മനംമടുപ്പിക്കുന്ന നിത്യഹരിത നായകൻ
Friday, November 16, 2018 6:35 PM IST
വിഷ്ണു ഉണ്ണികൃഷ്ണനും ധർമജൻ ബോൾഗാട്ടിയും വീണ്ടും ഒന്നിക്കുന്നു, ധർമജൻ ആദ്യമായി നിർമാതാവാകുന്നു... ഇക്കാരണങ്ങൾ കൊണ്ടു ചിരിവിരുന്ന് പ്രതീക്ഷിച്ച് "നിത്യഹരിത നായകൻ' കാണാൻ തീയറ്ററിൽ കയറിയാൽ നിരാശയോടെ തിരിച്ചിറങ്ങാം.

ചിത്രം അങ്ങിങ്ങായി കുറച്ചൊക്കെ ചിരിവിരുന്നൊരുക്കുന്നുണ്ടെങ്കിലും ക്ലീഷേ കഥാപശ്ചാത്തലം തന്നെയാണ് സംവിധായകൻ എ.ആർ. ബിനുരാജിന്‍റെ സിനിമയെ പിന്നോട്ടടിക്കുന്നത്. പേര് ഒഴിച്ചുനിർത്തിയാൽ, കഥയിലോ ആഖ്യാന ശൈലിയിലോ ഒരു വ്യത്യസ്തതയും ചിത്രത്തിന് അവകാശപ്പെടാനില്ല.



വിഷ്ണുവിനെയും ധർ‌മജനെയും കണ്ടിട്ട് കട്ടപ്പനയിലെ ഋത്വിക് റോഷനോ വികടകുമാരനോ പ്രതീക്ഷിച്ച് പോയാൽ നിരാശ മാത്രമായിരിക്കും ഫലം. ഇരുവരെയും മാറ്റിനിർത്തിയാൽ, ഒരുതവണ കാണാവുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് നിത്യഹരിത നായകൻ.

നിത്യഹരിത നായകൻ എന്ന് കേൾക്കുന്പോഴേ മലയാളികളുടെ മനസിൽ ഓടിയെത്തുന്ന മുഖമാണല്ലോ പ്രേം നസീറിന്‍റേത്. അദ്ദേഹത്തിന് ആദരം അർപ്പിച്ച് ചിത്രം തുടങ്ങുന്പോൾ പ്രേക്ഷകർ വല്ലാതെ പ്രതീക്ഷിക്കുകയും ചെയ്യും. പക്ഷേ, ചിത്രം തുടങ്ങുമ്പോൾ തന്നെ നമ്മുടെ പ്രതീക്ഷകൾ അപ്പാടെ തെറ്റിയെന്ന് ബോധ്യമാകും.



നിത്യ എന്ന സ്കൂൾ ടൈം കാമുകിയിൽ നിന്ന് ഹരിത എന്ന ഭാര്യയിലേക്കുള്ള നായകന്‍റെ യാത്ര മാത്രമാണ് നിത്യഹരിത നായകൻ. അതിനിടെ ഒരുപാട് നായികമാരും കഥകളുമെല്ലാമിങ്ങനെ കയറിയിറങ്ങിപ്പോകും. കുട്ടിക്കാമുകനായി, വിദ്യാർഥി നേതാവായി, പാസ്റ്ററായി, ഭർത്താവായി... എല്ലാ കഥകളിലും വിഷ്ണു തന്നെയാണ് നായകൻ. കഥകളോരോന്നുമങ്ങനെ കാണുമ്പോൾ നിവിൻ പോളിയുടെ "പ്രേമ'ത്തിന്‍റെ കാറ്റ് എവിടെയോ അടിക്കുന്നപോലെ തോന്നും.

നാട്ടുംപുറത്തുകാരനായ സജി(വിഷ്ണു ഉണ്ണികൃഷ്ണൻ)യുടെ റൊമാന്‍റിക് ഫ്ലാഷ് ബാക്കുകളാണ് ചിത്രം പറയുന്നത്. നോൺലീനിയർ ശൈലിയിലുള്ള നിരവധി കഥകൾ നാം കണ്ടിട്ടുണ്ട്. നിത്യഹരിത നായകന്‍റെയും പോക്കും അതേപാതയിൽ തന്നെയാണ്. കഥയുടെ സിംഹഭാഗവും പറയുന്നത് ഭൂതകാലത്തിലാണ്.



ആദ്യരാത്രിയിൽ ഭാര്യയോട് സജി തന്‍റെ വീരസാഹസികകഥ പറയുന്നതോടെയാണ് പടം ഓടിത്തുടങ്ങുന്നത്. കഥയെന്നു പറഞ്ഞാൽ അങ്ങനെ ചുമ്മാ കഥയൊന്നുമല്ല. മൂന്നാലു നായികമാർ, ഓരോരുത്തർക്കും ആളാംവീതം പാട്ടുകൾ, സംഭവബഹുലമായ പ്രണയ കഥകൾ.

സ്കൂൾ കാലത്തെ പ്രണയത്തിലാണ് സജിയുടെ ഫ്ലാഷ് ബാക്കിന്‍റെ തുടക്കം. അടുത്ത ക്ലാസിലെ നിത്യയോടാണ് സജിയുടെ ആദ്യ അനുരാഗം. പഴയ സിനിമകളിലെ ക്ലീഷേ സ്കൂൾ പ്രണയമായതുകൊണ്ട് പ്രത്യേകം വിശദീകരിച്ചു സമയം കളയുന്നില്ല. പഴയകാലത്തെ അടയാളപ്പെടുത്താൻ ആന്‍റിനയും ശക്തിമാനും ഐസ്ഫ്രൂട്ടും ആറാംതമ്പുരാനുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

അപ്രതീക്ഷിത ട്വിസ്റ്റിൽ സ്കൂൾ കഥയ്ക്ക് സഡൻബ്രേക്കിട്ട് ചിത്രം കോളജിലേക്ക് പോകും. പിന്നെ സജിയുടെ കോളജ് കാലമാണ്. രാഷ്ട്രീയവും പ്രണയവുമില്ലാതെ എന്തു കോളജ്. സജിക്കുമുണ്ട് വിപ്ലവത്തിൽ പൊതിഞ്ഞൊരു കോളജ് കാലം. ഇടതുപക്ഷ വിദ്യാർഥി യൂണിയന്‍റെ തീപ്പൊരി നേതാവായ സജിയോട് അടുത്ത ക്ലാസിലെ പെൺകുട്ടിക്ക് ആരാധന തോന്നുന്നു, അതു പിന്നെ പ്രണയമാകുന്നു.



വിപ്ലവവും സമരവും ബസ് തടയലും അതിനിടയിലൂടെയുള്ള പ്രണയവുമെല്ലാം പതിവുകാഴ്ചകൾ തന്നെ. സമീപകാലത്തെ രാഷ്ട്രീയ ചിത്രങ്ങളിലേതുപോലെ കമ്യൂണിസത്തിന്‍റെ മഹത്വമോ ആദർശമോ ഒന്നും സജിക്ക് കാണിച്ചുതരാനില്ല. കോളജ് കാലം കൊണ്ടു തീരുന്നതാണ് അയാളുടെ കമ്മ്യൂണിസം.

സ്കൂളും കോളജും ആഘോഷവും കഴിഞ്ഞ് ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോഴേക്കും കഥയുടെ വേഗം ഒച്ചിന്‍റെ വേഗത്തിലാകും. ഒരു പ്രത്യേക സാഹചര്യത്തിൽ നാടുവിട്ട ശേഷം തിരിച്ചെത്തുന്ന സജിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ രണ്ടാം പകുതി. പക്ഷേ, ഭൂതകാലത്തിൽ‌ നിന്നു ചിത്രം വർത്തമാനകാലത്തിലേക്ക് ലാൻഡ് ചെയ്യുമ്പോൾ ആകെ ഇഴച്ചിലാണ്. പലയിടങ്ങളിലും തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ മുഴച്ചു നിൽക്കുകയായിരുന്നു.

വിഷ്ണു ഉണ്ണികൃഷ്ണന്‍റെ പ്രകടനം മാത്രമാണ് മടുപ്പ് മാത്രം സമ്മാനിക്കുന്ന നിത്യഹരിത നായകനിലെ ഏക ആശ്വാസം. പ്രണയവും നൈരാശ്യവും നിസഹായതയുമെല്ലാം ഭംഗിയായി വിഷ്ണുവിന്‍റെ മുഖത്തു മിന്നിമറഞ്ഞു. ധർമജനും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. സജിയുടെ അച്ഛനായി വേഷമിട്ട ഇന്ദ്രൻസിന്‍റെ പ്രകടനം എടുത്തുപറയേണ്ടതാണ്. താനൊരു നല്ല നടനാണെന്ന് ഇന്ദ്രൻസ് വീണ്ടും തെളിയിച്ചു.



നാലു നായികമാരും അവരുടെ വേഷങ്ങൾ വീതിച്ചെടുക്കുകയായിരുന്നു. ആർക്കും കൂടുതൽ പ്രാധാന്യം നല്കിയിട്ടില്ല. നവാഗതനായ രഞ്ജിൻ രാജ് ഒരുക്കിയ ഗാനങ്ങൾ തരക്കേടില്ലെന്നു മാത്രമേ പറയാനാകൂ. കളർഫുൾ രംഗങ്ങളുണ്ടെന്നല്ലാതെ കഥാഗതിയിൽ ഗാനങ്ങൾ ഒരു പങ്കും വഹിക്കുന്നില്ല.

വിവാഹപൂർവ പ്രണയകഥകൾ ഭാര്യയോട് ആദ്യരാത്രിയിൽ തന്നെ വള്ളിപുള്ളി വിടാതെ വിളമ്പിയ സജിക്ക് എന്ത് സംഭവിച്ചുവെന്ന് ചിത്രം കാണുന്നവർ മനസിലാക്കട്ടെ. വെറുപ്പിക്കലിനെല്ലാം ഒടുവിൽ യുവതലമുറയ്ക്ക് ഒരു സന്ദേശം കൂടി നൽകാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്.

സന്ദേശമൊക്കെ കൊള്ളാം, പക്ഷേ അത് പറയാനുള്ള സന്ദർഭം മാറിപ്പോയെന്ന് മാത്രം. കഥയുടെ ഭാഗമാണെങ്കിലും പ്രേക്ഷകരെ ഒരുതരത്തിലും സ്വാധീനിക്കുന്നതായിരുന്നില്ല സന്ദേശവും. പ്രതീക്ഷിക്കാത്ത സന്ദർ‌ഭത്തിൽ എവിടെനിന്നോ കെട്ടിയിറക്കിയ സന്ദേശവും ക്ലൈമാക്സും 155 മിനിറ്റുള്ള കഥയെ കൂടുതൽ ദുർബലപ്പെടുത്തുകയാണ് യഥാർഥത്തിൽ ചെയ്തത്. ഒടുവിൽ എന്താണ് സംഭവിച്ചതെന്ന് ആലോചിച്ചുവരുമ്പോഴേക്കും പടം അവസാനിക്കുകയും ചെയ്യും.

ഡെന്നിസ് ജേക്കബ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.