മറ്റുള്ളവർ വിയർപ്പൊഴുക്കിയുണ്ടാക്കുന്ന പണം അധികാരത്തിന്റെ മറവിൽ പിടിച്ചുപറിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു പ്രതിനിധി മാത്രമാണ്. നാട്ടിലെ പോക്കറ്റടിക്കാരും കവർച്ചക്കാരുമായി ഇവർക്കുള്ള ഏക വ്യത്യാസം ഇവർ ഈ പിടിച്ചുപറി നടത്തുന്നത് ശന്പളത്തിനാണ് എന്നതു മാത്രമാണ്.
പാലക്കാട് ജില്ലയിൽ കൈക്കൂലിയിലൂടെ കോടികൾ സന്പാദിച്ച ഉദ്യോഗസ്ഥനെക്കുറിച്ചുള്ള വാർത്ത എന്തോ വലിയ സംഭവം പോലെയാണ് കേരളം കൊണ്ടാടുന്നത്. കൈക്കൂലി വാങ്ങിയെന്നതല്ല, കൊള്ളക്കാരിൽ ഒരാൾകൂടി പിടിയിലായി എന്നതു മാത്രമാണ് വാർത്ത. പിടിച്ചതിനേക്കാൾ എത്രയോ മൂത്ത ഇനങ്ങളാണ് അളയിലുള്ളത്. ഈ വിഷജന്തുക്കളുടെ ദംശനമേൽക്കാത്ത ആരാണ് നാട്ടിലുള്ളത്? അഴിമതിക്കാരായ സർക്കാർ ജീവനക്കാരെ തളയ്ക്കാൻ ഇച്ഛാശക്തിയുള്ള ഒരൊറ്റ സർക്കാരും ഇതുവരെ ഉണ്ടായിട്ടില്ല. യഥാസമയം ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ബയോമെട്രിക് പഞ്ചിംഗ് സംവിധാനംപോലും അട്ടിമറിക്കാൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായ കാഴ്ച കണ്ട് തലകുനിച്ച നാടാണിത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ അതേ അഴുക്കിൽ കുളിച്ചുനിൽക്കുന്ന സർക്കാരിനും പരിമിതിയുണ്ട്. കൈയിൽ കറ പുരളാത്ത, ഇച്ഛാശക്തിയുള്ള ഒരധികാരി വരുവോളം കാത്തിരിക്കാനാവും കേരളത്തിന്റെ വിധി.
പൊതുജനങ്ങൾക്കു സേവനം എളുപ്പത്തിലാക്കാൻ നടത്തിയ അദാലത്തിൽ പോലും കൈക്കൂലി വാങ്ങുകയായിരുന്നു മണ്ണാർക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ. വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകാൻ 2,500 രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്. അയാൾ താമസിച്ചിരുന്ന വാടകവീട്ടിൽ റെയ്ഡ് നടത്തിയ വിജിലൻസ് സംഘം കണ്ടെത്തിയത് 35 ലക്ഷം രൂപയുടെ നോട്ടുകളും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് രേഖകളും 17 കിലോ നാണയശേഖരവുമാണ്. ആ മുറിയിൽനിന്നു മാത്രം ഒരു കോടി ഏഴു ലക്ഷമാണ് പണമായും രേഖകളായും കിട്ടിയത്. നാണയശേഖരവും കുടംപുളിയും തേനും വസ്ത്രങ്ങളുമൊക്കെ അയാൾ പിഴിഞ്ഞ പാവങ്ങളുടേതാണ്. സുരേഷ് കുമാർ അപൂർവ ജീവിയൊന്നുമല്ല. മറ്റുള്ളവർ വിയർപ്പൊഴുക്കിയുണ്ടാക്കുന്ന പണം അധികാരത്തിന്റെ മറവിൽ പിടിച്ചുപറിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു പ്രതിനിധി മാത്രമാണയാൾ. നാട്ടിലെ പോക്കറ്റടിക്കാരും കവർച്ചക്കാരുമായി ഇവർക്കുള്ള ഏക വ്യത്യാസം ഇവർ ഈ പിടിച്ചുപറി നടത്തുന്നത് ശന്പളത്തിനാണ് എന്നതു മാത്രമാണ്. യൂണിയനുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുള്ള ഇവരെ തീറ്റിപ്പോറ്റുന്നതിന്റെ ചെലവും ജനങ്ങൾക്കാണ്.
സർക്കാർ ഓഫീസിലെ അഴിമതിയെക്കുറിച്ച് അറിയാൻ നാട്ടിൻപുറത്തെ ഏതെങ്കിലുമൊരു കവലയിൽ ചെന്നു നാലാളോടു ചോദിച്ചാൽ മതി. മണ്ണാർക്കാട് പാലക്കയത്തെ നാട്ടുകാർ തങ്ങളുടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെക്കുറിച്ച് പറഞ്ഞതോ അതിലേറെയോ പറയാനുണ്ട് കേരളത്തിലെ ഓരോ സർക്കാർ ഓഫീസുകളെക്കുറിച്ചും. പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസുകളിൽ ഉൾപ്പെടെ ഇന്നും കാര്യങ്ങൾ ‘മുറപോലെ’യാണ്. കൈക്കൂലി കൊടുത്തില്ലെങ്കിൽ ഏമാന്മാർ ഒന്നു വലിക്കും. പൊതുമരാമത്തു വകുപ്പിലെ കോൺട്രാക്ടർമാരോടു ചോദിച്ചാൽ ബിൽ തുകയുടെ ശതമാനക്കണക്കു കണക്കില്ലാതെ വാങ്ങുന്ന എൻജിനിയർമാർ ഉൾപ്പെടെയുള്ളവരുടെ ജനസേവനം അറിയാം. പല ഓഫീസുകളിലും താഴേത്തട്ടിലുള്ള ഏതെങ്കിലുമൊരു ജീവനക്കാരനാകും കിട്ടിയ കൈക്കൂലി വൈകുന്നേരം വീതം വയ്ക്കുന്നത്. വലിയ തുകകളും കമ്മീഷൻ ശതമാനവും കൈമാറുന്നത് വീട്ടിലോ മറ്റേതെങ്കിലും സ്ഥലത്തോ ആയിരിക്കും. ആർടി ഓഫീസിലെ കാര്യം ഡ്രൈവിംഗ് സ്കൂളുകാരും ഏജന്റുമാരും പറയും.
തർക്കമുള്ള ഭൂമിയിലോ വനാതിർത്തിയിലോ താമസിക്കുന്നവരോടു ചോദിച്ചാൽ, വനംവകുപ്പ് മേലാളന്മാരുടെ തനിനിറമറിയാം. പോലീസിനു കൈക്കൂലി കൊടുത്തില്ലെങ്കിൽ വാദിയും പ്രതിയും നീതിയുടെ രുചിയറിയും. താലിമാല വിറ്റ കാശുമായി വരുന്ന ഗതികെട്ടവനോട് അത് ആർക്കൊക്കെ വീതം വച്ചുകൊടുക്കണമെന്നു ചെവിയിൽ പറഞ്ഞുതരുന്ന സഹായികൾ ഏതാണ്ട് എല്ലാ ഓഫീസുകളിലുമുണ്ട്. സർക്കാരിനു മാത്രം ഇതൊന്നുമറിയില്ലെന്നേയുള്ളൂ..!
ഓൺലൈൻ സേവനങ്ങൾ വന്നതോടെ കൈക്കൂലിയിൽ നേരിയ കുറവു ഉണ്ടായിട്ടുണ്ടെങ്കിലും അതിനെ മറികടക്കാൻ ജീവനക്കാർ പുതിയ നിബന്ധനകൾ ഏർപ്പെടുത്തുകയാണ്. അഴിമതിക്കാരിൽ ഏറ്റവും കൂടുതൽ അടിഞ്ഞുകൂടിയിരിക്കുന്നത് വില്ലേജ്, താലൂക്ക് ഓഫീസുകൾ ഉൾപ്പെടുന്ന റവന്യു വകുപ്പിലാണ്. 2022 ൽ 14 ഉദ്യോഗസ്ഥർ വിജിലൻസിന്റെ പിടിയിലായി. ഈ വർഷം ഇതുവരെ പിടിച്ചത് 9 പേരെയാണ്. പക്ഷേ, ഇത് മഞ്ഞുമലയുടെ ഒരറ്റം പോലുമാകുന്നില്ല.
കൈക്കൂലി വാങ്ങാതെ ജനങ്ങൾക്കു സേവനം നൽകുന്ന എത്ര ഓഫീസുകളുണ്ട് കേരളത്തിൽ? പിടിയിലായാലും ഒരു സസ്പെൻഷൻ വാർത്തയിൽ ഒതുങ്ങും കാര്യങ്ങൾ. സസ്പെൻഷൻ കാലയളവിൽ ശമ്പളത്തിന്റെ നിശ്ചിത ശതമാനവും സർവീസിൽ തിരിച്ചു പ്രവേശിക്കുന്പോൾ കുടിശിക പൂർണമായും ലഭിക്കും. അതായത് ജോലി ചെയ്യാതെ ശന്പളം ലഭിക്കുമെന്നർഥം. ചില കേസുകളിൽ വിധി വരുന്പോഴേക്കും ജീവനക്കാരൻ വിരമിച്ചിട്ടുണ്ടാകും. ഇതാണവസ്ഥ.
കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യു വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തുമെന്നും അഴിമതിക്കേസുകളിൽ പ്രതികളാകുന്നവരെ പിരിച്ചുവിടുന്നതിനുള്ള നിയമമാർഗങ്ങൾ പരിശോധിക്കുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞത് തത്കാലം ആരും വിശ്വസിക്കില്ല. നടപ്പിലാക്കാൻ ബുദ്ധിമുട്ടായിട്ടല്ല, അതിനൊക്കെ ഇച്ഛാശക്തി വേണ്ടേ? അല്ലെങ്കിൽ ജനങ്ങളോടു പ്രതിബദ്ധത വേണം. എല്ലാറ്റിലുമുപരി അഴിമതിമുക്തരായ ഭരണാധികാരികൾക്കേ ജീവനക്കാരുടെ അഴിമതി നിയന്ത്രിക്കാനാകൂ എന്നതും മറക്കരുത്. അതുവരെ അഴിമതിയുടെ കേരളാ സ്റ്റോറി മാറ്റിയെഴുതാനാകില്ല.