ചൈനയെ പ്രതിരോധിക്കാൻ
ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ചുകൊണ്ട് ഇന്ത്യ തുടങ്ങിവച്ചിരിക്കുന്ന ഉപരോധതന്ത്രം ചൈനയ്ക്കുള്ള വ്യക്തമായ ഒരു മുന്നറിയിപ്പു തന്നെയാണ്.
ഹിന്ദി- ചീനി ഭായി ഭായി സൗഹൃദമന്ത്രം ഉച്ചസ്ഥായിയിൽ മുഴങ്ങിയ കാലത്ത് ഇന്ത്യൻ മണ്ണിൽ കടന്നുകയറി അതിക്രമം കാട്ടിയ ചൈനയുടെ 1962ലെ ചതിപ്രയോഗം ഇന്ത്യക്കാർ പലരും മറന്നുതുടങ്ങുന്ന വേളയിലാണ് ഏതാനും ആഴ്ച മുന്പ് ലഡാക്ക് അതിർത്തിയിലെ ഗൽവാൻ താഴ്വരയിൽ ചൈനീസ് പട്ടാളത്തിന്റെ നുഴഞ്ഞുകയറ്റം വീണ്ടുമുണ്ടാകുന്നത്. ഉഭയകക്ഷി ധാരണകളും അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുകൊണ്ടുള്ള ചൈനയുടെ അധിനിവേശശ്രമം വിവിധ തലങ്ങളിലൂടെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനം രാജ്യത്തുയർന്നു. ഇങ്ങനെ ചൈനയ്ക്കെതിരേ രോഷം പടരുന്നതിനിടെയാണ് 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്കു വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ ഒരു ഡിജിറ്റൽ യുദ്ധംതന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന വിലയിരുത്തലിൽ ടിക്ടോക്, യുസി ബ്രൗസർ, ഷെയർ ഇറ്റ് തുടങ്ങി യുവതലമുറയ്ക്കു ഹരമായ കുറെയേറെ മൊബൈൽ ആപ്പുകൾ നിരോധിച്ചുകൊണ്ടു കേന്ദ്രം നൽകുന്നതു സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്ന വ്യക്തമായ സന്ദേശമാണ്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്താണു വിവരസാങ്കേതികവിദ്യാ നിയമത്തിലെ 69 എ വകുപ്പ് പ്രകാരമുള്ള നടപടി. രാജ്യത്തിന്റെ പരമാധികാരം, പ്രതിരോധം, ദേശീയ സുരക്ഷ എന്നിവയ്ക്കു ഹാനികരമാണു നിരോധിക്കപ്പെട്ട ചൈനീസ് ആപ്ലിക്കേഷനുകളെന്ന് ഐടി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ചൈനയിൽ മുതൽമുടക്കുള്ളതോ ചൈനക്കാർക്കു മുതൽമുടക്കുള്ളതോ ആയ കന്പനികളുടെ മൊബൈൽ ആപ്പുകളാണു നിരോധിക്കപ്പെട്ടത്. ഇവയിൽ ചിലതിന്റെ ഉടമകൾ ചൈനീസ് പശ്ചാത്തലം പ്രസിദ്ധപ്പെടുത്താതെ മറ്റു രാജ്യങ്ങളിൽനിന്നു പ്രവർത്തിക്കുന്നവരാണ്. ബെയ്ജിംഗ് കേന്ദ്രമായുള്ള ബൈറ്റ് ഡാൻസ് എന്ന ഇന്റർനെറ്റ് ടെക്നോളജി കന്പനിയാണു നിരോധിക്കപ്പെട്ട ആപ്പുകളിൽ ഏറ്റവും പ്രചാരമുള്ള ഒന്നായ ടിക്ടോക്കിന്റെ ഉപജ്ഞാതാക്കൾ. നൃത്തം, കോമഡി, മറ്റു കഴിവുകൾ എന്നിവ അവതരിപ്പിക്കുന്ന ചെറു വീഡിയോകൾ നിർമിച്ചു പ്രദർശിപ്പിക്കാനുള്ള പ്ലാറ്റ്ഫോം എന്ന നിലയിലാണു ടിക്ടോക് തരംഗമായത്. ലോകത്ത് ഏറ്റവും കൂടുതൽ ടിക്ടോക് ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ് എന്നത് ഇതിന്റെ ജനകീയത വ്യക്തമാക്കുന്നു. എന്നാൽ, ടിക്ടോക്കിൽ അശ്ലീല വീഡിയോകളുടെ അതിപ്രസരമാണെന്നു ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ കേന്ദ്രസർക്കാരിനോട് അതു നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിലൂടെ സദാചാര മൂല്യങ്ങൾ ലംഘിക്കപ്പെടുന്ന പ്രവണതയിൽ വിഷമമുള്ളവരുടെ ആശങ്കയ്ക്കും ഒരു ചെറുപരിഹാരം ഈ നിരോധനത്തിലൂടെ ഉണ്ടാകുന്നുണ്ട് എന്നതും ഒരു നല്ല കാര്യമായി കാണണം.
ചൈനീസ് കന്പനിയുമായി ഉണ്ടാക്കിയ ഒരു കരാർ ഈയിടത്തെ അതിർത്തിസംഘർഷത്തിനു പിന്നാലെ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. പഞ്ചാബ് മുതൽ ജാർഖണ്ഡ് വരെയുള്ള ചരക്കുഗതാഗത ഇടനാഴി പദ്ധതിയിൽനിന്നാണ് ചൈന റെയിൽവേ സിഗ്നൽസ് ആൻഡ് കമ്യൂണിക്കേഷൻസ് എന്ന കന്പനിയെ ഒഴിവാക്കിയത്. അതേസമയം, പ്രബലമായ ഒരു രാജ്യത്തിന്റെ ഉത്പന്നങ്ങളുടെ പൂർണമായ ബഹിഷ്കരണം സാന്പത്തിക യുദ്ധത്തിന്റെ പേരിൽ സാധ്യമാകില്ലെന്നും അത് ഇന്ത്യക്കും തിരിച്ചടിയുണ്ടാക്കിയേക്കാമെന്നും ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. സാധാരണക്കാർ ഇന്ത്യൻ ഉത്പന്നങ്ങളെന്നു കരുതുന്ന പല വസ്തുക്കളും നിർമിക്കുന്നതു ചൈനയിലാണ്. അസംസ്കൃത വസ്തുക്കളുടെ വിലനിയന്ത്രണവും മനുഷ്യാവകാശങ്ങൾക്കും തൊഴിൽനിയമങ്ങൾക്കും വലിയ വിലയില്ലാത്തതും, വിലക്കുറവിൽ മികച്ച ഉത്പന്നം വിപണിയിലെത്തിക്കാൻ ചൈനയെ സഹായിക്കുന്നു. ചൈനയിലെ ഇന്ത്യൻ കന്പനികൾ അടച്ചുപൂട്ടാൻ അവർ പറയുകയാണെങ്കിൽ നമുക്കും വലിയ നഷ്ടമുണ്ടാകും. ഉത്പന്നനിർമാണത്തിൽ ചൈനയോടു മത്സരിക്കാവുന്ന സ്ഥിതി ഉണ്ടാക്കാതെ വ്യാപാരവിലക്കുകൊണ്ടു ചൈനയെ നേരിടുക പ്രായോഗികമല്ല.
കടന്നുകയറ്റമാണു മികച്ച പ്രതിരോധം എന്ന തന്ത്രമാണു ചൈന പയറ്റുന്നത്, വ്യാപാരത്തിലും നയതന്ത്രത്തിലും അതിർത്തിത്തർക്കത്തിലുമെല്ലാം. ജനാധിപത്യ വഴക്കങ്ങളെ മാനിക്കുകയും നയതന്ത്ര മര്യാദകൾ പാലിക്കുകയും ചെയ്യുന്ന ഇന്ത്യക്കു ചൈനയുടെ വഴികൾ പിന്തുടരാനാവില്ല എന്നതു നേര്. എന്നാൽ, ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ചുകൊണ്ട് ഇന്ത്യ തുടങ്ങിവച്ചിരിക്കുന്ന ഉപരോധതന്ത്രം ചൈനയ്ക്കുള്ള വ്യക്തമായ ഒരു മുന്നറിയിപ്പു തന്നെയാണ്.