ചെല്ലാനം നിവാസികളുടെ രോദനം കണ്ടില്ലെന്നു നടിക്കരുത്
ശാശ്വതപരിഹാരമാണ് ചെല്ലാനത്തു വേണ്ടത്. അതിന് വിദഗ്ധപഠനം അനിവാര്യമാണെങ്കിൽ കാലതാമസമില്ലാതെ അതു നടത്തണം.
കുമ്പളങ്ങി സ്വദേശിനി മേരിക്ക് ചെല്ലാനം നിവാസികളോടു തോന്നിയ അനുകമ്പയെങ്കിലും സംസ്ഥാന സർക്കാരിനുണ്ടായിരുന്നെങ്കിൽ... ഓർമയില്ലേ, കഴിഞ്ഞ ഓഗസ്റ്റിൽ കടൽക്ഷോഭത്തിൽ ദുരിതക്കയത്തിലായ ചെല്ലാനത്തു വിതരണം ചെയ്യാൻ കണ്ണമാലി പോലീസ് സ്വരൂപിച്ച പൊതിച്ചോറിൽ നൂറു രൂപ ഭദ്രമായി പൊതിഞ്ഞു വച്ച മേരി സെബാസ്റ്റ്യൻ എന്ന വീട്ടമ്മയെ. തൊഴിലുറപ്പു പദ്ധതിയിൽനിന്നു കിട്ടിയ തുച്ഛമായ വരുമാനത്തിൽനിന്നാണ് മേരി നൂറു രൂപ മിച്ചംവച്ച് ചെല്ലാനത്തെ ഏതെങ്കിലുമൊരാൾക്ക് ഉപകാരപ്പെടട്ടെ എന്നു കരുതി പൊതിച്ചോറിൽ പൊതിഞ്ഞുവച്ചത്. മേരിയെ അഭിനന്ദിക്കാൻ നാടൊന്നാകെ അണിനിരക്കുകയും ചെയ്തു. ചെല്ലാനം നിവാസികളുടെ വേദന മനസിലാക്കാൻ മേരിക്കു കഴിഞ്ഞു. എന്നാൽ നമ്മുടെ മന്ത്രിമാർക്കും ഉദ്യാഗസ്ഥർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
19.5 ചതുരശ്ര കിലോമീറ്ററിൽ തിങ്ങിപ്പാർക്കുന്ന 34,000 ജനങ്ങൾ അനുഭവിക്കുന്നത് കടലോളം ദുരിതമാണ്. ജനസംഖ്യയിൽ 30 ശതമാനത്തോളം മത്സ്യത്തൊഴിലാളികളുമാണ്. ചെല്ലാനം മേഖലയിലെ 16 കിലോമീറ്ററോളം തീരത്ത് കഴിഞ്ഞ പത്തുവർഷമായി കടൽക്കയറ്റം അതിരൂക്ഷമാണ്. നിരവധിപ്പേർക്ക് വീടുകൾ നഷ്ടമായിട്ടുണ്ട്. ജീവനോപാധിയായ മീൻപിടിത്ത ഉപകരണങ്ങളടക്കം നശിച്ചതിന്റെ നഷ്ടങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്. കടൽക്ഷോഭത്തിന്റെ നാളുകളിൽ മരണം മുന്നിൽക്കണ്ടാണ് ചെല്ലാനത്തെ തീരവാസികൾ ദിനരാത്രങ്ങൾ തള്ളിവിടുന്നത്. തൊഴിലും വരുമാനവും നിലയ്ക്കുമ്പോൾ ജീവൻകൂടി അപകടത്തിലാകുന്നതിന്റെ വേദന ചെല്ലാനത്തുകാരോളം അനുഭവിച്ചിട്ടുള്ളവർ കേരളത്തിലെവിടെയും ഉണ്ടാകില്ല.
കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടിയതാണ് തങ്ങളുടെ നിത്യദുരിതത്തിനു കാരണമെന്നും അവർ വിശ്വസിക്കുന്നു. രാജ്യത്തെ പ്രശസ്തവും സംസ്ഥാനത്തെ ഏറ്റവും വാണിജ്യപ്രാധാന്യമുള്ളതുമാണ് കൊച്ചി തുറമുഖം. 1920-ൽ ബ്രിട്ടീഷ് എൻജിനിയർ രൂപകല്പനചെയ്തപ്പോൾത്തന്നെ കൊച്ചി തുറമുഖത്തിന്റെ പാരിസ്ഥിതിക ആഘാതം ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹം നിർദേശിച്ച പുലിമുട്ടുകൾ നിർമിച്ചില്ലെന്നു മാത്രമല്ല തുറമുഖത്തിന്റെ ആഴം അഞ്ച് മീറ്റിൽനിന്ന് 15 മീറ്ററായി കൂട്ടുകയും ചെയ്തു. ഇതുവഴി കൊച്ചി തുറമുഖത്തിന്റെ വ്യാപാരം പലമടങ്ങ് വർധിച്ചിട്ടുണ്ട്. വല്ലാർപാടം ടെർമിനലിലേക്ക് പടുകൂറ്റൻ കപ്പലുകൾക്കുവരെ എത്താനും കഴിയുന്നു. കൊച്ചി നഗരത്തിന്റെ വളർച്ചയിൽ നിർണായക സംഭാവനയാണ് തുറമുഖം നൽകിയിരിക്കുന്നത്. അതുവഴി കേരളത്തിന്റെ മൊത്തംവികസനത്തിനും ഉണർവുണ്ടായിട്ടുണ്ട്.
ഇത്തരമൊരു വൻകിട വികസന പദ്ധതിക്ക് ഇരകളായിത്തീർന്നവരെ പതിവുപോലെ നാം മറന്നതിന്റെ പരിണതഫലമാണ് ചെല്ലാനം നിവാസികൾ അനുഭവിക്കുന്നത്. ചെല്ലാനത്തു കടൽക്ഷോഭം രൂക്ഷമാകുമ്പോൾ സന്ദർശനത്തിനെത്തുന്ന നേതാക്കൾ നൽകിയ വാഗ്ദാനങ്ങളിൽ അല്പമെങ്കിലും നിറവേറ്റിയിരുന്നെങ്കിൽ എന്നാശിക്കുന്നവരാണ് ഇവിടത്തുകാർ. ഒടുവിൽ ഗത്യന്തരമില്ലാതായപ്പോഴാണ് ഇവർ സമരത്തിനിറങ്ങിയത്. 2019ലെ കാലവർഷത്തിൽ ആരംഭിച്ച ഇവരുടെ സഹനസമരം ഇപ്പോഴും തുടരുകയാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇപ്പോൾ വീടുകളിലാണ് ഇവർ അനിശ്ചിതകാല റിലേ നിരാഹാരസമരം നടത്തുന്നത്. പൊതുമുതൽ നശിപ്പിച്ചും പൊതുജനത്തിനു ദുരിതമുണ്ടാക്കിയുമല്ല ഇവരുടെ സമരമെന്നതിനാലാകണം അധികൃതർ കണ്ടതായിപ്പോലും നടിച്ചിട്ടില്ല. അക്രമസമരങ്ങൾ ഉണ്ടായാൽ മാത്രമേ ശ്രദ്ധിക്കൂ എന്ന ഭരണാധികാരികളുടെ ധാർഷ്ട്യത്തിനു മുന്നിൽ മുട്ടുമടക്കാൻ ചെല്ലാനത്തുകാർ ഇതുവരെ തയാറായിട്ടുമില്ല.
ശാശ്വതപരിഹാരമാണ് ചെല്ലാനത്തു വേണ്ടത്. അതിന് വിദഗ്ധപഠനം അനിവാര്യമാണെങ്കിൽ കാലതാമസമില്ലാതെ അതു നടത്തണം. പുലിമുട്ട് നിർമാണമാണ് വേണ്ടതെങ്കിൽ അതു ചെയ്യണം. കടൽഭിത്തി കെട്ടിയുള്ള സംരക്ഷണനീക്കം പാളിയനിലയിലാണ്. കല്ലിന് ക്ഷാമമുള്ളതിനാൽ ജിയോ ട്യൂബുകൾ ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമിക്കാൻ പദ്ധതിയിട്ടെങ്കിലും അതും പാതിവഴിയിൽ നിലച്ചു. ജിയോ ട്യൂബുകൾ കരയിലാണോ കടലിലാണോ സ്ഥാപിക്കേണ്ടത് എന്നുപോലും അധികൃതർക്കു നിശ്ചയമില്ല. ഇതേക്കുറിച്ച് വേണ്ടത്രപഠനം നടത്താൻ ഉദ്യോഗസ്ഥർക്കും താത്പര്യമില്ല. ജനങ്ങളുടെ ദുരിതം പരിഹരിക്കലല്ല ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന സമീപനമാണ് കാണാൻകഴിയുന്നത്.
ചെല്ലാനത്തിന്റെ പേരിൽ എല്ലാക്കാലവും വലിയൊരു തുക തട്ടിയെടുക്കാനാണ് കരാറുകാരും ഉദ്യോഗസ്ഥരും ശ്രമിക്കുന്നത് എന്നാണ് നാട്ടുകാർ സംശയിക്കുന്നത്. അതിനു കൂട്ടുനിൽക്കുകയാണ് മാറിമാറിവരുന്ന സർക്കാരുകൾ എന്നും അവർക്കു പരാതിയുണ്ട്.
ചെല്ലാനത്തിന്റെ കഷ്ടതകൾ അറിയാത്തവരല്ല കേരളത്തിലെ ഭരണാധികാരികൾ. പാവപ്പെട്ട കടലോരവാസികളുടെ രോദനത്തിന് അവർ അത്രമാത്രമേ വിലകൽപ്പിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ കടലോരവാസികളെ രക്ഷകരായിക്കണ്ട് വാനോളം പുകഴ്ത്തിയവർ അവരുടെ കഷ്ടതകൾ തീർത്തും അവഗണിക്കുകയാണ്. പാവപ്പെട്ട തീരവാസികളോടുള്ള ഈ അവഗണന കേരളത്തിന് അപമാനമാണ്. എന്തുവിലകൊടുത്തും ചെല്ലാനം നിവാസികളെ രക്ഷിക്കാൻ സർക്കാർ തയാറാകണം. അവരുടെ സമരം ജീവിക്കാനുള്ള അവകാശത്തനുവേണ്ടി മാത്രമുള്ളതാണ്. അതിന് അർഹിക്കുന്ന പരിഗണന നൽകണം.