മയക്കുമരുന്നിന്റെ നീരാളിക്കൈകൾ
പോലീസിന്റെയും എക്സൈസിന്റെയും സ്ഥാപനാധികൃതരുടെയും കർക്കശ നിരീക്ഷണങ്ങളുണ്ടായിട്ടും മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളും വിദ്യാർഥികളുടെ പക്കൽ യഥേഷ്ടം എത്തുന്നു എന്നതാണു ഞെട്ടിക്കുന്ന കാര്യം. ജാഗ്രതയിൽ എവിടെയോ കുറവുകളുണ്ട് എന്നാണല്ലോ ഇതു സൂചിപ്പിക്കുന്നത്.
കേരളസമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണ്? വാർത്തകളിൽ വരുന്ന ഓരോരോ സംഭവങ്ങൾ കാണുന്പോൾ, പ്രതികരണശേഷി നഷ്ടപ്പെടാത്തവർ ചോദിച്ചുപോകുന്നു. മയക്കുമരുന്ന് ഉപയോഗം വെളിപ്പെടുത്തിയതിനു കളമശേരിയിൽ പതിനേഴുകാരൻ സുഹൃത്തുക്കളുടെ ക്രൂരമർദനത്തിനിരയായ സംഭവം സമൂഹത്തിലെ മൂല്യച്യുതിയുടെയും കുറ്റകൃത്യ വ്യാപനത്തിന്റെയും വ്യക്തമായ സൂചനയാണു നല്കുന്നത്. പതിനേഴുകാരനെ ഒരു കെട്ടിടത്തിന്റെ ടെറസിൽ കൊണ്ടുപോയി അർധനഗ്നനാക്കി മർദിക്കുകയായിരുന്നു. മെറ്റലിൽ മുട്ടുകുത്തി നിർത്തിയശേഷം അക്രമികൾ മുഖത്തടിക്കുന്നതും പുറത്തിടിക്കുന്നതും അടിവയറ്റിൽ ചവിട്ടുന്നതുമൊക്കെ ഇതിന്റെ വീഡിയോയിൽ കാണാം.
സംഭവത്തിൽ പോലീസ് പിടികൂടിയ ഏഴുപേരിൽ ആറുപേരും പ്രായപൂർത്തിയാകാത്തവരാണ്. ഇത്ര ചെറുപ്രായത്തിൽ തന്നെ ഇവർ മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങി എന്നുമാത്രമല്ല, ആ വിവരം പുറത്തറിയിക്കുന്നവരെ മർദിച്ചൊതുക്കാൻ മടിയില്ലാത്തവരായി മാറിയിരിക്കുന്നു എന്നതുമാണ് ഞെട്ടിക്കുന്ന കാര്യം. നാടിന്റെ പുരോഗതിയെക്കുറിച്ചു നാം നടത്തുന്ന അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാണിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ.
മർദനത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണു സംഭവം പുറത്തറിയുന്നതും കേസാകുന്നതും. അറിയാതെപോകുന്ന ഇത്തരം എത്രയോ സംഭവങ്ങളുണ്ടാകും? ഈ മർദനം നടന്ന മേഖലയിൽ മയക്കുമരുന്നു ലോബി പിടിമുറുക്കിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു. പോലീസ് അതറിഞ്ഞില്ലേ? അറിഞ്ഞാലും രാഷ്ട്രീയ- പണ സ്വാധീനങ്ങളുടെ മറവിൽ പ്രതികൾ രക്ഷപ്പെട്ടുപോവുകയാണു മിക്കപ്പോഴും. മയക്കുമരുന്ന് മാഫിയ യുവാക്കളെയും കുട്ടികളെയുമാണ് ഇപ്പോൾ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മയക്കുമരുന്നുപയോഗം ഭയാനകമാംവിധം വർധിക്കുന്നതായി കേരള പോലീസ് 2019-ൽ കേരള ഹൈക്കോടതിയിൽ നല്കിയ ഒരു റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ യുവജനങ്ങളിൽ 31.8 ശതമാനംപേർ മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്നവരോ പുകവലി ശീലമുള്ളവരോ ആണെന്നാണ് ആ റിപ്പോർട്ടിലെ കണ്ടെത്തൽ. പോലീസിന്റെയും എക്സൈസിന്റെയും സ്ഥാപനാധികൃതരുടെയും കർക്കശ നിരീക്ഷണങ്ങളുണ്ടായിട്ടും മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളും വിദ്യാർഥികളുടെ പക്കൽ യഥേഷ്ടം എത്തുന്നു എന്നതാണു ഞെട്ടിക്കുന്ന കാര്യം. ജാഗ്രതയിൽ എവിടെയോ കുറവുകളുണ്ട് എന്നാണല്ലോ ഇതു സൂചിപ്പിക്കുന്നത്.
രാജ്യത്തിന്റെ മയക്കുമരുന്നു തലസ്ഥാനമാകാനുള്ള നെട്ടോട്ടത്തിലാണു കേരളം എന്നതാണു ഭയാനകമായ വസ്തുത. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഉപയോഗമുള്ള സംസ്ഥാനമായ പഞ്ചാബിന്റെ തൊട്ടുപിന്നിലാണു കേരളത്തിന്റെ സ്ഥാനം. പാക്കിസ്ഥാനിൽനിന്നു വൻതോതിൽ മയക്കുമരുന്ന് അതിർത്തി കടന്നു വരുന്നത് പഞ്ചാബിൽ മയക്കുമരുന്നുപയോഗം കൂടാൻ ഒരു കാരണമാകാം. എന്നാൽ, കേരളത്തിന് അത്തരം ന്യായങ്ങളൊന്നും പറയാനില്ല. മാത്രമല്ല, അയൽസംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും രേഖപ്പെടുത്തപ്പെട്ട മയക്കുമരുന്ന് കേസുകളുടെ എണ്ണം ഇവിടത്തേക്കാൾ വളരെ കുറവാണ് എന്നതും ശ്രദ്ധിക്കണം. ഇവിടെ മയക്കുമരുന്നു കടത്തും കച്ചവടവും വളരെക്കൂടുതലാണ് എന്നാണതിനർഥം.
പഞ്ചാബിൽ പിടികൂടുന്ന മയക്കുമരുന്നിൽ കൂടുതലും ഹാഷിഷും ഹെറോയിനും കറുപ്പുമാണെങ്കിൽ കേരളത്തിൽ കൂടുതലും കഞ്ചാവാണ്. ബംഗളൂരു പോലുള്ള വൻനഗരങ്ങളിൽ ലഭ്യമായ എംഡിഎംഎ പോലുള്ള വളരെ അപകടകാരികളായ മയക്കുമരുന്നുകളും കേരളത്തിലെ വിദ്യാർഥികളിൽ എത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്പോൾ എത്ര വലിയ വിപത്തിലാണു നാമെന്നു തിരിച്ചറിയണം.
നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2019-ൽ ഇന്ത്യയിൽ 3,42,045 കിലോ കഞ്ചാവും 4,400 കിലോ കറുപ്പും 3,000 കിലോ ഹെറോയിനും പിടികൂടി. ഇത് യഥാർഥ സപ്ലൈയുടെ 5-8 ശതമാനമേ വരൂ എന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. ഇന്ത്യയിൽ പത്തു വയസിനും 75 വയസിനും ഇടയിലുള്ള ആളുകളിൽ 2.1 ശതമാനം പേർ, അതായത് രണ്ടേകാൽ കോടി ആളുകൾ, മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്.
ആഗോളതലത്തിൽ ഇത് 0.7 ശതമാനം മാത്രമാണ്. പണ്ടൊക്കെ സാമൂഹ്യവിരുദ്ധരും ക്രിമിനലുകളും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുമാണു മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നായിരുന്നു ധാരണ. എന്നാലിപ്പോൾ മേലേത്തട്ടിലുള്ളവരും ഉന്നതരുമൊക്കെ മയക്കുമരുന്നിന്റെ അടിമകളായുണ്ട് എന്ന സത്യം നാം തിരിച്ചറിയുന്നു. ഏതാനും മാസം മുന്പ് മുംബൈയിലും ബംഗളൂരുവിലും സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവരെ മയക്കുമരുന്നു കേസിൽ അറസ്റ്റ് ചെയ്തതു രാജ്യത്തെ ഞെട്ടിച്ചു. സാധാരണ യുവാക്കളും കൗമാരക്കാരും മയക്കുമരുന്ന് വിപത്തിലേക്കു വീഴുന്നതിൽ താരാരാധനയ്ക്കും പങ്കുണ്ട്. മയക്കുമരുന്നിന് അടിമകളായവരെ അതിൽനിന്നു മുക്തരാക്കുക ഒരു ഭഗീരഥയത്നമാണെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ടു യുവാക്കളും കൗമാരക്കാരും മയക്കുമരുന്നിന്റെ കെണിയിൽ വീഴാതിരിക്കാൻ സമൂഹത്തിന്റെ ഭാഗത്തുനിന്നു കൂടുതൽ ജാഗ്രതയും അധികൃതരുടെ കർശന നടപടികളും ആവശ്യമുണ്ട്.