#നല്ലവനൊപ്പം; ദിലീപ് ഫാൻസിനെതിരേ ആഞ്ഞടിച്ച് റിമ
ദിലീപ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ അദ്ദേഹത്തിന്‍റെ ഫാൻസിന്‍റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അപകീർത്തികരമായ പോസ്റ്റിനെതിരേ ആഞ്ഞടിച്ച് നടി റിമ കല്ലിങ്കൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി തന്‍റെ അമർഷം രേഖപ്പെടുത്തിയത്. നടിക്കെതിരേ ക്വട്ടേഷൻ നല്കിയത് ദിലീപാണെന്ന് ഉറപ്പിക്കുന്നത് ഇങ്ങനെ പ്രചാരണം നടത്തുന്നവരാണെന്ന് റിമ പറയുന്നു.

നല്ലവനൊപ്പം എന്ന ഹാഷ് ടാഗോടെ‍യാണ് പോസ്റ്റ് തുടങ്ങുന്നത്. ആക്രമണത്തിനിരയായ നടിയാണ് അപമാനകരമായ ആ പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് തനിക്ക് അയച്ചുതന്നതെന്ന് റിമ പറയുന്നു. ചിലർ ചെയ്യുന്ന കൊള്ളരുതായ്മകൾ കാരണം നമ്മുടെ എല്ലാ പുരുഷന്മാരും ലജ്ജിക്കേണ്ട ആവശ്യമില്ലെന്നും യഥാർഥ പുരുഷന്മാർക്കൊപ്പം നമ്മൾ സ്ത്രീകൾ നിലകൊള്ളണമെന്നും താൻ നടിയോട് പറഞ്ഞുവെന്നും റിമ പറഞ്ഞു.

പുലിമുരുകനെതിരേ റിവ്യൂ എഴുതിയ സ്ത്രീക്കെതിരേ അപമാനകരമായ കമന്‍റുകളിട്ട് മോഹൻലാലിന് നാണക്കേടുണ്ടാക്കിയവരിൽ നിന്നും, ലിച്ചിയെ ഫേസ്ബുക്ക് ലൈവിലൂടെ കരയിച്ച് മമ്മൂട്ടിക്ക് നാണക്കേടുണ്ടാക്കിയവരിൽ നിന്നും യഥാർഥ പുരുഷന്മാരെ രക്ഷിക്കണമെന്നും റിമ പറയുന്നു.

ഫാൻസിന്‍റെ പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് അങ്ങേയറ്റം അപമാനകരമാണ്. ഇതാണ് ഹീറോയിസമെന്ന വിശ്വാസത്തിൽ നിന്ന് നമ്മുടെ യഥാർഥ പുരുഷന്മാരെയും യുവതലമുറയെയും രക്ഷിക്കണം. ജയിലിനു പുറത്ത് മധുരം വിതരണം ചെയ്യുകയും വ്യാജ പ്രൊഫൈലിലൂടെ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ആ നൂറുപേർ നമ്മുടെ സമൂഹത്തിലെ യഥാർഥ പുരുഷന്മാരല്ല. നാം സുഹൃത്തുക്കളാക്കാനും പ്രണയിക്കാനും ജീവിതം പങ്കുവയ്ക്കാനും വിശ്വസിക്കാനും ആഗ്രഹിക്കുന്നത് ഇവരെയല്ലെന്നും റിമ പറയുന്നു.