അധികാരത്തിന്റെ കോട്ടകളിലേക്കുള്ള വനിതകളുടെ കുതിപ്പിനു വിസിൽ മുഴക്കാൻ ഒരു പാർട്ടിയും തയാറാകാത്തതിനു കാരണം പുരുഷമേധാവിത്വമാണ്. ഇടതു പാർട്ടികളിലും പുരുഷാധിപത്യമുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുറന്നടിച്ചത് കഴിഞ്ഞ വർഷമാണ്.
പാടം മുതൽ പാർലമെന്റ് വരെയും അടുക്കള മുതൽ ബഹിരാകാശം വരെയും മികവ് തെളിയിച്ച വനിതകൾക്കു പുരുഷാധിപത്യ സമൂഹം വഴിമുടക്കരുതെന്ന് ഓർമിപ്പിച്ചുകൊണ്ട് ഒരു വനിതാദിനംകൂടി. വനിതകൾക്കു ഭരണത്തിൽ മൂന്നിലൊന്നു സംവരണം നടപ്പാക്കുന്നതിനുവേണ്ടി കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യ വനിതാസംവരണ ബിൽ പാർലമെന്റിൽ പാസാക്കി.
വലിയ നേട്ടമാണെങ്കിലും നാട്ടിലൊരു മാറ്റവും ഉണ്ടായില്ല. ബില്ലിലെ വ്യവസ്ഥകളനുസരിച്ച് സംവരണം നടപ്പാകാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കണം. ഒരു രാഷ്ട്രീയ പാർട്ടിക്കും അക്കാര്യത്തിൽ ആത്മാർഥതയില്ല. ഉണ്ടെങ്കിൽ ബില്ലിനായി കാത്തുനിൽക്കാതെ ഏതൊരു പാർട്ടിക്കും ഈ തെരഞ്ഞെടുപ്പിൽ മൂന്നിലൊന്നു സീറ്റുകൾ സ്ത്രീകൾക്കു കൊടുക്കാമായിരുന്നു. ബാല്യം മുതൽ പുരുഷ മേധാവിത്വത്തിന്റെ സുഖാനുഭവങ്ങളിലൂടെ കടന്നുവന്നവർ ആധിപത്യം പുലർത്തുന്ന രാഷ്ട്രീയ പാർട്ടികൾക്കൊന്നും അതിനു കഴിയുന്നില്ല. പുരുഷനെയാണു ശക്തീകരിക്കേണ്ടത്.
രണ്ടു ദിവസം മുന്പുണ്ടായ രണ്ടു സംഭവങ്ങൾ സ്ത്രീയുടെ ആത്മവിശ്വാസത്തിന്റെ തെളിവായി മലയാളിക്കു മുന്നിലുണ്ട്. ഒരാൾ കിണറ്റിൽനിന്നു കയറി വന്നാണു സംസാരിക്കുന്നത്. അടൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ കിണറിനു മുകളിലേക്കു ചാടിക്കയറവേ പലകയൊടിഞ്ഞു കിണറ്റിൽ വീണതാണ് എലിസബത്ത്. ഒരു രാത്രിയും പകലും ആത്മവിശ്വാസം കൈവിടാതെ അവർ കഴുത്തറ്റം വെള്ളത്തിൽ ഒരേ നിൽപ്പു നിന്നു. വൈകുന്നേരം അഞ്ചിനു കിണറ്റിൽ വീണെങ്കിലും പിറ്റേന്ന് ഉച്ചകഴിയുവോളം ആരുമറിഞ്ഞില്ല. ആ നിൽപ് മരണക്കിണറുകളെ അതിജീവിക്കാനുള്ള സ്ത്രീശക്തിയുടെ അടയാളം തന്നെയാണ്.
മറ്റൊന്ന്, ആത്മവിശ്വാസത്തെ മുഖാമുഖം നേരിട്ടൊരു വനിതയുടെ സംയമനത്തിന്റെ നേർക്കാഴ്ചയാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ നല്ല പ്രസംഗത്തിനു നന്ദിയെന്നു പറഞ്ഞ വനിതയോട് രൂക്ഷമായ നോട്ടത്തിലും ഭാവത്തിലും “അമ്മാതിരി കമന്റുകളൊന്നും വേണ്ട” എന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ മുന്നിൽ പതറാതെ അടുത്ത നടപടിയിലേക്കു ശാന്തമായി കടന്ന വനിതയുടെ മനോബലം നിസാരമാണോ? തലകുനിക്കേണ്ടതു താനല്ലെന്ന ബോധ്യത്തോടെ തന്റെ ജോലി തുടർന്ന അവരിൽനിന്നാണ് നമ്മുടെ ‘രാജാക്കന്മാർ’ സഹിഷ്ണുതയും മാന്യതയും പഠിക്കേണ്ടത്.
ഇത്തരം സ്ത്രീകളുടെ സംയമനവും കരുത്തുമില്ലായിരുന്നെങ്കിൽ എത്ര കുടുംബങ്ങൾ ഇന്നു ബാക്കിയുണ്ടാകുമായിരുന്നു! അവരെ മുകളിലേക്കു കടത്തിവിടാനുള്ള പുരോഗതി പുരുഷൻ കൈവരിക്കാത്തതുകൊണ്ടാണ് സംവരണം വേണ്ടിവരുന്നത്.
മണ്ഡല പുനര്നിര്ണയത്തിനുശേഷമേ നടപ്പാക്കാന് കഴിയൂ എന്നാണ് വനിതാസംവരണ ബില്ലില് വ്യവസ്ഥ ചെയ്തിട്ടുള്ളത്. മണ്ഡല പുനർനിർണയം 2026ലേ നടക്കാനിടയുള്ളൂ. നടന്നാൽ 2029ലെ പൊതുതെരഞ്ഞെടുപ്പിൽ പാർലമെന്റംഗങ്ങളിൽ മൂന്നിലൊന്ന് വനിതകളായിരിക്കും. അവിടെയും തടസങ്ങളുണ്ടാകും. രാഷ്ട്രീയം അടക്കിവാഴുന്ന നേതാക്കളുടെ വീടുകളിൽനിന്നുൾപ്പെടെ നോമിനികളായെത്തുന്നവർ ബില്ലിന്റെ അന്തഃസത്തയെ അട്ടിമറിക്കാനുള്ള സാധ്യതയുമുണ്ട്.
എങ്കിലും വലിയൊരു തുടക്കമായിരിക്കും അത്. അധികാരത്തിന്റെ കോട്ടകളിലേക്കുള്ള വനിതകളുടെ കുതിപ്പിനു വിസിൽ മുഴക്കാൻ ഒരു പാർട്ടിയും തയാറാകാത്തതിനു കാരണം പുരുഷമേധാവിത്വമാണ്. ഇടതു പാർട്ടികളിലും പുരുഷാധിപത്യമുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുറന്നടിച്ചത് കഴിഞ്ഞ വർഷമാണ്.
മാറ്റത്തിനു ശ്രമിക്കുമ്പോഴും സിപിഎമ്മില് വനിതകളുടെ അംഗസംഖ്യ 18-20 ശതമാനം വരെ മാത്രമാണ്. റാലിയിൽ കാണുന്ന പങ്കാളിത്തം കമ്മിറ്റികളിലില്ലെന്നും തുല്യപങ്കാളിത്തം ഉറപ്പാക്കുംവരെ പോരാട്ടം അനിവാര്യമാണെന്നും അവർ പറഞ്ഞിരുന്നു.
സ്ത്രീകളെയല്ല, പുരുഷന്മാരെയാണു ശക്തീകരിക്കേണ്ടതെന്ന തിരിച്ചറിവാണ് നമുക്കിനി ഉണ്ടാകേണ്ടത്. രാജ്യത്തെ ഏതൊരടുക്കളയിലും രാവിലെ കാണുന്ന സ്ത്രീയെത്തന്നെയാണ് നാം രാത്രി വൈകിയും കാണുന്നത്. അവരിലേറെപ്പേരും പകൽ ജോലിക്കു ശേഷം എത്തിയവരായിരിക്കും. സ്ത്രീക്കു കരുത്തും കഴിവുമുണ്ടാക്കാനല്ല, അവർക്കുള്ള കഴിവുകളെ അംഗീകരിക്കാനും ആദരിക്കാനുമാണ് പുരുഷൻ തയാറാകേണ്ടത്.
പരന്പരാഗതമായി കൊണ്ടുനടക്കുന്ന ആധിപത്യപ്രവണതകളെ വലിച്ചെറിയാൻ ആൺകുട്ടികളെ ബാല്യകാലത്തേ പരിശീലിപ്പിക്കണം. നിർഭാഗ്യവശാൽ നമ്മുടെ പാഠ്യപദ്ധതികളിൽ അത്തരമൊന്നില്ല. വീടുകളിൽ സ്ത്രീയുടെ സ്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും നിലപാടുതറകൾ നിർണയിക്കുന്നതു പുരുഷനാണ്. അതിന്റെ മറുവശംകൂടിയാണ് സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടേയിരിക്കുന്നത്.
ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടെന്നു കേരളം പണ്ടേ പറയാറുണ്ട്. പക്ഷേ, ഏതൊരു സ്ത്രീയുടെയും പരാജയത്തിനു പിന്നിൽ ഒരു പുരുഷനെ കണ്ടേക്കാമെന്നു നാം പറയാറില്ല. രാജ്യത്തെവിടെയും അതാണു സ്ഥിതിയെന്ന് ഈ വനിതാദിനം ഓർമിപ്പിക്കുന്നു. മേധാവിത്വത്തിന്റെ പാതയുപേക്ഷിച്ച് സമത്വത്തിന്റെ ലോകത്തെ അംഗീകരിക്കാനുള്ള പുരുഷശക്തീകരണത്തിനാണ് ഇനി ശ്രമങ്ങൾ തുടങ്ങേണ്ടത്.