"വിവേകം'- മാസ് ആക്ഷൻ ത്രില്ലർ
Friday, August 25, 2017 6:36 AM IST
തഴക്കം വന്ന ഗെയിംപ്ലേയറെ പോലെ തല ബിഗ് സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്പോൾ ചുറ്റും ഉള്ളതെല്ലാം ഒരു മായാലോകമാണ്. ഓട്ടവും ചാട്ടവും ഇടിയും വെടിയുമെല്ലാം കണ്‍മുന്നിലൂടെ മിന്നി മറയുന്പോൾ ഇതെന്താണപ്പാ രജനി സ്റ്റൈൽ പടമോയെന്നുപോലും തോന്നിയേക്കാം. രജനികാന്ത് ഏത് സ്റ്റൈൽ സ്വീകരിച്ചാലും ആരാധകർ ഇളകി മറിയുന്നതു പോലുള്ള കൈയടിയായിരുന്നു അജിത്തിന്‍റെ മാസ് എൻട്രിക്ക് തിയറ്ററിൽ നിന്ന് കിട്ടിയത്. അതോടെ ഒന്നു മനസിലായി രജനികാന്തിന്‍റെ സ്റ്റൈൽ മാത്രമല്ല തലയുടെ തലയെടുപ്പും ഏറെക്കുറെ ഇഷ്ടപ്പെടുന്നവർ കേരളത്തിലുണ്ട്.



ഹോളിവുഡ് സ്റ്റൈൽ തമിഴകത്തേക്ക് പറിച്ച് നട്ടാൽ ക്ലച്ച് പിടിക്കുമോ ഇല്ലയോ എന്നുള്ള അങ്കലാപ്പ് അജിത്തിന്‍റെ ഒറ്റയാൻ പരിവേഷം തവിടുപൊടിയാക്കുന്നുണ്ട്. കഥയിലും മറ്റ് സംഭവങ്ങളിലുമല്ല അവതരണത്തിലാണ് അതിന്‍റെ എല്ലാമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സംവിധായകൻ ശിവ "വിവേകം' എന്ന ചിത്രത്തിലൂടെ.

മൊബൈലിലും കംപ്യൂട്ടറിലുമായി ഗെയിം കളിക്കുന്നവരുടെ എണ്ണം കൂടി വരുന്ന ഈ ന്യൂജൻ കാലഘട്ടത്തിൽ സെന്‍റിമെന്‍റൽ ഗെയിം കണ്ട പ്രതീതിയാവും വിവേകം കണ്ടിറങ്ങന്പോൾ ഉണ്ടാവുക. സാധാരണ കണ്ടുവരാറുള്ള ഗെയിമുകളിൽ സെന്‍റിമെൻസിന് സ്ഥാനമില്ല. എന്നാൽ ശിവയുടെ വിവേകത്തിലെ മർമം സെന്‍റിമെൻസുമായി ചുറ്റിപ്പിണഞ്ഞ് കിടക്കുകയാണ്. അത് കൃത്യമായി കൈകാര്യം ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുമുണ്ട്.



പരീക്ഷണങ്ങൾ ഏറെ നടത്താറുള്ള തമിഴകത്തു നിന്നും ഹോളിവുഡ് സ്റ്റൈലിൽ ഒരു പരീക്ഷണം വിജയിപ്പിച്ചെടുക്കുക മെനക്കെട്ട പണിയാണ്. സെർബിയയിലെ കൗണ്ടർ ടെററിസ്റ്റ് സ്ക്വാഡ് അംഗമായ അജിത്ത് കുമാറിനെ(അജിത്ത്) മുന്നിൽ നിർത്തി സംവിധായകൻ ശിവ നടത്തിയ പടയോട്ടം പ്രേക്ഷകരെ തീയറ്ററുകളിൽ ഇളക്കി മറിക്കുകയാണ്. ആദ്യ പത്ത് മിനിറ്റിൽ തന്നെ ചിത്രം ഏതുവിധത്തിൽ ഉള്ളതായിരിക്കുമെന്നുള്ള സൂചന പ്രേക്ഷകന് കൃത്യമായി നൽകുന്നുണ്ട്. ചീറിപ്പായുന്ന ബുള്ളറ്റുകൾക്കും തിയറ്ററിനകം പ്രകന്പനം കൊള്ളിച്ച് നിർത്തിയ പശ്ചാത്തല സംഗീതത്തിനുമിടയിൽ ഡയലോഗുകൾക്ക് വലിയ പ്രസക്തിയില്ല.



ഫ്ലാഷ് ബാക്കുകളെ കൂട്ടുപിടിച്ച് പിന്നീട് കഥ വികസിക്കുന്പോൾ മുന്പിൽ തെളിഞ്ഞു വരുന്നതെല്ലാം ആർക്കേഡ് ഗെയിമുകളിലെ ഓരോ ലെവലുകൾ പോലെ തോന്നാം. സിനിമയിലായപ്പോൾ അത് ഓപ്പറേഷൻ 1, 2, 3... എന്നു മാറിമറിഞ്ഞു വരുന്നുയെന്നു മാത്രം. ഫ്ലാഷ്ബാക്കിൽ അജിത്ത് കുമാറും സംഘവും നടത്തുന്ന ഓപ്പറേഷൻസെല്ലാം മരണക്കളിയാണ്. മുന്പിലുള്ള മരണത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള പോരാട്ടം. വിശ്വാസത്തിന്‍റെയും സൗഹൃദത്തിന്‍റെയും പിൻബലത്തിൽ നടത്തുന്ന ഈ ഓപ്പറേഷൻസിൽ ട്വിസ്റ്റു കൊണ്ടുവരുന്നിടത്താണ് കളി കാര്യമായി മാറുന്നത്.




വില്ലനും കുടുംബാന്തരീക്ഷവുമെല്ലാം കടന്നു വരുന്പോൾ മാത്രമേ ഒരു പിരിമുറുക്കം ഉണ്ടാകുവെന്നുള്ള കാര്യം സംവിധായകൻ മറന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ രണ്ടു ഘടകങ്ങളും പാകത്തിന് തന്നെ ചിത്രത്തിൽ കടത്തി വിടുന്നുണ്ട്. കഥയിലോ അതിന്‍റെ ഒഴുക്കിനോ അല്ല മറിച്ച് അവതരണത്തിലും സാങ്കേതികപരമായ കാര്യങ്ങളിലുമാണ് സംവിധായകൻ ശ്രദ്ധ കൊടുത്തിരിക്കുന്നത്. വിവേക ഒബ്റോയിയും അക്ഷര ഹാസനുമെല്ലാം പ്രധാനപ്പെട്ട വേഷങ്ങളിലെത്തി പ്രേക്ഷകരുടെ മനം കവരുന്നുണ്ട്.



ആക്ഷൻ ചിത്രത്തിൽ കോമഡിക്ക് സ്ഥാനമില്ലാത്തതിനാൽ തന്നെ അതിനായി കാട്ടിക്കൂട്ടിയ സീനുകൾ ചിത്രത്തിൽ കല്ലുകടിയായി. ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അജിത്തിനുള്ള വൈഭവം സംവിധായകൻ നന്നായി ഉപയോഗിച്ചു. കാജൽ അഗർവാൾ വെറുമൊരു നായികയായി ഒതുങ്ങി പോകാതെ കിട്ടിയ വേഷം നന്നായി അവതരിപ്പിച്ചു. അനിരുദ്ധ് ഒരുക്കിയ പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്‍റെ വേഗം കൂട്ടുന്നത്. ആക്ഷൻ രംഗങ്ങളെ മിഴിവോടെ പകർത്തിയിരിക്കുന്നത് വെട്രിയാണ്.

അജിത്തിന്‍റെ ആരാധകരെ തൃപ്തിപ്പെടുത്തും വിധമാണ് വിവേകം ഒരുക്കിയിരിക്കുന്നത്. രണ്ടു മണിക്കൂറും 29 മിനിറ്റും നീണ്ടു നിൽക്കുന്ന തലയുടെ വണ്‍മാൻഷോ കാണാൻ നിങ്ങൾ ടിക്കറ്റെടുത്തോളു, നിരാശരാകില്ല.

(ജീവൻ പണയം വച്ചുള്ള മരണക്കളിയാണ് വിവേകം)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.