മറച്ചുപിടിക്കുന്ന ചേരിക്കാഴ്ചകൾ
അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാകണമെങ്കിൽ കൊട്ടാരങ്ങളിൽനിന്നല്ല ചേരികളിൽനിന്നു തുടങ്ങണം വികസനം.
ഇന്ത്യയിൽ ആറര കോടി മനുഷ്യർ ചേരികളിൽ കഴിയുന്നുവെന്നതു വേദനാജനകവും അപമാനകരവുമാണ്. ഏറ്റവും കുറവു മനുഷ്യർ ചേരികളിൽ കഴിയുന്നതു കേരളത്തിലാണെന്നത് മലയാളികളുടെ അപമാനത്തിന്റെ തീവ്രത കുറച്ചേക്കാമെന്നു മാത്രം. ചേരികളിലെ 1.39 കോടി കുടുംബങ്ങളിലായി 6.54 കോടി മനുഷ്യർ കഴിയുന്നുണ്ടെന്ന് എ.എ. റഹിം എംപിക്കു മറുപടിയായിട്ടാണ് കേന്ദ്ര ഭവന-നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ രാജ്യസഭയിൽ അറിയിച്ചത്. നമ്മുടെ വികസനമുന്നേറ്റങ്ങളുടെ ആസ്ഥാനങ്ങളായി ചൂണ്ടിക്കാണിക്കുന്ന നഗരങ്ങളിലാണു മനുഷ്യർ പുഴുക്കളെപ്പോലെ ജീവിക്കേണ്ടിവരുന്ന ചേരികളിലേറെയും. വിദേശനേതാക്കൾ സന്ദർശനത്തിനെത്തുന്പോൾ ഈ ചേരികളെ മറകെട്ടി മറയ്ക്കുന്നത്, നമ്മുടെ കുറ്റം മറച്ചുവയ്ക്കുന്നതിനു തുല്യമാണ്. ആ കുറ്റമാകട്ടെ, എല്ലാ മനുഷ്യരെയും ഒരുപോലെ ഉൾക്കൊള്ളാത്ത പക്ഷപാതപരമായ വികസനസങ്കൽപ്പമാണ്.
1,08,227 ചേരികളുണ്ട് ഇന്ത്യയിൽ. മഹാരാഷ്ട്രയിൽ 24,99,948, മധ്യപ്രദേശിൽ 11,17,764, ഉത്തർപ്രദേശിൽ 10,66,363 എന്നിങ്ങനെയാണ് പ്രധാന സംസ്ഥാനങ്ങളിൽ ചേരികളിൽ കഴിയുന്ന കുടുംബങ്ങളുടെ എണ്ണം. ബിജെപി വികസന മാതൃകയായി ഉയർത്തിക്കാണിക്കുന്ന ഗുജറാത്തിൽ 3,45,998 കുടുംബങ്ങളാണ് ചേരികളിൽ കഴിയുന്നത്. 3,67,893 പേർ രാജ്യതലസ്ഥാനമായ ഡൽഹിയിലെ ചേരികളിലാണ്. കേരളത്തിൽ 45,417 കുടുംബങ്ങൾ ചേരികളിൽ കഴിയുന്നു. വ്യവസായങ്ങളും ഫാക്ടറികളും കച്ചവടസ്ഥാപനങ്ങളും ഓഫീസുകളുമൊക്കെ രൂപംകൊള്ളുന്നതിനനുസരിച്ചു തൊഴിൽ തേടിയെത്തുന്നവരാണു നഗരവാസികളിലേറെയും. സ്വന്തമായി ഭൂമിയില്ലാത്തവരും വീടുകൾക്കോ മുറികൾക്കോ വാടക കൊടുക്കാൻ നിവൃത്തിയില്ലാത്തവരും തൊഴിൽനൈപുണ്യമില്ലാത്തവരുമൊക്കെ നഗരത്തിലെ വിജനസ്ഥലങ്ങളിലും റെയിൽവേ പുറംപോക്കുകളിലുമൊക്കെ കുടിലുകൾ കെട്ടുന്നു. 100-150 ചതുരശ്രയടിയാണ് മിക്ക വീടുകളുടെയും വിസ്തീർണം. മഴയത്ത് ചോരുന്ന മേൽക്കൂരകളും മലിനജലം കെട്ടിക്കിടക്കുന്ന ഇടവഴികളും ചേരികളിലെ ദൃശ്യങ്ങളാണ്. കോവിഡ് പോലുള്ള പകർച്ചവ്യാധികൾ പടരുന്നതിനുള്ള സാധ്യതയുമേറെയാണ്. ആവശ്യത്തിനു ശൗചാലയങ്ങൾ പോലുമില്ലാത്ത ഈ വാസസ്ഥലങ്ങളിലാണു പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ യാതൊരു സുരക്ഷിതത്വവുമില്ലാതെ കഴിയുന്നത്. കുറ്റവാളികളും ചേക്കേറുന്ന ഇവിടങ്ങളിൽ മദ്യവും മയക്കുമരുന്നും നിർലോപം ലഭ്യമാകുകയും, പോലീസ് എത്താൻ മടിക്കുകയും ചെയ്യുന്നതോടെ അധോലോകങ്ങളുടെ സുരക്ഷിത താവളമായി മാറുന്നു.
ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാന്പത്തികശക്തിയാകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്പോൾത്തന്നെ വിശക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന റിപ്പോർട്ടും പുറത്തുവരുന്നത് അസന്തുലിതമായ സാന്പത്തികസ്ഥിതിയുടെ പ്രതിഫലനമാണ്. ആഗോള പട്ടിണിസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 101ൽനിന്നു 107ലേക്കു കൂപ്പുകുത്തിയെന്നാണ് ഐറിഷ് എയ്ഡ് ഏജൻസ് കൺസേൺ വേൾഡ്വൈഡും ജർമൻ സംഘടനയായ വെൽറ്റ് ഹംഗർഹിൽഫും സംയുക്തമായി തയാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞത്. അത്തരം റിപ്പോർട്ടുകളുടെ അനുബന്ധചിത്രങ്ങളാണു ചേരികൾ. നിർഭാഗ്യവശാൽ, പട്ടിണിയുടെ ഈ ആവാസകേന്ദ്രങ്ങളെ ഇല്ലാതാക്കുന്നതിനു പകരം മറച്ചുപിടിക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. ഡിസംബർ ആദ്യം ജി-20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം 13 മുതൽ 16 വരെ മുംബൈയിൽ നടത്തിയ ആദ്യ ഡെവലപ്മെന്റ് വർക്കിംഗ് ഗ്രൂപ്പ് സമ്മേളനത്തിന്റെ ഭാഗമായി ജോഗേശ്വരി ചേരിയെ വർണാഭമായ തുണികൊണ്ടു മറച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസന്റെ സന്ദർശനസമയത്ത് ഗുജറാത്തിലെ അഹമ്മദാബാദിൽനിന്നു സബർമതിയിലേക്കുള്ള പാതയോരത്തെ ചേരികൾ വെള്ളത്തുണികൊണ്ടു മറച്ചിരുന്നു. 2020ൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനവേളയിലും അഹമ്മദാബാദിൽ ചേരികൾ മറച്ചുവച്ചിരുന്നു.
മുംബൈയിലെ ധാരാവി ചേരിയുടെ പുനർനിർമാണം രാജ്യത്തെ അതിസന്പന്നനായ ഗൗതം അദാനിയെ നവംബറിൽ ഏൽപ്പിച്ചിരുന്നു. 625 ഏക്കറോളം വിസ്തീർണമുള്ള പ്രദേശത്ത്, ദുബായ് ആസ്ഥാനമായുള്ള സെക്ലിങ്ക് ടെക്നോളജീസ് മൂന്നു വർഷം മുന്പ് ഇതിനുള്ള കരാർ ലേലത്തിൽ 7,500 കോടി രൂപ വിളിച്ചു മുന്നിലെത്തിയെങ്കിലും റെയിൽവേ ഭൂമി ഏറ്റെടുക്കൽ പൂർണമായിട്ടില്ലെന്നു പറഞ്ഞ് കരാർ തള്ളി. അന്നു രണ്ടാം സ്ഥാനത്തായിരുന്ന അദാനി ഗ്രൂപ്പാണ് ഇപ്പോൾ 5,069 കോടി രൂപയ്ക്കു കരാർ കരസ്ഥമാക്കിയത്. കരാർ തുകയല്ല, പാർപ്പിട പദ്ധതിയിൽ ബാക്കിയാകുന്ന സ്ഥലത്തിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസിലാണ് അദാനിയുടെ കണ്ണ് എന്നാണു വിമർശനം. 7,525 കോടിയുടെ വിഴിഞ്ഞം പദ്ധതിയിലും ഇതേ ആരോപണമുണ്ടായിരുന്നു. രാജ്യത്തിന്റെ വികസനമായാലും പാവങ്ങളുടെ പുനരുദ്ധാരണമായാലും ചാകര അതിസന്പന്നർക്കാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അതുറപ്പാക്കാൻ മത്സരിക്കുന്പോഴും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും ദരിദ്രരുടെയുമൊക്കെ ചേരികളിൽ സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാകണമെങ്കിൽ കൊട്ടാരങ്ങളിൽനിന്നല്ല ചേരികളിൽനിന്നു തുടങ്ങണം വികസനം.