മനസ് നിറച്ച് സവാരി
Saturday, July 21, 2018 9:25 PM IST
സവാരി ചെയ്യാത്തവരായി ആരും കാണില്ല... കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ചിരിച്ചുല്ലസിച്ച് എത്രയോ തവണ പലരും സവാരി നടത്തിയിരിക്കുന്നു. എന്നാൽ ജീവിതം നമുക്ക് സമ്മാനിക്കുന്ന ദൈനംദിന സവാരിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.‍? ഇതുവരെയില്ലെങ്കിൽ ഇനിയെങ്കിലും അതിനെക്കുറിച്ചൊക്കെ ചിന്തിക്കണമെന്നാണ് സംവിധായകൻ അശോക് നായർ "സവാരി' എന്ന തന്‍റെ കന്നി ചിത്രം വഴി പറയാൻ ശ്രമിച്ചിരിക്കുന്നത്.

വലിയ സംഭവങ്ങളോ തീപ്പൊരി പ്രകടനമോ ഒന്നും ഈ കുഞ്ഞു ചിത്രത്തിൽ കാണാനാവില്ല. എന്നാൽ, ജീവിതത്തിൽ ചെറുതെന്നു പലരും ധരിച്ചുവച്ചിരിക്കുന്ന വലിയ കാര്യങ്ങളെ പുറത്തേക്ക് എടുത്തിടാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. പേരറിയാത്തവരിലെ പ്രകടനം സുരാജ് വെഞ്ഞാറമൂടിനെ ദേശീയ അവാർഡിന്‍റെ നെറുകയിലെത്തിച്ചെങ്കിൽ സവാരിയിൽ സുരാജിലെ നടനെ വീണ്ടും പരീക്ഷണശാലയിലേക്ക് എടുത്തിടുകയാണ് സംവിധായകൻ ചെയ്തിരിക്കുന്നത്.



സവാരി എന്ന് വിളിപ്പേരുള്ള, ശരിക്കുള്ള പേര് എന്താണെന്നറിയാത്ത ഒരാളായാണ് സുരാജ് ചിത്രത്തിലെത്തുന്നത്. പുലർച്ചെ മൂന്നിന് തുടങ്ങുന്ന സവാരിയുടെ ഓട്ടം അവസാനിക്കുന്നത് പാതിരാത്രിയിലാണ്. സവാരിയുടെ ദൈനംദിന ജീവിതം കാട്ടിക്കൊണ്ടാണ് ചിത്രം തുടങ്ങുന്നത്.

സൈക്കിളിലുള്ള സവാരിയുടെ യാത്ര ഇന്നത്തെ കാലത്ത് ഏതൊരാളേയും ഒന്ന് അന്പരപ്പിക്കും. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ളവരുണ്ടോയെന്നു വരെ ചിന്തിപ്പിച്ചെന്നിരിക്കും. പത്രം വിതരണം ചെയ്യുക, വീടുകളിൽ പാൽ എത്തിക്കുക... അങ്ങനെ നൂറുകൂട്ടം പണികൾ ഒരു ദിവസം സവാരിക്ക് ചെയ്യാനുണ്ടാകും. ഇത്രയൊക്കെ ചെയ്താലോ, കിട്ടുന്നത് തുച്ഛമായ വരുമാനവും. എങ്കിലും അയാൾ സന്തോഷവാനാണ്.



തൃശൂർ പൂരവും അതിനായുള്ള ഒരുക്കവുമെല്ലാം ചിത്രത്തിൽ കടന്നുവരുന്നുണ്ട്. ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരൊക്കെ തൃശൂർ ഭാഷയിൽ നല്ല പെടപെടയ്ക്കുന്പോൾ സുരാജ് മിതമായി മാത്രമേ ചിത്രത്തിൽ സംസാരിക്കുന്നുള്ളു. ആരോടും പരാതിയും പരിഭവങ്ങളുമില്ലാതെ ഓരോ ദിവസവും തള്ളി നീക്കുന്നതിനിടയിലും സവാരി ചിരിച്ച് ചിലതെല്ലാം ഒളിപ്പിക്കുന്നുണ്ട്.

ആഘോഷപൂർവം ജീവിതം ആസ്വദിക്കുന്ന ഇന്നത്തെ യുവാക്കൾ മറക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ചിലതെല്ലാം സംവിധായകൻ സവാരിയെ മുൻനിർത്തി പൊടിതട്ടിയെടുക്കുന്നുണ്ട്. ആദ്യപകുതിയിൽ തൃശൂർ പൂരത്തിന്‍റെ ഒരുക്കത്തിനിടയിലെ സവാരിയുടെ ഓട്ടം കാണിച്ചുകൊണ്ട് മുന്നേറുന്പോൾ രണ്ടാം പകുതി സവാരിയുടെ സൈക്കിളിനു പിന്നാലെയാണ് പ്രേക്ഷകർ യാത്ര ചെയ്യുന്നത്.



ടൈറ്റിൽ മുതൽ കേൾക്കുന്ന ഫ്രാങ്കോയുടെ പാട്ടൊഴിച്ചാൽ ചിത്രത്തിൽ വേറെ പാട്ടുകൾ ഒന്നും തന്നെയില്ല. പശ്ചാത്തല സംഗീതമാണ് ചിത്രത്തെ ബാലൻസ് ചെയ്ത് നിർത്തുന്നത്. സവാരിയുടെ ചെറു സന്പാദ്യങ്ങൾക്ക് അവകാശികൾ ഉണ്ടെന്ന് അറിയുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

തുടക്കം മുതൽ അവസാനം വരെ നിറഞ്ഞുനിൽക്കുന്ന സുരാജിന്‍റെ പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. എങ്ങനെ വേണമെങ്കിലും വഴുതിപ്പോകാവുന്ന കഥാപാത്രത്തെ കൈയടക്കം കൊണ്ട് മെരുക്കിയെടുത്തിയിരിക്കുകയാണ് സുരാജ്. ആരെയും വേദനിപ്പിക്കാതെ, ആരോടും പരിഭവമില്ലാതെ ചെറുചിരി പാസാക്കി മുന്നോട്ടുപോകുന്ന സവാരിയെ കാണാനായി പ്രേക്ഷകർക്ക് ടിക്കെറ്റെടുക്കാം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.