ജനം വോട്ടെടുപ്പിലൂടെ സമ്മതിച്ചില്ലെങ്കിൽ ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് പിൻവാതിലിലൂടെയോ ഓടുപൊളിച്ചോ കയറുന്ന സംസ്കാരത്തിന് കോടതിവിധി അന്ത്യം കുറിക്കട്ടെ.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അധികാരം കേന്ദ്രത്തിനു കവരാനാവില്ലെന്നും ഗവർണർമാർ രാഷ്ട്രീയം കളിക്കരുതെന്നുമുള്ള നിലപാടിലൂടെ ജനാധിപത്യത്തിന്റെ കണ്ണാടി കേന്ദ്രസർക്കാരിനു മുന്നിൽ വച്ചിരിക്കുകയാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. ഡൽഹിയിലെയും മഹാരാഷ്ട്രയിലെയും ഗവർണർമാരുടെ രാഷ്ട്രീയ ഇടപെടലുകളെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്.
ജനാധിപത്യ ഭരണക്രമത്തിൽ യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനായിരിക്കുമെന്നും ഡൽഹിയിലെ ഭരണം ഏറ്റെടുക്കാൻ കേന്ദ്രത്തിനാകില്ലെന്നും കോടതി പറഞ്ഞു. മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പിനുള്ള ഗവർണറുടെ തീരുമാനവും വിപ്പിനെ നിയമിക്കാനുള്ള സ്പീക്കറുടെ തീരുമാനവും തെറ്റായിരുന്നെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ചരിത്രപരമായ രണ്ടു വിധിയും നേരിട്ടു സംവദിക്കുന്നത് കേന്ദ്രസർക്കാരിനോടാണ്. രണ്ടും പറയുന്നത്, ജനാധിപത്യത്തെ അട്ടിമറിക്കരുതെന്നാണ്. ഭരണഘടന മറന്നുള്ള ഗവർണർമാരുടെ രാഷ്ട്രീയക്കളി വേണ്ടെന്നാണ്.
ലഫ്റ്റനന്റ് ഗവണർ വി.കെ. സക്സേനയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന ഡൽഹി സർക്കാരിന്റെ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധികളിലൊന്ന്. ഉദ്യോഗസ്ഥരുടെമേൽ നിയന്ത്രണമില്ലാത്ത സർക്കാർ രാജ്യമില്ലാത്ത രാജാവിനെപ്പോലെയാണെന്നാണ് ആം ആദ്മി പാർട്ടി സുപ്രീംകോടതിയിൽ വാദിച്ചത്. രാജ്യതലസ്ഥാനമായതിനാൽ ഡൽഹിയിലെ ഭരണത്തിൽ കേന്ദ്രസർക്കാരിനു മുഖ്യപങ്ക് വഹിക്കാനുണ്ടെന്ന നിലപാടിലായിരുന്നു കേന്ദ്രം. എന്നാൽ പൊതുക്രമം, പോലീസ്, ഭൂമി എന്നിവയൊഴിച്ചുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനാണ് അധികാരമെന്നു കോടതി ഉറപ്പാക്കി. ബിജെപി കേന്ദ്രത്തിലും ആം ആദ്മി പാർട്ടി ഡൽഹിയിലും അധികാരത്തിലെത്തിയത് 2014ലാണ്. അന്നുമുതൽ ഉദ്യോഗസ്ഥ നിയമനത്തിൽ ഉൾപ്പെടെ തുടരുന്ന അധികാരത്തർക്കം കോടതിയിലെത്തിയതിനെത്തുടർന്ന്, സംസ്ഥാനത്തിന്റെ ഉപദേശങ്ങൾ അനുസരിക്കാൻ ലഫ്റ്റനന്റ് ഗവർണർ ബാധ്യസ്ഥനാണെന്ന് 2018ൽ സുപ്രീം കോടതിയുടെ രണ്ടംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. പക്ഷേ, സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നതിനാൽ വിഷയം വീണ്ടും ഭരണഘടനാ ബെഞ്ചിനു മുന്നിൽ എത്തുകയായിരുന്നു. കോടതിവിധി വന്നതിനു തൊട്ടുപിന്നാലെ സേവനവകുപ്പ് സെക്രട്ടറി ആശിഷ് മോറയെ കേജരിവാൾ സർക്കാർ പുറത്താക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലും കേന്ദ്രസർക്കാരിന്റെ താത്പര്യത്തിനനുസരിച്ച് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുനിന്ന ഗവർണറുടെ നടപടി തെറ്റാണെന്നു കോടതി വ്യക്തമാക്കി. ഉദ്ധവ് താക്കറെ സർക്കാരിനെ വീഴ്ത്തി ശിവസേനയിലെ വിമതവിഭാഗത്തിന്റെ നേതാവായ ഏക്നാഥ് ഷിന്ഡെ ബിജെപി സഹായത്തോടെ മന്ത്രിസഭ രൂപീകരിച്ചത് ചോദ്യം ചെയ്ത ഹർജിയിലായിരുന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി. മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെയ്ക്കു ഭൂരിപക്ഷം നഷ്ടമായതായി തെളിവുകളില്ലാതിരുന്നിട്ടും ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട ഗവർണർ ഭഗത്സിംഗ് കോഷിയാരിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചു. പക്ഷേ, വിശ്വാസവോട്ടെടുപ്പ് നേരിടാതെ രാജിവച്ചതിനാൽ ഉദ്ധവ് താക്കറെയുടെ സർക്കാരിനെ തിരികെ കൊണ്ടുവരാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. നിയമസഭയുടെ വിപ്പായി വിമതവിഭാഗത്തിലെ ഭരത് ഗോഗാ വാലെയെ നിയമിച്ച സ്പീക്കറുടെ നടപടിയും തെറ്റായിരുന്നെന്നു കോടതി പറഞ്ഞു.
ഭരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങൾ കൊടുത്തില്ലെങ്കിലും മറ്റു പാർട്ടികളിലെ എംഎൽഎമാരെ കൂട്ടത്തോടെ അടർത്തിയെടുത്ത് അധികാരത്തിലേറുന്നത് വോട്ട് ചെയ്ത ജനങ്ങളോടുള്ള വഞ്ചനയാണ്. ജനാധിപത്യത്തിലെ ആൾസഞ്ചാരമില്ലാതിരുന്ന കുരുട്ടുവഴികൾ കണ്ടെത്തി അധികാരക്കസേരയിലെത്താനുള്ള ബിജെപിയുടെ കുപ്രസിദ്ധ ശ്രമങ്ങളും അധികാരം തട്ടിയെടുക്കലും ആദ്യമല്ല. 2014ൽ അരുണാചൽ പ്രദേശും ഉത്തരാഖണ്ഡും, 2017ൽ ഗോവയും മണിപ്പുരും, 2018ൽ മേഘാലയയും കർണാടകയും, 2022ൽ മഹാരാഷ്ട്ര എന്നിങ്ങനെ അധികാര രാഷ്ട്രീയത്തിൽ ഗവർണർമാരെ ഉപയോഗിച്ചു ബിജെപി നടത്തിയ കുതന്ത്രങ്ങൾ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ കറുത്ത അധ്യായങ്ങൾ എഴുതിച്ചേർത്തു. ഡൽഹിയിൽ അട്ടിമറിക്കുപോലും സാധ്യതയില്ലാതായതോടെ ഗവർണറെ ഉപയോഗിച്ച് സമാന്തര ഭരണത്തിനായി ശ്രമം. പ്രതിപക്ഷ പാർട്ടികളും മാധ്യമങ്ങളുമൊക്കെ ഇതിനെതിരേ രംഗത്തെത്തിയെങ്കിലും ബിജെപി സർക്കാർ പിന്മാറിയില്ല. ഇപ്പോഴിതാ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചും രംഗത്തെത്തിയിരിക്കുന്നു. ജനം വോട്ടെടുപ്പിലൂടെ സമ്മതിച്ചില്ലെങ്കിൽ ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് പിൻവാതിലിലൂടെയോ ഓടു പൊളിച്ചോ കയറുന്ന സംസ്കാരത്തിന് ഈ കോടതിവിധി അന്ത്യം കുറിക്കട്ടെ.
ഉദ്യോഗസ്ഥർ ഭരണകൂടത്തോടും ഭരണകൂടം നിയമനിർമാണസഭയോടും നിയമനിർമാണസഭ അവരെ തെരഞ്ഞടുത്ത ജനങ്ങളോടും ഉത്തരവാദിത്വമുള്ളവരായിരിക്കണമെന്നതാണ് ഇന്ത്യൻ ജനാധിപത്യ സംവിധാനമെന്ന കോടതിയുടെ ഓർമപ്പെടുത്തൽ ഭരണഘടനയോടു കൂറുള്ളവർക്ക് അവഗണിക്കാനാവില്ല. പാർട്ടികളുടെ വിജയം ജനാധിപത്യത്തിന്റെ പരാജയമാകരുത്.