കാട്ടിലേക്കു പോയി മനുഷ്യർ നടത്തുന്ന വേട്ടകളെക്കുറിച്ചല്ല നാം വർഷങ്ങളായി ചർച്ച ചെയ്യുന്നത്. നാട്ടിലിറങ്ങി മനുഷ്യരെ വേട്ടയാടുന്ന മൃഗങ്ങളെക്കുറിച്ചാണ്.
വന്യജീവികൾ കുത്തിമലർത്തിയ കേരളത്തിലെ ജനങ്ങളെ സർക്കാർ പിന്നിൽനിന്നു കുത്തിയിരിക്കുന്നു. വന്യമൃഗ ആക്രമണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾക്കു രൂപം നൽകാനുള്ള 11 അംഗ വിദഗ്ധ സമിതിയിൽ ദുരിതബാധിതരുടെ പക്ഷത്തുനിന്ന് ഒരാളുമില്ല.
മനുഷ്യരെ അരക്ഷിതരാക്കി, വന്യജീവികളെ സംരക്ഷിക്കാൻ വെന്പൽകൊള്ളുന്ന വനംവകുപ്പിനെയും പരിസ്ഥിതിക്കാരെയും മാത്രം ഉൾപ്പെടുത്തിയ സമിതി! എന്തൊരു ജനവിരുദ്ധതയാണിത്? മനുഷ്യന്റെ ചോരയും മാംസവും കണ്ണീരും കലർന്ന വനാതിർത്തികളിലെ നിലവിളി ഈ സർക്കാർ ഇനിയും കേൾക്കുന്നില്ലേ?
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾക്കു രൂപം നൽകാനാണ് സർക്കാർ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിരിക്കുന്നത്. കേരളത്തിൽ എവിടെയാണ് വന്യജീവികളും മനുഷ്യരും തമ്മിൽ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്നത്? ഏകപക്ഷീയമായി മനുഷ്യരെ കൊന്നൊടുക്കുന്നുവെന്ന യാഥാർഥ്യം മറച്ചുവയ്ക്കാൻ പരിസ്ഥിതി പ്രസ്ഥാനങ്ങൾ പടച്ചിറക്കിയ കാപട്യമാണ് ‘മനുഷ്യ-വന്യജീവി സംഘർഷ’മെന്ന പ്രയോഗം.
സ്വിറ്റ്സർലന്ഡ് കേന്ദ്രീകരിച്ചുള്ള അന്തർദേശീയ സർക്കാരിതര സംഘടന (എൻജിഒ) വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ 2004ൽ ഇതിനെ നിർവചിച്ചിരിക്കുന്നത്, മനുഷ്യരുടെ സാമൂഹികവും സാന്പത്തികവും സാംസ്കാരികവുമായ ജീവിതത്തെയും വന്യജീവി സംരക്ഷണത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്ന വിധത്തിൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഇടപെടലാണ് മനുഷ്യ-വന്യജീവി സംഘർഷം എന്നാണ്.
ഇവർക്കൊക്കെ മനുഷ്യരും മൃഗങ്ങളും തുല്യസ്ഥാനത്താണ്. അതിനെ മനുഷ്യവിരുദ്ധതയായി കാണേണ്ടതുണ്ട്. കാട്ടിലേക്കു പോയി മനുഷ്യർ നടത്തുന്ന വേട്ടകളെക്കുറിച്ചല്ല നാം വർഷങ്ങളായി ചർച്ച ചെയ്യുന്നത്. നാട്ടിലിറങ്ങി മനുഷ്യരെ വേട്ടയാടുന്ന മൃഗങ്ങളെക്കുറിച്ചാണ്. പരിസ്ഥിതിക്കാരോ മൃഗസ്നേഹികളോ മന്ത്രിമാരോ വനംവകുപ്പ് ഉദ്യോഗസ്ഥരോ അല്ല ഈവിധം കൊല്ലപ്പെടുന്നത്; പാവപ്പെട്ട മനുഷ്യരാണ്.
ഇതു മനുഷ്യ-വന്യജീവി സംഘർഷമല്ല. പാവപ്പെട്ടവർക്കും കർഷകർക്കും ദളിതർക്കുമെതിരേ, വന്യജീവികൾക്കൊപ്പം വന്യജീവി സ്നേഹികളും പരിസ്ഥിതിവാദികളും വനംവകുപ്പും കേന്ദ്ര-സംസ്ഥാന സർക്കാരുകളും നടത്തുന്ന സംഘടിത ആക്രമണമാണ്. സംശയമുണ്ടെങ്കിൽ ഈ ആക്രമണത്തിൽ പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും കണക്കെടുക്ക്. പരിക്ക്, മരണം, സാന്പത്തികനഷ്ടം - എല്ലാം ഒരിടത്താണെങ്കിൽ അത് ഏകപക്ഷീയ ആക്രമണമല്ലേ?
ഈ നാടകത്തിന്റെ തുടർച്ചയാണ് ഇരകൾക്കെതിരേ ഇപ്പോൾ തല്ലിക്കൂട്ടിയിരിക്കുന്ന വിദഗ്ധ സമിതി. സംശയമുള്ളവർ, സംസ്ഥാന സർക്കാർ രൂപീകരിച്ച സമിതിയുടെ അംഗങ്ങൾ ആരൊക്കെയെന്ന് അറിയണം.
ഇംഗ്ലണ്ടിലെ പരിസ്ഥിതി ശാസ്ത്രജ്ഞയും ‘മനുഷ്യ-വന്യജീവി സംഘർഷ’മെന്ന വിഷയം കൈകാര്യം ചെയ്യുന്ന വ്യക്തിയുമായ ഡോ. അലക്സാൻഡ്ര സിമ്മർമാൻ, യുനെസ്കോയുടെ പ്രകൃതിശാസ്ത്രജ്ഞ ഡോ. ബെന്നോ ബോ, വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ പ്രതിനിധി ഡോ. ഭൂമിനാഥൻ, ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. ഷിജു സെബാസ്റ്റ്യൻ, വനസംരക്ഷകനായ ഡോ. തർഫ് തെക്കേക്കര, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഡയറക്ടർമാർ, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെയും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെയും പ്രതിനിധികൾ, വനം മുൻ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒ.പി. കാളർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പ്രഫസർ രാമൻ സുകുമാർ എന്നിവരാണ്, സംസ്ഥാന വനം മേധാവി അധ്യക്ഷനും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (പിസിസിഎഫ്) കൺവീനറുമായ സമിതിയിലെ അംഗങ്ങൾ.
വന്യജീവികൾക്കുവേണ്ടി മാത്രം ശബ്ദമുയർത്താൻ സാധ്യതയുള്ള ‘വിദഗ്ധരെ’ ഉൾപ്പെടുത്തി കേരളത്തിലെ വന്യജീവി ആക്രമണം തടയാമെന്നു കരുതിയത് ആരാണ്? ഇത്തരം ഒരു സമിതിയുണ്ടാക്കുന്പോൾ വന്യജീവികളുടെ ആക്രമണത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ട പാവപ്പെട്ട മനുഷ്യരെ പരിഗണിക്കേണ്ടതില്ല എന്നാണോ പിണറായി സർക്കാർ കരുതുന്നത്? ദരിദ്രരും കർഷകരുമായ ആ മനുഷ്യരെ വഞ്ചിച്ചാൽ ചോദിക്കാനും പറയാനും ആരുമില്ലെന്നതാണോ ഈ ധിക്കാരത്തിന്റെ അർഥം?
ഈ അന്തർദേശീയ പരിസ്ഥിതി-മൃഗസ്നേഹികൾ ഇതുവരെ പരിഹരിച്ച വന്യജീവി ആക്രമണത്തിന്റെ കുറച്ച് ഉദാഹരണങ്ങൾ കാണിച്ചുതരാമോ? നിസഹായരായ മനുഷ്യരുടെ നികുതിപ്പണം ഉപയോഗിച്ച് അവരുടെമേൽ ഭരണകൂടം നടത്തുന്ന ഈ കുതിരകയറ്റത്തിന് അറുതിയുണ്ടാകണം. വന്യജീവി ആക്രമണത്തിൽ ജീവനും സ്വത്തും നഷ്ടമാകാത്തവിധം സുരക്ഷിതരായി കഴിയുന്ന പണ്ഡിതർക്കു പഠിക്കാനുള്ള ഗിനിപ്പന്നികളാണ് വനാതിർത്തിയിലെ മനുഷ്യരെന്ന് സർക്കാർ കരുതരുത്. ഈ സമിതിയിലെ പകുതിയാളുകൾ ഇരകൾക്കുവേണ്ടി ശബ്ദിക്കുന്നവരാകണം. അവരുടെ ജീവിത യാഥാർഥ്യങ്ങൾ അറിയുന്നവരാകണം. അല്ലെങ്കിൽ ഇതു ചതിയാണ്, സർക്കാരിന്റെ വിദഗ്ധ ചതി.