Alappuzha
സ്വർണക്കപ്പ് 14ന് കണ്ണൂരിലെത്തും

സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്‌ഥാനം നേടുന്ന ജില്ലയ്ക്കുള്ള 117 പവന്റെ സ്വർണക്കപ്പ് 14ന് കണ്ണൂരിലെത്തും. തിരുവനന്തപുരത്തു കഴിഞ്ഞ വർഷം നടന്ന കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കോഴിക്കോട് ജില്ലയ്ക്കുവേണ്ടി ഏറ്റുവാങ്ങിയ കപ്പ് നിലവിൽ കോഴിക്കോട് ജില്ലാ ട്രഷറിയിലാണു സൂക്ഷിച്ചിരിക്കുന്നത്. 14ന് കണ്ണൂരിലെത്തിക്കുന്ന കപ്പ് കണ്ണൂർ ജില്ലാ ട്രഷറിയിലായിരിക്കും സൂക്ഷിക്കുക. കോഴിക്കോടുനിന്നു കണ്ണൂരിലേക്ക് കനത്ത സുരക്ഷയിൽ കൊണ്ടുവരുന്ന കപ്പിനു പതിനൊന്നു കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കും.

മത്സരയിനങ്ങളിൽ ഒന്നാം സ്‌ഥാനം നേടിയ സംസ്‌ഥാനത്തെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിദ്യാലയങ്ങളിൽ സൂക്ഷിച്ച റോളിംഗ് ട്രോഫികളും ഷീൽഡുകളും 12ന് എത്തും. കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ സജ്‌ജീകരിച്ച ട്രോഫി കമ്മിറ്റി ഓഫീസുകളിലാണ് ഇവ സൂക്ഷിക്കുക.

കഴിഞ്ഞ വർഷം വിവിധ ട്രോഫികൾ സ്വീകരിച്ച സംസ്‌ഥാനത്തെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ, മുഖ്യാധ്യാപകർ എന്നിവർ ട്രോഫികൾ 12ന് തന്നെ ട്രോഫിക്കമ്മിറ്റി ഓഫീസിൽ എത്തിക്കണമെന്നു കൺവീനർ സി. അബ്ദുൾ അസീസ് അറിയിച്ചു. ഫോൺ: 9447479372.

Back to Top
കലോത്സവം കൈപിടിച്ചുയർത്തി; ഇവർ നാടറിയുന്ന താരങ്ങളായി

കണ്ണൂർ: സ്കൂൾ കലോത്സവത്തിലൂടെ കഴിവു തെളിയിച്ചു കലാകേരളത്തിന്റെ മിന്നും താരങ്ങളായവർ നിരവധിയാണ്. 1956ൽ തിരുവനന്തപുരത്തു തുടങ്ങി 57–ാമതു സ്കൂൾ കലോത്സവം കണ്ണൂരിലെത്തി നിൽക്കുമ്പോൾ ഒട്ടേറെ പ്രതിഭകൾ വെള്ളിത്തിരയിലും തിളങ്ങി.

ഗാനഗന്ധർവൻ യേശുദാ സിൽ തുടങ്ങി ഇന്നത്തെ ന്യൂജനറേഷൻ താരങ്ങളിൽ പലരും കലോത്സവം മലയാളത്തിനു സമ്മാനിച്ച പ്രതിഭകളാണ്. ചലച്ചിത്ര പിന്നണിഗായകരായ പി. ജയചന്ദ്രനും കെ.എസ്. ചിത്രയും സുജാതയും മുതൽ പുതുതലമുറയിലെ ഗായകൻ നജീം അർഷാദ് വരെ യുള്ളവർ കലോത്സവ വേദികളിൽനിന്ന് സിനി മാലോകത്ത് എത്തിയവരാണ്. നൃത്തവേദികളി ൽ തിളങ്ങി സിനിമാതാരങ്ങളായി മാറിയ മഞ്ജു വാര്യർ, കാവ്യാ മാധവൻ, വിനീത്, സുധീഷ് തുടങ്ങിയവരും സംസ്‌ഥാന സ്കൂൾ കലോത്സവം സമ്മാനിച്ച പ്രതിഭകളാണ്.

വെള്ളിത്തിരയിലേക്കുള്ള ആദ്യ ചവിട്ടുപടിയായാണു കലോത്സവത്തെ കാണുന്നത്. കലോത്സവത്തിന്റെ തിരക്കുകൾക്കിടയിലെത്തു ന്ന സംവിധായകരും തിരക്കഥാകൃത്തുക്കളും മികച്ച കലാകാരന്മാരെ കണ്ടെത്തി വെള്ളിത്തിരയിലേക്കു കൈപിടിച്ചുയർത്തും. കലോത്സവത്തിൽ തിളങ്ങി പിന്നീടു മലയാളത്തിന്റെ അഭിമാനമായി മാറിയ ഗാനഗന്ധർവൻ യേശു ദാസാണ് ഇക്കൂട്ടത്തിൽ പ്രമുഖൻ. കലോത്സവങ്ങളിൽ സമ്മാനം വാരിക്കൂട്ടിയും കലാതിലക–പ്രതിഭാ പട്ടങ്ങൾ അണിഞ്ഞും സിനിമാലോകത്ത് എത്തിയവരിൽ പലരും വെള്ളിത്തിരയിലും തിളങ്ങി. മറ്റു ചിലർ സിനിമാരംഗത്തുനിന്നു വിടപറഞ്ഞു വീണ്ടും കലാരംഗ ത്തു ചുവടുറപ്പിക്കുകയും ചെയ്തു.മലയാളത്തിന്റെ മധുരശബ്ദമായ ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ ശബ്ദം ആദ്യമായി മുഴങ്ങിയതു സ്കൂൾ കലോത്സവ വേദികളിലായിരുന്നു. 1958ൽ തിരുവനന്തപുരത്തു നടന്ന രണ്ടാം സ്കൂൾ കലോത്സവം കേരളത്തിനു രണ്ട് അനുഗ്ര ഹീത ഗായകരെയാണു സമ്മാനിച്ചത്. വായ്പാട്ടിലൂടെ കെ.ജെ. യേശുദാസും ലയ വാദ്യത്തിലൂടെ ഗായകൻ പി.ജയചന്ദ്രനും കലാകേരളത്തി ന്റെ മനസുകളിലേക്കു കാലെടുത്തുവയ്ക്കുകയായിരുന്നു. 1959, 1961 വർഷങ്ങളിലെ കലാമേളകളിൽ വായ്പാട്ട്, ലളിതഗാനം എന്നിവയിലും പി. ജയചന്ദ്രൻ ഒന്നാമനായിരു ന്നു. കലോത്സവ വേദികളിൽ സാന്നിധ്യമറിയിച്ച ഇരുവരും പിന്നീട് രാജ്യമറിയുന്ന ഗായകരായി മാറുകയും ചെയ്തു.

1974, 76 വർഷങ്ങളിൽ ഗായിക സുജാതയും 1978 ൽ കെ.എസ്. ചിത്രയും ലളിതഗാന മത്സരത്തിലൂടെ കലോത്സവവേദിയിലെത്തി. പിന്നീട് ഇരുവരും കേരളത്തിന്റെ പ്രിയപ്പെട്ട ഗായകരായി മാറി. സുജാതയ്ക്കൊപ്പം തന്നെയായി രുന്നു ഗായിക അരുന്ധതിയുടെയും കടന്നുവരവ്. 76ലെ ലളിതഗാന മത്സരത്തിൽ ഇരുവരും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ അരുന്ധതി ഒന്നാമതെത്തിയപ്പോൾ ബേബി സുജാതയ്ക്കു രണ്ടാംസ്‌ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 1974ലെ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലൂടെ ഗായകൻ ശ്രീനിവാസും 1976 ൽ ലളിതഗാന മത്സരത്തിലൂടെ ജി. വേണുഗോപാലും സംഗീതലോകത്തേക്കുള്ള തങ്ങളുടെ വരവറിയിച്ചു.

കലാപ്രതിഭ–തിലക പട്ടങ്ങൾ ഏർപ്പെടുത്തിയ ആദ്യ സ്കൂൾ കലോത്സവത്തിലെ കലാപ്രതിഭയായിരുന്നു നർത്തകനും സിനിമാതാരവുമായ കണ്ണൂർ സ്വദേശിയായ വിനീത്. ആദ്യ കലാതിലകപട്ടമണിഞ്ഞ പൊന്നമ്പിളിയും വെള്ളിത്തിരയിൽ മുഖം കാണിച്ചിരുന്നു. 1992ൽ തിരൂരിലും 1995ൽ കണ്ണൂരിലും നടന്ന കലോത്സവങ്ങളിൽ കലാതിലകമായിരുന്നു മഞ്ജു വാര്യർ. പിന്നീട് സിനിമാരംഗത്തും മഞ്ജു സജീവസാന്നിധ്യമായി. വെള്ളിത്തിരയിൽ നായികമാരായി തിളങ്ങിയ കാവ്യാ മാധവൻ 1999ലെ കലോത്സവത്തിലും ധന്യ എന്ന നവ്യാ നായരും സീരിയൽതാരം അമ്പിളീ ദേവിയും 2000, 2001 വർഷങ്ങളിലെ കലോത്സവങ്ങളിലെ നൃത്തവേദികളിലൂടെയാണു ശ്രദ്ധേയരാകുന്നത്.

2000 ത്തിൽ തൊടുപുഴയിൽ നടന്ന കലോത്സവത്തിൽ തലനാരിഴയ്ക്കു കലാതിലകപ്പട്ടം നഷ്‌ടമായ നവ്യ കരഞ്ഞുകൊണ്ടു വേദിവിട്ടിറങ്ങിയതും മാധ്യമങ്ങളോടു പ്രതികരിച്ചതും വിവാദമായിരുന്നു. അന്ന് അമ്പിളീദേവിക്കായിരുന്നു കലാതിലകപ്പട്ടം. 2000ൽ നടന്ന കലോത്സവത്തിലെ മാപ്പിളപ്പാട്ട് മത്സര വിജയിയാണു ഗായകനും തിരക്കഥാകൃത്തുമായ വിനീത് ശ്രീനിവാസൻ. കലോത്സവത്തിലെ മോണോ ആക്ട് വേദിയിൽ ചിരിയുടെ മാലപ്പടക്കം തീർത്താണ് അജയകുമാർ എന്ന ഗിന്നസ് പക്രു വെള്ളിത്തിരയിൽ കാലെടുത്തുവച്ചത്.

ഒരുകാലത്തു മലയാളികളുടെ പ്രിയതാരമായിരുന്ന ഗൗരി എന്ന ജോമോളും ഭരതനാട്യവേദിയിൽ നിറഞ്ഞുനിന്ന കണ്ണൂർ പഴയങ്ങാടി സ്വദേശി വിനീത്കുമാറും സിനിമയിലെത്തിയതും കലോത്സവ വേദിയിൽനിന്നു തന്നെയാണ്. 1989ൽ കലാപ്രതിഭാപട്ടം നേടിയ വിനീത്കുമാർ ഏതാനും സിനിമകളിൽ നായകനായും സഹനടനായും തിളങ്ങി.

കണ്ണൂർ സ്വദേശികളായ ജാനറ്റ് ജെയിംസ് മോണോ ആക്ടിലൂടെയും ഗായിക സയനോര ഫിലിപ്പ് സംഗീത മത്സരങ്ങളിലൂടെയും വെള്ളിത്തിരയിലേക്കു കടന്നുവന്നവരാണ്. പുതുതലമുറ നടിമാരിൽ മാളവിക നായരും പാർവതി നമ്പ്യാരും കലോത്സവവേദികളിലെ സാന്നിധ്യങ്ങളായിരുന്നു. കലോത്സവത്തിൽ നാടകമത്സരത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട മുത്തുമണി സോമസുന്ദരം സിനിമാരംഗത്തു വരവറിയിച്ചുകഴിഞ്ഞു. 1986ൽ തൃശൂരിൽ നടന്ന കലോത്സവത്തിൽ മോണോആക്ട് മത്സരത്തിൽ പങ്കെടുത്താണു നടൻ സുധീഷ് വെള്ളിത്തിരയിലെത്തുന്നത്. സിനിമാ–സീരിയൽ താരങ്ങളായ ഇടവേള ബാബു, യദു കൃഷ്ണൻ, ദേവീ ചന്ദന, വിന്ദുജ മേനോൻ, ശാലു മേനോൻ, നീനാ പ്രസാദ്, താര കല്യാൺ എന്നിവരും ഗായകരായ പി. സുശീലദേവി, കൃഷ്ണചന്ദ്രൻ, കാവാലം ശ്രീകുമാർ, എം. ജയചന്ദ്രൻ, മിൻമിനി, ശരത്, ബാലഭാസ്കർ എന്നിവരും സ്കൂൾ കലോത്സവങ്ങളിലൂടെയെത്തി കലാമികവ് പുറത്തെടുത്തവരാണ്.

പി.ടി. പ്രദീഷ്

Back to Top