മണിപ്പുരിൽ നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണെന്നു പറയേണ്ടിവരുന്ന നിലയിലാണ് കാര്യങ്ങൾ. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും പെന്തക്കോസ്തുകാരും ഉൾപ്പെടുന്ന ക്രൈസ്തവരാണ് മെയ്തേയ് വിഭാഗത്തിന്റെ ആക്രമണങ്ങൾക്ക് ഇരയാകുന്നത്.
മണിപ്പുരിലെ തീയുടെ പൊള്ളലേൽക്കുന്നത് രാജ്യത്തിനാണ്. ആ പുക വമിപ്പിക്കുന്നത്, കരിഞ്ഞ സ്വപ്നങ്ങളുടെ മാത്രമല്ല, മനുഷ്യമാംസത്തിന്റെകൂടി ഗന്ധമാണ്. മതമേതായാലും മരിക്കുന്നതു മനുഷ്യരാണ്. 76 കൊല്ലം മുന്പ് ബ്രിട്ടീഷുകാർ നാടുവിട്ടതുകൊണ്ട് ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിന്റെ കുറ്റം അവരിൽ ചാർത്താനാവില്ല. അതുകൊണ്ട്, നാട്ടുരാജാക്കന്മാർ മറുപടി പറയണം, ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കുമൊക്കെ പാകമായ വിധത്തിൽ മത-വംശീയ-ദേശീയ വികാരങ്ങളെ ഊട്ടിയുറപ്പിച്ചുകൊണ്ടിരിക്കുന്നതിന്.
മണിപ്പുരിലെ മെയ്തേയ് വിഭാഗവും ഗോത്ര വർഗക്കാരും തമ്മിൽ മേയ് മൂന്നിനു തുടങ്ങിയ സംഘർഷത്തിൽ മരണസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. 50 ക്രൈസ്തവ ദേവാലയങ്ങളും സെമിനാരികളും സ്കൂളുകളും വീടുകളും വാഹനങ്ങളും മാത്രമല്ല, ആശുപത്രികൾ പോലും അഗ്നിക്കിരയാക്കി. ക്രൈസ്തവർ അധിവസിക്കുന്ന 58 ഗോത്ര ഗ്രാമങ്ങളിൽ കടന്നുകയറിയ ഭൂരിപക്ഷമായ മെയ്തേയ് വിഭാഗക്കാർ ആക്രമണം നടത്തിയെന്ന് മണിപ്പുർ ട്രൈബൽ ഫോറം (എംടിഎഫ്) സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട് പെറ്റീഷനിൽ പറയുന്നു. അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നാണ് എംടിഎഫ് സുപ്രീംകോടതിയോട് അഭ്യർഥിച്ചിരിക്കുന്നത്.
മണിപ്പുരിൽ നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണെന്നു പറയേണ്ടിവരുന്ന നിലയിലാണ് കാര്യങ്ങൾ. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും പെന്തക്കോസ്തുകാരും ഉൾപ്പെടുന്ന ക്രൈസ്തവരാണ് മെയ്തേയ് വിഭാഗത്തിന്റെ ആക്രമണങ്ങൾക്ക് ഇരയാകുന്നത്. ക്രൈസ്തവരുടെ വീടുകളും സ്ഥാപനങ്ങളുമാണ് ആക്രമിക്കപ്പെടുന്നത്. മെയ്തേയ് വിഭാഗത്തിലെ ക്രൈസ്തവരുടെ പള്ളികൾ പോലും ആക്രമിക്കപ്പെട്ടത് വർഗീയതയുടെ സൂചനയായി. പുറത്തുനിന്നെത്തുന്ന ആയുധധാരികൾ ആദ്യം ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി ഓടിക്കുന്നു. പിന്നാലെയെത്തുന്ന നാട്ടുകാർ വീടുകൾ കൊള്ളയടിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും എതിർക്കുന്നവരെ കൊല്ലുകയും വീടുകൾക്കു തീയിടുകയും ചെയ്യുന്നു. അക്രമികൾക്കു സർക്കാർ മൗനാനുവാദം നൽകുന്നുണ്ടെന്നു സംശയിക്കേണ്ട രീതിയിലാണ് പോലീസിന്റെ ഭയാനകമായ നിഷ്ക്രിയത്വം.
അക്രമികൾക്കൊപ്പം സൈനിക വേഷത്തിലുള്ളവർ നടക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇംഫാൽ നഗരത്തിനടുത്തുള്ള പാങ്ങെയിലുള്ള പോലീസ് ട്രെയിനിംഗ് കോളജിന്റെ ആയുധപ്പുരയിൽനിന്നു കലാപക്കാർ ആയുധങ്ങൾ കൊണ്ടുപോയി. ആയുധപ്പുരയുടെ വാതിലുകൾ തുറന്നത് എങ്ങനെയെന്നതിനു കൃത്യമായ വിശദീകരണമില്ല. കൊണ്ടുപോയ ആയുധങ്ങൾ തിരിച്ചു തരണമെന്ന് ഡിജിപി പി. ദൗങ്കലിന് അക്രമികളോട് അഭ്യർഥിക്കേണ്ട സ്ഥിതിയിലെത്തി മണിപ്പുരിലെ ക്രമസമാധാന പാലനം.
തീർന്നില്ല, മെയ്തേയ് വിഭാഗത്തെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിനെതിരേ, ക്രൈസ്തവ സഭകളുടെയും തീവ്രവാദികളുടെയും പിന്തുണയോടെ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായതെന്ന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം വാർത്ത കൊടുത്തു. പട്ടികജാതി വിഷയത്തിൽ ട്രൈബൽ സോളിഡാരിറ്റി നടത്തിയ മാർച്ചിന് ട്രൈബൽ ചർച്ചസ് ലീഡേഴ്സ് ഫോറം പിന്തുണ നൽകിയതാവാം ഇത്തരമൊരു നിരുത്തരവാദപരമായ പ്രസ്താവനയ്ക്കു കാരണം.
മാർച്ചിൽ അക്രമമുണ്ടായെങ്കിൽ അതിനെ ഒരു കാരണവശാലും ന്യായീകരിക്കേണ്ടതില്ല. കുറ്റവാളികളെ തുറുങ്കിലടക്കാൻ രാജ്യത്തു നിയമവുമുണ്ട്. അതിനു പകരം, അത്യന്തം വൈകാരികമായ സാഹചര്യം നിലനിൽക്കെ ഒരു മതവിഭാഗത്തെ ലക്ഷ്യമിടുന്നവിധമുള്ള പ്രസ്താവന നിഷ്കളങ്കമാണെന്നു കരുതാനാവില്ല.
53 ശതമാനത്തോളം വരുന്ന മെയ്തേയ് വിഭാഗത്തിൽ മഹാഭൂരിപക്ഷവും ഹൈന്ദവരും ഗോത്രവിഭാഗത്തിലുൾപ്പെടെ 42 ശതമാനത്തോളം ക്രൈസ്തവരുമാണ്. മെയ്തേയ് വിഭാഗത്തിന് ഗോത്രവർഗ മേഖലയിൽ ഭൂമി വാങ്ങാൻ അനുവാദമില്ലെങ്കിലും ഗോത്രവർഗക്കാർക്ക് താഴ്വരയിൽ ഭൂമി വാങ്ങാനുള്ള അവകാശമുണ്ട്. എസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്ന് മെയ്തേയ് വിഭാഗക്കാർ കരുതുന്നു. പരിഹരിക്കപ്പെടേണ്ട പല വിഷയങ്ങളുമുണ്ടെങ്കിലും കഴിഞ്ഞ 30 വർഷമായി മണിപ്പുരിൽ ഗുരുതര സംഘർഷങ്ങളില്ലായിരുന്നു. എന്നാൽ സമീപകാലത്ത് ഈയവസ്ഥയിൽ മാറ്റമുണ്ടായി.
ഫെബ്രുവരിയിൽ വനമേഖലയിൽ നടത്തിയ കുടിയൊഴിപ്പിക്കലുകൾ ഗോത്രവർഗക്കാരെ പ്രകോപിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ, ഏപ്രിൽ 11ന് അനുമതിയില്ലാതെ നിര്മിച്ചതാണെന്നാരോപിച്ച് സര്ക്കാര് ഇംഫാല് ഈസ്റ്റ് ജില്ലയില് മൂന്ന് ക്രിസ്ത്യന് പള്ളികള് തകര്ത്തു. മാർച്ച് 27ന് മണിപ്പുർ ഹൈക്കോടതി മെയ്തേയ് വിഭാഗത്തെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തിനു ശിപാർശ നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചത് സ്ഥിതി കൂടുതൽ വഷളാക്കി.
നിലവിൽ ചില മെയ്തേയ് വിഭാഗങ്ങൾക്ക് എസ്സി, ഒബിസി ലിസ്റ്റുകളില് സ്ഥാനമുള്ളവരാണ്. എന്നാല് മെയ്തേയ് സമുദായത്തെ മുഴുവന് പട്ടിക വർഗമായി കണക്കാക്കണം എന്നാണ് അവരുടെ ആവശ്യം. ബിജെപി സർക്കാരിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ഉൾപ്പെടെയുള്ളവർ മെയ്തേയ് വിഭാഗക്കാരാണ്. 60 എംഎൽഎമാരിൽ 40 പേരും ആ വിഭാഗമാണ്. സർക്കാർ ജോലികളിലും അവർക്കാണ് മേൽക്കൈ. മെയ്തേയ് വിഭാഗത്തിന് പട്ടിക വർഗ പദവികൂടി നൽകിയാൽ തങ്ങൾ കൂടുതൽ പാർശ്വവത്കരിക്കപ്പെടുമെന്നാണ് ഗോത്രവർഗക്കാരുടെ ഭയം.
ഇത്തരം പ്രശ്നങ്ങൾ ഉടനെ പരിഹരിക്കാനാവില്ല. പക്ഷേ, അക്രമങ്ങൾ ഉടനെ അവസാനിപ്പിക്കണം. രാഷ്ട്രീയ-വർഗീയ മുതലെടുപ്പുകൾ ഉണ്ടാകരുത്. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കണക്കുകളിൽ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വീടു വിട്ടു പലായനം ചെയ്തവരും അഭയാർഥി ക്യാന്പുകളിൽ കഴിയുന്നവരുമൊക്കെ യാഥാർഥ്യങ്ങളാണ്. മണിപ്പുരിലെ അക്രമങ്ങൾക്ക് വംശഹത്യയുടെ ലക്ഷണങ്ങളുണ്ടെന്നു പറയാതെ വയ്യ. അങ്ങനെയല്ലെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ്. പ്രസംഗങ്ങളിലും പ്രസ്താവനകളിലുമല്ല, പ്രവൃത്തിയിലാണ് ന്യൂനപക്ഷ മൈത്രി കാണിക്കേണ്ടത്. അതിനർഥം സത്യസന്ധരാകുക എന്നതാണ്.