തൊടുപുഴയില്‍ "ബാഹുബലി'ക്ക് ആനയുടെ വക എട്ടിന്‍റെ പണി...! ഞെട്ടിക്കുന്ന വീഡിയോ
ആനപ്പുറത്ത് കയറി നിന്ന് ബാഹുബലിയിലെ രംഗം ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ച യുവാവിന് എട്ടിന്‍റെ പണി. ആനയുടെ പ്രത്യാക്രമണത്തില്‍ കഴുത്തൊടിഞ്ഞ യുവാവ് അത്യാസന്ന നിലയില്‍. പെരിങ്ങാശേരി സ്വദേശിയായ യുവാവിനാണ് എട്ടിന്‍റെ പണി കിട്ടിയത്.

ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം അവധി ദിനം ആഘോഷിക്കാനിറങ്ങിയപ്പോള്‍ വഴിയരികില്‍ ദാ നില്ക്കുന്നു ഒരു കൊമ്പന്‍. പനംപട്ടതിന്ന് വിശപ്പടക്കി കൂസലില്ലാതെ നില്‍പ്പാണ്. പാപ്പാന്മാര്‍ പരിസരത്തെങ്ങുമില്ല. എന്നാല്‍ ആനയെ ഒന്ന് പരിചയപ്പെടാമെന്നായി... ഒരു കിലോ പഴം വാങ്ങി. അതിനു മുന്‍പ് ഫേസ്ബുക്കില്‍ ലൈവ് ഷോ സെറ്റ് ചെയ്തു. സുഹൃത്തിനെ മൊബൈല്‍ ഏല്പ്പിച്ചു. ആവേശം അലതല്ലിയതോടെ മനസില്‍ തെളിഞ്ഞത് ബാഹുബലി സിനിമയിലെ രംഗം. നായകന്‍ പ്രഭാസ് ആനയുടെ തുമ്പി കൈയിലും മസ്തകത്തിലും ചവിട്ടി കൈവിട്ട് നില്ക്കുന്ന ആ കിടിലന്‍ രംഗം. പ്രഭാസിനെയും രാജമൗലിയെയും മനസില്‍ ധ്യാനിച്ച കൊമ്പന്‍റെ മുമ്പിലേക്ക്.

പ്ലാസ്റ്റിക് കവറിനുള്ളില്‍ ഒളിപ്പിച്ച പഴം ആനവായിലേക്ക് നീട്ടി. ആകെയുണ്ടായിരുന്ന ഒരു കിലോ പഴം ആനവായില്‍ അമ്പഴങ്ങയായി. പ്രതിഫലം പോരെന്ന് ആന പറഞ്ഞതുപോലെ ഒരു തോന്നല്‍. ആന കടിച്ചുവലിച്ച പനംപട്ടയുടെ ഒരു ഭാഗം വലിച്ചെടുത്തു ആനയ്ക്ക് നേരെ നീട്ടി. പുച്ഛത്തോടെ ആന അത് അകത്താക്കി. ആനപ്പുറത്ത് കേറണമല്ലോ...കൈക്കൂലിയായി നിലത്ത് കിടന്ന കൂടുതല്‍ പട്ട യുവാവ് ആനവായിലേക്ക് നീട്ടി....അതൃപ്തി അറിയിക്കാതെ ആന എല്ലാം അകത്താക്കി..ഇതു തന്നെ അവസരം. ബാഹുബലി ആനയുടെ അടുത്തേക്ക്..തുമ്പി്‌കൈയില്‍ ഒന്ന് തലോടി....പിന്നെ ഒരു ഉമ്മ....രണ്ടുമ്മ ...മൂന്നുമ്മ... ദാ പറക്കുന്ന ബാഹുബലി.....പിന്നെ കണ്ടത് ഈ കോലത്തില്‍...ആന അനിഷ്ടം അറിയിച്ചപ്പോള്‍ യുവാവ് പന്ത് പോലെയായി. ദൃശ്യങ്ങള്‍ പകര്‍ത്തിയ സുഹൃത്ത് രംഗങ്ങളൊന്നും വിട്ടുകളഞ്ഞില്ല. കഴുത്തിന് പരുക്കേറ്റ ബാഹുബലി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്... അതുകൊണ്ട് ബാഹുബലിമാര്‍ സൂക്ഷിക്കുക...

പി.ആര്‍ പ്രശാന്ത്‌