തുർക്കി പ്രസിഡന്റ് എർദോഗനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവുമായുള്ള കൂട്ടുകെട്ട് നാഗോർണോ-കരാബാക് പ്രദേശത്തെ ക്രൈസ്തവരിൽ ഭീതിയുണർത്തിയിട്ടുണ്ട്.
ഓട്ടോമൻ തുർക്കി 15 ലക്ഷം ക്രിസ്ത്യാനികളെ ഇല്ലാതാക്കിയ അർമേനിയൻ വംശഹത്യയുടെ ഓർമ ലോകത്തിന്റെ മനസിൽ ഒരിക്കൽകൂടി തെളിക്കുകയാണ് അസർബൈജാൻ. അസർബൈജാനെയും അവരെ പിന്തുണയ്ക്കുന്ന തുർക്കി പ്രസിഡന്റ് എർദോഗനെയും അറിയാവുന്ന അർമേനിയൻ ക്രിസ്ത്യാനികൾ നാഗോർണോ-കരാബാക് പ്രദേശങ്ങളിൽനിന്ന് ഉള്ളതെല്ലാമുപേക്ഷിച്ച് അർമീനിയയിലേക്കു പലായനം ചെയ്യുകയാണ്. ലോകം കാഴ്ചക്കാരായി നിൽക്കെ, അസർബൈജാന്റെ അതിരുകൾക്കുള്ളിൽ നൂറ്റാണ്ടുകളായി വസിക്കുന്ന ആ മനുഷ്യർ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഓർമയുണർത്തുന്ന അസർബൈജാൻ-തുർക്കി കൂട്ടുകെട്ടിനെ ഭയന്നു പലായനം ചെയ്യുന്നു.
നാഗോർണോ-കരാബാക്ക് എന്നാൽ പർവതത്തിലെ കറുത്ത പൂന്തോട്ടം എന്നാണ് അർഥം. ബിസി ഏഴാം നൂറ്റാണ്ടുമുതൽ അർമേനിയക്കാർ ഇവിടെ സ്ഥിരവാസമാക്കിയിരുന്നു. ബിസി രണ്ടാം നൂറ്റാണ്ടിനു മുന്പ് അർമേനിയയുടെ ഭാഗമായി. എഡി ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പേർഷ്യയിലെ മുസ്ലിം അധിനിവേശത്തിലൂടെ ഈ പ്രദേശം അറബികൾ കീഴടക്കി. 821ൽ അർമേനിയൻ രാജാവിനു കീഴിലായി. പക്ഷേ, അസർബൈജാൻ ഒരിക്കലും പോരാട്ടം ഉപേക്ഷിച്ചില്ല. സമാധാനം എന്തെന്നറിയാത്ത ‘കറുത്ത പൂന്തോട്ടം’സോവിയറ്റ് യൂണിയന്റെ ഭാഗമായിരിക്കെ സ്വയംഭരണ പ്രദേശമായി. എൺപതുകളിൽ സോവിയറ്റ് യൂണിയന്റെ ശക്തി ക്ഷയിക്കാൻ തുടങ്ങിയതോടെ അർമേനിയൻ ക്രിസ്ത്യാനികൾക്കു ഭൂരിപക്ഷമുള്ള ഈ പ്രദേശം അർമേനിയയുടെ ഭാഗമാകാനുള്ള താത്പര്യം പ്രകടിപ്പിച്ചെങ്കിലും നടന്നില്ല. 1991ൽ സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതോടെ ഏറ്റുമുട്ടലുകൾ രൂക്ഷമായി. അർമേനിയൻ പിന്തുണയുള്ള വിമതരാണ് പ്രദേശം ഭരിച്ചിരുന്നതെങ്കിലും അസർബൈജാന്റെ ഭാഗമായിട്ടാണ് അന്തർദേശീയ സമൂഹം ഈ പ്രദേശത്തെ കണക്കാക്കിയത്.
തുർക്കി പിന്തുണയുമായെത്തിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. തുർക്കി പ്രസിഡന്റ് എർദോഗന് നാഗോർണോ-കരാബാക് പ്രദേശം മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അസർബൈജാന്റെ ഭാഗമാക്കണമെന്നാണ് ആഗ്രഹം.
അർമേനിയയ്ക്ക് അനുകൂലമായിരുന്ന റഷ്യയുടെ നിലപാടുമാറ്റവും തുർക്കിയുടെ മുതലെടുപ്പും കരാബാകിനും അർമേനിയയ്ക്കും തിരിച്ചടിയായി. 2020ൽ അസർബൈജാൻ പ്രദേശത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തു. കഴിഞ്ഞയാഴ്ച അസർബൈജാൻ നടത്തിയ രണ്ടു ദിവസത്തെ മിന്നലാക്രമണത്തിൽ അർമേനിയൻ പോരാളികൾ കീഴടങ്ങി. ഇതോടെ നാഗോർണോ-കരാബാക് തിരിച്ചുപിടിച്ചതായി അസർബൈജൻ പ്രഖ്യാപിക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ, നാഗോർണോ-കരാബാക്കിനെ അർമേനിയയുമായി ബന്ധിപ്പിക്കുന്ന ലാച്ചിൻ ഇടനാഴി അസർബൈജാൻ അടച്ചു. 1,20,000 വരുന്ന നാട്ടുകാരുടെ ദുരിതം ഇതോടെ പതിന്മടങ്ങായി. ഭക്ഷണവും മരുന്നുമുൾപ്പെടെ അത്യാവശ്യ വസ്തുക്കൾപോലും അസർബൈജാന്റെ അനുമതിയില്ലാതെ എത്തുകയില്ല. ഇത്തരമൊരു സാഹചര്യത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ് നാഗോർണോ-കരാബാക്ക് പ്രദേശത്തെ അർമേനിയൻ ക്രൈസ്തവർ. അതിനു പ്രധാന കാരണം, 1915-17 കാലഘട്ടത്തിൽ രൂക്ഷമായതും ഓട്ടോമൻ തുർക്കി നടത്തിയതുമായ അർമേനിയൻ വംശഹത്യയുടെ ഓർമയാണ്. ഓട്ടോമൻ സാമ്രാജ്യം വീണ്ടും കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന തുർക്കി പ്രസിഡന്റ് എർദോഗനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവുമായുള്ള കൂട്ടുകെട്ട് പ്രദേശത്തെ ക്രൈസ്തവരിൽ ഭീതിയുണർത്തിയിട്ടുണ്ട്. അതോടെയാണ്, അർമേനിയയിലേക്ക് അഭയാർഥി പ്രവാഹം ശക്തമായത്.
ഇനിയും വംശഹത്യയുടെ മുറിവുണങ്ങാത്ത അർമേനിയൻ ക്രൈസ്തവർ മുസ്ലിം രാജ്യമായ അസർബൈജാനിൽ ജീവിക്കാൻ ആഗ്രഹിക്കുമോയെന്നത് ചോദ്യമാണ്. 40,000 പേർക്ക് അഭയം നൽകാനുള്ള പദ്ധതിയുണ്ടെന്ന് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ, അതൊന്നും അത്ര എളുപ്പമല്ല. അതു സാധ്യമായാൽ പോലും ബാക്കിയുള്ള ക്രൈസ്തവർ എങ്ങോട്ടുപോകും? വ്യത്യസ്ത രാഷ്ട്രീയ-സാന്പത്തിക താത്പര്യങ്ങളുള്ള യൂറോപ്പും അമേരിക്കയും റഷ്യയുമൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ നാഗോർണോ-കരാബാകിലെ മനുഷ്യർക്കൊപ്പം നിൽക്കാനിടയില്ല. കൂട്ടായ ശ്രമമെന്ന നിലയിൽ യുഎൻ അടിയന്തരമായി ഇടപെടുകയാണ് അഭികാമ്യം.
സ്വന്തം സംസ്കാരവും സ്വത്വവും കൈവിടാതെ ജീവിക്കാനുള്ള അർമേനിയൻ ക്രൈസ്തവരുടെ അവകാശം അനുവദിക്കേണ്ടതാണ്. 21-ാം നൂറ്റാണ്ടിലും മനുഷ്യത്വത്തിനും സാഹോദര്യത്തിനും മുകളിൽ മത-വംശീയ കഴുകൻ വട്ടമിട്ടു പറക്കുന്പോൾ സ്വാർഥ താത്പര്യങ്ങളുടെ മൈതാനത്ത് ലോകം കസേരയിട്ടു കാഴ്ചക്കാരായി നിൽക്കുമോയെന്നേ ഇനി അറിയാനുള്ളൂ. 1915ൽ അർമേനിയയിലും 1940കളിൽ നാസി ജർമനിയിലും ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടപ്പോൾ അതാണു സംഭവിച്ചത്.