അതിവേഗം വ്യാപിക്കുന്ന തരിശുപാടങ്ങളെന്നാൽ, കേരളത്തിലെ നെൽകൃഷിയുടെ വിസ്തൃതമാകുന്ന ശ്മശാനങ്ങളാണ്. അവിടെനിന്നു തൊഴിലില്ലായ്മയുടെയും ഭക്ഷ്യക്ഷാമത്തിന്റെയും ദുർഭൂതങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഇതൊന്നും പ്രവചനമല്ല, പ്രകടമായിക്കഴിഞ്ഞ ലക്ഷണങ്ങളാണ്. എത്ര പറഞ്ഞാലും മനസിലാകാത്ത, കാര്യക്ഷമതയും ദീർഘവീഷണവുമില്ലാത്ത സർക്കാരിന്റെ സൃഷ്ടിയാണ്.
നെൽകർഷകർക്കു സംഭരിച്ച നെല്ലിന്റെ വില കൊടുക്കാത്തത്, വിതയ്ക്കുന്നതു മുതൽ കൊയ്യുന്നതു വരെയും, സംഭരണം മുതൽ പണം കൊടുക്കുന്നതുവരെയുമുള്ള സർക്കാരിന്റെ നെറികേടുകളിൽ ഒന്നു മാത്രമാണ്. നെല്ലിന്റെ വില ഇന്നു തരും നാളെ തരും എന്ന് സപ്ലൈകോയെയും ബാങ്കുകളെയും മുന്നിൽ നിർത്തി കർഷകരെ പറഞ്ഞുപറ്റിക്കുന്ന ഈ പൊറാട്ടുനാടകത്തിനു തിരശീലയിടാൻ നേരമായി. സർക്കാരിന്റെ ഉറപ്പു വിശ്വസിച്ച് ബാങ്കുകൾ കയറിയിറങ്ങുകയാണ് പാവപ്പെട്ട കർഷകർ. രണ്ടാം കൃഷിയിറക്കേണ്ട സമയത്താണ് സർക്കാർ നുണയുടെ ‘വിളവ്’ ഇറക്കുന്നത്. സർക്കാരാണോ സപ്ലൈകോയാണോ ബാങ്കുകളാണോ അതോ എല്ലാവരും ചേർന്നാണോ കർഷകരെ കബളിപ്പിക്കുന്നതെന്നേ ഇനി അറിയാനുള്ളൂ. വർധിച്ച പണിക്കൂലിയും അതിലുമുയരെ കുതിക്കുന്ന വളത്തിന്റെയും കീടനാശിനികളുടെയും വിലയും പ്രകൃതിക്ഷോഭങ്ങളും വിലത്തകർച്ചയുമൊക്കെ അവഗണിച്ചു ലാഭം നോക്കാതെ നെല്ലു വിളയിച്ചു കേരളത്തിന്റെ വിശപ്പടക്കുന്ന കർഷകരെ ഇങ്ങനെ ദ്രോഹിക്കരുത്. കർഷകരെ ഇരുട്ടിൽ നിർത്തുന്ന സർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളുടെയും വായാടിത്തങ്ങളുടെയും അകന്പടിയോടെ സമാഗതമാകുന്നത് കേരളത്തിലെ നെൽകൃഷിയുടെ അന്ത്യനാളുകളാണ്.
സംഭരിച്ച നെല്ലിനു കർഷകർക്കു പണം കൊടുക്കുന്ന ‘നേരേ വാ നേരേ പോ’ ഇടപാടൊന്നുമല്ല നടക്കുന്നത്. സപ്ലൈകോ നൽകുന്ന രേഖകൾ പ്രകാരം കർഷകരുടെ അക്കൗണ്ടിലേക്കു നേരിട്ടു പണം നൽകുന്ന രീതി, സർക്കാർ പണം യഥാസമയം തിരിച്ചടയ്ക്കാതായതോടെ ബാങ്കുകൾ നിർത്തലാക്കി. ഇപ്പോൾ, വാങ്ങിയ നെല്ലിനു വില നൽകുന്നതിനു പകരം ബാങ്കുകളിൽനിന്നു വായ്പ തരപ്പെടുത്തി കൊടുക്കുന്ന സംവിധാനമാണുള്ളത്. അതായത്, നെല്ല് സംഭരിക്കുന്പോൾ സപ്ലൈകോ കർഷകനു നൽകുന്ന പാഡി പ്രൊക്യൂർമെന്റ് റെസിപ്റ്റ് ഷീറ്റ് (പിആർഎസ്) ഈടായി സ്വീകരിച്ച് ബാങ്കുകൾ നെൽകർഷകർക്കു വായ്പ നൽകും. കിട്ടാനുള്ള പണം വാങ്ങിയ കർഷകൻ വായ്പക്കാരൻ! മുതലും പലിശയും തിരിച്ചടയ്ക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയാൽ, സാന്പത്തിക ഇടപാടുകളിലെ വിശ്വാസ്യതയുടെ അളവുകോലായ സിബിൽ സ്കോറിന്റെ കാര്യത്തിലും കർഷകൻ വിശ്വാസ്യതയില്ലാത്തവൻ! ഇതെല്ലാം അറിഞ്ഞിട്ടും കർഷകർ തല വച്ചുകൊടുത്തത് നിവൃത്തികേടുകൊണ്ടാണ്. എന്നിട്ടും മാർച്ച് 28നുശേഷം നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് കൊടുക്കാനുള്ളത് 557 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. കർഷകരിലേറെയും കടം വാങ്ങിയും സ്വർണവും ഭൂമിയുമൊക്കെ പണയം വച്ചുമാണ് കൃഷിയിറക്കുന്നത്. അവരുടെ കണക്കുകൂട്ടലൊക്കെ തെറ്റിക്കഴിഞ്ഞു. കുടിശിക വിതരണം ആരംഭിച്ചെന്നു സർക്കാർ കഴിഞ്ഞയാഴ്ച കൊട്ടിഘോഷിച്ചതും പാഴ്വാക്കായി. ബാങ്കുകൾ പിആർസ് വാങ്ങി വച്ചെങ്കിലും കർഷകരുടെ അക്കൗണ്ടിലേക്കു പണമെത്തുന്നില്ല.
പാടങ്ങളിൽ കൊയ്തുവച്ചിരുന്ന നെല്ല് മില്ലുടമകളെക്കൊണ്ട് ഏറ്റെടുപ്പിച്ചതുതന്നെ ഏറെനാളത്തെ വിലപേശലിനൊടുവിലായിരുന്നു. മില്ലുടമകളുമായി ധാരണയിലെത്താൻ സർക്കാർ വൈകുന്നത് കൊയ്ത്തുകാലത്തെ പതിവു കാഴ്ചയാണ്. അതിലും ശ്രമകരമായിരിക്കുകയാണ് വിറ്റ നെല്ലിന്റെ പണം കിട്ടുക എന്നത്. കൃഷി, ഭക്ഷ്യ-പൊതുവിതരണ, ധന വകുപ്പുകൾ തമ്മിൽ യാതൊരു ഏകോപനവും ഇല്ലെന്നുള്ളതിന്റെ തെളിവാണ് അന്പേ പരാജയപ്പെട്ട നെല്ലുവില വിതരണം. മന്ത്രിമാർ മാറിമാറി പ്രസ്താവനയിറക്കുന്നതല്ലാതെ ഒന്നും നടപ്പാകുന്നില്ല. മേയ് മൂന്നിനു മുഖ്യമന്ത്രി നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അടിയന്തരമായി വില നൽകാൻ നടപടി സ്വീകരിക്കുകയും ബാങ്കുകൾവഴി വിതരണം ചെയ്യാൻ ധനവകുപ്പ് 700 കോടി രൂപ അനുവദിക്കുകയും ചെയ്തതാണ്.
പക്ഷേ, ഒന്നും നടന്നിട്ടില്ല. ഇത്ര അടിയന്തരമായ കാര്യം നടപ്പാക്കാൻ മുഖ്യമന്ത്രി ഇടപെട്ടിട്ടുപോലും സർക്കാരിനു കഴിയുന്നില്ലെന്നത് എന്തൊരു തോൽവിയാണ്?
നെൽകൃഷിയിലേക്ക് പുതുതായി ആരും എത്തുന്നില്ലെന്നു മാത്രമല്ല, നഷ്ടക്കണക്കുകളും സർക്കാരിന്റെ കെടുകാര്യസ്ഥതയും കാരണം, ഓരോ വിളവെടുപ്പും കഴിയുന്പോൾ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയാണ്. 2005 മുതൽ 2020 വരെയുള്ള 15 വർഷത്തിനിടെ കേരളത്തിലെ മൊത്തം കൃഷിയിടങ്ങളിൽ 30 ശതമാനത്തിന്റെ കുറവുണ്ടായെന്നത് കൃഷിവകുപ്പിന്റെതന്നെ സാന്പത്തിക-സ്ഥിതിവിവര വിഭാഗത്തിന്റെ കണക്കുകളാണ്.
നെല്ലിന്റെ മാത്രം കാര്യമെടുത്താൽ, 84,691 ഹെക്ടറിലെ കൃഷിയാണ് ഇല്ലാതായത്. ഉത്പാദനത്തിൽ 43,089 ടണ്ണിന്റെ അഥവാ 6.81 ശതമാനത്തിന്റെ കുറവ്. അത്രയും അരിക്ക് നാം ഇതര സംസ്ഥാനങ്ങൾക്കു മുന്നിൽ കൈ നീട്ടിയെന്നുകൂടിയാണ് അർഥം. ഈ കണക്കെടുപ്പിനു ശേഷമുള്ള രണ്ടര വർഷത്തിനിടെ കൃഷിയിടം വീണ്ടും കുറഞ്ഞിട്ടുണ്ടാകുമെന്നതും മറക്കരുത്.
അതിവേഗം വ്യാപിക്കുന്ന തരിശുപാടങ്ങളെന്നാൽ, കേരളത്തിലെ നെൽകൃഷിയുടെ വിസ്തൃതമാകുന്ന ശ്മശാനങ്ങളാണ്. അവിടെനിന്നു തൊഴിലില്ലായ്മയുടെയും ഭക്ഷ്യക്ഷാമത്തിന്റെയും ദുർഭൂതങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഇതൊന്നും പ്രവചനമല്ല, പ്രകടമായിക്കഴിഞ്ഞ ലക്ഷണങ്ങളാണ്. എത്ര പറഞ്ഞാലും മനസിലാകാത്ത, കാര്യക്ഷമതയും ദീർഘവീഷണവുമില്ലാത്ത സർക്കാരിന്റെ സൃഷ്ടിയാണ്. ദുരിതം വിതച്ചിട്ടാണോ സമൃദ്ധി കൊയ്യാനിരിക്കുന്നത്?