ഉയരങ്ങൾ കീഴടക്കിയ "പറവ'
Thursday, September 21, 2017 5:18 AM IST
ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരിടമുണ്ടെങ്കിൽ അത് പറവകൾക്ക് അവകാശപ്പെട്ടതാണ്. ആ സങ്കേതത്തിലേക്കാണ് സൗബിനും കൂട്ടരും അനുവാദമില്ലാതെ കയറി ചെന്നത്. ആരുമായും സമരസപ്പെടാറുള്ള പറവകളെ ലിറ്റിൽ സ്വയംപ് പോൾ എന്ന ഛായാഗ്രാഹകൻ നന്നേ മുതലെടുത്തു. അവരുടെ കൂടെ കളിച്ചും ചിരിച്ചും നടന്ന് ആ പഹയൻ പല രഹസ്യങ്ങളും ചോർത്തിയെടുത്തു. ഇതൊന്നും പക്ഷേ, കുറുകി കുറുകി നടക്കുന്ന പാവം പ്രാവുകൾ അറിഞ്ഞില്ലായെന്ന് മാത്രം.

ഒരുപാട് പ്രണയങ്ങൾ കണ്ടുമടുത്ത പ്രേക്ഷകർക്കിടയിലേക്ക് കൂട്ടു തേടി അലയുന്ന പ്രാവുകളുമായാണ് സൗബിൻ കടന്നു വന്നത്. കഥ തേടി പോകാതെ കാഴ്ചകൾ തേടി പോയാൽ ഈ പറവകൾ നിങ്ങളെ മാനം മുട്ടേ പറപ്പിക്കും. പറന്ന് പറന്ന് പറന്ന് തിരിച്ചിറങ്ങുന്പോൾ വീണ്ടും പറക്കാൻ തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല. അത്രയേറെ മിഴിവുള്ള കാഴ്ചകളാണ് പറവ ടീം പ്രേക്ഷർക്കായി ഒരുക്കിയിരിക്കുന്നത്.
പറവയെ കൂട്ടിലാക്കി

പലരും പലപ്പോഴായി പറഞ്ഞ് പഴകിയ പറവയെന്ന പേരിനെ കൂട്ടിലാക്കിയാണ് സൗബിൻ സംവിധാന കുപ്പായം അണിഞ്ഞത്. പേരിലുള്ള പുതുമ തന്‍റെ ചിത്രത്തിലും വരുത്താൻ കഴിഞ്ഞതോടെ പറവ മനസുകളിൽ നിന്നും മനസുകളിലേക്ക് പാറി പറന്നു തുടങ്ങി. മട്ടാഞ്ചേരിയിലെ പ്രാവ് വളർത്തലും അതിനോട് ഇണക്കി ചേർത്ത കഥയും കൂടിയായപ്പോൾ സംഭവം ഉഷാർ. കൊമേഷ്യൽ ചേരുവകളും മാർക്കറ്റിംഗ് തന്ത്രങ്ങളുമെല്ലാം സമാസമം ചിത്രത്തിൽ തിരുകി കയറ്റാൻ സംവിധായകൻ മറന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇതുവരെ പറയാത്ത കഥയ്ക്ക് പകരം പറഞ്ഞ് പഴകിയ പ്രതികാര കഥയ്ക്ക് പുതിയൊരു തലം നൽകാനാണ് സൗബിൻ ശ്രമിച്ചിരിക്കുന്നത്.

മട്ടാഞ്ചേരി പഴയ മട്ടാഞ്ചേരിയല്ല

മട്ടാഞ്ചേരിയെന്നു കേൾക്കുന്പോൾ ഗുണ്ടകളെ ഓർമ വരുന്ന പ്രേക്ഷകർക്ക് ഇടയിലേക്ക് സമാധാനത്തിന്‍റെ വെള്ളരി പ്രാവുകളെ പറത്തി വിട്ടതോടെ സംഭവം വേറെ ലെവലായി. പക്ഷേ, വയലൻസിന് ഒട്ടും കുറവ് വരുത്താൻ സംവിധായകൻ കൂട്ടാക്കിയിട്ടില്ല. സമാധാനത്തിന്‍റെ വെള്ളരി പ്രാവായി ചിത്രത്തിൽ രംഗപ്രവേശം ചെയ്യുന്നത് സാക്ഷാൽ ദുൽഖർ സൽമാനാണ്. "ഗപ്പി' പോലൊരു മികച്ച ചിത്രത്തിന് തിയറ്ററിൽ നേരിടേണ്ടി വന്ന ദുരന്തം കണ്‍മുന്നിൽ തെളിഞ്ഞത് കൊണ്ടു തന്നെയാണ് സൗബിൻ പറവയിൽ ദുൽഖർ സൽമാന് സ്ഥാനം നൽകിയത്. ഈ നീക്കം ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ഗുണ്ടായിസത്തിന്‍റെ മുഖം മാത്രമല്ല മട്ടാഞ്ചേരിക്ക് ഉള്ളതെന്ന് പറവയിലൂടെ കാട്ടിത്തരാൻ സൗബിന് കഴിഞ്ഞു.ഇരുവർ സംഘം കലക്കി

രണ്ടു കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത് അവർ നീങ്ങുന്ന വഴികളിലൂടെ മട്ടാഞ്ചേരി തനിയെ ഉണരുകയാണ്. ഉപ കഥകളെ മൗനത്തിലും പിന്നെ ചില നിഗൂഡതകളിലും തളച്ചിട്ടുകൊണ്ടാണ് ചിത്രത്തിന്‍റെ തുടക്കം. എന്നാൽ ഇച്ചാപ്പിയെന്നു വിളിപ്പേരുള്ള ഇർഷാദും പിന്നെ ഹസീബും ചേർന്ന് തുടക്കത്തിലൊരുക്കുന്ന കാഴ്ചകൾ പലരേയും പഴയകാല സ്കൂൾ ജീവിതത്തിലേക്ക് തള്ളിയിടുമെന്നുറപ്പാണ്. സിനിമയിലെ സ്ഥിരം സ്കൂൾ കാഴ്ചകളെ അവതരണം കൊണ്ട് വ്യത്യസ്തമാക്കാൻ ഇച്ചാപ്പിക്കും ഹസീബിനും കഴിഞ്ഞതോടെ പറവയ്ക്ക് പുതുജീവൻ വയ്ക്കുകയായിരുന്നു. സിനിമയുടെ ഗതി എങ്ങോട്ടെന്നുള്ള തോന്നൽ മനസിൽ കയറിക്കൂടും മുൻപ് ഫ്ലാഷ് ബാക്കിലേക്ക് വലിച്ചിട്ട് കുട്ടികളിൽ നിന്നും യുവാക്കളിലേക്ക് കഥ തെന്നി മാറുന്നുണ്ട്. സൗഹൃദവും പ്രണയവും പിന്നെ പ്രതികാരവും ഇടകലർത്തിയുള്ള കഥപറച്ചിലാണ് സംവിധായകൻ പറവയിൽ സ്വീകരിച്ചിരിക്കുന്നത്.

മനംമയക്കും കാഴ്ചകൾ

രണ്ടു മണിക്കൂറും 26 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിൽ കടന്നു വരുന്ന പറവകളെല്ലാം കൂടി പ്രേക്ഷകരുടെ കണ്ണുകൾ കൊത്തിയെടുത്തു എന്നു പറയുന്നതാവും ശരി. പറവകൾ സ്ക്രീനിൽ വന്നാൽ പിന്നെ കണ്ണുകൾ അവർക്ക് പണയം വയ്ക്കേണ്ട സ്ഥിതി. അത്രയേറെ മിഴിവുള്ള ഫ്രെയിമുകളാണ് ഛായാഗ്രാഹകൻ ചിത്രത്തിനായി ഒരുക്കയിരിക്കുന്നത്. അത്തരം ഫ്രെയിമുകൾ കാണുന്പോൾ കൊതി തോന്നി പോകുക സ്വഭാവികം മാത്രം. ഇടയ്ക്കൊക്കെ കാമറയ്ക്കും ചിറകു മുളച്ചു പോയിട്ടുണ്ടെന്ന് അറിയാതെ തോന്നിപ്പോകും.
സീനിയേഴ്സ് കസറി

സിദ്ദിഖ്, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവർ ചെറുതെങ്കിലും തങ്ങളുടെ വേഷം ഗംഭീരമാക്കി. സംവിധായകൻ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തുന്നുണ്ട്. പതിവ് പോലെ കക്ഷി ഉള്ളതുകൊണ്ട് ഓണം പോലെയാക്കിയിട്ടുണ്ട്. ഷെയ്ൻ നിഗം ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും പുറത്തുകടക്കാതെ വെറും നിഴലായി ഒതുങ്ങി പോകുന്ന കാഴ്ചയും ചിത്രത്തിൽ കാണാനാവും.

പശ്ചാത്തല സംഗീതത്തിന്‍റെ ഇടയിൽപ്പെട്ട് ഇടയ്ക്കൊക്കെ സംഭാഷണങ്ങൾ വീർപ്പുമുട്ടുന്ന കാഴ്ച ചിത്രത്തെ പിന്നോട്ടടിക്കുന്നുണ്ട്. പ്രാവ് പറത്തൽ മത്സരം മുതൽ മനുഷ്യർക്കിടയിലുള്ള പിടിവാശികൾ വരെ കയറി ഇറങ്ങി പോകുന്ന ചിത്രത്തിൽ കാഴ്ചകൾ കൊണ്ട് പ്രേക്ഷക മനസുകൾ കുരുക്കിയിടാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.

(കന്നി സംവിധാനം ഉഷാറാക്കി സൗബിൻ.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.