മരുന്നിനും വില കൂടിയാൽ പാവങ്ങൾ എന്തു ചെയ്യും?
തമിഴ്നാടിനെ പ്രീതിപ്പെടുത്തുന്ന സമീപനമാണു കേരളത്തിലെ ഭരണാധികാരികളും പൊതുവെ സ്വീകരിച്ചുവരുന്നത്. മുല്ലപ്പെരിയാർ ഡാമിന്റെയും കേരളത്തിലെ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന സമീപനം സുപ്രീംകോടതിയിൽനിന്നുണ്ടാകുമെന്നു പ്രത്യാശിക്കാം.
അവശ്യമരുന്നുകളുടെ വില ഏപ്രിൽ ഒന്നു മുതൽ വൻതോതിൽ കൂട്ടാനുള്ള തീരുമാനം ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവർധനമൂലം പൊറുതിമുട്ടുന്ന സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുമെന്നു തീർച്ചയാണ്. രോഗംവന്നാൽ മരുന്നുവാങ്ങിക്കഴിക്കാൻപോലും പറ്റാത്ത അവസ്ഥയിലേക്കു പാവപ്പെട്ട ജനങ്ങളെ തള്ളിവിടുന്നത് ഒരു ഭരണകൂടത്തിനും ഭൂഷണമല്ല. എണ്ണൂറോളം മരുന്നുകളുടെ മൊത്തവിലയിലാണു നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി ഓഫ് ഇന്ത്യ 10.7 ശതമാനം വർധന പ്രഖ്യാപിച്ചത്.
പനി, അണുബാധ, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, ത്വക് രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ വിലവർധിക്കുന്നവയിലുണ്ട്. പാരസെറ്റമോൾ, അസിത്രോമൈസിൻ പോലുള്ള ആന്റിബയോട്ടിക്കുകൾ, ഫിനോബാർബിറ്റോൺ, ഫോളിക് ആസിഡ്, വിറ്റാമിനുകൾ, മിനറലുകൾ എന്നിവയുടെയെല്ലാം വില കൂടും. കോവിഡ് രോഗികൾക്കു നൽകുന്ന ചില മരുന്നുകളും ഈ ലിസ്റ്റിലുണ്ട്. മരുന്നുകൾക്കു പുറമേ കൊറോണറി സ്റ്റെന്റ്, നീ ഇംപ്ലാന്റ്സ് എന്നിവയുടെയും വില വർധിക്കും. മഹാമാരിക്കാലത്തു രോഗപീഡകളിലും വരുമാനനഷ്ടത്തിലും ആകെ തകർന്ന സാധാരണക്കാരന്റെ വിഷമം വല്ലതും മരുന്നുവില കൂട്ടാൻ അനുമതി നൽകിയവർ അറിയുന്നുണ്ടോ?
കഴിഞ്ഞ രണ്ടുവർഷത്തിനിടെ പല മരുന്നുകളുടെയും വിലയിൽ 130 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്. അവശ്യമരുന്നുകളുടെ വിലയിൽ പ്രതിവർഷം രണ്ടോ മൂന്നോ ശതമാനം വർധനയാണ് സാധാരണ അനുവദിച്ചിരുന്നത്. ഒറ്റയടിക്കു പത്തുശതമാനം വിലകൂടുന്നതു വളരെക്കാലത്തിനു ശേഷം ആദ്യമാണ്. കേന്ദ്ര വാണിജ്യമന്ത്രാലയത്തിലെ സാന്പത്തിക ഉപദേഷ്ടാവിന്റെ നിർദേശപ്രകാരമാണു നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി ഓഫ് ഇന്ത്യ വിലവർധനയ്ക്ക് അനുമതി നൽകിയത്. സർക്കാരിന്റെ പിന്തുണ ഈ തീരുമാനത്തിനു പിന്നിലുണ്ടെന്നു വ്യക്തം. ഉത്പാദനച്ചെലവ് കൂടിയതിനാൽ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകളുടെ വില 20 ശതമാനം വരെ വർധിപ്പിക്കാൻ അനുവദിക്കണമെന്ന് ആയിരത്തിലധികം മരുന്നുനിർമാണ കന്പനികളെ പ്രതിനിധീകരിക്കുന്ന ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ചില മരുന്നുകളുടെ അസംസ്കൃത വസ്തുക്കളുടെയും മറ്റു ഘടകപദാർഥങ്ങളുടെയും വിലയിൽ 60-70 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്നാണു മരുന്നുനിർമാതാക്കൾ പറയുന്നത്. ചരക്കുകൂലിയും പാക്കേജിംഗ് ചാർജുമൊക്കെ വൻതോതിൽ കൂടിയതായും അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, മരുന്നു വാങ്ങേണ്ടിവരുന്ന സാധാരണക്കാരന്റെ വരുമാനമില്ലായ്മയെപ്പറ്റി ആരും ചോദിക്കുന്നില്ല, പറയുന്നുമില്ല.
വലിയ ലാഭമുള്ള ബിസിനസാണു മരുന്നുനിർമാണം. കോവിഡ് വാക്സിൻ നിർമിച്ച കന്പനികൾ ചുമത്തിയ വൻവില സംബന്ധിച്ചു പുറത്തുവന്ന റിപ്പോർട്ടുകൾ അതു വ്യക്തമാക്കുന്നുണ്ട്. ജനങ്ങളെ സംബന്ധിച്ചിടത്തോളം മരുന്നു ജീവൻ രക്ഷിക്കാനുള്ള ഔഷധമാണെങ്കിലും മരുന്നുകന്പനികൾക്ക് അതു ലാഭമുണ്ടാക്കാനുള്ള പ്രോഡക്ട് മാത്രമാണ്. മരുന്നുകന്പനികൾ പുതിയ മരുന്നുകൾ പുറത്തിറക്കുന്പോൾത്തന്നെ വലിയ ലാഭമാർജിനോടെ കൂടിയ വിലയിടും. പിന്നീട് ഓരോവർഷവും വില പുതുക്കുന്പോൾ ലാഭം കൂടിക്കൊണ്ടേയിരിക്കും. അവശ്യമരുന്നുകൾ പലതിനും വിപണിയിൽ എതിർ ഉത്പന്നം ഉണ്ടാവില്ല. അതുകൊണ്ടു മരുന്നുകന്പനികൾ പറയുന്ന വിലയ്ക്കു ജനങ്ങൾക്ക് അതു വാങ്ങേണ്ടിവരും. മരുന്നുനിർമാണമേഖലയിലെ കുത്തകവത്കരണം ജനങ്ങളുടെ താത്പര്യത്തിനെതിരാണ്. എന്നാൽ, ഇതിനെതിരേ നടപടിയെടുക്കാൻ സർക്കാരുകൾ വലിയ താത്പര്യം കാട്ടാറില്ല. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് അതിനു പറയുന്ന ന്യായം. ഇന്ത്യയുടെ മരുന്നുനിർമാണനയം ചില മരുന്നുകൾക്ക് ഒരു തവണ 50 ശതമാനം വരെ വില കൂട്ടാൻ അനുവദിക്കുന്നുണ്ട്. ജനതാത്പര്യത്തിന് അനുസൃതമായ നയംമാറ്റങ്ങൾ വരണം.
ബഹുരാഷ്ട്ര മരുന്നു കന്പനികളുടെ അഭിപ്രായത്തിൽ ഇന്ത്യയിലെ മരുന്നുവില കുറവാണ്. ഉദ്ദേശിച്ച ലാഭം നേടാൻ ഇന്ത്യൻ രൂപതയുടെ മൂല്യശോഷണം മൂലം അവർക്കു കഴിയുന്നില്ലായിരിക്കാം. 130 കോടി ജനങ്ങളുടെ ഇന്ത്യ വലിയൊരു മരുന്നുവിപണിയാണ്. മുഴുപ്പട്ടിണിയിലും മാറാരോഗങ്ങളിലും കഴിയുന്ന കോടിക്കണക്കിനാളുകൾ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളതിനാൽ ഇവിടെ തങ്ങൾക്കു വലിയ വളർച്ചാസാധ്യതയുണ്ടെന്നു മരുന്നുനിർമാണ കന്പനികൾ കണക്കുകൂട്ടുന്നു. സ്വാതന്ത്ര്യലബ്ധിത്തെത്തുടർന്ന് ഇന്ത്യയിൽ അധികാരത്തിൽവന്ന കോൺഗ്രസ് സർക്കാർ നെഹ്റുവിയൻ സോഷ്യലിസ്റ്റ് സാന്പത്തിക വീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള നയങ്ങൾ കൈക്കൊണ്ടതുകൊണ്ടാണ് ഇവിടത്തെ ദരിദ്രകോടികൾക്കു കുറഞ്ഞനിരക്കിൽ ഭക്ഷണവും മരുന്നും ലഭിച്ചത്. ഒട്ടേറെപ്പേർ അതിലൂടെ രോഗങ്ങളിൽനിന്നു കരകയറി.
ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതി ഇത്രത്തോളുമെങ്കിലും മെച്ചപ്പെട്ടതു താരതമ്യേന കുറഞ്ഞനിരക്കിൽ മരുന്നും ചികിത്സാസൗകര്യങ്ങളും ലഭിക്കുന്നതുകൊണ്ടാണ്. മരുന്നുകളുടെ വില അമിതമായി വർധിക്കാൻ അനുവദിച്ച് ജനങ്ങളെ തീരാരോഗങ്ങളിലേക്കു മരണത്തിലേക്കും തള്ളിവിടരുത്.