കൺനിറയെ കാണാം 2.0
Thursday, November 29, 2018 5:08 PM IST
ഇന്ത്യൻ സിനിമയിൽ സയൻസ് ഫിക്ഷൻ ചിത്രങ്ങൾ അത്ര സാധാരണമല്ല. വലിയ നിർമാണ ചിലവായിരുന്നു ഇത്തരം സിനിമകളെ ഇന്ത്യൻ സിനിമ വ്യവസായത്തിൽ നിന്നും അകറ്റി നിർത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ പ്രവണതയും മാറി വരികയാണ്. വലിയ മുതൽ മുടക്കോടെ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഉയർന്നുവരികയാണ്. ആ ഗണത്തിലേക്കാണ് ഷങ്കറിന്‍റെ 2.0 എത്തുന്നത്.



ടെർമിനേറ്ററും ട്രാൻസ്ഫോർ‌മേഴ്സും അയൺമാനും കണ്ട് കൈയടിച്ച ഇന്ത്യൻ പ്രേക്ഷകർക്കിടയിലേക്കാണ് 2010-ൽ ബ്രഹ്മാണ്ഡ സംവിധായകൻ ഷങ്കർ ചിട്ടി എന്ന റോബോട്ടുമായെത്തിയത്. എട്ടു വർഷങ്ങൾക്കു ശേഷം അതേ കഥാപാത്രവുമായി ഷങ്കർ തിരിച്ചെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമായിരുന്നു.

ഈ പ്രതീക്ഷകളെ നെഞ്ചിലേറ്റി സ്റ്റൈൽ മന്നൻ രജനീകാന്ത് സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ പിറന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സയൻസ് ഫിക്‌ഷൻ‌ ചിത്രമാണ്. തമിഴ് സിനിമയെ മാത്രമല്ല, ഇന്ത്യൻ സിനിമയെത്തന്നെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് സംവിധായകൻ ഷങ്കർ 2.0 എന്ന ചിത്രത്തിലൂടെ.



കഥാതന്തു

നന്മനിറഞ്ഞൊരു മനുഷ്യൻ, അയാളെ സമൂഹം ഒറ്റപ്പെടുത്തുന്നു, വീഴ്ചയിൽ നിന്ന് ഉയർന്നെഴുനേൽക്കുന്ന അയാൾ തനിക്കെതിരായ സമൂഹത്തിനും രാഷ്ട്രീയവ്യവസ്ഥകൾക്കുമെതിരേ പോരാടുന്നു. ഷങ്കർ സിനിമയുടെ പൊതുവായ പ്ലോട്ടാണിത്. 2.0യിലും ഇതുതന്നെയാണ് കഥാതന്തു.

പക്ഷേ, ഇവിടെ സംവിധായകൻ ഒരു വ്യത്യസ്തത പരീക്ഷിക്കുകയാണ്. വില്ലനാണ് ഇവിടെ പ്രതികാരം നടത്തുന്നത്. അറിയപ്പെടുന്ന പക്ഷിശാസ്ത്രജ്ഞനായ പക്ഷിരാജ (അക്ഷയ് കുമാർ) നാട്ടിലെ പക്ഷികളുടെ നാശത്തിനു കാരണം മൊബൈൽ ടവറുകളിലെ റേഡിയേഷനാണെന്ന് കണ്ടെത്തുന്നതോടെയാണ് ചിത്രത്തിന്‍റെ തുടക്കം. പക്ഷികളുടെ നിലനിൽപ്പിനായി ടവറുകളുടെ പ്രസരണശക്തി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ടെലികോം കമ്പനികളെയും തമിഴ്നാട് സർക്കാരിനെയും കോടതിയെയും സമീപിക്കുന്നു. എന്നാൽ ഒരിടത്തും പക്ഷികൾക്ക് വേണ്ടിയുള്ള അയാളുടെ വിലാപം കേട്ടില്ല.

റേഡിയേഷനിൽ തന്‍റെ പക്ഷികളെല്ലാം കൂട്ടത്തോടെ ചത്തൊടുങ്ങിയപ്പോൾ മനംനൊന്ത് അയാൾ ടവറിനു മുകളിൽ കയറി ജീവനൊടുക്കി. മരണശേഷം അയാളുടെ നെഗറ്റീവ് എനർജി പുറത്തുവന്ന് മൊബൈൽ കമ്പനികളോടും സർക്കാരിനോടും മൊബൈൽ ഉപയോക്താക്കളോടും പ്രതികാരം ആരംഭിക്കുന്നു. ആ സത്വത്തിൽ നിന്ന് നാടിനെ രക്ഷിക്കാൻ ഒരു സൂപ്പർ പവർ വേണമെന്ന് തിരിച്ചറിഞ്ഞ ഡോ. വസീഗരൺ (രജനീകാന്ത്) തന്‍റെ ചിട്ടിയെ പുനർനിർമിക്കുന്നു. വിനാശകാരിയായ നെഗറ്റീവ് എനർജിയെ നശിപ്പിക്കാൻ ചിട്ടിയെ ഉപയോഗിച്ച് ഡോ. വസീഗരൺ നടത്തുന്ന പോരാട്ടങ്ങളാണ് 2.0 പറയുന്നത്.



ചിട്ടി പൊളിച്ചടുക്കി

എന്തിരൻ പുറത്തിറങ്ങിയിട്ട് എട്ടു വർഷമായിട്ടും രജനിയുടെയും ചിട്ടിയുടെയും എനർജിക്ക് ഒട്ടും കുറവു വന്നിട്ടില്ലെന്ന് 2.0 കാണുമ്പോൾ മനസിലാകും. അത്രത്തോളം ആത്മാർഥമായാണ് അദ്ദേഹം തന്‍റെ കഥാപാത്രത്തെ സമീപിച്ചിരിക്കുന്നത്. സംഘട്ടന രംഗങ്ങളിലും ക്ലൈമാക്സ് ഫൈറ്റിലും പ്രായത്തെ വെല്ലുന്ന മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. രജനി സ്റ്റൈൽ ഡയലോഗും ആക്‌ഷനും വിടാതെയെത്തിയ ചിട്ടിക്ക് തീയറ്ററുകളിൽ നിറഞ്ഞ കൈയടി ലഭിച്ചു.

അതേസമയം, ആദ്യഭാഗത്തേതു പോലെ ഹാസ്യത്തിന് ചിത്രത്തിൽ സ്ഥാനം നല്കിയിട്ടില്ല. ചിട്ടി സീരിയസാണ്. ക്ലൈമാക്സിനോടടുക്കുമ്പോൾ ചിട്ടി വേർഷൻ 2.0 രംഗപ്രവേശം ചെയ്യും. പിന്നെയാണ് ബ്രഹ്മാണ്ഡ സംഘട്ടനം. ട്രാൻസ്ഫോർമേഴ്സ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഘട്ടന രംഗമാണ് ക്ലൈമാക്സിൽ ഒരുക്കിയിരിക്കുന്നത്. ഏറ്റവുമൊടുവിൽ ചിട്ടിയുടെ കുട്ടി വേർഷനായ 3.0 മിനിബോട്ടും എത്തുന്നതോടെ ക്ലൈമാക്സ് ആവേശഭരിതമാകും. 3.0 മിനിബോട്ട് കഥയുമായി ഒരു മൂന്നാം ഭാഗം വന്നാലും അതിശയിക്കാനില്ല.



സ്ക്രീൻ നിറഞ്ഞ് അക്ഷയ് കുമാർ

ചിത്രം കണ്ട് തീയറ്റർ വിട്ടിറങ്ങുമ്പോഴും അക്ഷയ് കുമാറിന്‍റെ പക്ഷിരാജ പ്രേക്ഷകരുടെ മനസിനെ വേട്ടയാടിക്കൊണ്ടിരിക്കും. വില്ലനാണെങ്കിലും അയാളെ വെറുക്കാൻ ആർക്കുമാവില്ല. കാരണം, ഇന്നത്തെ സമൂഹത്തിനു നേരെ ഒരായിരം ചോദ്യങ്ങളാണ് പക്ഷിരാജ എറിഞ്ഞുകൊള്ളിക്കുന്നത്. അയാളെ വില്ലനാക്കിയത് സമൂഹം തന്നെയാണ്. പുത്തൻ സാങ്കേതിക വിദ്യകൾ കൈപ്പിടിയിലാക്കാനുള്ള വെമ്പലിനിടെ നാം പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും മറന്നുപോകരുതെന്നാണ് പക്ഷിരാജ ഓർമിപ്പിക്കുന്നത്.

നായകനു തുല്യമായ വേഷം അസാമാന്യ വഴക്കത്തോടെയാണ് അക്ഷയ് കുമാർ സ്ക്രീനിൽ അവതരിപ്പിച്ചത്. പക്ഷിശാസ്ത്രജ്ഞനായ പക്ഷിരാജയുടെ നിസഹായതയും പിന്നീട് വില്ലനായുള്ള അദ്ദേഹത്തിന്‍റെ പകർന്നാട്ടങ്ങളും ശ്വാസം പിടിച്ചേ കണ്ടുതീർക്കാനാകൂ. തെന്നിന്ത്യൻ സിനിമയിലേക്കുള്ള തന്‍റെ കാൽവയ്പ്പ് അവിസ്മരണീയമാക്കാൻ അക്ഷയ് കുമാറിന് കഴിഞ്ഞു.



നായികയില്ല, പക്ഷേ നായികയാണ് എമി

എന്തിരനിൽ ഐശ്വര്യ റായി നായികയായിരുന്നെങ്കിൽ 2.0യിൽ ശബ്ദം മാത്രമായി ഐശ്വര്യ ഒതുങ്ങുന്നു. പകരമെത്തിയ എമി ജാക്സൺ ആ ജോലി അത്യാവശ്യം ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. നായികയെന്നു പറയാനാവില്ലെങ്കിലും അത്രതന്നെ പ്രാധാന്യം എമിക്കുണ്ട്. നിള എന്ന ഹ്യൂമനോയ്ഡ് ആയാണ് എമി ചിത്രത്തിലെത്തുന്നത്.

കഥയുടെ പ്രധാന വഴിത്തിരിവുകളിൽ എമിയുടെ കഥാപാത്രം നിർണായകമാകുന്നുണ്ട്. എമിയും രജനിയും നായികാനായകന്മാരായി ഒരു പാട്ട് പുറത്തിറക്കിയിരുന്നെങ്കിലും ചിത്രത്തിന്‍റെ എൻഡ് ടൈറ്റിൽ സോംഗ് മാത്രമായി അത് ഒതുങ്ങുന്നുണ്ട്. എന്തിരനുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ പാട്ടുകൾക്ക് ചിത്രത്തിൽ‌ വലിയ പ്രാധാന്യമൊന്നുമില്ല.



ഷാജോണും സഹതാരങ്ങളും

എന്തിരനിൽ കലാഭവൻ മണിയും കൊച്ചിൻ ഹനീഫയും സാന്നിധ്യമറിയിച്ചിരുന്നെങ്കിൽ 2.0യിൽ ആ നിയോഗം കലാഭവൻ ഷാജോണിനായിരുന്നു. ആർ.എ. വൈരമൂർത്തി എന്ന തമിഴ്നാട് ടെലികോം മന്ത്രിയുടെ വേഷത്തിൽ ഷാജോൺ നിറഞ്ഞാടി. ഹ്യൂമറും വില്ലത്തരവും കൂട്ടിക്കലർത്തിയുള്ള ഷാജോണിന്‍റെ കഥാപാത്രം കോളിവുഡിലേക്കുള്ള അദ്ദേഹത്തിന്‍റെ വാതിൽ കൂടിയാകുമെന്നതിൽ സംശയമില്ല.

എന്തിരനിലെ വില്ലൻ ഡോ. ബോറയുടെ മകൻ ധീരേന്ദ്ര ബോറയായെത്തിയ യുവതാരം സുധാൻഷു പാണ്ഡേയും നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കഥയുടെ ഒരു വഴിത്തിരിവിൽ അയാൾ പ്രധാന ഘടകമാകുന്നുണ്ടെങ്കിലും കൂടുതൽ ഉത്തരവാദിത്വങ്ങൾ നല്കാൻ‌ സംവിധായകൻ തയാറായില്ല. അക്ഷയ് കുമാറിൽ മാത്രമായി വില്ലനെ സംവിധായകൻ ഒതുക്കുകയായിരുന്നു.



എഫക്ട്സും സൗണ്ടും തകർത്തു

എന്തിരനിൽ നിന്നും 2.0യിലേക്ക് എത്തിയപ്പോൾ പ്രധാനമായും ഉണ്ടായ മാറ്റം വിഷ്വൽ എഫക്ട്സാണ്. ചിത്രത്തിന്‍റെ തൊണ്ണൂറു ശതമാനവും വിഷ്വൽ എഫ്ക്ടുകളുടെ സഹായത്തോടെയാണ് മുന്നോട്ടുപോകുന്നത്. വിഎഫ്എക്സ് അണുവിടയെങ്കിലും പാളിയാൽ അത് ചിത്രത്തിന്‍റെ ആസ്വാദനത്തെത്തന്നെ ബാധിക്കുമെന്നിരിക്കേ, 2.0യിൽ ഒരിടത്തും അവ കല്ലുകടിയാകുന്നില്ല. മറിച്ച് കണ്ണുനിറയെ വിസ്മയക്കാഴ്ചകളാണ് സമ്മാനിക്കുക.

കോടിക്കണക്കിനു മൊബൈൽ ഫോണുകൾ ആകാശത്തേക്ക് ഉയരുന്നതും പക്ഷിയായി മാറുന്നതും വനമാകുന്നതും മുതൽ ക്ലൈമാസ് സംഘട്ടനം വരെ വിഷ്വൽ എഫക്ടുകളുടെ ഘോഷയാത്രയാണ്. അവസാനം പക്ഷികൾക്കൊപ്പം കളം നിറഞ്ഞെത്തുന്ന മിനിബോട്ടുകളും കാഴ്ചവിരുന്ന് സമ്മാനിക്കും. സൗണ്ട് എഫക്ടുകളും മികച്ച നിലവാരം പുലർത്തി.

എല്ലാ ഷങ്കർ ചിത്രങ്ങൾ പോലെതന്നെ 2.0യും സമൂഹത്തിന് സന്ദേശം നല്കിയാണ് അവസാനിക്കുന്നത്. സാങ്കേതികവിദ്യകൾ മനുഷ്യന്‍റെ നല്ലതിനു വേണ്ടിയാണ്, അത് നാംതന്നെ ദുരുപയോഗം ചെയ്താൽ പ്രകൃതിക്കും മാനവരാശിക്കും തന്നെ വിനാശകരമാകുമെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു.

അതിനപ്പുറം അപാരമായ കഥയോ അഭിനയമുഹൂർത്തങ്ങളോ ഒന്നും 2.0 അവകാശപ്പെടുന്നില്ല. ലോജിക്കും അനാവശ്യ ചിന്തകളും മാറ്റിവച്ച് ടിക്കറ്റെടുത്താൽ രണ്ടരമണിക്കൂർ 2.0 എന്ന ദൃശ്യവിസ്മയം കണ്ണുനിറയെ കണ്ട് ആസ്വദിക്കാം.

ഡെന്നിസ് ജേക്കബ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.