അന്തർദേശീയ വാർത്തകളുടെ പ്രാദേശിക രാഷ്ട്രീയം അഥവാ കേരള രാഷ്ട്രീയം ചർച്ച ചെയ്യപ്പെട്ടാൽ ഇവിടത്തെ രാഷ്ട്രീയ പാർട്ടികളുടെയും മാധ്യമങ്ങളുടെയും അറിഞ്ഞോ അറിയാതെയോ ഉള്ള പക്ഷപാതിത്വം പ്രത്യക്ഷമാകാനിടയുണ്ട്. മരണത്തിലും കൊലപാതകങ്ങളിലും വംശഹത്യകളിലുമൊക്കെ മതാധിഷ്ഠിതമെന്നു പറയാവുന്ന ഒരു ഒളിച്ചുകളി നടക്കുന്നുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഉദാഹരണത്തിന്, പലസ്തീനിലെ ആക്രമണങ്ങളും പരിക്കുകളും കൊലപാതകങ്ങളുമൊക്കെ കേരളത്തിൽ നിരന്തരം വാർത്തയാകുകയും രാഷ്ട്രീയ ചർച്ചയ്ക്കും പ്രതിഷേധ പ്രകടനങ്ങൾക്കും വരെ കാരണമാക്കാനുള്ള പ്രതിബദ്ധത കാണിക്കുകയും ചെയ്യുന്പോൾ ഇസ്ലാമിക രാജ്യങ്ങളിൽ ക്രൈസ്തവർ കൂട്ടക്കൊലയ്ക്കും വംശഹത്യകൾക്കും ഇരയാകുന്നതു തമസ്കരിക്കപ്പെടുന്നു. അറിഞ്ഞോ അറിയാതെയോ അത്തരമൊരു പ്രാദേശിക രാഷ്ട്രീയം അന്തർദേശീയ വാർത്തകളുടെ കാര്യത്തിൽ കേരളത്തിൽ നടപ്പുരീതിയായിട്ടുണ്ട്.
വിശുദ്ധ വാരത്തിൽ ഒന്നോ രണ്ടോ അല്ല നൂറോളം ക്രൈസ്തവരെയാണ് നൈജീരിയയിൽ മാത്രം ഇസ്ലാമിക തീവ്രവാദികൾ കൊന്നത്. തീവ്രവാദി ആക്രമണങ്ങൾ കൂടുതൽ നടക്കുന്ന ഉത്തര നൈജീരിയയിലെ ബെന്യു സംസ്ഥാനത്തെ അക്കനാവേ-സ്വാരേവയിലെ പ്രോട്ടസ്റ്റന്റ് പള്ളിയിൽ ഓശാന തിരുക്കർമങ്ങൾക്കിടെ അതിക്രമിച്ചു കയറിയവർ ഒരു കുട്ടിയെ കൊന്നു. വൈദികനെയും ഏതാനും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
പെസഹാ ബുധനാഴ്ച ബെന്യൂവിലെ ഉമോഗിദിയിൽ കത്തോലിക്കാ ഗ്രാമത്തിലെത്തിയ ഇസ്ലാമിക തീവ്രവാദികൾ 50 പേരെ വധിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. പെസഹാ വ്യാഴം നഗബാൻ ഗ്രാമത്തിലെ അഭയാർഥി കേന്ദ്രമായിരുന്ന സ്കൂളിലെത്തിയ തീവ്രവാദികൾ 43 ക്രൈസ്തവരെ കൊന്നൊടുക്കി. ബെന്യു സംസ്ഥാനത്ത് 20 ലക്ഷം ക്രൈസ്തവരാണ് അഭയാർഥികളായി കഴിയുന്നത്. അവർ പകൽസമയത്ത് ജോലിക്കു പോകുകയും രാത്രിയിൽ ക്യാന്പുകളിലെത്തി അന്തിയുറങ്ങുകയുമാണ്. ഓരോ രണ്ടു മണിക്കൂറിലും നൈജീരിയയിൽ ഒരു ക്രിസ്ത്യാനി കൊല്ലപ്പെടുന്നു.
ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ്, ഫുലാനി ഭീകരർ, മറ്റു ക്രിമിനൽ സംഘങ്ങൾ എന്നിവ ക്രൈസ്തവരെ കൊന്നൊടുക്കുന്നതിൽ മത്സരിക്കുകയാണ്. ഉത്തര നൈജീരിയയിലെ ക്രൈസ്തവർ ശരിയത്ത് നിയമത്തിനു കീഴിലാണു ജീവിക്കുന്നത്. ഇസ്ലാമിക രാജ്യങ്ങളിൽ പൊതുവേ കാണുന്നതുപോലെ കോടതികളും സർക്കാർ സ്ഥാപനങ്ങളുമൊക്കെ ഇസ്ലാമികവത്കരിക്കപ്പെട്ടു കഴിഞ്ഞതിനാൽ ക്രൈസ്തവർ നീതി പ്രതീക്ഷിച്ചിട്ടു കാര്യമില്ല. ക്രൈസ്തവർ കൂടുതലുള്ള ദക്ഷിണ നൈജീരിയയിലേക്കും മധ്യ മേഖലകളിലേക്കും ഇസ്ലാമിക ഭീകരർ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. വനമേഖലകളിൽ ആധിപത്യം പുലർത്തുന്ന ഫുലാനി ഭീകരർ ആണ് അവിടെ ക്രൈസ്തവ പീഡനത്തിനു മുന്നിലുള്ളത്. ക്രൈസ്തവരെ തുടച്ചുനീക്കുന്ന വംശഹത്യ പല ഇസ്ലാമിക രാജ്യങ്ങളിലും ഭീകര പ്രസ്ഥാനങ്ങൾ നടത്തുകയാണ്. മലയാളിക്ക് അതറിയണമെങ്കിൽ വിദേശ മാധ്യമങ്ങളെ ആശ്രയിക്കണം.
മനുഷ്യർ അനുഭവിക്കുന്ന യാതനകളും അനീതിയും ലോകമെങ്ങുമുള്ള സഹജീവികളെ അസ്വസ്ഥരാക്കണം. കേരളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം അത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നു മാത്രമല്ല, നമ്മുടെ രാഷ്ട്രീയ നിരീക്ഷകരും പാർട്ടി സെക്രട്ടറിമാർ ഉൾപ്പെടെയുള്ള നേതാക്കളും ബുദ്ധിജീവികളും എഴുത്തുകാരും സാംസ്കാരിക നായകരുമൊക്കെ അവലോകന ലേഖനങ്ങൾ എഡിറ്റോറിയൽ പേജുകളിൽ കൊടുക്കുന്നുമുണ്ട്.
പക്ഷേ, അത്തരം ചർച്ചകളിൽനിന്ന്, ലോകത്ത് ഏറ്റവുമധികം മതപീഡനത്തിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ക്രൈസ്തവർ എങ്ങനെ പുറത്തായി എന്നതാണ് സംശയകരമായ സാഹചര്യം. മതഭ്രാന്തന്മാരുടെ കൈയിൽ അകപ്പെടുന്ന സ്ത്രീകൾ രണ്ടു തവണ കൊല്ലപ്പെടുന്നു എന്നാണ് പറയാറുള്ളത്. കാരണം, കൊല്ലപ്പെടുന്നതിനുമുന്പ് കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കൊടിയ ക്രൂരതകൾക്ക് അവർ ഇരയാകുന്നതു പതിവാണ്. ആയിരക്കണക്കിനു സ്ത്രീകൾ ക്രൈസ്തവരാണെന്നതിന്റെ പേരിൽ ഇങ്ങനെ ഇരട്ട മരണം വരിക്കുന്നവരാണ്. ഇവിടെ, ഒരു സ്ത്രീപക്ഷപാതികളെയും ഇത് അസ്വസ്ഥമാക്കിയിട്ടില്ല.
2023 ജനുവരിയിൽ പ്രസിദ്ധീകരിച്ച ഓപ്പൺ ഡോർസിന്റെ വേൾഡ് വാച്ച് റിപ്പോർട്ടനുസരിച്ച്, കമ്യൂണിസ്റ്റ് ഏകാധിപതി ഭരിക്കുന്ന ഉത്തരകൊറിയയാണ് ക്രൈസ്തവ പീഡനത്തിൽ മുന്നിലുള്ളത്. ആദ്യത്തെ 10 രാജ്യങ്ങളിൽ സോമാലിയ, യെമൻ, എറിത്രിയ, ലിബിയ, നൈജീരിയ, പാക്കിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, സുഡാൻ എന്നിവ യഥാക്രമം വരുന്നു. അവിടെയെല്ലാം ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണം നടത്തുന്നത്. 11-ാമത്തേത് ഇന്ത്യയാണ്; മതേതര രാജ്യം.
മ്യാൻമർ, യുക്രെയ്ൻ, റഷ്യ, ഇസ്രായേൽ, പലസ്തീൻ, അഫ്ഗാനിസ്ഥാൻ, നൈജീരിയ... എവിടെയായാലും മനുഷ്യന്റെ ജീവനും അന്തസും സ്വാതന്ത്ര്യവും വിലപ്പെട്ടതാണ്. അതേക്കുറിച്ചുള്ള ചർച്ചകളിൽ ഏതെങ്കിലും വിഭാഗത്തെ നാം ഒഴിവാക്കുന്നുണ്ടെങ്കിൽ ആ പ്രാദേശിക രാഷ്ട്രീയത്തിന്റെ സത്യസന്ധത ഇന്നല്ലെങ്കിൽ നാളെ ചോദ്യം ചെയ്യപ്പെടും. കണ്ണടച്ചാൽ ഇരുട്ടാകുന്നത് കണ്ണടയ്ക്കുന്നവർക്കു മാത്രമാണെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.