വിഷ്ണു നാരായണ്‍ - യുവ ഛായാഗ്രാഹകർക്കിടയിൽ ശ്രദ്ധേയൻ
Tuesday, May 9, 2017 4:51 AM IST
മികച്ച ലോക സിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമുഖരായ സംവിധായകരോടൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിക്കാൻ അതിവിദഗ്ധരായ ഛായാഗ്രാഹകരും ഉണ്ടായിരുന്നു. കാലം കടന്നുപോയപ്പോൾ പുതുതലമുറ ഈ രംഗത്തേക്കു കടന്നുവന്നു. അവരുടെ പുതിയ കാഴ്ചപ്പാടുകളും അതിനൊത്തവിധമുള്ള മികച്ച സാങ്കേതികത്വവും സിനിമയുടെ ദൃശ്യമേൻമ പതിൻമടങ്ങു വർധിപ്പിച്ചു. ഇത്തരം യുവ ഛായാഗ്രാഹകർക്കിടയിലെ ശ്രദ്ധേയ താരമാണ് വിഷ്ണു നാരായണ്‍.

പ്രശസ്ത കാമറാമാൻ സാലു ജോർജാണ് വിഷ്ണുവിന്‍റെ ഗുരുവും വഴികാട്ടിയും. സാലുവിന്‍റെ അസിസ്റ്റന്‍റായി മുൻപു പ്രവർത്തിച്ചിരുന്ന കാമറാമാൻ ജിബു ജേക്കബ് ആദ്യമായി സംവിധാനം ചെയ്ത "വെള്ളിമൂങ്ങ' എന്ന ചിത്രമാണ് വിഷ്ണുവിനും കരിയർ ബ്രേക്ക് നൽകിയത്. മലയാള സിനിമാ വ്യവസായത്തെ അന്പരപ്പിച്ച വിജയമായിരുന്നു വെള്ളിമൂങ്ങ നൽകിയത്.



വിജയം എപ്പോഴും സന്തോഷവും ആവേശവും നൽകും. വെള്ളിമൂങ്ങയുടെ വിജയവും അങ്ങനെതന്നെ. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള എന്‍റെ സന്തോഷം ഞാൻ മറച്ചുവയ്ക്കുന്നില്ല. വിഷ്ണു നാരായണന്‍റെ വാക്കുകളാണിത്.

എ.കെ. സാജൻ സംവിധാനം ചെയ്ത അസുരവിത്ത് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുവിന്‍റെ തുടക്കം. ആസിഫ് അലി ചിത്രത്തിൽ നായകനായി. ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം എന്ന ചിത്രത്തിനു വേണ്ടിയാണ് തുടർന്ന് വിഷ്ണു കാമറ നിയന്ത്രിച്ചത്. അനീഷ് അൻവർ സംവിധാനം ചെയ്ത സഖറിയയുടെ ഗർഭിണികൾ അനീഷിന്‍റെ കരിയറിനു തിളക്കമേകിയ മറ്റൊരു ചിത്രമാണ്. വളരെ സൂക്ഷ്മത പുലർത്തിയാണ് അനീഷ് ഈ ചിത്രം നിർമിച്ചത്. പരസ്പര ബന്ധമില്ലാത്ത കഥകളെ കോർത്തിണക്കാൻ വേറിട്ട ആഖ്യാനരീതി സ്വീകരിച്ച സംവിധായകന് വിഷ്ണു മികച്ച പിന്തുണയാണു നൽകിയത്.



മമാസ് സംവിധാനം ചെയ്ത മാന്നാർ മത്തായ് സ്പീക്കിംഗ്-2 എന്ന ചിത്രത്തിനു ഛായാഗ്രഹണം നിർവഹിച്ചതും വിഷ്ണുവാണ്. ഈ ചിത്രത്തിനു വിഷ്ണുവിന്‍റെ കാമറ നൽകിയ ദൃശ്യമനോഹാരിത ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. തുടർന്നു മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കാനാണ് വിഷ്ണു നിയോഗിക്കപ്പെട്ടത്. ഏറെ പുതുമയുള്ള ഒരു കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. ഇടുക്കി ജില്ലയിലെ രാജക്കാട്, ശാന്തൻപാറ, പൂപ്പാറ, വെള്ളത്തൂവൽ, രാജകുമാരി എന്നിവിടങ്ങളിൽ ചിത്രീകരിച്ച വിഷ്വലുകൾക്കു ദൃശ്യപൂർണത നൽകാൻ വിഷ്ണുവിനു സാധിച്ചു.



മുഹ്സിൻ പരാരി സംവിധാനം ചെയ്ത കെ.എൽ. പത്ത് എന്ന പരീക്ഷണ ചിത്രത്തിനും വിഷ്ണുവിന്‍റെ കാമറ പൂർണ പിന്തുണ നൽകി. ഉണ്ണി മുകുന്ദനും ചാന്ദ്നിയുമാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. വിനയ് ഫോർട്ടും ചെന്പൻ വിനോദ് ജോസും മുഖ്യവേഷങ്ങളിലെത്തിയ ഉറുന്പുകൾ ഉറങ്ങാറില്ല രസകരമായി കണ്ടിരിക്കാവുന്ന ഒരു എന്‍റർടെയ്നറാക്കി മാറ്റിയതിനു പിന്നിൽ സംവിധായകനായ ജിജു അശോകനൊപ്പം വിഷ്ണുവുമുണ്ടായിരുന്നു. സിനിമയുടെ ഒഴുക്കിനൊത്തു നിൽക്കുന്ന ലളിതസുന്ദരമായ സിനിമാട്ടോഗ്രഫിയാണ് വിഷ്ണു ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചത്.

തിരക്കുള്ള കാമറാമാനായി വിഷ്ണു ജൈത്ര യാത്ര തുടരുകയാണ്. സിനിമയോടുള്ള ഇദ്ദേഹത്തിന്‍റെ ആവേശവും പ്രതിബദ്ധതയുമാണ് ഈ യാത്രയ്ക്കു ശക്തി പകരുന്നത്.

സാലു ആന്‍റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.