ഷെർലക് ടോംസിൽ സസ്പെൻസ് മാത്രം‌...!
Friday, September 29, 2017 5:39 AM IST
ഉദ്വേഗജനകമായ രണ്ടാം പകുതിയിലാണ് "ഷെർലക് ടോംസ്' എന്ന ചിത്രത്തിന്‍റെ ഹൃദയം തുടിക്കുന്നത്. അതുവരെ നിങ്ങൾ സ്ക്രീനിൽ കാണുന്നതെല്ലാം ചുമ്മാ ഡയലോഗ് അടികൾ മാത്രമായിരിക്കും. ഇങ്ങനെ ഒരു ഒന്നാം പകുതി തട്ടിക്കൂട്ടിയത് എന്തിനാണാവോ എന്ന് ഇന്‍റർവെൽ സമയത്ത് പ്രേക്ഷകൻ ചിന്തിച്ച് പോകും. പക്ഷേ, അത്തരം ചിന്തകളെ കാറ്റിൽ പറത്തികൊണ്ടുള്ള രണ്ടാം പകുതിയാണ് സംവിധായകൻ ചിത്രത്തിനായി ഒരുക്കിവച്ചിരിക്കുന്നത്.

ചിരിയുടെ മാലപ്പടക്കം പ്രതീക്ഷിച്ച പ്രേക്ഷകർക്ക് മുന്നിൽ, അന്തവും കുന്തവുമില്ലാതെ കുറെ കഥാപാത്രങ്ങളെയാണ് സംവിധായകൻ ഷാഫി ആദ്യ പകുതിയിൽ പരിചയപ്പെടുത്തുന്നത്. ഒന്നാം പകുതി കണ്ട് നിരാശരായവർ രണ്ടാം ഭാഗമെത്തുന്പോൾ ആദ്യ പകുതിയിലെ രംഗങ്ങളെ കോർത്തിണക്കി ചിരിക്കും, ചിന്തിക്കും, പിന്നെ കൈയടിക്കും തീർച്ച.



തുടക്കത്തിൽ ഇഴച്ചിലോട് ഇഴച്ചിൽ

ഷെർലക് ഹോംസിന്‍റെ കഥകൾ വായിച്ച് ഷെർലക് ടോംസെന്ന് പേര് വീണ തോമസെന്ന കഥാപാത്രമായാണ് ബിജുമേനോൻ ചിത്രത്തിൽ എത്തുന്നത്. ടോംസിന്‍റെ ബാല്യകാലവും വികൃതികളും എല്ലാമായി രസകരമായ തുടക്കമാണ് സംവിധായകൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പക്ഷേ, പിന്നീട് അങ്ങോട്ട് പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള മരുന്ന് കൈമോശം വന്നപോലെയുള്ള കല്ലുകടിയുണ്ട്. ഒരുതരം ഭ്രാന്തൻ കളിയെന്നു വേണമെങ്കിലും പറയാം. പോലീസ് ആകാൻ ആഗ്രഹിച്ച് ഐആർഎസ് (ഇന്ത്യൻ റവന്യൂ സർവീസ്) ഉദ്യോഗത്തിൽ എത്തിപ്പെട്ട ടോംസിന്‍റെ തല്ലിപ്പൊളി ജീവിതം വളരെ ബോറായി തന്നെ ചിത്രീകരിച്ചട്ടുണ്ട്. ഇഴച്ചിലിന് ഒരു പഞ്ഞവുമില്ല.

ശ്രിന്ദ ഓവറാക്കി

ദാന്പത്യ ജീവിതത്തിലുണ്ടായ പാളിച്ചകൾ കാട്ടാൻ ബിജു മേനോനും ശ്രിന്ദയും ആവുന്നത്ര ശ്രമിച്ചപ്പോൾ സംഭവം "ചേട്ടായീസ്' സിനിമയുടെ ഓർമപ്പെടുത്തലായി. പിന്നെ ശ്രിന്ദയുടെ ഡയലോഗ് ഡെലിവറി പലയിടത്തും ഓവറായി പോയത് ചിത്രത്തിന്‍റെ ബാലൻസിംഗ് തന്നെ ഇല്ലാതാക്കി. കാറി കൂവി ശ്രിന്ദ രംഗങ്ങൾ കൈകാര്യം ചെയ്തതോടെ ചിരിക്ക് പകരം മ്ലാനതയിലേക്ക് പ്രേക്ഷകർ വഴുതി വീണു. പാവം ശ്രിന്ദ ശരിക്കും പാടുപ്പെട്ട് അഭിനിയിക്കുന്നുണ്ട്. പക്ഷേ, ഇത്രയ്ക്ക് വേണ്ടിയിരുന്നില്ലായെന്നു പ്രേക്ഷകന് തോന്നുമെന്ന് മാത്രം.



കൗണ്ടറുകൾ ഉഷാറായില്ല

സലിംകുമാറും കൂട്ടരും ചിത്രത്തിൽ ചിരിവിരുന്ന് ഒരുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും അതങ്ങോട്ട് കുറിക്ക് കൊണ്ടില്ല. എൻഫോഴ്സ്മെന്‍റ് ഡിപ്പാർട്ട്മെന്‍റിലേക്ക് പ്രമോഷൻ കിട്ടി ടോംസ് പോകുന്നതോടെയാണ് കഥയ്ക്ക് അല്പം വേഗം കൂടുന്നത്. പക്ഷേ, ഇഴച്ചിലിനെ വിട്ടുപിരിയാൻ മടികാട്ടും പോലെ വീണ്ടും ചിത്രം പതിഞ്ഞ താളത്തിലാണ് ഒന്നാം പകുതി അവസാനിക്കുന്നത്. രണ്ടാം പകുതിയിലേക്ക് കെട്ടഴിക്കാൻ പാകത്തിന് സസ്പെൻസ് ഒരുക്കാൻ തിരക്കഥാകൃത്ത് ഒന്നാം പകുതിയിൽ പലതും ഒളിപ്പിച്ചുവയ്ക്കുകയാണ്.



ആശ്വസിക്കാനുള്ള വക രണ്ടാം പകുതിയിൽ

ഹരീഷ് കണാരനും കോട്ടയം നസീറുമെല്ലാം പോലീസ് വേഷത്തിലെത്തി കോമഡി കളിച്ചപ്പോൾ അതെല്ലാം രസിക്കും വണ്ണം പകർത്താൻ ഛായാഗ്രാഹകൻ ആൽബിക്ക് കഴിഞ്ഞട്ടുണ്ട്. രണ്ടാം പകുതിയിലെ ഏറിയ പങ്കും ഫൈസ്റ്റാർ ഹോട്ടലും പരിസരവുമായി ബന്ധപ്പെട്ട് കിടക്കുന്പോഴും ബോറടിപ്പിക്കാത്ത വിധം കാമറ ചലിപ്പിക്കാൻ ആൽബിക്കായി. പ്രേക്ഷകരെ മുൾമുനയിൽ നിർത്തികൊണ്ടുള്ള ബിജു മേനോന്‍റെ വണ്‍മാൻ ഷോയാണ് രണ്ടാം പകുതിയിൽ കാണാൻ കഴിയുക. ബിജിപാലിന്‍റെ സംഗീതത്തിന് കാര്യമാത്ര പ്രസക്തിയൊന്നും സിനിമയിൽ ഉള്ളതായി തോന്നിയില്ല. പാട്ട് വന്നു പോയി, അത്ര തന്നെ.




സസ്പെൻസാണ് താരം

അവസാന നിമിഷം വരെ സസ്പെൻസ് പൊളിയാതെ കാത്തുസൂക്ഷിക്കാൻ സംവിധായകന് കഴിഞ്ഞുവെന്നതാണ് ചിത്രത്തിന്‍റെ വിജയം. ഒന്നാം പകുതിയിൽ കുത്തഴിഞ്ഞ് കിടന്ന തിരക്കഥയിൽ ഇങ്ങനെ ഒരു സസ്പെൻസ് ഒളിഞ്ഞിരിപ്പുണ്ടെന്ന് ആരും കരുതില്ല. അവിടെയാണ് ഷാഫിയെന്ന സംവിധായകന്‍റെ വിജയം. പക്ഷേ, അതിനായി ഒന്നാം പകുതി ഇത്ര വലിച്ച് നീട്ടേണ്ടിയിരുന്നില്ലായെന്ന് മാത്രം. മിയയും വിജയരാഘവനും കലാഭവൻ ഷാജോണും സുരേഷ് കൃഷ്ണയുമെല്ലാം ചെറുതെങ്കിലും തങ്ങളുടെ വേഷം ഉഷാറായി കൈകാര്യം ചെയ്തു. ബിജു മേനോൻ നന്പറുകളാൽ സന്പന്നമായ രണ്ടാം പകുതി തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. രണ്ടാം പകുതിക്കായി ഒന്നാം പകുതി ചുമ്മാ കണ്ടിരുന്നാൽ ഷെർലക് ടോംസ് നിങ്ങളെ നിരാശരാക്കില്ല.

(സസ്പെൻസിനായി ഇങ്ങനെ വലിച്ച് നീട്ടരുത്, പ്ലീസ്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.