പലിശ എഴുതിത്തള്ളാതെ എന്തിനു മോറട്ടോറിയം?
കടമെടുക്കുന്നവർക്കു മോറട്ടോറിയം താത്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും മോറട്ടോറിയം കാലത്തെ പലിശകൂടെ അടയ്ക്കേണ്ടത് അധികഭാരമാണ്. അതേസമയം ബാങ്കുകൾക്ക് അധികവരുമാനം ലഭിക്കുകയും ചെയ്യും.
കോവിഡ് ലോക്ക്ഡൗൺ കണക്കിലെടുത്തു പ്രഖ്യാപിച്ച വായ്പാ മോറട്ടോറിയം നീട്ടണമെന്നും പലിശ എഴുതിത്തള്ളണമെന്നുമുള്ള ആവശ്യം സുപ്രീം കോടതി തള്ളി. ഈ ആവശ്യം ഉന്നയിച്ചു ഹർജി നൽകിയവർക്കു വിധി ദോഷകരമാണെങ്കിലും രാജ്യത്തെ ബാങ്കിംഗ് മേഖല അതിൽ ആശ്വാസമാണു കാണുന്നത്. പലിശ ഒഴിവാക്കണമെന്നും വായ്പാ കാലാവധി വർധിപ്പിക്കണമെന്നും സർക്കാരിനും റിസർവ് ബാങ്കിനും നിർദേശം നൽകാനാവില്ലെന്നു ചൂണ്ടിക്കാട്ടിയ മൂന്നംഗ സുപ്രീം കോടതി ബഞ്ച് സാന്പത്തിക കാര്യങ്ങളിലും സർക്കാരിന്റെ നയപരമായ കാര്യങ്ങളിലും കോടതി ഇടപെടുന്നതിനു പരിധിയുണ്ടെന്നു വ്യക്തമാക്കി. രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ റഗുലേറ്ററി ബോഡിയായ റിസർവ് ബാങ്കിന്റെ നിയന്ത്രണാധികാരങ്ങൾ ഒരിക്കൽക്കൂടി സ്ഥിരീകരിക്കുന്നതാണ് ഈ വിധി. വായ്പകളും കിട്ടാക്കടങ്ങളും സംബന്ധിച്ചു ശരിയായ കണക്കെഴുത്തുകൾ നടത്തുന്നതിന് ബാങ്കുകൾക്കുണ്ടായിരുന്ന ചില സാങ്കേതിക തടസങ്ങൾ മറികടക്കുന്നതിനു സഹായിക്കുന്നതാണ് ഈ വിധിയെന്നും വിലയിരുത്തലുകളുണ്ട്.
രാജ്യം ലോക്ക്ഡൗണിലായിരുന്ന കഴിഞ്ഞ മാർച്ച് മുതൽ ഓഗസ്റ്റ് വരെ ഏർപ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടണമെന്നും വിവിധ മേഖലകളിലേയ്ക്ക് ആനുകൂല്യം വ്യാപിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളാണു സുപ്രീം കോടതി പരിഗണിച്ചത്.
ഹർജിയിൽ വാദം കേൾക്കുന്നതിനിടെ കോടതിയുടെ നിർദേശത്തെത്തുടർന്നു രണ്ടുകോടി രൂപവരെയുള്ള വായ്പകൾക്കു കൂട്ടുപലിശ ഒഴിവാക്കുന്നതിനു കേന്ദ്രസർക്കാർ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. മോറട്ടോറിയം കാലയളവിൽ കൂട്ടുപലിശയും പിഴപ്പലിശയും ഏർപ്പെടുത്തിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയ സുപ്രീംകോടതി അപ്രകാരം ബാങ്കുകൾ പിഴപ്പലിശ ഈടാക്കിയിട്ടുണ്ടെങ്കിൽ അതു തിരികെ നൽകണമെന്നും ഇപ്പോൾ ഉത്തരവിട്ടിട്ടുണ്ട്.
ബാങ്കുകളുടെ നിലനിൽപിനെ ബാധിക്കുമെന്നതിനാൽ വായ്പകൾക്കുള്ള മുഴുവൻ പലിശയും ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ബാങ്കുകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ വിധി സഹായിക്കും. എന്നാൽ, കോവിഡ് കാലത്ത് വരുമാനവും തൊഴിലും ഇല്ലാതായ സാധാരണക്കാരുടെ നിലനില്പും ഭദ്രതയും ആര് ഉറപ്പാക്കുമെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടതു സർക്കാരാണ്.
മോറട്ടോറിയം കാലത്തെ പലിശ ഈടാക്കാതിരുന്നെങ്കിൽ ബാങ്കുകൾക്കു മൊത്തം 2.01 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ കണക്ക്. അത് ഒഴിവാക്കിക്കിട്ടുന്നതാണ് ഇപ്പോളത്തെ കോടതിവിധി. എന്നാൽ, കൂട്ടുപലിശ ഈടാക്കാൻ പറ്റാത്തതുമൂലമുള്ള നഷ്ടം ബാങ്കുകൾക്കു സഹിക്കേണ്ടിവരും. ആ തുക എത്ര വരുമെന്നതിന്റെ കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. വൻകിടക്കാർ എടുത്തിട്ടുള്ള ശതകോടികളുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളുന്ന ബാങ്കുകൾക്ക് ഈ അധിക വരുമാനം നഷ്ടപ്പെടുന്നതിൽ വലിയ പ്രയാസം തോന്നേണ്ടതില്ല. വ്യവസായ മേഖല സുപ്രീം കോടതി വിധിയോടു ക്രിയാത്മകമായിട്ടാണു പ്രതികരിച്ചത്. ഇന്ത്യൻ ഓഹരി സൂചികകൾ ചൊവ്വാഴ്ച ഉയർന്നത് അതിന്റെ ദൃഷ്ടാന്തമായി. കോവിഡും ലോക്ക്ഡൗണും രാജ്യത്തിന്റെ സമസ്ത മേഖലകളെയും തളർത്തിയിരുന്നു. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 2020-21 സാമ്പത്തികവർഷത്തിൽ 7.7 ശതമാനം ചുരുങ്ങുമെന്നു സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് പ്രതിസന്ധയിലും 3.4 ശതമാനം വളർന്ന കാർഷിക മേഖലയാണു സമ്പദ്വ്യവസ്ഥ പൂർണ തകർച്ചയിലേയ്ക്കു കൂപ്പുകുത്താതെ പിടിച്ചുനിർത്തിയത്. എന്നാൽ, അതിനനുസരിച്ചുള്ള പരിഗണന കാർഷിക മേഖലയോടു സർക്കാർ മാത്രമല്ല ബാങ്കുകളും കാണിക്കുന്നില്ല. കർഷകർക്കു വായ്പ നൽകുന്നതിലും അത്തരം വായ്പകൾക്കു പലിശയിളവ് നൽകുന്നതിലും പൊതുമേഖലാ ബാങ്കുകൾ പൊതുവേ നിഷേധാത്മക സമീപനമാണു സ്വീകരിക്കുന്നതെന്നു പരാതിയുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ വായ്പാ ഇടപാടുകാരിൽ 21.8 ശതമാനം ലോക്ക്ഡൗൺ കാലത്തെ മോറട്ടോറിയം ആനുകൂല്യം പ്രയോജനപ്പെടുത്തിയതായി അടുത്തയിടെ വ്യക്തമാക്കിയിരുന്നു. കടമെടുക്കുന്നവർക്കു മോറട്ടോറിയം താത്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും മോറട്ടോറിയം കാലത്തെ പലിശകൂടെ അടയ്ക്കേണ്ടത് അധികഭാരമാണ്. അതേസമയം ബാങ്കുകൾക്ക് അധികവരുമാനം ലഭിക്കുകയും ചെയ്യും. നഷ്ടം ഉപഭോക്താവിനുതന്നെയാണ്. അതുകൊണ്ടാണ് വായ്പ തിരിച്ചടയ്ക്കാൻ ശേഷിയുള്ളവർ മോറട്ടോറിയം ആനുകൂല്യം പ്രയോജനപ്പെടുത്താതിരുന്നത്. മോറട്ടോറിയം പ്രഖ്യാപനങ്ങൾ യഥാർഥത്തിൽ ആരെ സഹായിക്കാനാണ്? ബാങ്കുകളെ ആണെന്നു വ്യക്തം. പലിശ എഴുതിത്തള്ളുന്നില്ലെങ്കിൽ മോറട്ടോറിയം പ്രഖ്യാപനങ്ങൾകൊണ്ട് കർഷകർ അടക്കമുള്ള സാധാരണക്കാർക്കോ ചെറുകിട സംരംഭകർക്കോ താത്കാലിക ആശ്വാസത്തിൽ കവിഞ്ഞ് ഒന്നുമുണ്ടാകില്ല.