പ്രാണ ഭ്രാന്ത് പിടിപ്പിക്കും
Saturday, January 19, 2019 5:26 PM IST
ഒന്നേമുക്കാൽ മണിക്കൂറിലേറെ ഒരാളെ തന്നെ കണ്ടോണ്ടിരിക്കുക. കാണാൻ മൊഞ്ചുള്ള നടിയാണെങ്കിൽ കൂടി ഇത്രയും സമയം കണ്ടിരിക്കാൻ ഇത്തിരി പാടായിരിക്കും എന്നാകും ഭൂരിപക്ഷ അഭിപ്രായം.

എന്നാൽ പ്രാണ ഈ അഭിപ്രായത്തെ വെല്ലുവിളിക്കുകയാണ്. എഴുത്തുകാരിയായ നായികയുടെ ചലനങ്ങളും ചിന്തകളും പ്രേക്ഷകരെ ഇതുവരെ കാണാത്ത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. ആ ലോകം പക്ഷേ, എത്രപേർക്ക് ഇഷ്ടമാകും എന്ന കാര്യത്തിൽ രണ്ട് അഭിപ്രായം ഉയർന്നു വരാൻ സാധ്യതയേറെയാണ്.

സ്വതന്ത്ര ചിന്താഗതിയുള്ള ഒരു എഴുത്തുകാരിക്ക് സമൂഹത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് പ്രാണയിൽ കാണാനാവുക. സംവിധായകൻ വി.കെ.പ്രകാശ് ഇവിടൊരു പുതിയ പരീക്ഷണം നടത്തിയിരിക്കുകയാണ്. ആ പരീക്ഷണത്തെ ഓരോരുത്തരും നോക്കി കാണുന്നത് എങ്ങനെയാണെന്ന് കണ്ടുതന്നെ അറിയണം.



ചിരിയും ആക്ഷനും പിന്നെ കുടുംബപശ്ചാത്തലവുമുള്ള കഥയും പ്രതീക്ഷിച്ച് പ്രാണയെ സമീപിച്ചാൽ നിങ്ങൾ തീർച്ചയായും നിരാശരാകും. കാരണം പ്രാണ നിങ്ങളുടെ മനസിലെ ചിന്തകളെ അളക്കുന്ന ചിത്രമാണ്. ഉയർന്ന ചിന്താഗതിയുണ്ടെന്ന് അഹങ്കരിക്കുകയും എന്നാൽ സ്ത്രീയെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അനുവദിക്കാത്ത സമൂഹത്തിന്‍റെ കരണത്തടിക്കുന്ന ചിത്രമാണ് പ്രാണ.

നിത്യാ മേനോൻ എഴുത്തുകാരിയുടെ വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ശബ്ദവും പശ്ചാത്തല സംഗീതവും തകർപ്പൻ ഫ്രെയിമുകളുമാണ് പ്രേക്ഷകരോട് സംവദിക്കുന്നത്. റസൂൽ പൂക്കുട്ടിയുടെ ലൈവ് സറൗണ്ട് സിങ്ക് സൗണ്ട് പരീക്ഷണം പ്രാണയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്.



സമൂഹത്തിൽ എഴുത്തുകാർ നേരിടുന്ന വെല്ലുവിളികളെ നിത്യാമേനോനിലൂടെ ബിഗ് സ്ക്രീനിലെത്തിക്കുന്പോൾ ചിന്തകൾക്ക് തനിയെ ഭ്രാന്തുപിടിച്ച് തുടങ്ങും. നിത്യ ഏറ്റെടുത്ത ദൗത്യം ചെറുതല്ലായിരുന്നു. നാടകീയ അന്തരീക്ഷത്തിലേക്ക് എപ്പോൾ വേണമെങ്കിലും വഴുതി വീഴാവുന്ന രംഗങ്ങളെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത് പ്രേക്ഷകർക്ക് വേറിട്ട ആസ്വാദനതലം തുറന്നിട്ടുകൊടുക്കുകയാണ് നിത്യ ചെയ്തിരിക്കുന്നത്.

ഒരു പുസ്തകം പ്രസിദ്ധീകരിച്ചതിന്‍റെ പേരിൽ എഴുത്തുകാരിക്ക് സമൂഹത്തിൽ നിന്നും നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ കാട്ടിക്കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. സ്വാതന്ത്ര്യം ആഘോഷിക്കാനുള്ളതാണെന്ന് പക്ഷക്കാരിയായ എഴുത്തുകാരിയുടെ മുഖത്ത് സന്തോഷം അലയടിക്കുന്നത് കാണുന്നത് പ്രേത ബംഗ്ലാവിനെ കുറിച്ചുള്ള വാർത്ത കാണുന്നതോടെയാണ്. അതോടെ ചിത്രം ഹൊറർ മൂഡിലേക്ക് വഴിമാറും.



പ്രേതശല്യം ഉള്ളത് കാരണം ആരും താമസിക്കാൻ മടിക്കുന്ന ബംഗ്ലാവിലേക്ക് നായികയെത്തുന്നതോടെ കാമറാമാൻ പി.സി.ശ്രീറാം ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങും. ഇവിടം മുതൽ അങ്ങോട്ട് റസൂൽ പൂക്കുട്ടിയുടെ ലൈവ് സറൗണ്ട് സിങ്ക് സൗണ്ടിന്‍റെ മാന്ത്രികത പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങും.

ബംഗ്ലാവിലെ പ്രേതവും പിന്നെ എഴുത്തുകാരിയുടെ ചിന്തകളുമായി ചിത്രം മുന്നോട്ട് പോകുന്നതിനിടയിൽ ഇടയ്ക്ക് ഇഴച്ചിലുകൾ തലപൊക്കുന്നുണ്ട്. അതുപക്ഷേ ചിത്രത്തിന്‍റെ മൊത്തത്തിലുള്ള ഒഴുക്കിനെ ബാധിക്കാതെ കടന്നു പോകുന്നതോടെ കാമറ ട്രിക്കുകൾ പ്രേക്ഷകരെ പേടിയുടെ പിടിയിലേക്ക് കൊണ്ടിടും.

പ്രേതം ഉണ്ടോ ഇല്ലയോ എന്നുള്ള ചിന്ത പ്രേക്ഷകരെ അലട്ടാൻ തുടങ്ങുന്നതോടെ ഭയമായിരിക്കും പിന്നെ പ്രേക്ഷകനെ നയിക്കുക. സൈക്കളോജിക്കൽ ത്രില്ലർ ശ്രേണിയിലേക്ക് പ്രാണയെ എത്തിക്കുന്നത് ബംഗ്ലാവിലെ കാഴ്ചകളാണ്. ആ കാഴ്ചകൾക്ക് അരുണ്‍ വിജയും ലൂയിസ് ബാങ്ക്സും ചേർന്ന് ഒരുക്കിയ പശ്ചാത്തല സംഗീതം അകന്പടി സേവിക്കുന്നതോടെ സംഭവം ജോറായി.



എഴുത്തുകാരിക്ക് ബംഗ്ലാവിൽ ഉണ്ടാകുന്ന അനുഭവങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നതിനിടെ ഒന്നാം പകുതി അവസാനിക്കുന്നത് ഒരു അസാധാരണ കാഴ്ച പ്രേക്ഷകരെ കാട്ടിക്കൊണ്ടാണ്. രണ്ടാം പകുതിയിൽ തനി പ്രേത കഥയിലേക്ക് ചിത്രം വഴുതി വീണേക്കുമെന്ന് തോന്നുമെങ്കിലും ആവിഷ്കരണത്തിലെ വ്യത്യസ്തത പ്രാണയ്ക്ക് വേറിട്ട സഞ്ചാരപഥമൊരുക്കുകയായിരുന്നു.

നിത്യയുടെ അന്പരപ്പിക്കുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും പ്രാണ കാണാൻ ധൈര്യമായി ടിക്കറ്റെടുക്കാം, നിങ്ങൾ നിരാശരാകില്ല.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.