ചി​രി​യോ​ട്ടം..!
Saturday, September 15, 2018 9:41 AM IST
എ​ന്തി​ര​ണ്ണാ... പ​ട​യോ​ട്ടം പ​ടം പൊ​ളി​ച്ചാ... നു​മ്മ ബി​ജു​വ​ണ്ണ​ൻ ത​ക​ർ​ത്താ... ഈ ചോദ്യം കേട്ടാൽ തോന്നും ബിജുമേനോൻ എന്നാണ് തിരുവനന്തപുരംകാരനായതെന്ന്. അല്ലേലും, തിരോന്തരം ഭാഷ വെടിപ്പായി സംസാരിക്കുന്നവരോട് അന്നാട്ടുകാർക്ക് ഒരു പ്രത്യേക ഇതാണ്. ഇനിയെങ്ങാനും അതു കുളമാക്കിയാലോ മുച്ചൂട്ട് ചീത്തയും കേൾക്കേണ്ടി വരും. എ​ന്താ​യാ​ലും ബി​ജുമേ​നോ​ൻ, ചെ​ങ്ക​ൽ ര​ഘു എ​ന്ന ക​ഥാ​പാ​ത്രം വെ​ടി​പ്പാ​യി ചെ​യ്ത​പ്പോ​ൾ തീ​യ​റ്റ​റി​ൽ ചി​രി​മേ​ളം ഉ​യ​ർ​ന്നു. ഹോ ​എ​ന്തൊ​രു ചി​രി​യാ​യി​രു​ന്നു.

തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വരെ ചി​രി​പ്പി​ക്കാ​നു​ള്ള ര​സ​ക്കൂ​ട്ടെ​ല്ലാം ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ റ​ഫീ​ക്ക് ഇ​ബ്രാ​ഹിം ഒ​രു​ക്കി​വ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. എ​വി​ടെ​ വേ​ണ​മെ​ങ്കി​ലും പാ​ളി​പ്പോ​കാ​വു​ന്ന സം​ഗ​തി​ക​ളെ ചി​രി​യു​ടെ മേ​ന്പൊ​ടി​യോ​ടെ മു​ന്നി​ലേ​ക്ക് ഇ​ട്ടുത​രു​ന്പോ​ൾ എ​ത്ര ബലംപിടുത്തക്കാരും അ​റി​യാ​തെ ചി​രി​ച്ചുപോ​കും. ബി​ജു​മേ​നോ​ൻ ന​യി​ക്കു​ന്ന പ​ട​യി​ലെ ഓ​രോ​രു​ത്ത​ർക്കും പറ്റിയ അ​മളി​ക​ൾ അ​ത്ര​ത്തോ​ള​മു​ണ്ടാ​യി​രു​ന്നു. അ​മളി​ക​ൾ കാ​ട്ടു​ന്ന​തി​ൽ നാ​യ​ക​നും മു​ൻ​പ​ന്തി​യി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു (ഏ​ത്, നു​മ്മ ആ​ടി​ലെ ഷാ​ജി​യേ​ട്ട​ൻ സ്റ്റൈ​ൽ).



പി​ങ്കു നീ ​മാ​സാ​ണെ​ടാ...

ബേ​സി​ൽ ജോ​സ​ഫ് പി​ങ്കു​വാ​യി എ​ത്തി വെ​കി​ളി​ത്ത​ര​ങ്ങ​ൾ കാ​ട്ടു​ന്പോ​ൾ ന​മു​ക്കു ചു​റ്റു​മു​ള്ള സു​ഹൃ​ത് വ​ല​യ​ത്തി​ലെ ആ​രു​ടെ​യെ​ങ്കി​ലു​മൊ​ക്കെ മു​ഖം മ​ന​സി​ൽ തെ​ളി​ഞ്ഞു വ​രും. പെ​ണ്ണി​നെ വീ​ഴ്ത്താ​നു​ള്ള പോ​ക്ക്, പി​ന്നെ സ്ഥാ​ന​ത്തും അ​സ്ഥാ​ന​ത്തു​മു​ള്ള നി​ഷ്ക​ള​ങ്ക​മാ​യ ചി​രി ഇ​തൊ​ക്കെ കാ​ണു​ന്പോ​ൾ ആ​രാണ് ചിരിക്കാത്തത്.

പി​ങ്കു​വി​നെ തൊ​ട്ടാ​ൽ ചോ​ദി​ക്കാ​നും പ​റ​യാ​നു​മെ​ല്ലാം ആ​ളു​ണ്ടെ​ന്ന് തു​ട​ക്ക​ത്തി​ൽ ത​ന്നെ സം​വി​ധാ​യ​ക​ൻ കാ​ട്ടി​ത്ത​രു​ന്നു​ണ്ട്. ആ ​പി​ങ്കു​വി​നെ ഒ​രു​ത്ത​ൻ പ​ഞ്ഞി​ക്കി​ട്ടാ​ൽ പി​ന്നെ സം​ഭ​വി​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് പ​റ​യേ​ണ്ട​ല്ലോ... അ​തെ, അ​ടി​കൊ​ണ്ട പി​ങ്കു​വി​നാ​യി പ്ര​തി​കാ​രം ചെ​യ്യാ​ൻ പോ​കു​ന്ന പ​ട​യെ​യാ​ണ് സം​വി​ധാ​യ​ക​ൻ ചി​രി​യി​ൽ ചാ​ലി​ച്ച് കു​ളി​പ്പി​ച്ച് എ​ടു​ത്തി​രി​ക്കു​ന്ന​ത്.



ഇ​ങ്ങ​നെ​യും ഗു​ണ്ട​യോ...

ഇ​ടി​പ്പ​ടം പ്ര​തീ​ക്ഷി​ച്ചു പോ​യ പ്രേ​ക്ഷ​ക​ർ ചി​രി​ച്ച് തു​ട​ങ്ങി​യ​തി​ന്‍റെ ഇ​ട​യി​ലേ​ക്കാ​ണ് ചെ​ങ്ക​ൽ ര​ഘു (ബി​ജു മേ​നോ​ൻ) നൈ​സാ​യി​ട്ട് വ​ന്നു ക​യ​റു​ന്ന​ത്. താ​ടി വ​ള​ർ​ത്തി, മു​ടി പ​റ്റ​യ​ടി​ച്ച് ക​ട്ട ലോ​ക്ക​ൽ ഗെ​റ്റ​പ്പി​ൽ എ​ത്തി​യ ര​ഘു ആ ​ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. പി​ങ്കു​വി​നെ ത​ല്ലി​യ​വ​നെ തേ​ടി കാ​സ​ർ​ഗോ​ട്ടേക്ക് ഒ​രു യാ​ത്ര. അ​തോ​ടെ ചി​ത്രം റോ​ഡ് മൂ​വി​യു​ടെ ട്രാ​ക്കി​ലേ​ക്ക് വീ​ഴും. ഇ​തി​നി​ട​യി​ൽ കോ​മ​ഡി​ക്കാ​യി കുത്തിത്തിരുകിയ രംഗങ്ങൾ ക​ല്ലു​ക​ടി പോ​ലെ ചി​ത്ര​ത്തി​ൽ ക​യ​റി കൂടിയിട്ടുമുണ്ട്.

സേ​ന​ൻ (​ദി​ലീ​ഷ് പോ​ത്ത​ൻ), ര​ഞ്ജു (സു​ധി കോ​പ്പ), ശ്രീ​ക്കു​ട്ട​ൻ (സൈ​ജുകു​റുപ്പ്) ഇ​വ​രാ​ണ് പ​ട​യോ​ട്ട​ത്തി​ലെ പ്ര​ധാ​നി​ക​ൾ. സേ​ന​നെ ക​ണ്ടാ​ൽ ഗു​ണ്ടാ പ​രി​വേ​ഷം ഉ​ണ്ടെ​ന്നെ​ല്ലാം തോ​ന്നു​മെ​ങ്കി​ലും ആ​ളൊരു പാ​വ​മാ​ണ്. പി​ന്നെ ര​ഞ്ജു... ത​നി ലോക്ക​ൽ എ​ന്ന് മാ​ത്രം പു​ള്ളി​യെ വി​ശേ​ഷി​പ്പി​ച്ചാ​ൽ മ​തി. കാ​ണി​ച്ചു കൂ​ട്ടു​ന്ന ഓ​രോ കാ​ര്യ​ങ്ങ​ൾ അ​ത്ത​ര​ത്തി​ലു​ള്ള​താ​ണ്. ശ്രീ​ക്കു​ട്ട​നാ​ക​ട്ടെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ങ്കി​ലും ഇ​വ​രോ​ടൊ​പ്പം എ​ല്ലാ ത​രി​കി​ട​ക​ൾ​ക്കും കൂ​ട്ടിനുണ്ടാകും.



യാ​ത്ര​യ്ക്കി​ട​യി​ലെ കു​രു​ക്കു​ക​ൾ

കു​രു​ക്കു​ക​ൾ താ​നെ വ​ന്നു വീ​ണും പി​ന്നീ​ട് അ​ത് അ​ഴി​ച്ചു​മാ​ണ് ഈ ​പ​ട കാ​സ​ർഗോ​ട്ടെ​ത്തു​ന്ന​ത്. അ​വി​ടെ വച്ച് ഹ​രീ​ഷ് ക​ണാ​ര​ൻ കൂ​ടി ഇ​വ​ർ​ക്കൊ​പ്പം ചേ​ർ​ന്ന​തോ​ടെ ചി​രി നോ​ണ്‍​സ്റ്റോ​പ്പാ​യി ബി​ഗ് സ്ക്രീ​നി​ൽ പെ​യ്തി​റ​ങ്ങി. ഒ​രു​പാ​ട് യാ​ത്ര​ക​ൾ പ​ല​രും ക​ണ്ടി​ട്ടു​ണ്ടാ​വും, എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലൊ​രു യാ​ത്ര ഇ​ത് ആ​ദ്യ​മാ​യി​രി​ക്കും. ഓ​രോ രം​ഗ​ങ്ങ​ൾ​ക്കും അ​ക​ന്പ​ടി​യാ​യി പ്ര​ശാ​ന്ത് പി​ള്ളൈ ഒ​രു​ക്കി​യ പ​ശ്ചാ​ത്ത​ല സം​ഗീ​തം ക​ട്ട​യ്ക്ക് കൂ​ടെ നി​ന്ന​പ്പോ​ൾ ചി​രി പൊ​ട്ടി​ച്ചി​രി​യാ​യി മാ​റി​യ​ത് പെ​ട്ടെ​ന്നാ​യി​രു​ന്നു.



കൈ​യ​ടി നേ​ടാ​ൻ​ മാത്രമുള്ള കാ​മ​റ ച​ലി​പ്പി​ക്ക​ലാ​ണ് സ​തീ​ഷ് കു​റു​പ്പ് ചി​ത്ര​ത്തി​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്തും പി​ന്നീ​ട് ഇ​വ​ർ അ​ക​പ്പെ​ടു​ന്ന ഓ​രോ ഇ​ട​ങ്ങ​ളി​ലും ര​ഘു​വി​നെ​യും കൂ​ട്ട​രേ​യും സ​ഹാ​യി​ക്കാ​നെ​ത്തി​യ​വ​രും പ്രേ​ക്ഷ​ക​രെ ആ​വ​ശ്യ​ത്തി​ലേ​റെ ചി​രി​പ്പി​ച്ചു. വ​ള​രെ കു​റ​ച്ച് രം​ഗ​ങ്ങ​ളെ ഉ​ള്ളു​വെ​ങ്കി​ലും ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി വേ​റെ ലെ​വ​ൽ പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്. മൊ​ത്ത​ത്തി​ൽ ചി​രി​ പാ​ക്കേ​ജാ​ണ് പ​ട​യോ​ട്ടം. അ​തു​കൊ​ണ്ട് ത​ന്നെ സീ​രി​യ​സ് പ​ടം കാ​ണാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ പോ​ലും ഇ​തു​വ​ഴി പോ​യാ​ൽ മ​തി​മ​റ​ന്ന് ചി​രി​ച്ചുപോ​കും.

(ചി​രി​യാ​ണ്... സ​ർ​വ​ത്ര ചി​രി)

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.