വീണ്ടും മാസാകാൻ മമ്മൂക്ക; സ്ട്രീറ്റ് ലൈറ്റ്സ് ഫസ്റ്റ് ലുക്ക് എത്തി
മമ്മൂട്ടിയെ നായകനാക്കി പ്രമുഖ ഛായാഗ്രാഹകനായ ഷാംദത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "സ്ട്രീറ്റ് ലൈറ്റ്സി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചത്. മമ്മൂട്ടിയുടെ മറ്റൊരു സ്റ്റൈലിഷ് എന്‍റര്‍ടെയ്നറാകും ചിത്രമെന്ന സൂചന നല്കുന്നതാണ് പോസ്റ്റർ.

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മെഗാസ്റ്റാർ എത്തുന്നത്. മഹേഷിന്‍റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ലിജോ മോളാണ് ചിത്രത്തിലെ നായിക. ധർമജൻ ബോൾഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാംദത്തിന്‍റെ സഹോദരന്‍ സാദത്താണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ പ്ലേ ഹൗസ് പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. എറണാകുളം, പൊള്ളാച്ചി, ചെന്നൈ എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.