തൊണ്ടിമുതലും ദൃക്സാക്ഷിയും
Monday, June 26, 2017 4:19 AM IST
"മഹേഷിന്‍റെ പ്രതികാരം' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ ഒരുക്കുന്ന "തൊണ്ടിമുതലും ദൃക്സാക്ഷിയും' റിലീസിന് തയാറായി. ഉർവശി തിയേറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം. തോമസും ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ നായകൻ ഫഹദ് ഫാസിലാണ്.

സാധാരണക്കാരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ കഥാവികസനം. യഥാർഥ ജീവിതവുമായി ബന്ധമുള്ള കഥ, കഥാപാത്രങ്ങൾ, ഏറെ റിയലിസ്റ്റിക്കായ അവതരണം എന്നിവ തന്നെയാണ് പുതിയ ചിത്രത്തിലും സംവിധായകൻ പരീക്ഷിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫഹദിന് പുറമേ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേശീയ അവാർഡ് ജേതാവ് സുരാജ് വെഞ്ഞാറമൂടാണ്.



കായൽക്കരയിൽ നിന്നും നഗരത്തിലെത്തുന്ന പ്രസാദ്, ശ്രീജ എന്നിവരിലൂടെയാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ടുപോകുന്നത്. ഇവരുടെ പ്രണയത്തിലേക്കും ജീവിതത്തിലേക്കും മൂന്നാമതൊരാൾ കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. പ്രസാദായി സ്ക്രീനിൽ എത്തുന്നത് സുരാജാണ്. ശ്രീജയായി പുതുമുഖം നിമിഷയും വേഷമിടുന്നു. ഇവരുടെ ജീവിതത്തിലേക്ക് വരുന്ന മൂന്നാമന്‍റെ വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നത്.

കാസർഗോഡാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. വൈക്കം, ചേർത്തല പ്രദേശങ്ങളും ലൊക്കേഷനായി. അലൻസിയർ, വെട്ടുക്കിളി പ്രകാശ്, സംവിധായകൻ ശ്രീകാന്ത് മുരളി, കലേഷ് കണ്ണാട്ട്, എസ്.കെ. മിനി, കാസർഗോഡ് സിഐ ജോസ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

രാജീവ് രവിയാണ് ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്. സജീവ് പാഴൂരാണ് ചിത്രത്തിന് രചന നിർവഹിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ബിജിപാൽ ഈണം പകരുന്നു. എഡിറ്റിംഗ് കിരണ്‍ ദാസും നിർവഹിക്കുന്നു. കലാസംഘം കാസ് റൈറ്റ് റിലീസ് ചിത്രം പ്രദർശനത്തിനെത്തിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.