Back to Home
സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്
1818 ഡിസംബർ 24. ഓസ്ട്രിയയിലെ സാൽസ്ബുർഗിലുള്ള ഓബെൺഡോർഫ് ഗ്രാമത്തിൽ അന്ന് പതിവിലേറെ തണുപ്പാണ്. ഉച്ചയ്ക്കു മുമ്പുതന്നെ മഞ്ഞുവീഴ്ച കനത്തു. സെന്റ് നിക്കോളാസ് പള്ളിയിൽ പാതിരാക്കുർബാനയ്ക്കു മുമ്പു തീർക്കേണ്ട ക്രിസ്മസ് ഒരുക്കങ്ങൾ നടത്തുകയാണു കുറെ യുവാക്കൾ. പള്ളിയുടെ മുകളിൽ കയറി നക്ഷത്രമിട്ടുകൊണ്ടിരുന്നവൻ താഴെനിന്നവരോടായി പറഞ്ഞു: ‘എന്തൊക്കെ ഉണ്ടായിട്ടെന്താ...പാതിരാക്കുർബാനയ്ക്കു പാട്ടില്ലെങ്കിൽ. ഓർഗൻ കേടായിട്ട് ഇതുവരെ നന്നാക്കാനായിട്ടില്ല. എലി കടിച്ചുകളഞ്ഞെന്നാ ഇപ്പോൾ പറയുന്നത്. ചുമ്മാതെയാ, അതിന്റെ കാലം കഴിഞ്ഞുതുരുമ്പെടുത്തുപോയതാ.’ നക്ഷത്രമിട്ടുകൊണ്ടിരുന്നവൻ സാൽസക് നദിയിൽനിന്നു വീശിയ മഞ്ഞുകാറ്റിൽ വിറച്ചുതുള്ളി.

താഴെനിന്നവർ തലകുലുക്കി. ‘അല്ലേലും പാട്ടും ഓർഗനുമില്ലാതെ എന്തോന്നു പാതിരാക്കുർബാനയാ?...ക്രിസ്മസാണെന്നുപോലും തോന്നത്തില്ല. ഇന്നലെത്തന്നെ ആ നാടകക്കമ്പനിക്കാരു വന്നിട്ട് നമ്മുടെ ഇടവകപ്പള്ളിയിൽ കളിക്കാൻ പറ്റിയില്ല. ഓർഗൻ കേടാണെന്നു വികാരിയച്ചൻ പറഞ്ഞപ്പോഴെ അവരു വലിഞ്ഞു. പാലത്തിനക്കരെയുള്ള വീട്ടിലല്ലേ പിന്നെ പേരിനു നാടകം കളിച്ചത്. തിരുപ്പിറവി നാടകം കാണേണ്ടതായിരുന്നെന്നാ പോയവരെല്ലാം പറഞ്ഞത്.’

‘നാടകം കാണാൻ വികാരിയച്ചനും പോയിട്ടുണ്ടായിരുന്നു. ഓർഗൻ നന്നാക്കിയിട്ടേ ബാക്കി കാര്യമുള്ളെന്നാ അച്ചന്റെ വാശി. പക്ഷേ ഇന്നിനി എന്നാ ചെയ്യാനാ. അടുത്ത ക്രിസ്മസിനു വല്ലോം ആയെങ്കിലായി.’ നക്ഷത്രവിളക്കു തൂക്കിയിട്ടു താഴെയിറങ്ങിയവൻ കൂട്ടുകാരോടു പറഞ്ഞു:“ഞാൻ പോകുവാ. വീട്ടിൽ പുൽക്കൂടിന് ഇത്തിരി പണികൂടിയുണ്ട്.’

തണുപ്പിനു കട്ടികൂടി. ഇടവകയിലെ യുവാക്കൾ ദിവസങ്ങൾകൊണ്ടു കൂട്ടിയെടുത്ത വലിയ നക്ഷത്രം നിക്കോളാസ് പള്ളിയുടെ കുരിശിനെ ചുംബിച്ചുകൊണ്ടുനിന്നു. വൈകുന്നേരമായതോടെ ഇടവകപ്പള്ളിയിലെ അച്ചൻ ജോസഫ് ഫ്രാൻസ് മൊഹർ, പള്ളിമുറിയിൽനിന്നിറങ്ങി അതിവേഗം നടക്കുകയാണ്. കൈകൾ രണ്ടും കീശയിൽ തിരുകി തൊപ്പിയും വച്ച് തിടുക്കത്തിലുള്ള അച്ചന്റെ നടത്തം കണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചുകൊണ്ടുനിന്ന പെൺകുട്ടികളും പയ്യൻമാരും വിളിച്ചു ചോദിച്ചു: ജോസഫച്ചോ എവിടേയ്ക്കാ ധൃതിയിൽ..?

‘ദാ വരുന്നു’

കൂടുതൽ പറയാൻ നില്ക്കാതെ അദ്ദേഹം നടന്നുതുടങ്ങി. പള്ളിയിൽനിന്നു മൂന്നു കിലോമീറ്റർ നടന്നാൽ ഓബൺഡോർഫിലെ കൃഷിയിടങ്ങളിലെത്താം. അച്ചൻ പോകുന്നത് അവിടേക്കാണ്. സ്കൂളിൽ പഠിപ്പിക്കുന്ന ഫ്രാൻസ് ഗ്രൂബെറിന്റെ വീട്ടിലേക്കാണ് ഓട്ടം. അയാൾ പള്ളിയിലെ ഗായകസംഘത്തിന്റെ തലവനും ഓർഗൻ വായനക്കാരനുമൊക്കെയാണ്. ഏതായാലും അച്ചൻ വീട്ടിലെത്തുമ്പോൾ ഗ്രൂബെർ സ്‌ഥലത്തുതന്നെയുണ്ടായിരുന്നു. അപ്രതീക്ഷിതമായി അച്ചനെ കണ്ടതോടെ അയാൾക്ക് അങ്കലാപ്പായി.

‘ജോസഫച്ചോ എന്താ ഈ നേരത്ത്..?’

‘ഗ്രൂബി താങ്കൾ ഒരു സഹായം ചെയ്യണം. ഇന്നിപ്പോ പാതിരാക്കുർബാനയ്ക്കു പാടാൻ പാട്ടുകളൊന്നുമില്ല. സമയം ഇത്രയും വൈകുകയും ചെയ്തു. ഗായകസംഘത്തിലെ പിള്ളേരും മറ്റും പള്ളിമുറിയിൽ കാത്തിരിക്കുവാ. വിചാരിച്ച പോലൊന്നും കാര്യങ്ങൾ നടന്നില്ല. നമുക്ക് എങ്ങനെയെങ്കിലും ഒരു പാട്ട് കംപോസു ചെയ്യണം.’

ഗ്രൂബെർ ഒന്നും മിണ്ടാതെ അച്ചനെ നോക്കുകമാത്രം ചെയ്തു. ആ നിശബ്ദത സഹിക്കാതെ അച്ചൻ പറഞ്ഞു: ‘പള്ളിയിലെ ഓർഗൻ കേടായതുകൊണ്ട് ഇന്നലെ തിരുപ്പിറവി നാടകക്കാരും പള്ളിയിൽ തങ്ങിയില്ല. ഓസ്ട്രിയയിലെ എല്ലാ പട്ടണങ്ങളിലും നാടകം നടത്തിയിട്ടുള്ള കേമൻമാരായിരുന്നു അവർ. ഓർഗനില്ലാതിരുന്നതുകൊണ്ടാ ഇടവകപ്പള്ളിയിൽ നാടകം നടത്താത്തതെന്നു പറഞ്ഞ് ആളുകൾ ഇപ്പോൾതന്നെ നീരസത്തിലാ. ഇന്നിനി പാതിരാക്കുർബാനയ്ക്കു പാട്ടുംകൂടിയില്ലെന്നു വന്നാൽ...’

‘അച്ചനിതെന്തുവാ പറയുന്നത്. ഇന്നത്തെ കുർബാനയ്ക്കു പാടാൻ ഇനിയൊരു പാട്ട് എഴുതി തയ്യാറാക്കണമെന്നൊക്കെ പറഞ്ഞാലെങ്ങനാ..?’ ഗ്രൂബെർ അത്ഭുതം കൂറി.

അതൊന്നും പറഞ്ഞാൽ പറ്റത്തില്ല. താങ്കൾ പാട്ടെഴുതാനൊന്നും നില്ക്കണ്ട. ഞാൻ ഒരെണ്ണം കൊണ്ടുവന്നിട്ടുണ്ട്.’ അച്ചൻ ളോഹയുടെ പോക്കറ്റിൽ നിന്ന് ഒരു ചുളുങ്ങിയ കടലാസ്തുണ്ടു പുറത്തെടുത്തു.

ഇനി പാട്ടുണ്ടെങ്കിലും സംഗീതം കൊടുത്ത്, പരിശീലനവും നടത്തി ഇന്നു രാത്രിതന്നെ പള്ളിയിൽ പാടുന്നതെങ്ങനെയാ..? പള്ളിയിലെ ഓർഗന്റെ കാര്യം അച്ചന് അറിയാൻമേലാത്തതൊന്നുമല്ലല്ലോ.. പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാളെത്രയായി? ക്രിസ്മസിനു മുമ്പ് അതൊന്നു നന്നാക്കാൻ പറയാഞ്ഞിട്ടാണോ? അല്ലെങ്കിൽ തന്നെ ഇനിയതു നന്നാക്കിയിട്ടും കാര്യമില്ല, പുതിയതൊരെണ്ണം വാങ്ങാൻ എത്രനാളായി പറയുന്നു... എനിക്കറിയില്ല.’ അയാൾ കൈ മലർത്തി.

കൂടുതൽ വർത്തമാനം പറയാനൊന്നും നില്ക്കാതെ, ആ കൈകളിലേക്ക് ജോസഫച്ചൻ പോക്കറ്റിൽ നിന്നെടുത്ത കടലാസുകഷണം വച്ചുകൊടുത്തു.

ഗ്രൂബെർ അതു കൈനീട്ടി വാങ്ങി. അതിലെ വരികളിലൂടെ കണ്ണോടിച്ചു. അയാൾ അതു വായിക്കുന്നത് അച്ചൻ ആകാംക്ഷയോടെ നോക്കിനിന്നു.
‘ഇതാരെഴുതിയതാ’ വായിച്ചുകഴിഞ്ഞയുടനെ ഗ്രൂബെർ അച്ചനെ നോക്കി.

ഓ... അതു ഞാൻ തന്നെയാ. അച്ചൻ ചെറുതായൊന്നു പുഞ്ചിരിച്ചു. പിന്നെ ആദ്യമായിട്ടു കാണുന്നതുപോലെ പുറത്ത് മഞ്ഞുപൊഴിയുന്നതു നോക്കിനിന്നു. വീണ്ടും ഗ്രൂബെറിനെ നോക്കി ഒരു പൊട്ടിച്ചിരി. ആ ചിരിയിൽ ഗ്രൂബെറും പങ്കുചേർന്നു. ചിരിയവസാനിക്കും മുമ്പ് അയാൾ അത് ഒന്നുകൂടി വായിച്ചു. പിന്നീട് എന്തോ തീരുമാനിച്ചുറച്ചതുപോലെ അകത്തെ മുറിയിലേയ്ക്കു പോയി. നിമിഷങ്ങൾക്കകം തന്റെ ഗിറ്റാറുമായി തിരിച്ചുവന്നു.

‘അച്ചനിതെപ്പോളെഴുതി.’

എന്റെ ഗ്രൂബി, അതിപ്പോളൊന്നും എഴുതിയതല്ല. കൊല്ലം രണ്ടു കഴിഞ്ഞു. ഇന്നിപ്പോ, പാതിരാക്കുർബാനയ്ക്കു പാടാൻ പാട്ടില്ലാതെ വിഷമിച്ചപ്പോളാ ഇതിന്റെ കാര്യം ഓർത്തത്. ഓർഗൻ കേടായെന്നുവച്ച്... നിന്റെ കയ്യിൽ ഈ ഗിറ്റാറില്ലേ....എന്തെങ്കിലും ചെയ്യാൻ പറ്റുമോന്നു നോക്ക്.’

പിന്നെ കാര്യങ്ങളെല്ലാം അതിവേഗമായിരുന്നു. രണ്ടുപേരും നേരേ പള്ളിയിലേക്കു വച്ചുപിടിച്ചു. പള്ളിയിലേക്കുള്ള ഒറ്റയടിപ്പാതയിൽ മഞ്ഞു മൂടിത്തുടങ്ങി. അതിവേഗം നടന്നതുകൊണ്ടും മനസ് അകാംക്ഷയാൽ നിറഞ്ഞിരുന്നതുകൊണ്ടും തണുപ്പറിഞ്ഞില്ല. പക്ഷേ, ജോസഫച്ചന്റെ ഒപ്പമെത്താൻ ഗിത്താറും ചുമന്ന് ഓടിക്കൊണ്ടിരുന്ന ഗ്രൂബെർ കിതച്ചുപോയി. സാൽസക് നദിയുടെ പാലം കയറിയപ്പോൾ അയാൾ കൈവരിയിൽ പിടിച്ച് ഒന്നുനിന്നു.


‘സന്ധ്യയോടടുത്തു കേട്ടോ.’

പിന്നിലേക്കു നോക്കാതെതന്നെ ജോസഫച്ചൻ വിളിച്ചുകൂവി. അതത്ര ഇഷ്‌ടപ്പെട്ടില്ലെങ്കിലും ഗ്രൂബെർ ആഞ്ഞുനടന്നു.

ആദ്യം പള്ളിയിലെത്തിയ അച്ചൻ പഴയ ഓർഗന്റെ അടുത്തായി കുറച്ചു കസേരകൾ വലിച്ചിട്ടു. അതിലൊന്നിൽ ഗ്രൂബെറിനെ പിടിച്ചിരുത്തി.
ഗ്രൂബെർ പാട്ടെഴുതിയ കടലാസുമായി കുറെനേരം വെറുതെയിരുന്നു. രണ്ടു മണിക്കൂർ. ധ്യാനനിരതനായിരുന്നും ഇടയ്ക്കു ഗിറ്റാറിൽ സംഗീതമിട്ടും അയാൾ എല്ലാം മറന്നിരിക്കുമ്പോൾ ജോസഫച്ചൻ ശ്വാസംപിടിച്ചിരുന്നു, ഗ്രൂബെറിനെ ശല്യപ്പെടുത്താതെ. പള്ളിവാതില്ക്കൽ അലങ്കാരപ്പണികൾ നടത്തുന്ന പിള്ളേരുടെ ഒച്ചകൂടിയാൽ അച്ചൻ ഓടിച്ചെന്ന് ചുണ്ടത്തുവിരൽവച്ചും കണ്ണുരുട്ടിയും നിശബ്ദരാക്കും. ആ ഏകാഗ്രതയിൽ ഗ്രൂബെർ ജോസഫച്ചന്റെ പാട്ടിനു സംഗീതമിട്ടു.

ഗ്രൂബെർ ഉറക്കെ വിളിച്ചു...‘ജോസഫച്ചോ..’

‘വിളിച്ചുകൂവണ്ട, ഞാനിവിടെത്തന്നെയുണ്ട്...’ മസിലുപിടിച്ചിരുന്ന അച്ചന്റെ ശാന്തമായ മറുപടി.

പരിസരബോധം വന്ന ഗ്രൂബെർ ഉറക്കെ ചിരിച്ചു.

ഇനി ഒരു നിമിഷം കളയാനില്ല. നിമിഷങ്ങൾക്കകം അയാൾ ഗായകസംഘത്തെ വിളിച്ചു. ജോസഫച്ചൻ ഒരക്ഷരം മിണ്ടാതെ ആകാംക്ഷയോടെ കാത്തിരുന്നു. പുതിയ പാട്ടിന്റെ പരിശീലനം തുടങ്ങി. പഴയ തുണ്ടുകടലാസിലെ വരികളിൽ സംഗീതത്തിന്റെ പ്രാണവായു കയറിയതുപോലെ. ഗ്രൂബെറിന്റെ ഗിറ്റാറിൽ മാലാഖമാരുടെ ചിറകടിയൊച്ച.

സൈലന്റ്നൈറ്റ്....
ഹോളി നൈറ്റ്
ഓൾ ഈസ് കാം
ഓൾ ഈസ് ബ്രൈറ്റ്...

ഗായകസംഘം പാടുകയാണ്.

പുറത്ത് മഞ്ഞുവീഴ്ച ശക്‌തി പ്രാപിച്ചു. ശക്‌തിയായ തണുത്ത കാറ്റ് ഒരു ക്രിസ്മസ്പാട്ടിന്റെ പിന്നണിപോലെ ചൂളംവിളിച്ചു. പാതിരാക്കുർബാനയ്ക്കുള്ള മണി മുഴങ്ങി. സെന്റ് നിക്കോളാസ് പള്ളിയുടെ മുഖവാരത്തിൽ തടഞ്ഞു കട്ടിയായ മഞ്ഞ് താഴേക്ക് അടർന്നുവീണു. ഓബെൺഡോർഫിലെ വീടുകളിൽ നക്ഷത്രവിളക്കുകൾ...ഒന്നൊന്നായി തെളിഞ്ഞുകൊണ്ടിരുന്നു. കമ്പിളിയുടുപ്പുകളിട്ട ചെറിയ ആൾക്കൂട്ടങ്ങൾ പള്ളിയെ ലക്ഷ്യമാക്കി നീങ്ങുകയാണ്.

സമയം 12 കഴിഞ്ഞു. പാതിരാക്കുർബാനയ്ക്കെത്തിയ ആളുകളെക്കൊണ്ടു പള്ളി നിറഞ്ഞു. ഫാ. ജോസഫ് ഫ്രാൻസ് മൊഹറും തൊട്ടടുത്ത് ഫ്രാൻസ് ഗ്രൂബെറും അൾത്താരയ്ക്കു മുന്നിൽ നിന്നു. പള്ളിക്കകത്തു വലിയ നിശബ്ദത. ആ നിശബ്ദതയെ തഴുകിയെന്നോണം ഗ്രൂബെർ ഗിറ്റാറിൽ കൈവച്ചു. ഗായകസംഘത്തിന്റെ കയ്യിലിരുന്ന ആ പഴയ കടലാസുകഷണത്തിനു ജീവൻ വച്ചു. വാക്കുകൾ അവരുടെ നാവിൻ തുമ്പിലേയ്ക്കു പക്ഷികളെപ്പോലെ പറന്നടുത്തു. അവർ പാടുകയാണ്.

സൈലന്റ് നൈറ്റ് ഹോളി നൈറ്റ്..!

മുഖ്യഗായകർ ജോസഫച്ചനും ഗ്രൂബെറും തന്നെ. ശാന്തരാത്രി, തിരുരാത്രിയെന്ന ഭാഗം മറ്റുള്ളവർ ഏറ്റുപാടി. പള്ളി നിറഞ്ഞുനിന്ന ആളുകൾ ഒരു സ്വർഗീയ കീർത്തനം കേട്ടാലെന്നപോലെ അവാച്യമായ അനുഭൂതിയിലായി. നിക്കോളാസ് പള്ളിയുടെ മച്ചിൽ മാലാഖമാരുടെ ചിറകടി. പാട്ടിൽ ലയിച്ചിരുന്നവരുടെ ഇടയിലേക്ക് ആടുകളുമായി ഇടയന്മാരെത്തി.... സൈലന്റ് നൈറ്റ്.... ചരിത്രത്തിലേക്ക് ഒരു പാട്ടു പിറക്കുകയായിരുന്നു. ലോകമെങ്ങുമുള്ള മനുഷ്യരെ ക്രിസ്മസ് രാത്രിയെക്കുറിച്ച് ഓർമിപ്പിക്കുന്ന അതുല്യഗാനം. സത്യത്തിൽ സെന്റ് നിക്കോളാസ് പള്ളിയിൽ നിറഞ്ഞുനിന്ന പാവം ഗ്രാമീണർ അറിഞ്ഞില്ല, ലോകത്തെ ഏറ്റവും മനോഹരമായ ഒരു ഗാനത്തിന്റെ ആദ്യത്തെ ശ്രോതാക്കളാണ് തങ്ങളെന്ന്. എന്തിന്, പാട്ടെഴുതിയ ഫാ. ജോസഫ് ഫ്രാൻസ് മൊഹറോ അതിനു സംഗീതം നൽകിയ ഫ്രാൻസ് ഗ്രൂബെറോ പോലും അറിഞ്ഞില്ല ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പാടാൻ പോകുന്ന ക്രിസ്മസ് ഗാനം അവരുടേതാണെന്ന്. അതെ, ആ രാത്രിയിലാണ് സൈലന്റ് നൈറ്റ് ഹോളി നൈറ്റ് എന്ന ഗാനത്തിന്റെ തിരുപ്പിറവി.

ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള പൂർണമായ ചിത്രം ഏതാനും വരികളുള്ള ആ ഗാനത്തിലുണ്ടായിരുന്നു. ബേത്ലഹേമിലെ ആദ്യത്തെ ക്രിസ്മസ് എങ്ങനെയായിരുന്നുവെന്ന് അറിയാൻ ഈ ഗാനം കേട്ടാൽ മാത്രം മതിയാകും. ശാന്തവും ദിവ്യവുമായ ആ രാത്രിയിൽ എല്ലാം സമാധാനത്തിലായിരുന്നു. ഉണ്ണിയേശു സമാധാനത്തിൽ ഉറങ്ങുന്നു. മാലാഖമാരുടെ സംഗീതം, ആട്ടിടയന്മാരുടെ ആഗമനം.... എല്ലാം കൺമുന്നിൽ കണ്ട് ഓബെൺഡോർഫ് ഗ്രാമത്തിലെ ജനങ്ങൾ പുതിയൊരൂ പിറവിത്തിരുന്നാൾ കൂടി. കുർബാന കഴിഞ്ഞ്, മഞ്ഞുപെയ്ത് ഉറഞ്ഞുതുടങ്ങിയ നാട്ടുവഴികളിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ ആളുകൾ പുതിയ പാട്ടിനെക്കുറിച്ച് അത്ഭുതത്തോടെ വിവരിച്ചു. ചെറുപ്പക്കാർ അതൊരു മൂളിപ്പാട്ടായി ചുണ്ടിൽ സൂക്ഷിച്ചു.

അങ്ങനെ ആ ക്രിസ്മസ് കടന്നുപോയി. മഞ്ഞുകാലം കഴിഞ്ഞു. ഒരു പാട്ട് അവതരിപ്പിക്കാൻ നടത്തിയ സാഹസികതയും അതിന്റെ വിജയകരമായ പര്യവസാനവുമെല്ലാം ജോസഫച്ചനും ഗ്രൂബെറും മറന്നു. താമസിയാതെ സെന്റ് നിക്കോളാസ് പള്ളിയിലെ ഓർഗൻ നന്നാക്കാൻ ആളു വന്നു. കാൾ മൊറാഷർ എന്നയാളായിരുന്നു അത്. ഓർഗൻ നന്നാക്കിയശേഷം വായിച്ചുനോക്കാൻ ഗ്രൂബെറിനോടു പറഞ്ഞിട്ട് അയാൾ അടുത്തു കസേരയിട്ടിരുന്നു. ഗ്രൂബെർ അതിൽ കൈവച്ചു. അതിമനോഹരമായ സംഗീതംകേട്ട് മൊറാഷർ അമ്പരന്നു. പാട്ടു തീർന്നപ്പോൾ അയാൾ കസേരയിൽനിന്നെഴുന്നേറ്റു. അടുത്തുനിന്ന ജോസഫച്ചനോടു ചോദിച്ചു ഇതേതാണീ പാട്ടെന്ന്. അച്ചൻ ഗ്രൂബെറെ നോക്കി.
‘സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്....ഞങ്ങളുടെ ക്രിസ്മസ് ഗാനമാ. എഴുതിയത് ഈ ജോസഫച്ചൻ. ഞാൻ സംഗീതം കൊടുത്തു’– ഗ്രൂബെർ പറഞ്ഞു.

‘ഇതിന്റെ നോട്സ് എനിക്കുകൂടി തരാൻ വിരോധമുണ്ടോ?’ മൊറാഷർ ആഗ്രഹമറിയിച്ചു. സൈലന്റ് നൈറ്റിന്റെ വരികളും സംഗീതവുമായാണ് അയാൾ മടങ്ങിയത്. പക്ഷേ, പള്ളിയിലെ ഓർഗൻ നന്നാക്കാൻ വീണ്ടും പലതവണ മൊറാഷർ അവിടെയെത്തി.പഴയ ഓർഗൻ നന്നാക്കി നന്നാക്കി അയാളും മടുത്തു. ഒടുവിൽ 1825–ൽ പള്ളിയിൽ പുതിയതൊരെണ്ണം വാങ്ങിയേക്കാമെന്നു വികാരിയച്ചൻ തീരുമാനിച്ചു. ഇതിനിടെ കാൾ മൊറാഷറുടെ കൈയിലിരുന്ന ശാന്തരാത്രിയുടെ ഒരു കോപ്പി നാടൻ പാട്ടുകൾ പാടുന്ന രണ്ടു കുടുംബങ്ങളുടെ കൈയിലാണ് പിന്നീട് എത്തിയത്. അവർ അതു തങ്ങളുടെ പരിപാടികളിൽ പാടിക്കൊണ്ടുനടന്നു. 1832–ലെ ഡിസംബറിൽ ലീപ്സിങ് എന്ന സ്‌ഥലത്ത് ‘സ്ട്രാസർ’ എന്ന കുടുംബഗായകർ ശാന്തരാത്രി ആദ്യമായി ഒരു കരോൾഗാനമേളയിൽ പാടി. അതായത് ആ പാട്ടിന്റെ തുണ്ടുകടലാസുമായി ജോസഫ് ഫ്രാൻസച്ചൻ ഫ്രാൻസ് ഗ്രൂബെറിന്റെ വീട്ടിലേക്ക് ഓടിയതിന്റെ 14–ാം വർഷം.

197 വർഷം മുമ്പത്തെ കഥയാണിത്. എത്രയോ ക്രിസ്മസ് രാത്രികൾ കടന്നുപോയി. മലയാളത്തിലുൾപ്പെടെ ലോകമെങ്ങും 300–ലേറെ ഭാഷകളിൽ ശാന്തരാത്രി പരിഭാഷ ചെയ്യപ്പെട്ടു. കോടിക്കണക്കിനു മനുഷ്യർ ആ പാട്ടു പാടിക്കൊണ്ട് ക്രിസ്മസ് ആഘോഷിച്ചു. സ്റ്റെവി നിക്സ്, ബിംഗ് ക്രോസ്ബി, മഹാലിയ ജാക്സൺ എന്നിവരുൾപ്പെടെ 300–ൽപരം പ്രശസ്ത ഗായകർ ശാന്തരാത്രി പാടി ആൽബങ്ങളിറക്കി. ബോണി–എം ഉൾപ്പെടെയുള്ള ഗായക സംഘങ്ങൾ ഈ പരമ്പരാഗത ഗാനം പാടി സംഗീത ലോകത്ത് തങ്ങളുടെ സ്‌ഥാനം ഉറപ്പിച്ചു.

ഇന്നും ക്രിസ്മസിന് ഏറ്റവുമധികം വിൽക്കപ്പെടുന്ന റിക്കാർഡുകൾ ‘സൈലന്റ് നൈറ്റ് ഹോളി നൈറ്റ്...’എന്ന ആ പഴയ ഗാനമാണ്. എത്രയോ തലമുറകൾ കടന്നുപോയി. 1848–ൽ 56–ാമത്തെ വയസിൽ ക്രിസ്മസിന് 20 ദിവസം മുമ്പ് ജോസഫ് ഫ്രാൻസ് അച്ചൻ മരിച്ചു. 1863–ൽ 76–ാം വയസിൽ ഫ്രാൻസ് ഗ്രൂബെറും മരിച്ചു. ശാന്തരാത്രി മരിക്കുന്നില്ല. ഇപ്പോൾ ഇതൊക്കെ പറയുകയും ഈ ക്രിസ്മസ് ആഘോഷിക്കുകയും ചെയ്യുന്ന നമ്മൾ ഇല്ലാത്ത കാലത്തും ഈ പാട്ട് പുതിയ തലമുറകൾ പാടും. അതെ, അതാണ് അനശ്വരത.

ഈ ക്രിസ്മസ് രാത്രിയിലും നമുക്കു കൃതജ്‌ഞതയോടെ ഓർക്കാം, ജർമനിയിലെ നമുക്കു പരിചയമില്ലാത്ത സെന്റ് നിക്കോളാസ് പള്ളിയിലെ ആ വൈദികനെയും അദ്ദേഹത്തിന്റെ ചങ്ങാതിയായ ആ ഓർഗൻ വായനക്കാരനെയും. വിശുദ്ധിയുടെ മഞ്ഞുവീണുകിടക്കുന്ന ശാന്തവും ദിവ്യവുമായ ഒരു രാത്രിയുടെ ഓർമയ്ക്കായി.

ജോസ് ആൻഡ്രൂസ്
Other News
സമ്മാനച്ചെരിപ്പ്
ലിയോ ടോൾസ്റ്റോയിയുടെ ‘പപ്പാ പാനോവിന്റെ വിശേഷാൽ ക്രിസ്മസ്’ എന്ന കഥ. പുനരാഖ്യാനം ജോൺ ആന്റണി

പിള്ളേർക്ക് ഒരു ഇരിക്കപ്പൊറുതിയുമില്ലല്ലോ എന്നു കുറച്ചുമുമ്പു പാനോവ് അപ്പാപ്പൻ ഒരു ചെറുചിരിയോടെ ചിന്തിച്ചതാ
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.