ജാതിവെറിയെന്ന തീരാശാപം
മധുവിനും വിശ്വനാഥനും സോളങ്കിക്കും ജീവിച്ചിരുന്നപ്പോൾ നീതി കിട്ടിയിട്ടില്ല. ഇനിയതു കൊടുക്കാനും കഴിയില്ല. പക്ഷേ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അത് അടിസ്ഥാന നീതി നിർവഹണമാണ്.
മുംബൈ ഐഐടിയിൽ ദളിത് വിദ്യാർഥിയായ ദർശൻ സോളങ്കി ജീവനൊടുക്കിയത് സഹവിദ്യാർഥികളുടെ നിരന്തരമായ ജാതി അധിക്ഷേപത്തെ തുടർന്നാണെന്ന് അദ്ദേഹത്തിന്റെ കുടുംബം വെളിപ്പെടുത്തിയിരിക്കുന്നു. നാട്ടിൻപുറത്തെ ചായക്കടയിലല്ല, രാജ്യത്തിന്റെ അഭിമാനസ്ഥാപനമായ ഐഐടിയിലാണ് സംഭവം നടന്നിരിക്കുന്നത്. വെറും സാങ്കേതിക ജ്ഞാനത്തിനപ്പുറം, പരിഷ്കൃതസമൂഹത്തിനാവശ്യമായ അടിസ്ഥാനയോഗ്യതപോലും നൽകുന്നതിൽ പരാജയപ്പെട്ട നമ്മുടെ വിദ്യാഭ്യാസ സന്പ്രദായം അതിന്റെ തനിനിറം ഒരിക്കൽകൂടി വെളിപ്പെടുത്തിയിരിക്കുന്നു.
മഹാരാഷ്ട്രയിൽ നടന്ന സംഭവമെന്നു പറഞ്ഞ് നിസംഗരാകാൻ കേരളത്തിനു യോഗ്യതയില്ല. മോഷണം നടത്തിയെന്നാരോപിച്ച് അട്ടപ്പാടിയിലെ ആദിവാസിയുവാവായിരുന്ന മധുവിനെ ആളെകൂട്ടി തല്ലിക്കൊന്നത് കേരളത്തിലാണ്. വിശന്നു ചാകാറായപ്പോഴാണ് ഇത്തിരി അരിയും മുളകും അയാൾ എടുത്തുകൊണ്ടുപോയതെന്ന് മധുവിന്റെ ദേഹത്ത് നോക്കിയവർക്കെല്ലാം ബോധ്യപ്പെട്ടിരുന്നു. കൈകൾ ബന്ധിച്ച് എല്ലും തോലുമായി നിൽക്കുന്ന ആ മനുഷ്യന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോഴുമുണ്ട്. ദളിതരോടും ആദിവാസികളോടും സകല മതങ്ങളിലെയും ഭക്തരായ സവർണർക്കു തോന്നുന്ന ജാതിവെറിയിലധിഷ്ഠിതമായ മുൻവിധി കഴിഞ്ഞ ദിവസം കോഴിക്കോട്ടും കണ്ടു. മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ച വിശ്വനാഥനെന്ന ആദിവാസി യുവാവാണ് ജീവനൊടുക്കിയത്. ഭാര്യയുടെ പ്രസവത്തിനു കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ വിശ്വനാഥൻ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചാണ് 12 പേർ വളഞ്ഞുവച്ചു ചോദ്യം ചെയ്തത്. ഇവരിൽ ചിലർ അദ്ദേഹത്തെ മർദിച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. രണ്ടു ദിവസത്തിനുശേഷം ഫെബ്രുവരി 11നാണ് ആശുപത്രിക്കടുത്ത് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ വിശ്വനാഥനെ കണ്ടെത്തിയത്.
മുംബൈ ഐഐടിയിലെ ദർശൻ സോളങ്കിയുടെ മരണം, ജാതിവെറിയെന്ന അർബുദം കാലമിത്ര പുരോഗമിച്ചിട്ടും നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖലയിൽ പോലും ഒഴിവാക്കാനായിട്ടില്ലെന്ന ഓർമപ്പെടുത്തലാണ്. സോളങ്കിയുടെ മാതാപിതാക്കൾ മാത്രമല്ല, സഹപാഠികളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് അവൻ അനുഭവിച്ച ജാതി അധിക്ഷേപങ്ങൾ. ഫൈനൽ ഇയർ കെമിക്കൽ എൻജിനിയറിംഗ് വിദ്യാർഥി ഉദയ്സിംഗ് മീന പറയുന്നത്, സോളങ്കി ജാതി അധിക്ഷേപത്തിനും പരീക്ഷാ സമ്മർദത്തിനും വിധേയമായി എന്നാണ്. തന്റെ റൂം മേറ്റ്സും മെന്ററും വിംഗ് മേറ്റ്സുമൊക്കെ ഉയർന്ന ജാതിയിൽ പെട്ടവരാണെന്നും താൻ ദളിതനാണെന്ന് അറിഞ്ഞതിനുശേഷം തന്നോടുള്ള സംസാരം പോലും കുറച്ചെന്ന് സോളങ്കി പറഞ്ഞിരുന്നെന്നും ഉദയ്സിംഗ് പറഞ്ഞു. ജാതി പറഞ്ഞു കളിയാക്കുന്നതിന്റെ പേരിൽ താൻ കടുത്ത വിഷമത്തിലായിരുന്നെന്നു മകൻ പറഞ്ഞിരുന്നെന്ന് അമ്മയും ബന്ധുക്കളും പറഞ്ഞു. ഐഐടി അധികൃതർ ഇതു നിഷേധിച്ചിട്ടുണ്ട്. ഇത്തരം ജാതി അധിക്ഷേപങ്ങൾ കേൾക്കാത്തതുകൊണ്ടല്ല, ദളിതരും ആദിവാസികളുമായ ലക്ഷക്കണക്കിനാളുകൾ ഒടുക്കാത്ത ജീവിതവുമായി വലിഞ്ഞുനീങ്ങുന്നത്; അധിക്ഷേപങ്ങളും അനീതികളും സഹിച്ചില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന യാഥാർഥ്യം അവർ തിരിച്ചറിഞ്ഞതുകൊണ്ടാണ്. 18 വയസുകാരനായ സോളങ്കിക്ക് പക്ഷേ, അതു താങ്ങാനായില്ല.
ജാതിവ്യവസ്ഥ 3000 വർഷമെങ്കിലുമായി ഈ രാജ്യത്തുണ്ട്. 28 കോടി ദളിതരിലും 10 കോടിയിലേറെ ആദിവാസികളിലും മഹാഭൂരിപക്ഷവും ജാതിവിവേചനത്തിലും സാമൂഹിക-സാന്പത്തിക പിന്നാക്കാവസ്ഥയിലും തളയ്ക്കപ്പെട്ടിരിക്കുന്നു. 2022 ഓഗസ്റ്റ് 29ന് പുറത്തുവന്ന നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച്, 2021ൽ പട്ടികജാതിക്കാർക്കെതിരേയുള്ള ആക്രമണങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 1.2 ശതമാനവും പട്ടികവർഗക്കാർക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ 6.4 ശതമാനവും വർധിച്ചിരിക്കുകയാണ്. പതിവുപോലെ ഉത്തർപ്രദേശും മധ്യപ്രദേശുമാണ് ഈ ദ്രോഹത്തിൽ മുന്നിലുള്ളത്. 2022ലെ കണക്കുകൾ വരാനിരിക്കുന്നതേയുള്ളൂ. രാജ്യത്തെ ഇനിയുമൊടുങ്ങാത്ത ജാതിവിവേചനം അവസാനിപ്പിക്കാനുള്ള കർമപദ്ധതികൾ സർക്കാർ നടപ്പാക്കണം. കതിരിൽ വളം വയ്ക്കുന്നതുകൊണ്ടു കാര്യമില്ല. ജാതിവിവേചനത്തെ മുളയിലേ നുള്ളാൻ രാജ്യത്തെ പാഠ്യപദ്ധതികളിൽ വരുത്തേണ്ട അടിസ്ഥാനമാറ്റങ്ങളെക്കുറിച്ചായിരുന്നു കഴിഞ്ഞ ഡിസംബറിൽ ദീപിക പ്രസിദ്ധീകരിച്ച ‘സവർണ ഇന്ത്യ പഠിക്കണം സമത്വപാഠങ്ങൾ’ എന്ന പരന്പര. ജാതിവെറി പുലർത്തുന്ന സവർണർക്ക് ആവശ്യമായ വിദ്യാഭ്യാസം നൽകാതെ ദളിതർക്കും ആദിവാസികൾക്കുമെതിരായ കുറ്റങ്ങൾക്ക് അറുതിയുണ്ടാകില്ല.
മധുവിനു നീതി കിട്ടണം, വിശ്വനാഥനു നീതി കിട്ടണം, സോളങ്കിക്കു നീതി കിട്ടണം എന്നൊക്കെ നാം പറയാറുണ്ട്. അതു തെറ്റാണ്. മധുവിനും വിശ്വനാഥനും സോളങ്കിക്കും ജീവിച്ചിരുന്നപ്പോൾ നീതി കിട്ടിയിട്ടില്ല. ഇനിയതു കൊടുക്കാനും കഴിയില്ല. പക്ഷേ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അത് അടിസ്ഥാന നീതിനിർവഹണമാണ്. മരണാനന്തര നീതിയെന്നത് ഇരയ്ക്ക് യാതൊരു ഗുണവുമില്ലാത്ത കാര്യമാണെങ്കിലും അവരുടെ ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങൾക്കും സഹജീവികൾക്കും ചെറിയതോതിലെങ്കിലും ആശ്വാസമാകാൻ കഴിയും. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാൽ കുറ്റവാളി മനസുള്ള വർണവെറിയർക്ക് അതൊരു മുന്നറിയിപ്പുമാകും. അതെങ്കിലും ഉറപ്പാക്കണം.