കാമറയ്ക്കു മുന്നിലുള്ളതു മാത്രമല്ല പിന്നിലുള്ളതും അറിയണം
കാമറകൾ സ്ഥാപിക്കാൻ അന്യായമായി കൊടുക്കുന്ന പണം ജനങ്ങളുടേതാണ്. അതിനു കണക്കുണ്ടായേ തീരൂ. കാമറയ്ക്കു മുന്നിലുള്ള നിയമലംഘനം മാത്രമല്ല, പിന്നിലുണ്ടെന്നു പറയപ്പെടുന്ന അഴിമതിയും തെളിയണം; പിഴയടപ്പിക്കുകയും വേണം.
അഭിമാനകരമാകേണ്ടിയിരുന്ന ഒരു നേട്ടത്തെയും അപമാനത്തിലേക്കു കൂപ്പുകുത്തിച്ചിരിക്കുന്നു നിർമിതബുദ്ധി അഥവാ എഐ കാമറയിലെ അഴിമതിആരോപണങ്ങൾ. ഇതരസംസ്ഥാനങ്ങൾക്കു മുന്നിൽ കേരളത്തിന് ഉയർത്തിക്കാണിക്കാവുന്ന മാതൃകയായിരുന്നു രാജ്യത്ത് ആദ്യമായി നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന കാമറകളിലൂടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനുള്ള സംവിധാനം.
എന്തു പറഞ്ഞിട്ടെന്താ, കട്ടെടുത്തില്ലെങ്കിൽ കൈ വിറയ്ക്കുമെന്ന നിലയിലായവർ വഴിപിഴച്ചോടിക്കുന്ന പദ്ധതികളാണ് കാമറയ്ക്കു പിന്നിൽ തെളിയുന്നത്. കാമറയുടെ പേരിൽ ഉയർന്നിരിക്കുന്ന അഴിമതികളിൽ കഴന്പുണ്ടെങ്കിൽ പിഴയിലൊതുങ്ങുന്നതല്ല, ജയിലിലൊതുക്കേണ്ട കുറ്റമാണ്. താങ്ങാനാവില്ലെന്നു ജനം കരഞ്ഞു പറഞ്ഞിട്ടും കുത്തിപ്പിഴിഞ്ഞു വാങ്ങിക്കൊണ്ടിരിക്കുന്ന നികുതിയെന്ന വിയർപ്പുകാശാണ് ഇങ്ങനെ മുടിപ്പിക്കുന്നതെന്ന് ഈ സർക്കാരിനോട് ആരാണൊന്നു പറയുക?
സംസ്ഥാനത്തെ റോഡുകളിൽ 726 നിർമിതബുദ്ധി കാമറകൾ സ്ഥാപിക്കാൻ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനു കരാർ നൽകിയത് 232.25 കോടി രൂപയ്ക്കാണ്. ഇതു മാർക്കറ്റ് നിരക്കിനേക്കാൾ വളരെ കൂടിയ തുകയാണെന്ന ആരോപണമാണ് ആദ്യം ഉയർന്നത്. അന്താരാഷ്ട്ര കന്പനികൾ വാറണ്ടിയും മെയിന്റനൻസും സൗജന്യമായി നൽകുന്പോൾ കെൽട്രോൺ ഇതിനായി വലിയ തുക കരാറിൽ വേറെയും ഉൾപ്പെടുത്തി. തൊട്ടുപിന്നാലെ കരാർ കന്പനികളെ തെരഞ്ഞെടുത്തതിലും സുതാര്യതയില്ലെന്ന വിമർശനമുണ്ടായി. ഗതാഗത വകുപ്പ് കെൽട്രോണിനാണ് കരാർ നൽകിയതെങ്കിലും അവർ ഉപകരാർ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ആർഐടി എന്ന സ്ഥാപനത്തിനു 165 കോടി രൂപയ്ക്കു നൽകി. അവിടെയും അവസാനിച്ചില്ല. എസ്ആർഐടി വീണ്ടും ഉപകരാർ കൊടുത്തു. ഇങ്ങനെ ഉപകരാറെടുത്ത കോഴിക്കട്ടെ പ്രസാഡിയോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ള കമ്പനികളും സംശയത്തിന്റെ നിഴലിലാണ്. എന്തായാലും, പദ്ധതി നടപ്പാക്കുന്ന ജോലിയിൽനിന്ന് ഇടനിലക്കാരുടെ സ്ഥാനത്തേക്ക് എസ്ആർഐടി മാറി. സ്വകാര്യ കന്പനികളുമായി നടത്തുന്ന കരാറുകളിൽ കെൽട്രോൺ നടത്തുന്ന സുതാര്യമല്ലാത്ത ഇടപാടുകളെക്കുറിച്ച് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ മുന്പ് കുറ്റപ്പെടുത്തിയിട്ടുള്ളതുമാണ്. എന്തായാലും കെൽട്രോണും സർക്കാരും ഇതുവരെ നൽകിയിട്ടുള്ള മറുപടികളൊന്നും നേരേ വാ നേരേ പോ എന്ന മട്ടിലുള്ളതല്ല. മറുപടി പറയുന്തോറും ചോദ്യങ്ങളേറുന്നു.
പദ്ധതി നടപ്പാക്കാൻ സാങ്കേതിക പരിജ്ഞാനമില്ലെങ്കിൽ എങ്ങനെയാണ് എസ്ആർഐടിക്കു കരാർ ലഭിച്ചത്, ആ ടെണ്ടറിൽ ആരൊക്കെ പങ്കെടുത്തു എസ്ആർഐടിയുടെ പശ്ചാത്തലമെന്ത് തുടങ്ങിയ നിരവധി കാര്യങ്ങൾ അറിയാനുണ്ട്. കെ-ഫോണ്, സർക്കാർ ഓഫീസുകളുടെ ഇന്റർനെറ്റ് നെറ്റ്വർക്കായ കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വര്ക്ക് (കെഎസ്വാൻ), സേഫ് കേരള പദ്ധതി എന്നിവയിൽ അവരുണ്ട്. എഐ കാമറയുടെ കാര്യത്തിൽ സംശയമുണ്ടെങ്കിൽ അവരുടെ മറ്റ് ഇടപാടുകളിലേക്കും സംശയമുന നീളും. ഓരോ പദ്ധതിയിലേക്കും നേരിട്ടല്ല എസ്ആർഐടി കടന്നുവരുന്നതെന്നതും ശ്രദ്ധേയമാണ്.
1516.76 കോടിയുടെ കെ-ഫോൺ പദ്ധതിക്കു പശ്ചാത്തല സൗകര്യമൊരുക്കാൻ കേന്ദ്രസർക്കാർ സ്ഥാപനമായ ബെല്ലിനൊപ്പമുള്ള കണ്സോർഷ്യത്തിലെ അംഗമെന്ന നിലയിലാണ് കെ-ഫോണിലേക്ക് എസ്ആർഐടി കയറിക്കൂടിയത്. കെഎസ്വാനിന്റെ കാര്യത്തിൽ കരാറുകാരായ റെയ്ൻ ഡെല്ലിൽനിന്നും എസ്ആർഐടി ഉപകരാറെടുക്കുകയായിരുന്നു. എഐ കാമറ സ്ഥാപിക്കുന്നതിന്റെ ഫൈബർ ഇടുന്നതിന് എസ്ആർഐടി ഉപകരാർ നൽകിയ, നാസിക്ക് ആസ്ഥാനമായ അശോക് ബെൽക്കൺ എസ്ആർഐടിയുടെ ബിസിനസ് പങ്കാളിയാണെന്നും റിപ്പോർട്ടുണ്ട്.
എഐ ക്യാമറ കരാർ ഇടപാടിൽ ജുഡീഷൽ അന്വേഷണം വേണമെന്നാണ് യുഡിഎഫ് ആവശ്യം. അന്വേഷണം വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി നടത്തുമെന്നാണ് മന്ത്രി പി. രാജീവ് പറയുന്നത്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണം എവിടെയെത്തുമെന്ന കാര്യത്തിൽ സംശയമുണ്ട്. മുഖ്യമന്ത്രി മൗനത്തിലുമാണ്. എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു അഴിമതിയും ഉണ്ടാകില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞത്. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അഴിമതി സാധ്യതകൾ ചൂണ്ടിക്കാട്ടി എണ്ണമിട്ടു നിരത്തിയ ചോദ്യങ്ങൾക്ക് ഈ മറുപടി പോരല്ലോ.
ഇതു ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും തമ്മിലുള്ള ഏറ്റുമുട്ടലല്ല. കാമറകൾ സ്ഥാപിക്കാൻ അന്യായമായി കൊടുക്കുന്ന പണം ജനങ്ങളുടേതാണ്. അതിനു കണക്കുണ്ടായേ തീരൂ. കാമറയ്ക്കു മുന്നിലുള്ള നിയമലംഘനം മാത്രമല്ല, പിന്നിലുണ്ടെന്നു പറയപ്പെടുന്ന അഴിമതിയും തെളിയണം; പിഴയടപ്പിക്കുകയും വേണം.