍റ് അഥോറിറ്റിക്കും ശ്രീജിത്ത് പരാതി നല്‍കിയിരുന്നു.

നീണ്ടു നീണ്ടു പോകുന്ന വാഗ്ദാനങ്ങള്‍

സമരം ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചുവെങ്കില്‍ മെല്ലെ മെല്ലെ അത് ഇല്ലാതെയായി. ഇതിനിടയില്‍ ഭരണം മാറി. നേതാക്കള്‍ മാറി. കാറ്റും മഴയും വെയിലും എല്ലാം വന്നു. എന്നിട്ടും ശ്രീജിത്ത് അവിടെ തന്നെ കിടന്നു. ഇന്നല്ലെങ്കില്‍ നാളെ നീതി ലഭിക്കും എന്ന പ്രതീക്ഷയില്‍. ദിവസങ്ങള്‍ മുന്നോട്ടു പോകുന്തോറും ശ്രീജിത്ത് നഗരത്തിലെത്തുന്നവര്‍ക്ക് ഒരു പതിവു കാഴ്ചയായി മാറി. വിഷയത്തില്‍ ഇടപെടാമെന്നും ആവശ്യമായ നടപടി സ്വീകരിക്കാമെന്നും യുഡിഎഫ് സര്‍ക്കാര്‍ വാക്കു നല്‍കിയെങ്കിലും അതു വാക്കുകളില്‍ മാത്രമായി ഒതുങ്ങി.



എനിക്കു പണമല്ല നീതിയാണു വേണ്ടത്

യുഡിഎഫ് സര്‍ക്കാരിന്‍റെ ആശ്വാസം വാക്കുകളില്‍ മാത്രം ഒതുങ്ങി നിന്നപ്പോള്‍ മാറി വന്ന പിണറായി സര്‍ക്കാര്‍ മുന്നോട്ടു വച്ചത് സാമ്പത്തിക സഹായം. ‘ഒരു ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്നെ വിളിച്ചു. നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കുമെന്നും കേസ് അന്വേഷണത്തിനായി ആവശ്യമായതു ചെയ്യുമെന്നും ഉറപ്പു നല്‍കി. നഷ്ടപരിഹാരമായി ലഭിച്ച പത്തു ലക്ഷം രൂപ വീട്ടുകാര്‍ സ്വീകരിച്ചു. പക്ഷേ എനിക്ക് അതല്ല വേണ്ടത്. എന്‍റെ അനിയന്‍റെ മരണത്തിനു കാരണമായവരെ ശിക്ഷിക്കണം. കേസ് അന്വേഷണം സിബിഐക്കു വിടണം.’ അവശതകളൊന്നും അയാളുടെ തീരുമാനത്തെ തളര്‍ത്തുന്നില്ല എന്നത് ആ വാക്കുകളില്‍ നിന്നു വ്യക്തം.

സ്വയംപീഡയില്‍ ഉരുകുന്ന ജീവിതം

”എത്രനാള്‍ എന്നറിയില്ല. പക്ഷേ മരണം വരെ നീതിക്കായി ഞാന്‍ പോരാടും.’ പതിഞ്ഞ ശബ്ദത്തില്‍ ശ്രീജിത്ത് പറഞ്ഞു. സമരം ആരംഭിക്കുന്ന കാലത്ത് പൂര്‍ണ ആരോഗ്യവാനായിരുന്ന ഈ യുവാവ് ഇപ്പോള്‍ നന്നേ ക്ഷീണിച്ചു. ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാള്‍ക്കുനാള്‍ ശ്രീജിത്തിന്‍റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്നു. സമരം തുടങ്ങിയതില്‍ പിന്നെ പലപ്പോഴായി ശ്രീജിത്ത് നിരാഹാര സമരങ്ങള്‍ നടത്തി. ഒടുവിലെ സമരം തുടങ്ങിയിട്ട് ഇന്ന് 35 ദിവസം. ‘ആരോഗ്യമെല്ലാം പോയി. ശരിക്കും സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. വെള്ളം കുടിക്കാതെ വൃക്ക തകരാറിലായി. ഇപ്പോള്‍ മൂത്രം ഒഴിക്കുമ്പോള്‍ രക്തം വരുന്നുണ്ട്. ഒര്‍മയും ഇടയ്ക്കിടെ നഷ്ടപ്പെട്ടു തുടങ്ങി.”



കണ്ണുനീര്‍ തോരാതെ ഒരമ്മ

കൂടപ്പിറപ്പിനായി സമരം കിടക്കുന്ന മകനു പൊതിച്ചോറുമായി പൊരിവെയിലത്തും കനത്ത മഴയിലും എത്തുന്ന ഒരമ്മയുണ്ട്. ശ്രീജിത്തിന്‍റെയും ശ്രീജീവിന്‍റെയും അമ്മ. ”പ്രായമാകുമ്പോള്‍ എനിക്കു താങ്ങാകേണ്ട മക്കളില്‍ ഒരാള്‍ എന്നെന്നേക്കുമായി എന്നെ വിട്ടു പോയി. അടുത്തയാള്‍ അനിയനു വേണ്ടി സ്വയം മരിക്കുന്നു.’ കരഞ്ഞുകൊണ്ടു ആ അമ്മ പറയുന്നു. മകന്‍ ഭക്ഷണം നിരസിക്കുമ്പോള്‍ ആ അമ്മ ചോറുപൊതി അവിടെയുള്ള മറ്റേതെങ്കിലും സമരക്കാര്‍ക്കു നല്‍കും. കുറേനേരം മകനെ നോക്കി മകന്‍റെ ഒപ്പം ഇരിക്കും. ഇരുള്‍ വീഴുമ്പോള്‍ വീട്ടിലേക്കു മടങ്ങും.

ഭരണസിരാ കേന്ദ്രത്തിനു മുന്നില്‍ നീതിക്കുവേണ്ടി പോരാടുന്ന ഈ ചെറുപ്പക്കാരനു കൂട്ടായി ഉള്ളത് നീതി ലഭിക്കുമെന്ന പ്രതീക്ഷയും അനുജന്‍റെ ഓര്‍മകളും പിന്നെയൊരു ബുദ്ധനും മാത്രം. നഗരത്തിലെ തിരക്കുകള്‍ എല്ലാം ഒഴിഞ്ഞ് സിഗ്നലുകള്‍ അണയുമ്പോള്‍ ശ്രീജിത്ത് അനിയന്‍റെ ചിത്രത്തിനു ചുവട്ടില്‍ ചുരുണ്ടു കൂടും. നേരം പുലരുമ്പോള്‍ തന്നെത്തേടി ഏതോ ശുഭവാര്‍ത്ത എത്തും എന്ന പ്രതീക്ഷയോടെ.

അഞ്ജലി അനില്‍കുമാര്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.