സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ സീറ്റുകൾ ഒഴിവായിക്കിടക്കുന്നതും വിദ്യാർഥികൾ നാടുവിടുന്നതും പതിവായിരിക്കുകയാണ്. അതു പരിഹരിക്കാൻ ആവശ്യമായ നിർദേശങ്ങൾ കോളജ് മാനേജ്മെന്റുകൾ സർക്കാരിനെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. ഇനി എത്രയും വേഗത്തിൽ
തീരുമാനമെടുക്കുകയാണു വേണ്ടത്.
ലോകം മാറുന്നതനുസരിച്ചു വിദ്യാഭ്യാസമേഖലയും മാറിയില്ലെങ്കിൽ എന്തൊക്കെ തിരിച്ചടികൾ ഉണ്ടാകുമോ അതൊക്കെ കേരളത്തിൽ സംഭവിക്കുന്നുണ്ട്. അത്തരം പ്രതിസന്ധികളാണ് സ്വാശ്രയ എൻജിനിയറിംഗ് കോളജുകളും അഭിമുഖീകരിക്കുന്നത്. ഇവിടത്തെ കോളജുകളിൽ സീറ്റുകൾ ഒഴിവായിക്കിടക്കുന്നതും വിദ്യാർഥികൾ നാടുവിടുന്നതും പതിവായിരിക്കുകയാണ്.
അതു പരിഹരിക്കാൻ ആവശ്യമായ നിർദേശങ്ങൾ കോളജ് മാനേജ്മെന്റുകൾ സർക്കാരിനെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. ഇനി എത്രയും വേഗത്തിൽ തീരുമാനമെടുക്കുകയാണു വേണ്ടത്. ഇതിനൊപ്പം കാലാനുസൃതമായി കോഴ്സുകൾ പരിഷ്കരിക്കുകയും സർക്കാരിനു തികയ്ക്കാനാകാത്ത ക്വാട്ട, മാനേജ്മെന്റുകൾക്കു വിട്ടുകൊടുക്കുകയും ചെയ്താൽ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകും.
മാനേജ്മെന്റുകൾക്ക് അനുവദിച്ചിരിക്കുന്ന 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് പ്രതിസന്ധിയില്ല. പക്ഷേ, സർക്കാരിന്റെ 50 ശതമാനം സീറ്റുകളിലേക്ക് വിദ്യാർഥികളെ കൊടുക്കാൻ സാധിക്കുന്നില്ല. അതിനാലാണ് പ്രവേശനപരീക്ഷാ കമ്മീഷണറുടെ റാങ്ക് ലിസ്റ്റിൽനിന്നു പ്രവേശനം നടത്തിയ ശേഷവും ഒഴിവു വരുന്ന സീറ്റുകളിലേക്ക് എഐസിടിഇ (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ) മാനദണ്ഡം അനുസരിച്ച് പ്രവേശനം നടത്താൻ അനുവദിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നത്. ഇതു സംബന്ധിച്ച് മാനേജ്മെന്റ് അസോസിയേഷനും കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനുമൊക്കെ ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്തിക്കഴിഞ്ഞു. ഇനി മുഖ്യമന്ത്രി അന്തിമതീരുമാനമെടുത്ത് ഉത്തരവിറങ്ങണം. അതുപോലെ അടിയന്തരമായി പരിഗണിക്കേണ്ട കാര്യമാണ്, 50 ശതമാനം സീറ്റിൽ വിദ്യാർഥികളെ ലഭ്യമാക്കാൻ സർക്കാരിനു സാധിക്കുന്നില്ലെങ്കിൽ 10 ശതമാനം സീറ്റുകൾകൂടി മാനേജ്മെന്റുകൾക്കു വിട്ടുനൽകണം എന്നയാവശ്യം.
കഴിഞ്ഞ വർഷങ്ങളിലൊക്കെ സർക്കാരിന് 50 ശതമാനം ക്വാട്ട തികയ്ക്കാൻ കഴിയാത്തതിനാലാണ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ എൻജിനിയറിംഗ് കോളജുകൾ പൂട്ടിപ്പോകുമെന്നതിൽ സംശയമില്ല.
കേരളത്തിൽതന്നെ പഠിക്കാനാഗ്രഹിക്കുന്ന നിരവധിപ്പേർ പരീക്ഷണത്തിനു നിൽക്കാതെ തുടക്കത്തിലേ മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നുണ്ട്. അല്ലെങ്കിൽ ഇവിടെയും അവിടെയും അഡ്മിഷൻ കിട്ടാത്ത സ്ഥിതിയാകും. ഇതര സംസ്ഥാനങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തിയാകുകയും ഫീസ് അടയ്ക്കുകയും ചെയ്തുകഴിഞ്ഞതിനുശേഷം കേരളത്തിൽ പ്രവേശനം കിട്ടിയാലും തിരികെ വരാൻ എളുപ്പമല്ല.
നമ്മുടെ നടപടിക്രമങ്ങളിലെ കാലതാമസവും പ്രവേശനപ്പരീക്ഷയും സർക്കാർ ക്വാട്ടയുമൊക്കെ ഇതരസംസ്ഥാനങ്ങളിലെ കോളജുകൾക്ക് ഗുണകരവും കേരളത്തിലെ വിദ്യാർഥികൾക്കും സ്വാശ്രയ സ്ഥാപനങ്ങൾക്കും ദ്രോഹവുമായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പ്രവേശനപ്പരീക്ഷയിലൂടെയല്ല, എഐസിടിഇയുടെ മാനദണ്ഡമനുസരിച്ചും പ്ലസ് ടു മാർക്ക് കണക്കിലെടുത്തുമാണ് അഡ്മിഷൻ. ഹയർസെക്കൻഡറിയോ തത്തുല്യമായ പരീക്ഷയോ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 45 ശതമാനം മാർക്കോടെ വിജയിക്കുന്നവരെ എൻജിനിയറിംഗ് പ്രവേശനത്തിനായി പരിഗണിക്കാമെന്നതാണ് എഐസിടിഇ നിബന്ധന. അതായത്, കേരളത്തിലെ വിദ്യാർഥികൾക്ക് ഇതര സംസ്ഥാനങ്ങളിൽ പോയി പഠിക്കാൻ തടസമില്ലെങ്കിലും അവിടത്തെ വിദ്യാർഥികൾക്ക് എൻട്രൻസ് പരീക്ഷയെഴുതാതെ നമ്മുടെ കോളജുകളിൽ പ്രവേശനം കൊടുക്കാനാകില്ല.
എഐസിടിഇ മാനദണ്ഡമനുസരിച്ചു പ്രവേശനം അനുവദിച്ചാൽ തമിഴ്നാട്ടിലെയും കർണാടകത്തിലെയും വിദ്യാർഥികൾ വരാനിടയില്ലെങ്കിലും കോളജുകൾ കുറവുള്ള വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കാനാകും. നമ്മുടെ സ്വാശ്രയ കോളജുകൾ പുതിയ സാധ്യതകൾക്കനുസരിച്ചുള്ള കോഴ്സുകൾ അവതരിപ്പിച്ച് വിദ്യാർഥികളെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. പരന്പരാഗത സിവിൽ, മെക്കാനിക് വിഷയങ്ങൾക്ക് ഇപ്പോൾ വിദ്യാർഥികൾ കുറയുകയാണ്. അതേസമയം, കംപ്യൂട്ടർ സയൻസ്, ഐടി, ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ സാധ്യതകൾ ഏറെയുണ്ട്. അത്തരം കോഴ്സുകൾക്കും നിലവിൽ കോഴ്സുകൾ നടത്തുന്നവർ കൂടുതൽ സീറ്റിനും അനുമതി തേടിയിട്ടുണ്ട്. ഇതിന് എഐസിടിഇ പ്രാഥമിക അനുമതി നൽകിയിട്ടുണ്ടെങ്കിലും തുടർപരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്. അതനുസരിച്ച് സീറ്റുകളുടെ എണ്ണം നിജപ്പെടുത്തിയാലേ അലോട്ട്മെന്റുകളിലേക്കു കടക്കാനാകൂ.
വിദ്യാഭ്യാസ ധർമപ്രഭാഷണം നടത്തുകയും അതേസമയം പ്രവേശനത്തിലും പരീക്ഷയിലും സർട്ടിഫിക്കറ്റുകളിലുമെല്ലാം തട്ടിപ്പു നടത്തുകയും ചെയ്യുന്ന രാഷ്ട്രീയക്കാരും അധ്യാപക-വിദ്യാർഥിസംഘടനകളുമല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്. വിദ്യാഭ്യാസ രംഗത്തെ വിദ്ഗധരെയും ഈ രംഗത്ത് പരിചയമുള്ളവരെയും ഉൾപ്പെടുത്തി അടുത്ത വർഷമെങ്കിലും പ്രശ്നപരിഹാരമുണ്ടാകാൻ ഇപ്പോൾതന്നെ നടപടികളെടുക്കണം. അല്ലെങ്കിൽ കേരളത്തിലെ വിദ്യാർഥികളുടെ പണംകൊണ്ട് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും വിദേശരാജ്യങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തടിച്ചുകൊഴുക്കും. നമ്മളിങ്ങനെ താത്വിക അലോകനം നടത്തി അവസാന വിദ്യാർഥിയെയും നാടുകടത്തുകയും ചെയ്യും.