നവജാത ശിശുവിന്‍റെ തലയും മുഖവും ഞെരിച്ച് നഴ്സുമാരുടെ ക്രൂരവിനോദം; വടിയെടുത്ത് സോഷ്യൽ മീഡിയ
ഭൂമിയിലെ മാലാഖമാര്‍ എന്നാണ് നഴ്‌സുമാര്‍ അറിയപ്പെടുന്നത്. എന്നാല്‍ ഒരു നവജാത ശിശുവിനോട് ഏതാനും നഴ്‌സുമാര്‍ ചെയ്ത ക്രൂരതയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ചര്‍ച്ചയായിരിക്കുന്നത്.

മൂത്രനാളിയില്‍ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന്‍റെ തലയും മുഖവും ഞെരിച്ചായിരുന്നു നഴ്സുമാരുടെ ക്രൂരവിനോദം. സൗദി അറേബ്യയിലെ തൈഫിലെ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സോഷ്യല്‍ മീഡിയയിലൂടെ നഴ്സുമാരുടെ ക്രൂരത വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. വീഡിയോ സോഷ്യൽ മീഡിയയിൽ കത്തിക്കയറിയതോടെ ആശുപത്രി അധികൃതർ കുറ്റക്കാരായ നഴ്സുമാരെ സസ്പെൻഡ് ചെയ്തുവീഡിയോയോട് പ്രതികരിച്ച നിരവധിപേര്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കുഞ്ഞു പത്തു ദിവസമായി ഈ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവര്‍ കുഞ്ഞിനെ ഉപദ്രവിച്ചു കൊണ്ട് ചിരിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പോലും കുഞ്ഞിനു നേരിട്ട ദുരവസ്ഥയെക്കുറിച്ച് അറിയുന്നത്.

വീഡിയോയുടെ ഉറവിടത്തെക്കുറിച്ച് ആശുപത്രി അധികൃതർ അന്വേഷണം നടത്തിയെന്നും കുറ്റക്കാരെന്നു കണ്ടെത്തിയ നഴ്സുമാർക്കെതിരേ നടപടിയെടുത്തതായും ആശുപത്രി വക്താവ് അബ്ദുൽഹാദി അൽ-റാബി അറിയിച്ചു. ഇവരുടെ മെഡിക്കൽ ലൈസൻസ് റദ്ദാക്കിയതായും മറ്റു ആരോഗ്യവിഭാഗങ്ങളിൽ നഴ്സിംഗ് ജോലി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്.