മോദി-മാർപാപ്പ കൂടിക്കാഴ്ച പുതുചരിത്രം എഴുതുന്പോൾ
മനുഷ്യസ്നേഹമാണ് മാർപാപ്പയുടെ രാഷ്ട്രീയ തത്ത്വം. എല്ലാവർക്കും തുല്യ അവസരവും തുല്യനീതിയും ലഭ്യമാകുന്ന പുതിയൊരു ലോകക്രമത്തിനുവേണ്ടിയാണ് അദ്ദേഹം വാദിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകത്തിലെ ഏറ്റവും വലിയ മതസമൂഹത്തിന്റെ ആത്മീയാചാര്യനായ ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ ശനിയാഴ്ച നടന്ന സമാഗമത്തിന് ഒരു നയതന്ത്ര കൂടിക്കാഴ്ച എന്നതിലപ്പുറമുള്ള പ്രാധാന്യവും അർഥവുമുണ്ട്.
നേരത്തേ നിശ്ചയിച്ച സമയവും കടന്ന് ഒന്നേകാൽ മണിക്കൂറിലേക്കു നീണ്ട കൂടിക്കാഴ്ച പ്രധാനമന്ത്രി മോദിയും ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ ഊഷ്മളമായൊരു സ്നേഹബന്ധത്തിനു തുടക്കമിട്ടു എന്നാണ് അവരുടെ ശരീരഭാഷയിൽ നിന്നും സംഭാഷണത്തിൽ നിന്നുമെല്ലാം വ്യക്തമാകുന്നത്. കത്തോലിക്കാസഭയുടെ പരമാധ്യക്ഷനെ കൂടുതൽ അടുത്തറിയാൻ മോദിക്കു കഴിയുന്നതും ഇന്ത്യയുടെ രാഷ്ട്രീയസംവിധാന രീതികളെപ്പറ്റി കൂടുതൽ മെച്ചപ്പെട്ട ധാരണ മാർപാപ്പയ്ക്കുണ്ടാകുന്നതും ഗുണപരമായ ഫലങ്ങളുണ്ടാക്കും.
പ്രധാനമന്ത്രി മോദി വത്തിക്കാൻ സന്ദർശിക്കും എന്ന വാർത്ത വന്നപ്പോൾ ഏവർക്കും അറിയേണ്ടിയിരുന്ന ഒരു കാര്യം മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കുമോ എന്നതായിരുന്നു. മോദി മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും മാർപാപ്പ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. ലോകത്തിന്റെ സമാധാനദൂതനും ധാർമികതയുടെയും മാനവികതയുടെയും ശബ്ദവുമായ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം ഇന്ത്യയിലെ കത്തോലിക്കർക്കു വലിയ ആഹ്ലാദവും അഭിമാനവും പകരുമെന്നതിൽ സംശയമില്ല.
ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പയെ ക്ഷണിച്ചതു ചരിത്രപരമായ തീരുമാനവും അഭിനന്ദനാർഹവുമാണെന്നാണു കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ അധ്യക്ഷനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടത്. സർവമതങ്ങളെയും സ്വാഗതം ചെയ്തു പോഷിപ്പിച്ച പാരമ്പര്യമുള്ള ഇന്ത്യയുടെ മതേതര പ്രതിച്ഛായയ്ക്കു കൂടുതൽ തിളക്കമേറ്റാൻ വഴിതെളിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം എത്രയും വേഗം യാഥാർഥ്യമാകട്ടെ.
1986 ലും 1999ലുമായി രണ്ടുവട്ടം ഇന്ത്യയിൽ വന്ന വിശുദ്ധ ജോൺപോൾ രണ്ടാമനാണ് അവസാനമായി ഇന്ത്യ സന്ദർശിച്ച മാർപാപ്പ. അദ്ദേഹത്തിന്റെ 1986-ലെ സന്ദർശനത്തിന്റെ ഓർമകൾ കേരളീയരുടെ മനസിൽ ഇപ്പോഴും പച്ചപിടിച്ചു നിൽപ്പുണ്ട്. രണ്ടു പതിറ്റാണ്ടിനു ശേഷമാണു വീണ്ടുമൊരു മാർപാപ്പയുടെ ഭാരതസന്ദർശനത്തിനു വഴിയൊരുങ്ങുന്നത്.
ഇന്ത്യയിലെ ജനസംഖ്യയിൽ രണ്ടു ശതമാനം മാത്രമുള്ള ചെറുന്യൂനപക്ഷമാണു ക്രൈസ്തവർ. ഭരണഘടനയിലും നിയമവാഴ്ചയിലും വിശ്വസിക്കുകയും അതനുസരിച്ചു ജീവിക്കുകയും രാജ്യക്ഷേമത്തിനായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്ന അവർക്കു രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും പരിഹരിക്കപ്പെടാത്ത ചില ആശങ്കകളും പ്രശ്നങ്ങളുമുണ്ട്.
മാർപാപ്പയുടെ സന്ദർശനം പരസ്പര വിശ്വാസത്തിന്റെയും ധാരണയുടെയും ഒരന്തരീക്ഷം സൃഷ്ടിക്കുമെന്നതിനാൽ പല പ്രശ്നങ്ങളും പരിഹരിക്കാനുള്ള വാതിലുകൾ തുറന്നുകിട്ടുമെന്നു പ്രതീക്ഷിക്കാവുന്നതാണ്. ചെറിയ രാഷ്ട്രമാണെങ്കിലും വിപുലമായ വിവരശേഖരണ സംവിധാനം വത്തിക്കാനുണ്ട്. ഇന്ത്യയിലെ സ്ഥിതിഗതികളെപ്പറ്റിയുള്ള കൃത്യമായ ധാരണ വത്തിക്കാനുണ്ടെന്നു കരുതണം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പോലെ സമകാലികലോകം അഭിമുഖീകരിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഇന്ത്യയ്ക്കും വത്തിക്കാനും സമാനമായ കാഴ്ചപ്പാടുകളാണുള്ളത്.
ഈ ഭൂമി നമ്മുടെയെല്ലാം പൊതുഭവനമാണെന്നും അതിനെ സംരക്ഷിക്കാൻ എല്ലാവർക്കും കടമയുണ്ടെന്നുമുള്ള പുതിയൊരു "സുവിശേഷം’ എഴുതിയ സമാധാനദൂതനുമൊത്ത് അനുരഞ്ജനത്തിന്റെ പുതിയ മേഖലകളിലേക്കു സഞ്ചരിക്കാൻ ഇന്ത്യൻ ഭരണാധികാരികൾക്കും വിഷമമുണ്ടാകില്ല. അർജന്റീന എന്ന മൂന്നാംലോക രാജ്യത്തു ജനിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്കു സമാന സാഹചര്യങ്ങളുള്ള ഇന്ത്യയിലെ രാഷ്ട്രീയ- സാന്പത്തിക പ്രശ്നങ്ങൾ നന്നായി മനസിലാകും.
ഓഹരിവിപണിയിലെ സൂചിക രണ്ടു പോയിന്റ് ഇടിഞ്ഞാൽ വലിയ വാർത്തയാക്കുന്നവർ ഭവനരഹിതനായ ഒരു വൃദ്ധൻ തണുത്തുവിറച്ചു മരിച്ചാൽ അതു കാണുന്നില്ല എന്നു വേദനയോടെ ചൂണ്ടിക്കാട്ടിയ കരുണാർദ്രഹൃദയനാണു ഫ്രാൻസിസ് മാർപാപ്പ. മനുഷ്യസ്നേഹമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ തത്ത്വം.
എല്ലാവർക്കും തുല്യ അവസരവും തുല്യനീതിയും ലഭ്യമാകുന്ന പുതിയൊരു ലോകക്രമത്തിനുവേണ്ടിയാണ് അദ്ദേഹം വാദിക്കുന്നത്. വെള്ളിയിൽ തീർത്ത മെഴുകുതിരിക്കാലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയ്ക്കു സ്നേഹോപഹാരമായി സമ്മാനിച്ചത് എന്നതു വളരെ അർഥവത്താണ്. സൗഹൃദത്തിന്റെ മെഴുകുതിരികൾ തെളിക്കുന്പോൾ വിദ്വേഷത്തിന്റെ ഇരുൾ അകന്നുപോയി ചുറ്റിലും നന്മയുടെ പ്രകാശം പരക്കും.
മരുഭൂമിയും ഒരിക്കൽ പൂന്തോട്ടമാകും എന്നർഥമുള്ള വാക്യം ആലേഖനം ചെയ്ത ഒലിവിലയുടെ ചിത്രമുള്ള വെങ്കലഫലകമാണു മാർപാപ്പ പ്രധാനമന്ത്രി മോദിക്കു സമ്മാനിച്ചത്. സ്നേഹത്തിന്റെ നീരുറവകൾ വറ്റി മരുഭൂമിപോലായി മാറിക്കൊണ്ടിരിക്കുന്ന ഭൂമിയെ സാഹോദര്യത്തിന്റെ കൈകോർക്കലുകളിലൂടെ ഒരു പൂന്തോട്ടമാക്കി മാറ്റാൻ ലോകനേതാക്കൾക്കു കഴിയട്ടെ.