“ലജ്ജാവതിയെ നിന്റെ കള്ളക്കടക്കണ്ണിൽ...’’ ഒരു കാലത്തു കേരളക്കരയിൽ മുഴുവൻ തരംഗമായി മാറിയ ഈ സിനിമാഗാനത്തിൽ ആടിക്കളിച്ച പയ്യനെ മലയാളികൾ ഇന്നും മറന്നിട്ടില്ല. ചടുലമായ നൃത്തച്ചുവടുകളാൽ വിസ്മയിപ്പിച്ച ആ യുവനടൻ പിന്നീട് തമിഴ് സിനിമയിലെ സൂപ്പർ താരമായി മാറി. ആക്ഷനും കോമഡി നന്പറുകളുമൊക്കെയായി തമിഴകത്തു സൂപ്പർഹിറ്റ് സൃഷ്ടിക്കുന്നതിനൊപ്പം മലയാളികളുടെ ഇഷ്ടം നേടാനും ഈ നടനു സാധിച്ചു. അതുകൊണ്ടു തന്നെ ഇടവേളകളിൽ മലയാളത്തിന്റെ വെള്ളിത്തിരയിൽ സാന്നിധ്യം അറിയിക്കാനും ശ്രമിച്ചിരുന്നു. അതേ, മലയാളത്തിലേക്കു നായകനായി തിരികെ എത്തുന്പോഴും ഭരത് പറയുന്നു “ഞാനിപ്പോഴും മലയാളികൾക്കു ലജ്ജാവതി പയ്യൻ...’’
മലയാളത്തിലേക്കു വീണ്ടുമെത്തുന്പോൾ എന്താണ് മനസിൽ?
മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത് ഫോർ ദി പീപ്പിളിലാണ്. പിന്നീട് കൂതറ, ലോർഡ് ലിവിംഗ്സ്റ്റണ് 7000 കണ്ടി, 1000 തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളം എനിക്കു സെക്കൻഡ് ഇൻഡസ്ട്രിയെന്നു പറയാം. 2003-ലാണ് ബോയ്സിലൂടെ സിനിമയിൽ എത്തുന്നത്. അതിനു ശേഷമാണ് ഫോർ ദി പീപ്പിൾ ചെയ്യുന്നത്. എന്റെ സിനിമ ജീവിതത്തിൽ അതുകൊണ്ടു തന്നെ മലയാളത്തിനു വളരെ പ്രാധാന്യമുണ്ട്. ഇവിടെ അഭിനയിച്ച ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. കൂതറയിൽ ലാലേട്ടനൊപ്പവും ലോർഡ് ലിവിംഗ്സ്റ്റണിൽ കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു തുടങ്ങിയ ബ്രില്യന്റായ ഒരുപിടി നടന്മാർക്കൊപ്പവും അഭിനയിക്കാൻ സാധിച്ചു.
സിക്സ് അവേഴ്സിൽ നായകനായി എത്തുന്നത്?
മലയാളത്തിൽ കുറച്ചു സിനിമ മാത്രമേ ചെയ്തുള്ളു എങ്കിലും നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു. ഇപ്പോൾ സിക്സ് അവേഴ്സ് എന്ന ചിത്രത്തിലൂടെ തിരികെ എത്തുകയാണ്. പക്കാ ത്രില്ലർ മൂഡിലുള്ള കഥയാണ് ചിത്രം പറയുന്നത്. ഞാൻ നായകനായ സിംബയുടെ കാമറാമാൻ മലയാളിയായ സിനു സിദ്ധാർത്ഥാണ്. അദ്ദേഹത്തിന്റേതാണ് സിക്സ് അവേഴ്സിന്റെ കഥ. വണ് ലൈൻ പറഞ്ഞപ്പോൾ തന്നെ സിംഗിൾ ഹീറോ ആയി മലയാളത്തിലേക്ക് എത്താൻ നല്ലൊരു സിനിമയായിരിക്കും ഇതെന്നു തോന്നി. ഒരു ഡാർക്ക് റിവഞ്ച് ത്രില്ലറാണ് ചിത്രം. രണ്ടു കാലഘട്ടത്തിൽ ഏറെ സംഘർഷഭരിതമായ സംഭവങ്ങളിലൂടെ കടന്നു പോകുന്ന ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പേരു സൂചിപ്പിക്കും പോലെ ആറു മണിക്കൂറിനു ചിത്രത്തിൽ വളരെ പ്രാധാന്യമുണ്ട്.
ലജ്ജാവതിയിലെ ഡാൻസറായി കണ്ട ഭരതിൽ നിന്നും സിക്സ് അവേഴ്സിലെ നായകനായി എത്തുന്പോഴുള്ള വളർച്ച?
ഫോർ ദി പീപ്പിളിലേക്കു സംവിധായകൻ ജയരാജ് സാറാണ് വിളിക്കുന്നത്. അവിടെയും എനിക്കു ശ്രദ്ധ നേടിത്തന്നത് ലജ്ജാവതി എന്ന ഗാനമാണ്. അഭിനയിക്കുന്ന സമയത്ത് ആ പാട്ട് അത്ര ഹിറ്റാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഒരു ദിവസംകൊണ്ടാണ് ആ പാട്ടു ചിത്രീകരിക്കുന്നത്. സിനിമ റിലീസ് ചെയ്തപ്പോൾ ലജ്ജാവതി എന്ന പാട്ട് ഫോർ ദി പീപ്പിളിന്റെ തന്നെ ഐഡന്റിറ്റിയായി മാറി. അന്നുമുതൽ മലയാളികളുടെ ഇഷ്ടം എനിക്കു കിട്ടുന്നുണ്ട്. തമിഴിൽ നിന്ന് എത്തിയ കാതൽ, എം മകൻ തുടങ്ങിയ ചിത്രങ്ങളൊക്കെ മലയാളികൾ കണ്ടതാണെങ്കിലും എന്നെ അവർ ഇപ്പോഴും ഓർക്കുന്നത് ലജ്ജാവതി പാട്ട് പറഞ്ഞുകൊണ്ടാണ്. ഇപ്പോഴും മലയാളത്തിൽ നല്ല സിനിമകളുടെ ഭാഗമാകാൻ സാധിക്കുന്നതിലാണ് സന്തോഷം.
നിരവധി യുവനടന്മാർ ഇപ്പോൾ ഭാഷയ്ക്കതീതമായി സജീവമാകുന്നുണ്ടല്ലോ?
ഭാഷയുടെ അതിരിനും അപ്പുറത്തേക്ക് സിനിമ ഇന്നു വളർന്നിരിക്കുന്നു. ദുൽഖർ സൽമാൻ ഇപ്പോൾ തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ ചെയ്യുകയാണ്. ഫഹദ് ഫാസിലും ടോവിനോയും തമിഴിൽ അഭിനയിച്ചു കഴിഞ്ഞു. മുന്പ് ലാലേട്ടനും മമ്മൂക്കയും തമിഴിലും രജനികാന്ത്, കമൽഹാസൻ തുടങ്ങിയവർ മലയാളത്തിലും നിരവധി സിനിമകൾ ചെയ്തവരാണ്. ഇപ്പോൾ ആ ട്രെൻഡ് തിരികെ എത്തിയിരിക്കുകയാണ്. ധാരാളംപേർ തമിഴിലേക്ക് എത്തുന്നു. അവിടെ നിന്നും വിശാലും വിജയ് സേതുപതിയും ഇവിടേക്കും എത്തിക്കഴിഞ്ഞു. സൗത്തിന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും പ്രഗത്ഭവും ക്രിയേറ്റീവായമുള്ള മികച്ച സിനിമകൾ വരുന്നതു മലയാളത്തിൽ നിന്നുമാണ്. ബജറ്റിന്റെ കാര്യത്തിൽ മാത്രമാണ് ഇവിടെ കുറവുള്ളത്. പക്ഷേ, ക്രിയേറ്റിവിറ്റിയിൽ മലയാളസിനിമ വളരെ ഉയരത്തിലാണ്.
മലയാള സിനിമയിലെ താരങ്ങളിൽ സുഹൃത്തുക്കൾ ആരൊക്കെയാണ്?
ടോവിനോയും സണ്ണി വെയ്നുമാണ് മലയാളത്തിൽ അടുത്ത സുഹൃത്തുക്കൾ. കൂതറയിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു. ടോവിനോ കരിയർ ആരംഭിച്ച സമയമാണ് അപ്പോൾ. നല്ല വിഷനും ഹാർഡ് വർക്കുമാണ് ടോവിനോയെ ഇന്നത്തെ താരപദവിയിലേക്ക് എത്തിച്ചത്. കുഞ്ചാക്കോ ബോബനുമായും നല്ല സുഹൃദ് ബന്ധമുണ്ട്.
പരാജയം സംഭവിക്കുന്പോൾ അതിനെ തരണം ചെയ്യുന്നത്?
വളരെ പ്രതീക്ഷയോടെ ഒരു ചിത്രത്തിൽ വർക്കു ചെയ്താലും ചിലപ്പോൾ അതു പരാജയമാകാം. അത് ഏറെ ബാധിക്കുന്നത് ക്യാരക്ടർ വേഷം ചെയ്തവരേക്കാൾ നായക കഥാപാത്രത്തെ അവതരിപ്പിച്ച ആളിനെയായിരിക്കും. കരിയറിന്റെ തുടക്കകാലത്ത് എനിക്കും പരാജയം സംഭവിച്ചാൽ അത് അംഗീകരിക്കാൻ കുറച്ചു പ്രയാസമായിരുന്നു. പക്ഷേ, ഇന്നു വിജയപരാജയങ്ങളെ പോസിറ്റീവായി സ്വീകരിക്കാൻ സാധിക്കുന്നു. ഇത്രയും വർഷത്തെ എക്സ്പീരിയൻസിലൂടെ ശീലിച്ചതാണ് അത്.
പുതിയ പ്രോജക്ടുകൾ ?
ആക്ഷൻ ത്രില്ലർ ചിത്രം കാളിദാസാണ് അടുത്ത റിലീസ്. ഞാൻ ആദ്യമായി മുഴുനീള പോലീസ് കഥാപാത്രമായി എത്തുന്ന ചിത്രമാണത്. അതിനു ശേഷം ഒരു വെബ് സീരീസ് ഉണ്ട്. സൈക്കോളജിക്കൽ ത്രില്ലർ നടുവനാണ് മറ്റൊരു പ്രോജക്ട്. മലയാള ചിത്രം സിക്സ് അവേഴ്സും ഈ വർഷത്തെ ഏറെ പ്രതീക്ഷയുള്ള പ്രോജക്ടാണ്.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.