ക്ലാസ് "വില്ലൻ'
Friday, October 27, 2017 5:07 AM IST
തള്ളാനും കൊള്ളാനുമുള്ള സംഗതികൾ വേണ്ടുവോളം "വില്ലൻ' എന്ന ചിത്രത്തിലുണ്ട്. തള്ളേണ്ടതിനെ തള്ളി കൊള്ളേണ്ടതിനെ ഉൾക്കൊണ്ട് മുന്നോട്ടുപോയാൽ നിങ്ങളുടെ ചിന്തകളെ ഉത്തേജിപ്പിക്കാനുള്ള വകയെല്ലാം വില്ലൻ സമ്മാനിക്കും. അപ്രതീക്ഷിതമായ രംഗങ്ങളുടെ കടന്നുവരവാണ് ഒരു ചിത്രത്തെ ത്രില്ലിംഗ് മൂഡിലേക്ക് കൊണ്ടുവരിക. ഇവിടെ പക്ഷേ, അപ്രതീക്ഷിതമായതൊന്നും സംഭവിക്കാതെ തന്നെ ചിത്രം ത്രില്ലിംഗ് മൂഡിലേക്ക് എത്തുകയാണ്. അത്തരമൊരു രസക്കൂട്ടിന്‍റെ രഹസ്യം എന്താണെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണന് മാത്രം അറിയാവുന്ന ഒന്നാണ്.

പുതുപരീക്ഷണങ്ങൾ ഒന്നും അവകാശപ്പെടാനില്ലാത്ത ചിത്രത്തിൽ മോഹൻലാൽ എന്ന നടനെ സംവിധായകൻ വേണ്ടുവോളം ഉപയോഗപ്പെടുത്തിയതോടെ വില്ലന് പുതിയ മാനം കൈവന്നു. സംഭാഷണങ്ങളുടെ വേലിയേറ്റത്തിൽ അകപ്പെട്ടുപോകണ്ട ചിത്രത്തിന് തന്‍റെ ചലനങ്ങൾ കൊണ്ട് പുതുജീവൻ നല്കാൻ മോഹൻലാലിന് സാധിച്ചതോടെ വില്ലൻ ആസ്വാദക പ്രതീക്ഷകൾക്കൊത്ത് ഉയരുകയായിരുന്നു.

അപ്രതീക്ഷിതം പ്രതീക്ഷിക്കേണ്ട

ദാ വരുന്നു ട്വിസ്റ്റെന്ന് മട്ടിലുള്ള സംഭവങ്ങളൊന്നും വില്ലനിൽ ഇല്ല. പതിയെ തുടങ്ങിയ പതിയെ തന്നെ മുന്നോട്ടുപോയി വളരെ പതിയെ തന്നെ അവസാനിക്കുന്ന ചിത്രം. വേഗം കുറവാണെങ്കിലും കൃത്യമായ താളത്തിലാണ് ചിത്രത്തിന്‍റെ പോക്ക്. നഗരത്തെ നടുക്കിയ കൊലപാതകവും അതിന് പിന്നാലെയുള്ള ഓട്ടപാച്ചിലിനിടയിൽ ഫ്ലാഷ് ബാക്കുകളും ഉപകഥകളുമെല്ലാമാണ് സ്ക്രീനിൽ തെളിയുന്നത്. മാത്യൂ മാഞ്ഞുരാൻ (മോഹൻലാൽ) എന്ന പോലീസ് ഓഫീസറുടെ അന്വേഷണ വഴികളാണ് ചിത്രം ഒരുവട്ടം കണ്ടിരിക്കാനുള്ള പാകത്തിലേക്ക് എത്തിക്കുന്നത്. ഡയലോഗുകളും അഭിനേതാക്കളുടെ ചലനങ്ങളും വ്യക്തമായി ശ്രദ്ധിച്ചാൽ അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഉൗഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ സംഭവങ്ങൾ ഒന്നും വില്ലനിൽ പ്രതീക്ഷിക്കരുത്.

മാത്യു മാഞ്ഞൂരാൻ തോളിലേറ്റിയ സിനിമ

ഒറ്റയ്ക്ക് ഒരു ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് മോഹൻലാൽ പലവട്ടം പ്രേക്ഷകരെ കാട്ടിത്തന്നിട്ടുള്ളതാണ്. ഇവിടെ കഥാഗതിക്കോ തിരക്കഥയ്ക്കോ ചലനം ഉണ്ടാക്കാൻ കഴിയാതെ വരുന്നിടത്താണ് വില്ലനെ ഒറ്റയ്ക്ക് നായകൻ തോളിലേറ്റുന്നത്. സൂക്ഷ്മമായ ചലനങ്ങളിലൂടെയും വ്യക്തതയുള്ള സംഭാഷണങ്ങളിലൂടെയും മാത്യൂ മാഞ്ഞുരാൻ തന്‍റെ ജീവിതത്തെ നോക്കി കാണുന്ന രീതി സംവിധായകന് കൃത്യമായി വരച്ചിടാൻ സാധിച്ചു. തുടക്കം മുതൽ അവസാനം വരെ മാത്യു മാഞ്ഞൂരാനായി മോഹൻലാൽ ജീവിച്ചതോടെ ഒരുപിടി നല്ല അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകന് ലഭിക്കുകയായിരുന്നു. ഒരു നടനെ ഉപയോഗിച്ച് ചിത്രത്തിന്‍റെ മറ്റ് പോരായ്മകൾ മറച്ചുപിടിക്കാൻ സംവിധായകൻ ഒരുപരിധി വരെ വിജയിച്ചു.

പശ്ചാത്തല സംഗീതം മികച്ചത്

മാത്യൂ മാഞ്ഞുരാന്‍റെ മാനസിക നിലയെ സംഗീതത്തിൽ സന്നിവേശിപ്പിക്കുക, അതിന് അനുസരിച്ചുള്ള പശ്ചാത്തല സംഗീതം ഒരുക്കുക. ഈ രണ്ടു കാര്യങ്ങൾ സുഷിൻ ശ്യാം കൃത്യമായി നിർവഹിച്ചു. ചിത്രത്തോട് ഓരോരുത്തർക്കും ഇമോഷണലി ഒരു അടുപ്പം തോന്നിക്കും വിധമാണ് പശ്ചാത്തല സംഗീതം കടന്നുപോകുന്നത്. 4 മ്യൂസിക്കിന്‍റെ സംഗീതം കാതിന് സുഖം പകരാതെ കടന്നുപോകുന്പോഴും പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ നെടുംതൂണായി മാറി സംഗീതത്തിൽ കടന്നുകൂടിയ പോരായ്മകൾക്ക് പരിഹാരം കാണുന്നുണ്ട്.

സഹതാരങ്ങൾ തരക്കേടില്ല

ചെന്പൻ വിനോദ്, സിദ്ദിഖ്, രഞ്ജി പണിക്കർ, മഞ്ജുവാര്യർ, വിശാൽ, ഹൻസിക തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കഥയിൽ പ്രാധാന്യം ഉണ്ടെങ്കിലും മഞ്ജു വാര്യർക്കുള്ള സ്ക്രീൻ സ്പേസ് ചിത്രത്തിൽ നന്നേ കുറവാണ്. എങ്കിലും ഡോ.നീലിമയ്ക്ക് ചിത്രത്തിലുള്ള പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് തന്നെ മഞ്ജു തന്‍റെ വേഷം കൈകാര്യം ചെയ്തു. ഇമോഷണൽ രംഗങ്ങൾ ചെയ്യാൻ സിദ്ദിഖിനുള്ള വൈഭവം വില്ലനിലും കാണാം. മലയാളത്തിൽ ആദ്യമായി തല കാണിച്ച വിശാലും ഹൻസികയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

രണ്ടാം പകുതിയിൽ വേഗം കൂടി

ആദ്യ പകുതിയേക്കാൾ രണ്ടാം പകുതിയിലാണ് വില്ലൻ വേഗം കൈവരിക്കുന്നത്. ഛായാഗ്രാഹകന്മാരായ മനോജ് പരമഹംസ, എൻ.കെ.ഏകാംബരം എന്നിവർ മിഴിവുള്ള ഫ്രെയിമുകൾ ചിത്രത്തിന് സമ്മാനിച്ചിട്ടുണ്ട്. തിരക്കഥയിൽ കയറി കൂടിയ കല്ലുകടികൾ ഇടയ്ക്കൊക്കെ ചിത്രത്തെ വല്ലാതെ അലട്ടുന്പോഴും മാഞ്ഞൂരാൻ ചിത്രത്തെ മറ്റൊരു ത്രാസിൽ ബാലൻസ് ചെയ്യുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. വൈകാരിക നിമിഷങ്ങളുടെ ചരട് മോഹൻലാലിനെ ഏൽപ്പിച്ച് വില്ലനെ ഒരു ക്ലാസ് ത്രില്ലറാക്കുകയായിരുന്നു സംവിധായകൻ.

(മോഹൻലാൽ... താങ്കൾ അഭിനേതാക്കൾക്കൊരു പാഠപുസ്തകമാണ്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.