വേറിട്ട പരീക്ഷണവുമായി "സോളോ'
Thursday, October 5, 2017 5:32 AM IST
കൊള്ളാം... ഈ പരീക്ഷണം ഭേഷായിട്ടുണ്ട്. പക്ഷേ, കല്ലുകടികൾ ഇടയ്ക്കിടെ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് മാത്രം. ദുൽഖർ സൽമാനിലെ നടനെ ഉടച്ചുവാർക്കാൻ സംവിധായകൻ നല്ല രീതിയിൽ പണിയെടുത്ത ചിത്രമാണ് "സോളോ'. ചിലയിടത്തൊക്കെ ആ പരീക്ഷണം വിജയിച്ചപ്പോൾ ചിലയിടത്ത് താളം തെറ്റി. അല്ലെങ്കിലും ജീവിതം അങ്ങനെയാണല്ലോ എല്ലായ്പ്പോഴും ഒരേ താളത്തിലോടണമെന്നില്ലല്ലോ.

പഞ്ചഭൂതങ്ങളിൽ ആകാശം ഒഴികെ ജലം, വായു, അഗ്നി, ഭൂമി എല്ലാം ചിത്രത്തിൽ തെളിഞ്ഞ് നിൽപ്പുണ്ട്. ജലത്തിൽ തുടങ്ങി ഭൂമിയിൽ അവസാനിക്കുന്ന നാലു കഥകളാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എടുത്തിടുന്നത്. ശിവന്‍റെ ഭാവങ്ങൾ കഥാപാത്രങ്ങളിൽ നിഴലിക്കുന്പോഴും സ്ത്രീകളാൽ ചുറ്റുപിണഞ്ഞാണ് കഥയുടെ പോക്കും വരവുമെല്ലാം. ഒരാളിലൂടെ ചില നേരംപോക്കുകൾ കാട്ടാനല്ല, മറിച്ച് നാലിടങ്ങളിലൂടെ അവനെ ചുറ്റിക്കറക്കി ചിലതൊക്കെ കാട്ടിത്തന്ന് പ്രേക്ഷകരുടെ മനസിലേക്ക് പാഞ്ഞു കയറുകയാണ് സംവിധായകൻ ബിജോയി നന്പ്യാർ. നാലിൽ നാലും നിങ്ങളെ തൃപ്തിപ്പെടുത്തില്ലായെങ്കിലും ചിലതൊക്കെ നിങ്ങളുടെ ഉള്ളിൽ തട്ടും അതുറപ്പാണ്.

ശേഖർ തരക്കേടില്ല

ജനനവും മരണവും ജീവിതവും ജലത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പോലൊരു തോന്നൽ ഉണ്ടാക്കാൻ ശേഖറിനായി. മഴയായി പെയ്തിറങ്ങി മുന്നോട്ടും പിന്നോട്ടും മനസിനെ കടത്തി കൊണ്ടുപോയി പരീക്ഷിക്കുന്നുണ്ട് ഈ കഥ. ശ്രദ്ധിച്ചിരുന്നില്ലെങ്കിൽ ചിലപ്പോൾ രസിച്ചേക്കില്ലെന്ന് സാരം. വിക്കുള്ള ശേഖറിനെ പൂർണ മനസോടെ ദുൽഖറെന്ന നടന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്ന് തോന്നും. ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന് മാത്രം. ജലം പ്രധാന കഥാപാത്രമായി ശേഖറിനും (ദുൽഖർ) രാധികയ്ക്കും (ധൻസിക) ഇടയിൽ എപ്പോഴും കടന്നു വരുന്നുണ്ട്. പ്രണയത്തിന്‍റെ വിവിധ തലങ്ങൾ കടന്നുവരുന്ന കഥയിൽ ചെറുതെങ്കിലും സൗബിൻ തന്‍റെ വേഷം ഉഷാറാക്കി. ധൻസിക തനിക്ക് കിട്ടിയ വേഷം തരക്കേടില്ലാ ഫലിപ്പിച്ച് എടുത്തു.ത്രിലോക് ക്ലാസാണ്

ത്രിലോകിന്‍റെ ലോകം സസ്പെൻസ് നിറഞ്ഞതാണ്. മരണത്തിനും ജീവിത്തിനുമിടയിലുള്ള ത്രില്ലിംഗ് സംഭവങ്ങൾ പ്രേക്ഷകരുടെ കണ്ണുകളിൽ ആകാംഷയുളവാക്കുമെന്നതിൽ സംശയമില്ല. ശ്വാസ നിശ്വാസങ്ങൾ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് സംവിധായകൻ കാട്ടിത്തരുന്നുണ്ട്. ചിരിയും ദേഷ്യവും ഇടകലർന്നു വരുന്ന മുഖഭാവങ്ങളാൽ ത്രിലോകിലേക്ക് ഇറങ്ങി ചെല്ലാൻ ദുൽഖറിനായിട്ടുണ്ട്. ആൻ അഗസ്റ്റിനും രഞ്ജി പണിക്കരുമെല്ലാം ചിത്രത്തിൽ കടന്നു വരുന്നുണ്ടെങ്കിലും കഥയിലെ വഴിത്തിരിവുകളായിരിക്കും ഇവരെയെല്ലാം മറികടന്ന് പ്രേക്ഷക മനസ് കീഴടക്കുക.ശിവ സൂപ്പറാണ്

മനസിൽ തീയുമായി നടക്കുന്നവനാണ് ശിവ. ദേഷ്യമല്ലാതെ മറ്റൊരു ഭാവം അവന്‍റെ മുഖത്ത് കടന്നു വരുന്നുണ്ടെങ്കിൽ അത് നിസഹായത മാത്രമായിരിക്കും. സംഭാഷണങ്ങളിൽ അല്ല പ്രവർത്തിയിലൂടെയാണ് ശിവ കഥ പറയുന്നത്. ദുൽഖർ ഇതുവരെ ചെയ്ത വേഷങ്ങളിൽ വച്ച് ഏറ്റവും മികച്ചതെന്ന് പറയാവുന്ന ഒന്ന്. ദുൽഖർ എന്ന നടൻ സംവിധായകൻ ശരിക്കും തേച്ച് മിനുക്കിയെടുത്തുവെന്നു തന്നെ പറയാം. അവതരണവും ആവിഷ്കാരവും തന്നെയാണ് ശിവയുടെ ലോകം വേറിട്ട് നിർത്തുന്നത്. മനോജ് കെ. ജയനും സംഘവും ശിവയ്ക്കൊപ്പം കട്ടയ്ക്ക് നിന്നപ്പോൾ സംഭവം ജോറായി.
രുദ്ര കൈവിട്ടു പോയി

മഴയായി പെയ്തിറങ്ങി പ്രേക്ഷകരുടെ ശ്വാസ നിശ്വാസങ്ങളെ പരീക്ഷിച്ച് അഗ്നിയായി ഉറഞ്ഞു തുള്ളി വന്ന വരവ് നേരെ ഭൂമിയിലേക്കായിരുന്നു. ദുൽഖർ രുദ്രയായി ഭൂമിയിൽ കാൽതൊട്ടതോടെ ആകെ മൊത്തം കൈവിട്ടു പോയി. വ്യക്തതയില്ലാത്ത കഥയാണ് ഇവിടെ വില്ലനാകുന്നത്. രുദ്രയുടെ കഥ പലർക്കും ദഹിക്കണമെന്നില്ല. പക്ഷേ ഭൂമിയിൽ ഇങ്ങനെയുള്ള സംഭവങ്ങളും നടക്കാനുള്ള സാധ്യതയുണ്ടെന്ന സൂചനയിലേക്ക് വിരൽചൂണ്ടിയാണ് സംവിധായകൻ കഥ പറഞ്ഞുനിർത്തുന്നത്. അത് എന്തൂട്ട് സംഗതിയാണെന്ന് തിയറ്ററിൽ പോയി തന്നെ കണ്ടറിയുക.കാമറയും പശ്ചാത്തല സംഗീതവും കിടു

ഛായാഗ്രാഹകന്മാർക്ക് ചില്ലറ പണിയൊന്നുമല്ല സംവിധായകൻ നൽകിയത്. പഞ്ച ഭൂതങ്ങളിൽ ആകാശം ഒഴികെ ബാക്കി നാലിനെയും കാമറയ്ക്ക് ഉള്ളിലേക്ക് ആവാഹിക്കാനുള്ള കനപ്പെട്ട പണിയാണ്. ഗിരീഷ് ഗംഗാധരൻ, മധു നീലകണ്ഠൻ, സേജൽ ഷാ എന്നിവർ വെടിപ്പായി തന്നെ ആ കൃത്യം നിർവഹിച്ചിട്ടുണ്ട്. കാഴ്ചകൾക്കൊത്ത് പശ്ചാത്തല സംഗീതം കൂടി കഥകൾക്കിടയിലൂടെ ഒഴുകി ഇറങ്ങിയതോടെ ശേഖറിനും ത്രിലോകിനും ശിവയ്ക്കും രുദ്രയ്ക്കും ഒപ്പം സഞ്ചരിക്കാൻ ഒട്ടും പാടുപെടേണ്ടി വന്നില്ല.

(പരീക്ഷണം ആണ്, കട്ട പരീക്ഷണം... അതുകൊണ്ട് തന്നെ എല്ലാവർക്കും ബോധിക്കണമെന്നില്ല.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.