ജനങ്ങളുടെമേൽ അധികഭാരം കെട്ടിവയ്ക്കരുത്
കോവിഡ് പ്രതിസന്ധിയിൽ വരുമാനം നഷ്ടപ്പെട്ടു നടുവൊടിഞ്ഞിരിക്കുന്ന സാധാരണക്കാരന് ഇനി ബസ്ചാർജ് വർധനയുടെ അധികഭാരംകൂടി താങ്ങാനുള്ള ശേഷിയില്ല.
ഇപ്പോൾത്തന്നെ വളരെക്കൂടുതലായ ചാർജ് ഇനിയും കൂട്ടിയാൽ പലരും ബസ്യാത്ര വേണ്ടെന്നുവയ്ക്കും.
ശന്പളപരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്ആർടിസി ജീവനക്കാർ രണ്ടു ദിവസം പണിമുടക്ക് നടത്തി. സർക്കാരിനെതിരേയായിരുന്നു സമരമെങ്കിലും അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചതു യാത്രക്കാരായ പൊതുജനങ്ങളാണ്. കോവിഡ് കാലത്ത് പൊതുഗതാഗത സൗകര്യങ്ങളെല്ലാം വിലക്കിയിരുന്നതിനാൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചു ശീലിച്ച പൊതുജനം ഇത്തരം ബുദ്ധിമുട്ടുകളൊക്കെ സഹിക്കാൻ പഠിച്ചുകഴിഞ്ഞതിനാൽ വലിയ പ്രതിഷേധമൊന്നും അവരിൽനിന്നുയർന്നില്ല എന്നുമാത്രം.
ഇന്ധനവില വർധനയടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി, തങ്ങളുടെ നഷ്ടം നികത്താൻ നടപടികൾ ആവശ്യപ്പെട്ടുകൊണ്ടു സ്വകാര്യ ബസുടമകളും നാളെ സമരത്തിനിറങ്ങുകയാണ്. അതിന്റെയും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതു പൊതുജനംതന്നെ. കാരണങ്ങൾ ഒട്ടേറെയുണ്ടങ്കിലും അവർക്കു മാത്രം സമരം ചെയ്യാൻ മാർഗമില്ല.
ഒന്നര വർഷം എല്ലാവരെയും പൂട്ടിക്കെട്ടിയ കോവിഡ് മഹാമാരി സന്പദ്വ്യവസ്ഥയുടെ മാത്രമല്ല സാധാരണക്കാരന്റെ ജീവിതത്തിന്റെയും താളംതെറ്റിച്ചു. ആളകലം പാലിച്ചും വാതിലടച്ചു വീട്ടിലിരുന്നും കോവിഡിനെ പ്രതിരോധിക്കാനാണു നമ്മൾ നോക്കിയത്. നിയന്ത്രണങ്ങൾ ഇത്രയൊക്കെ വേണ്ടിയിരുന്നോയെന്ന് ഇപ്പോൾ ചോദിക്കുന്നവരുണ്ട്. വിദഗ്ധരുടെ നിർദേശങ്ങൾക്കനുസരിച്ചു സർക്കാരാണല്ലോ എല്ലാം തീരുമാനിച്ചിരുന്നത്. മഹാമാരി ഏറ്റവും പ്രതികൂലമായി ബാധിച്ച മേഖലകളിലൊന്നു ഗതാഗതമാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഭൂരിഭാഗവും പിൻവലിച്ചതിനെത്തുടർന്നു പൊതുഗതാഗതം പുനരാരംഭിച്ചെങ്കിലും കെഎസ്ആർടിസി ബസുകളോ സ്വകാര്യ ബസുകളോ പൂർണതോതിൽ ഓടാൻ തുടങ്ങിയിട്ടില്ല. യാത്രക്കാരും പഴയതുപോലെയില്ല. പല ബസുകളും കട്ടപ്പുറത്താണ്. അവ നിരത്തിലിറക്കാൻ നല്ല മുതൽമുടക്ക് വേണ്ടിവരും. സർക്കാരിന്റെ പക്കലും ബസുടമകളുടെ പക്കലും പണമില്ല. അതിനിടയിലാണു കൊള്ളയടിക്കുന്നതു പോലുള്ള ഇന്ധനവിലവർധന.
കെഎസ്ആർടിസി തകർച്ചയുടെ വക്കിലായിട്ടു വർഷങ്ങളായി. സർക്കാർ ഖജനാവ് തിന്നുമുടിക്കുന്ന ഈ വെള്ളാനയെ തകർച്ചയിൽനിന്നു കരകയറ്റാൻ പലതരത്തിലുള്ള ആലോചനകളും പദ്ധതികളുമുണ്ടായെങ്കിലും ഒന്നും ഫലം കണ്ടില്ല. കെടുകാര്യസ്ഥതയും യൂണിയൻ അതിപ്രസരവുമാണു കെഎസ്ആർടിസിയുടെ ശാപമെന്നു നിഷ്പക്ഷമതികളെല്ലാം സമ്മതിക്കുന്നതാണ്. പരിഷ്കാരങ്ങളിലൂടെ കെഎസ്ആർടിസിയെ രക്ഷിക്കാൻ ശ്രമിച്ച മാനേജിംഗ് ഡയറക്ടർമാരെ യൂണിയൻ നേതാക്കൾ ഇടപെട്ടു പുകച്ചു പുറത്തുചാടിച്ച ചരിത്രമാണുള്ളത്. ഏറ്റവുമവസാനം ഈ ദുര്യോഗമുണ്ടായതു മുതിർന്ന എെപിഎസ് ഉദ്യോഗസ്ഥനായ ടോമിൻ തച്ചങ്കരിക്കാണ്.
സർക്കാർ മാസാമാസം കടംവാങ്ങി നൽകുന്ന പണമുപയോഗിച്ചാണ് ഇപ്പോൾ കെഎസ്ആർടിസി ശന്പളവും പെൻഷനും നൽകുന്നത്. ശന്പളത്തിനും പെൻഷനുമായി പ്രതിമാസം 130 കോടി രൂപ സർക്കാർ നൽകുന്നു. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ മാത്രം ഇങ്ങനെ 1200 കോടി രൂപ നൽകി. സാന്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് എത്രനാൾ ഇങ്ങനെ കെഎസ്ആർടിസിയെ സഹായിക്കാൻ കഴിയും? തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ സാധിച്ചുകൊടുക്കണം. കാറിൽ യാത്രചെയ്യാൻ സാന്പത്തികശേഷിയില്ലാത്ത സാധാരണക്കാരുടെ ദീർഘദൂര യാത്രയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന കെഎസ്ആർടിസി നിലനിൽക്കേണ്ടതുണ്ട്. അതു പൊതുആവശ്യമാണ്. എന്നാലതിനു ജീവനക്കാരും കൂടി സഹകരിക്കണം. പഴയ യൂണിയൻ മുഷ്കിന്റെ കാലം കഴിഞ്ഞുവെന്ന യാഥാർഥ്യബോധം ഉൾക്കൊള്ളാൻ അവർ തയാറാകണം.
ഇന്ധനവിലവർധന കൊണ്ടായാലും ജീവനക്കാരുടെ ശന്പളവർധന മൂലമായാലും കെഎസ്ആർടിസിയോ സ്വകാര്യ ബസ് വ്യവസായമോ പ്രതിസന്ധിയിലാകുന്പോൾ അതു പരിഹരിക്കാൻ സർക്കാരുകൾ തേടുന്ന എളുപ്പവഴി ബസ് ചാർജ് വർധിപ്പിക്കലാണ്. പൊതുജനത്തിന്റെമേൽ എന്ത് അധികഭാരം കെട്ടിവച്ചാലും ആരും ചോദിക്കാൻ വരില്ലല്ലോ. ബസ്ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം സ്വകാര്യ ബസുടമകൾ ഉയർത്തിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ വരുമാനം നഷ്ടപ്പെട്ടു നടുവൊടിഞ്ഞിരിക്കുന്ന സാധാരണക്കാരന് ഇനി ബസ്ചാർജ് വർധനയുടെ അധികഭാരംകൂടി താങ്ങാനുള്ള ശേഷിയില്ല. ഇപ്പോൾത്തന്നെ വളരെക്കൂടുതലായ ചാർജ് ഇനിയും കൂട്ടിയാൽ പലരും ബസ്യാത്ര വേണ്ടെന്നുവയ്ക്കും. അതിനുള്ള പരിചയം മഹാമാരിക്കാലത്തു ലഭിച്ചുകഴിഞ്ഞതാണല്ലോ.
പെട്രോളിനു ലിറ്ററിന് 110 രൂപ വില വന്നപ്പോൾ അതിൽ ഏകദേശം 34 രൂപ കേന്ദ്രനികുതിയും 27 രൂപ സംസ്ഥാന നികുതിയും ആയിരുന്നു. നിരന്തരമായ മുറവിളിയെത്തുടർന്ന് പെട്രോളിന്റെ നികുതി ലിറ്ററിന് അഞ്ചു രൂപയും ഡീസൽ നികുതി പത്തു രൂപയും കുറയ്ക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടുണ്ട്. എന്തുകൊണ്ടു തങ്ങളുടെ നികുതി അല്പം കുറച്ച് ജനങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ല? കെഎസ്ആർടിസിയെയും സ്വകാര്യ ബസ് വ്യവസായത്തെയും രക്ഷിക്കുന്നതിനുള്ള അധികഭാരം ജനങ്ങളുടെമേൽ കെട്ടിവയ്ക്കരുത്.