ദീപിക ഓണ്‍ലൈൻ വാർത്ത തുണയായി; ലീന ഉറ്റവരെ കണ്ടെത്തി
Tuesday, August 21, 2018 2:45 PM IST
ഒടുവിൽ ലീനയെ തേടി ബന്ധുക്കൾ എത്തി. പ്രളയം മാതാപിതാക്കളിൽ നിന്നും വേർപെടുത്തിയ പെണ്‍കുട്ടിക്ക് ദീപിക ഓണ്‍ലൈൻ വാർത്തയാണ് തുണയായത്. ദീപികയിലെ വാർത്ത കണ്ട് ലീനയുടെ മാതൃസഹോദരൻ ഷിബു ജോർജ് മസ്കറ്റിൽ നിന്നും ബന്ധപ്പെട്ടാണ് കുട്ടിയെ ബന്ധുക്കൾക്കൊപ്പം അയച്ചത്.

ഷിബുവിന്‍റെ ഭാര്യ അനിലയുടെ മാതാപിതാക്കളാണ് കുട്ടിയെ തേടി ആദ്യമെത്തിയത്. ഇവർക്ക് പിന്നാലെ ദീപിക വാർത്ത കണ്ട് ലീന പഠിക്കുന്ന സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ പ്രധാന അധ്യാപിക ട്രീസ സെബാസ്റ്റ്യനും അധ്യാപകരും എത്തി. ബന്ധുക്കളും അധ്യാപകരും എത്തിയതോടെ കോട്ടയം കടുവാക്കുളം എമ്മാവൂസ് സ്കൂൾ വികാരനിർഭരമായ രംഗങ്ങൾക്കാണ് സാക്ഷിയായത്. ലീനയെ കണ്ടതോടെ അധ്യാപകർക്ക് സന്തോഷമടക്കാനായില്ല. അധ്യാപകരുടെയും ലീനയുടെയും കൂടിക്കാഴ്ച ക്യാന്പിലുള്ളവർക്കും ആനന്ദക്കണ്ണീർ സമ്മാനിച്ചു.

ആലപ്പാട് വർഗീസ്-ഷൈനി ദന്പതികളുടെ മകളാണ് ലീന. പ്രളയം സർവനാശം വിതച്ചതോടെ ലീനയും മാതാപിതാക്കളും എടത്വായിലെ വീട്ടിൽ കുടങ്ങി. വെള്ളം ഉയർന്നു പൊങ്ങിയതിനാൽ ഇവർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. ഇതിനിടെ സ്ഥലത്ത് രക്ഷാബോട്ട് എത്തിയതോടെയാണ് പെണ്‍കുട്ടി മാതാപിതാക്കളുടെ കണ്‍മുന്നിൽ നിന്നകന്നത്. അയൽവാസികളായ ജോയി-ലീലാമ്മ ദന്പതികൾക്കൊപ്പം ലീനയെ മാതാപിതാക്കൾ ബോട്ടിൽ കയറ്റിവിടുകയായിരുന്നു.



ബോട്ടിൽ രക്ഷപെട്ടെത്തി ആദ്യം ബന്ധുവീടുകളിലും പിന്നീട് കടുവാക്കുളത്തെ ക്യാന്പിലും കഴിഞ്ഞ ലീന മാതാപിതാക്കളുടെ വിവരമൊന്നും ലഭിക്കാതെ വന്നതോടെ ആശങ്കയിലായി. പ്രളയത്തിൽ വൈദ്യുതി-ടെലിഫോൺ ബന്ധങ്ങൾ പണിമുടക്കിയതോടെയാണ് പെൺകുട്ടിക്ക് മാതാപിതാക്കളുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയത്. ഇതോടെ ലീന വിഷമത്തിലായി.

മാതാപിതാക്കൾ സുരക്ഷിതരായിരിക്കണേ എന്ന പ്രാർഥനയിൽ ലീന കഴിയുന്നതിനിടെയാണ് വാർത്ത ദീപിക ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്. പിന്നാലെ പോലീസും സന്നദ്ധപ്രവർത്തകരും ഇടപെട്ടു. ഫോണിൽ മാതാപിതാക്കളെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിലും ഇവർ സുരക്ഷിതമായി മരിയാപുരം കോയിൽമുക്കിലെ ഒരു വീട്ടിലുണ്ടെന്ന വിവരം ലഭിച്ചു. ഇതോടെയാണ് ലീനയ്ക്ക് ആശ്വാസമായത്.

ലീന ഒറ്റപ്പെട്ട വിവരം അറിഞ്ഞെത്തിയ ബന്ധുക്കളായ തോമസും സൂസമ്മയും പെൺകുട്ടിയെ നിരണത്തെ മാതൃഭവനത്തിൽ എത്തിച്ചു. ലീനയുടെ സഹോദരൻ ലിന്‍റോയും ഇവിടെ സുരക്ഷിതമായിട്ടുണ്ട്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ അഡീ. എസ്ഐ ടി.ജെ.ബിനോയിയും സംഘവും രാവിലെ ലീനയെ കാണാനും വിവരങ്ങൾ ചോദിച്ചറിയാനും ദുരിതാശ്വാസ ക്യാന്പിൽ എത്തിയിരുന്നു. ഇവരുടെ കൂടി സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടത്.

ക്യാന്പ് പ്രവർത്തിക്കുന്ന കടുവാക്കുളം എമ്മാവൂസ് സ്കൂളിന്‍റെ പ്രിൻസിപ്പൽ ഫാ.ആൻജോ കാരപ്പിള്ളിൽ, എംസിബിഎസ് കൗണ്‍സിലർ ഫാ.ജോണി മഠത്തിപ്പറന്പിൽ, പഞ്ചായത്ത് അംഗം ആനി മാമൻ തുടങ്ങിയവരാണ് ലീനയ്ക്ക് വേണ്ട സഹായങ്ങൾ എല്ലാം ഒരുക്കിയത്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി അർപ്പിച്ചാണ് ലീന ക്യാന്പ് വിട്ടുപോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.